തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി, കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. എന്നാല്‍, കത്ത് പുറത്തുപോയത് ഡി.സി.സി. ഓഫീസില്‍നിന്നാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദേശിച്ചത് ഷാഫി പറമ്പില്‍ എം.പിയാണെന്നും ആ സ്ഥാനാര്‍ഥിക്ക് എന്താണ് ദോഷമെന്നും സുധാകരന്‍ ചോദിച്ചു.
'കെ.പി.സി.സിയുടെ കമ്മിറ്റിയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അതോറിറ്റി. അവിടെ ചര്‍ച്ചയ്ക്കുവന്നാല്‍ വിജയസാധ്യതയും സ്വീകാര്യതയും പരിശോധിച്ച് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും. രണ്ടുമൂന്ന് ആളുകളുടെ പേര് പറഞ്ഞതുകൊണ്ട് സ്ഥാനാര്‍ഥികളാവില്ല. ജനാധിപത്യ സംവിധാനമുള്ള പാര്‍ട്ടിയില്‍ പ്രിയങ്ങളും അപ്രിയങ്ങളുമുണ്ടാവും, സ്വാഭാവികമാണ്. കോണ്‍ഗ്രസിനെപ്പോലെയൊരു പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളുമുണ്ടാവും. ആ കാഴ്ചപ്പാടുകളെ വിലയിരുത്തി, ഗുണവും ദോഷവും വിലയിരുത്തി തീരുമാനമെടുത്താല്‍, ആ തീരുമാനത്തോടൊപ്പം നില്‍ക്കുന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ മെറിറ്റ്. വളരെ ജനാധിപത്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനാധിപത്യ സ്വഭാവത്തിന്റെ ഏറ്റവും വലിയ നിറമുള്ള ഭാഗമാണ് നിങ്ങള്‍ ചൂണ്ടിക്കാട്ടിയത്', കത്തിനെക്കുറിച്ചുള്ള ചോദ്യത്തോട് സുധാകരന്‍ പ്രതികരിച്ചു.
ആരുടെയൊക്കെ പേരാണ് ചര്‍ച്ചയില്‍ വന്നതെന്ന് പുറത്തുപറയേണ്ടകാര്യമല്ല. സ്ഥാനാര്‍ഥി നിര്‍ണയം നടക്കുമ്പോള്‍ എഴുത്തിലൂടെ അഭിപ്രായം അറിയിക്കുന്നത് സ്വാഭാവികമാണ്. കമ്മിറ്റിയില്‍ രാഹുലിന്റെ പേര് പറഞ്ഞത് ഷാഫിയാണ്, ആ സ്ഥാനാര്‍ഥിക്ക് ദോഷം എന്താണ്? നല്ല ഓജസുള്ള ചെറുപ്പക്കാരന്‍, സമരരംഗത്ത് കത്തിജ്വലിക്കുന്ന ഒരുത്തന്‍, മൂന്നാം തലമുറയിലെ ആള്, ഇതെല്ലാം സ്ഥാനാര്‍ഥിയെന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്ലസ് പോയിന്റാണ്. ആദ്യം വിമര്‍ശിച്ച ആളുകളും സ്വീകരിച്ചു. അദ്ദേഹം നല്ല കുതിരപോലെ മുമ്പോട്ടു പോകുന്നില്ലേയെന്നും സുധാകരന്‍ ചോദിച്ചു.
സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ പേരിനായിരുന്നോ പ്രാമുഖ്യമെന്ന ചോദ്യത്തോട്, അതല്ലാതെ അദ്ദേഹം സ്ഥാനാര്‍ഥിയാവില്ലല്ലോ എന്നായിരുന്നു സുധാകരന്റെ മറുപടി.
Content Highlights: Party will investigate on Palakkad DCC letter leak
Published: 27 Oct 2024, 07:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented