ചേലക്കര വീണ്ടും ചുവന്നു. ഇത് രാധാകൃഷ്ണന്റേതു മാത്രമല്ല സി.പി.എം കോട്ട തന്നെയാണെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുന്നു ഇടതുപക്ഷം. മണ്ഡലചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിൽ ചേലക്കര ഇടതിനെ നെഞ്ചോട് ചേർത്തു. തുടർച്ചയായി ഏഴാം തവണയും മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർഥി തന്നെ ജയിച്ചുകയറി. അട്ടിമറി മോഹിച്ച കോൺഗ്രസിന് കനത്ത തിരിച്ചടിയായി. ഭൂരിപക്ഷം കുറയ്ക്കാനായി എന്നത് മാത്രമാണ് യുഡിഎഫിന്റെ ആശ്വാസം. പാലക്കാട്ടും വയനാട്ടിലും പരാജയപ്പെട്ടെങ്കിലും ചേലക്കര നിലനിർത്താനായത് എൽ.ഡി.എഫിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. രണ്ട് വർഷം അകലെ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ എൽ.ഡി.എഫിന്റെ ആത്മവിശ്വാസം കൂട്ടുന്നതാണ് ഉപതിരഞ്ഞെടുപ്പ് ജയം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിയുടെ ക്ഷീണവും മാറ്റുന്നു ഇതോടെ ഇടതുപക്ഷം.

To advertise here,

പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായ യു.ആർ പ്രദീപ് മണ്ഡലം നിലനിർത്തിയത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തിയാണ് യു.ആർ പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ പ്രദീപ് പിന്നീടങ്ങോട്ട് എണ്ണിയ ഓരോ റൗണ്ടിലും ലീഡുയര്‍ത്തി. ഒരു ഘട്ടത്തില്‍പ്പോലും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല. മണ്ഡലം ഇടതുപക്ഷത്ത് തന്നെ ഉറച്ചുനിൽക്കുന്നതിന്റെ സൂചനകൾ തുടക്കംമുതൽ തന്നെ പുറത്തുവന്നു.

വരവൂര്‍, ദേശമംഗലം, വള്ളത്തോള്‍നഗര്‍, പാഞ്ഞാള്‍ പഞ്ചായത്തുകളിലാണ് ആദ്യ റൗണ്ടുകളില്‍ വോട്ടെണ്ണിയത്. എല്‍.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള മേഖലകളായതിനാല്‍ എല്‍.ഡി.എഫിന്റെ ലീഡ് പരമാവധി കുറയ്ക്കാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. എന്നാല്‍, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല. എല്ലാ മേഖലകളിലും ഇടതുക്യാമ്പ് പ്രതീക്ഷിച്ചതുപോലെ യു.ആര്‍ പ്രദീപ് വോട്ടുകള്‍ സമാഹരിച്ചു. അതോടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന യു.ഡി.എഫ് മോഹങ്ങൾക്ക് മങ്ങലേറ്റുതുടങ്ങി. പതിമൂന്ന് റൗണ്ടുകൾക്കൊടുക്കം പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടി എൽ.ഡി.എഫ് ജയം സ്വന്തമാക്കി.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളും മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ ചേലക്കരയിൽ നടത്തിവന്ന വികസനപ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു പ്രധാനമായും എൽ.ഡി.എഫിന്റെ പ്രചാരണം. സംസ്ഥാന സർക്കാർ വിവിധ മേഖലകളിൽ നടത്തുന്ന ഇടപെടലുകൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം കേന്ദ്ര സർക്കാരിനെതിരേ വിമർശനങ്ങളും എൽ.ഡി.എഫ് ഉന്നയിച്ചു. അത് ഇടതുക്യാമ്പ് പ്രതീക്ഷിച്ചപോലെ വോട്ടായി മാറി. ചരിത്രത്തിൽ ഇതുവരെയില്ലാത്ത തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയതെന്നും പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിച്ച് ജയം ഉറപ്പാക്കാനാകുമെന്നും കണക്കുകൂട്ടിയ യു.ഡി.എഫിന് അടിതെറ്റി. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന കണക്കുകൂട്ടലിൽ അത് പരമാവധി അനുകൂലമാക്കിയെടുക്കാനായിരുന്നു യു.ഡി.എഫ് ശ്രമം. എന്നാൽ അതൊന്നും വിലപ്പോയില്ല.

വികസനപ്രശ്നങ്ങൾക്കൊപ്പം തന്നെ വിവാദങ്ങളും ഉപതിരഞ്ഞെടുപ്പിൽ കത്തിനിന്നിരുന്നു. അന്തിമഹാകാളൻ കാവ് വേലയുടെ വെടിക്കെട്ട് മുടങ്ങിയതും തൃശ്ശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിഷയങ്ങളും തിരഞ്ഞെടുപ്പിലെ പ്രധാനചർച്ചാവിഷയങ്ങളായിരുന്നു. തൃശ്ശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് സർക്കാർ കൃത്യമായ നിലപാടെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് അത് വിശദീകരിച്ചുമുന്നോട്ടുപോയ ഇടതുമുന്നണിയെ ജനം കേട്ടു. വിവാദവിഷയങ്ങൾക്ക് ഇടതുപക്ഷത്തിനെതിരായ ഒരു വികാരം മണ്ഡലത്തിൽ ഉണ്ടാക്കാനായില്ലെന്നുവേണം മനസിലാക്കാൻ.
തൃശ്ശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ ആരോപണങ്ങളുന്നയിച്ച ബി.ജെ.പി. ക്കും എൽ.ഡി.എഫിനേയും ബി.ജെ.പിയേയും ഒരുപോലെ വിമർശിച്ച് പ്രചാരണം നടത്തിയ യു.ഡി.എഫിനും ഉപതിരഞ്ഞെടുപ്പിൽ വിജയതീരത്തെത്താനായില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പും കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവും തുടർന്ന് സി.പി.എം നേതാവ് പി.പി ദിവ്യ അറസ്റ്റിലായതുമെല്ലാം ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമോയെന്ന ആശങ്ക എൽ.ഡി.എഫിനുണ്ടായിരുന്നു. എന്നാൽ അത് ചേലക്കര മണ്ഡലത്തിൽ ഇടതുമുന്നണിയെ വെട്ടിലാക്കുന്ന തരത്തിൽ പ്രതിഫലിച്ചില്ല.

ഇരുമുന്നണികൾക്കും പുറമേ മണ്ഡലത്തിൽ വോട്ടുവർധിപ്പാക്കാനായത് ബി.ജെ.പിക്കും നേട്ടമാണ്. 1987-മുതൽ ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി ഗണ്യമായി വോട്ട് വർധിപ്പിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് ശതമാനം മാത്രമാണ് പാർട്ടിയുടെ വോട്ടെങ്കിൽ 2016-ൽ അത് പതിനഞ്ച് ശതമാനമായി ഉയർന്നു. അന്ന് ബി.ജെ.പിക്കായി മത്സരിച്ച ഷാജുമോൻ പി.പി 23,845 വോട്ടുകൾ നേടി. ആ തിരഞ്ഞെടുപ്പിൽ യു.ആർ പ്രദീപ് വിജയിച്ചത് 10,200 വോട്ടുകൾക്കാണ്. വോട്ടുവർധിപ്പിക്കുന്നതിനേക്കാൾ മണ്ഡലത്തിലെ ജയപരാജയങ്ങളെ നിർണയിക്കുന്ന തരത്തിലേക്ക് ബി.ജെ.പിയുടെ വളർച്ചയെത്തി. 2021-ൽ ബി.ജെ.പിയിലെ ഷാജുമോൻ വട്ടേക്കാട് 24,045 വോട്ടുകളും നേടി. ഇപ്പോഴിതാ ഉപതിരഞ്ഞെടുപ്പിൽ കെ ബാലകൃഷ്ണനിലൂടെ വോട്ടുകൾ വീണ്ടും വർധിപ്പിക്കാൻ ബി.ജെ.പി ക്ക് സാധിച്ചു. രണ്ടുവർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചുകയറാമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം.

Inshort- Chellakkara has once again turned red. The Left is loudly proclaiming that this victory is not just for Radhakrishnan, but for the entire CPI(M) stronghold. In the first by-election in the constituency's history, Chellakkara has firmly aligned with the Left. For the seventh consecutive time, a CPI(M) candidate has won in the constituency. This is a major setback for the Congress, which had hoped for a win. The only consolation for the UDF is the reduced margin of victory. Despite setbacks in Palakkad and Wayanad, retaining Chellakkara is a significant relief for the LDF. With the state assembly elections just two years away, this by-election victory boosts the LDF's confidence. The Left is also recovering from the heavy loss in the general elections, which this result helps to counter.