
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന പെട്ടിവിവാദത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയ സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസിനെതിരെ നടപടി. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കൃഷ്ണദാസിന്റെ പ്രസ്താവനയെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.
'തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ വിവിധ തരത്തിലെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. പ്രശ്‌നങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്ത് നിലപാട് സ്വീകരിക്കുക എന്നതില്‍നിന്ന് വ്യത്യസ്തമായ പ്രതികരണം എന്‍.എന്‍. കൃഷ്ണദാസില്‍നിന്ന് ഉണ്ടായി. ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിശദമായി പരിശോധിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം യോജിപ്പോടെ മുന്നോട്ടുകൊണ്ടുപോവേണ്ടതാണ്. അത്തരം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കിടിയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയില്‍ പ്രതികരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു', എന്നായിരുന്നു എം.വി. ഗോവിന്ദന്റെ വാക്കുകള്‍.
പാലക്കാട് പോളിങ് കുറഞ്ഞിട്ടും വോട്ട് വര്‍ധിച്ചു. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ പ്രചാരവേലകള്‍ ജനങ്ങള്‍ ഏറ്റെടുത്തില്ല എന്ന് വ്യക്തമാക്കുന്നതാണ് പാലക്കാട്ടേയും ചേലക്കരയിലേയും ഫലമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണം പിന്നാലെ എല്‍.ഡി.എഫ്. ഉയര്‍ത്തി. യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീലപ്പെട്ടിയില്‍ കള്ളപ്പണം കടത്തിയെന്നായിരുന്നു ആരോപണം. ആരോപണം തിരഞ്ഞെടുപ്പില്‍ സി.പി.എം. ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു എന്‍.എന്‍. കൃഷ്ണദാസ് ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത്.
പാലക്കാട് പെട്ടിയല്ല വികസനമാണ് ചര്‍ച്ചയാക്കേണ്ടത് എന്നായിരുന്നു എന്‍.എന്‍. കൃഷ്ണദാസിന്റെ പരാമര്‍ശം. എന്നാല്‍, കൃഷ്ണദാസിനെ തിരുത്തി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും അന്നുതന്നെ രംഗത്തെത്തിയിരുന്നു.
Content Highlights: CPM takes action against NN Krishnadas
Published: 07 Jan 2025, 05:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented