ന്യൂഡൽഹി: രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി 46 നിയമസഭാ മണ്ഡലങ്ങളിലും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇരുമുന്നണികൾക്കും ഒരേപോലെ ആശ്വാസവും നിരാശയും. 48 മണ്ഡലങ്ങളിലായിരുന്നു ആദ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സിക്കിമ്മിലെ രണ്ട് സീറ്റിൽ എസ്കെഎം എതിരില്ലാതെ ജയിച്ചതോടെയാണ് മത്സരം 46 സീറ്റുകളിലേക്ക് ഒതുങ്ങിയത്.
ബി.ജെ.പിയെ സംബന്ധിച്ച് വലിയ തിരിച്ചടി നേരിട്ട സംസ്ഥാനമാണ് കർണാടക. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളും കോൺഗ്രസ് പിടിച്ചെടുത്തു. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദുർ എന്നീ മൂന്ന് മണ്ഡലങ്ങളിലും ബിജെപി-ജെഡിഎസ് സഖ്യവും കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടിയെങ്കിലും അവസാനവിജയം ഭരണകക്ഷിയോടൊപ്പം നിന്നു. ഇതോടെ, കർണാടക നിയമസഭയിലെ കോൺഗ്രസിന്റെ അംഗസംഖ്യ 137 ആയി ഉയർന്നു.
തോൽവിയേക്കാളേറെ രണ്ട് മുൻ മുഖ്യമന്ത്രിമാർക്ക് കളംനഷ്ടപ്പെടുന്നുവെന്നതും എൽഡിഎ ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ചന്നപട്ടണത്ത് കോൺഗ്രസിന്റെ സി.പി. യോഗേശ്വർ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി. 25000 വോട്ടുകളിലധികം ഭൂരിപക്ഷത്തിനാണ് യോഗേശ്വറിന്റെ വിജയം.
ഷിഗ്ഗാവ് മണ്ഡലത്തിൽ കോൺഗ്രസിന്റെ യാസിർ അഹമ്മദ് ഖാൻ പത്താനോട് ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈ പരാജയപ്പെട്ടു. 2008 മുതൽ ബസവരാജ് പ്രതിനിധീകരിച്ച മണ്ഡലമാണ് ഇപ്പോൾ അവർക്ക് നഷ്ടമാകുന്നത്. ഹവേരി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം ഈ സീറ്റ് ഒഴിഞ്ഞത്.
ബംഗാളിലെ ചിത്രം പരിശോധിക്കുമ്പോൾ ഉപതിരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റുകളിലും തൃൺമൂൽ കോൺഗ്രസ് മുന്നേറുകയാണ്. 2016ലും 2021ലും ബിജെപിയോടൊപ്പം നിന്ന മദാരിഹത്ത് മണ്ഡലം ഉൾപ്പെടെയാണിത്. മത്സരം നടന്ന സിതായ്, മദാരിഹത്ത്, ഹരോവ, നൈഹാത്തി, മേദിനിപുർ എന്നീ മണ്ഡലങ്ങളിൽ തൃണമൂൽ വിജയിച്ചുകഴിഞ്ഞു. തൽദാൻഗ്രയിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
നാല് മണ്ഡലങ്ങളിലാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മൂന്നെണ്ണം ആം ആദ്മി പാർട്ടി സ്വന്തമാക്കി. ഒരു സീറ്റ് കോൺഗ്രസിനൊപ്പം നിന്നു. ഛത്തീസ്ഗഢിലും ഉത്തരാഖണ്ഡിലും ഓരോ സീറ്റുകളിലേക്ക് വീതം നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും ബിജെപിയാണ് മുന്നിൽ. മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്സഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബിജെപി തന്നെ മുന്നിൽ. ഗുജറാത്തിലെ വാവ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് മുന്നിൽ.
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മുഴുവൻ സീറ്റുകളിലും അസമിലെ ഭരണകക്ഷിയായ എൻഡിഎ സഖ്യത്തിനാണ് മുന്നേറ്റം. മത്സരിച്ച മൂന്ന് സീറ്റുകളിലും ബിജെപി വിജയിച്ചു. അതേസമയം, ബാക്കിയുള്ള രണ്ട് സീറ്റുകൾ സഖ്യകക്ഷിയായ എജിപിയും യുപിപിഎല്ലും നേടി. അഞ്ച് സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയ കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് അസമിലെ ജനവിധി. മേഘാലയിൽ തിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിൽ എൻപിപി വിജയിച്ചു.
ഹിന്ദി ഹൃദയഭൂമിയിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും എൻഡിഎ സഖ്യത്തിന് വൻ മുന്നേറ്റം. യു.പിയിലെ ഒമ്പത് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചെണ്ണത്തിൽ ഇതിനോടകം ബി.ജെ.പി വിജയിച്ചുകഴിഞ്ഞു. ഒരിടത്ത് പാർട്ടിക്ക് ലീഡുമുണ്ട്. ബാക്കിയുള്ള മൂന്ന് സീറ്റുകളിൽ രണ്ടെണ്ണം എസ്പി നേടിയപ്പോൾ ഒരെണ്ണം രാഷ്ട്രീയ ലോക്ദൾ സ്വന്തമാക്കി. രാജസ്ഥാനിലെ ഏഴ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിലും ബിജെപി വിജയിച്ചു. ഒരു സീറ്റ് ഭാരത് ആദിവാസി പാർട്ടിയും നേടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് അനുസരിച്ച് ഒരു സീറ്റിൽ കോൺഗ്രസാണ് മുന്നിട്ടുനിൽക്കുന്നത്. മധ്യപ്രദേശിൽ രണ്ട് തിരഞ്ഞെടുപ്പുകളിലാണ് തിരഞ്ഞെടുപ്പ്. അതിൽ, ഓരോ സീറ്റ് വീതം കോൺഗ്രസും ബിജെപിയും നേടി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ നാല് മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും എൻഡിഎ സഖ്യം തൂത്തുവാരി. ഇന്ത്യ സഖ്യത്തിനൊപ്പം നിന്നിരുന്ന മൂന്ന് സീറ്റുകൾ എൻഡിഎ പിടിച്ചെടുത്തത് പ്രതിപക്ഷത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
Content Highlights: Bypoll election results 2024, Full list of winners and constituencies across all 14 states
Published: 23 Nov 2024, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented