പാലക്കാട്: മൊത്തം വോട്ടർമാരിൽ പകുതിയിലേറെയുമുള്ള പാലക്കാട് നഗരസഭ ഇക്കുറി സ്ഥാനാർഥികളുടെ വിധി നിർണയിക്കുമെന്നാണ് പോളിങ് കണക്കുകൾ നൽകുന്ന സൂചന. മണ്ഡലത്തിലെ മൊത്തം വോട്ടിങ്‌ ശതമാനത്തേക്കാൾ കൂടുതലാണ് നഗരസഭയിലേത്.

To advertise here,

ഇക്കുറി 71.10 ശതമാനം വോട്ടാണ് നഗരസഭയിൽ രേഖപ്പെടുത്തിയത്. യു.ഡി.എഫ്. വോട്ടുകളിൽ വിള്ളലുണ്ടാക്കാനാണ് എൽ.ഡി.എഫ്. ശ്രമിക്കുന്നതെന്ന യു.ഡി.എഫ്. നേതാക്കളുടെ ആരോപണവും കൂട്ടിവായിക്കുമ്പോൾ നഗരസഭയിലെ ഉയർന്ന വോട്ടിങ് ശതമാനം എൻ.ഡി.എ. ക്യാമ്പിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാൽ, തുടക്കം മുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന യു.ഡി.എഫും എൽ.ഡി.എഫും തങ്ങളുടെ വിജയത്തിന് അനുകൂലമായ കണക്കുകൾ നിരത്തി രംഗത്തുണ്ട്.

2021-ൽ നഗരസഭയിൽ 34,143 വോട്ടാണ് എൻ.ഡി.എ. നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ യു.ഡി.എഫിന് 27,905 വോട്ടും എൽ.ഡി.എഫിന് 16,455 വോട്ടുമാണ് ലഭിച്ചത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറി, ബി.ജെ.പി.യുടെ ഭൂരിപക്ഷം 497 വോട്ടായി കുറച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻ.ഡി.എ. സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാറിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 4,788 വോട്ട് കുറഞ്ഞു. യു.ഡി.എഫ്. 28,858 വോട്ടുനേടിയ നഗരസഭയിൽ എൻ.ഡി.എ.യ്ക്ക്‌ കിട്ടിയത് 29,355 വോട്ടാണ്. എൽ.ഡി.എഫ്. 16,356 വോട്ടുനേടി. നഗരസഭയിൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും പതിനായിരത്തിലേറെ വോട്ടുകൾക്ക് പിന്നാക്കം പോയത് തിരിച്ചുപിടിക്കാനുള്ള എൽ.ഡി.എഫിന്റെ ശ്രമം എത്രത്തോളം ഫലപ്രദമായെന്ന് വോട്ടെണ്ണൽ പൂർത്തിയായാലേ വെളിവാകൂ.

മാത്തൂർ, കണ്ണാടി, പിരായിരി പഞ്ചായത്തുകളിൽ കാടിളക്കി നടത്തിയ പ്രചാരണം ആർക്ക് ഗുണംചെയ്യുമെന്നതിലും വ്യക്തതക്കുറവുണ്ട്. ഇക്കുറി പിരായിരിയിൽ 70.89 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2021-ൽ പിരായിരിയിൽ യു.ഡി.എഫ്. 12,815 വോട്ട് നേടി എതിരാളികളെ ഇരട്ടിയോളം വോട്ടിന് പിന്നിലാക്കിയിരുന്നു. രണ്ടാംസ്ഥാനത്തെത്തിയ എൽ.ഡി.എഫ്. ഇവിടെ 6,614 വോട്ടും എൻ.ഡി.എ. 6,355 വോട്ടും നേടി.

ഇത്തവണ 70.11 ശതമാനം പേർ വോട്ടുരേഖപ്പെടുത്തിയ മാത്തൂരിൽ 2021-ൽ എൽ.ഡി.എഫ്. 6,475 വോട്ട് നേടിയപ്പോൾ യു.ഡി.എഫ്. 6,445 വോട്ട് സ്വന്തമാക്കി. 3,960 വോട്ട് എന്ന 2021-ലെ കണക്ക് വർധിപ്പിക്കുന്നതിന് എൻ.ഡി.എ. നടത്തിയ കാമ്പയിനുകൾ ഫലം കണ്ടാൽ പഞ്ചായത്തിലെ ചിത്രം മറ്റൊന്നാകും.

2021-ലെ ഫലത്തിൽ നിർണായകമായ പഞ്ചായത്താണ് കണ്ണാടി. അന്ന് എൽ.ഡി.എഫിന് സ്വന്തം ശക്തികേന്ദ്രത്തിൽ നേടാനായത് 6,078 വോട്ടുമാത്രമായിരുന്നു. യു.ഡി.എഫ്. നേടിയ 5,965 വോട്ടും എൻ.ഡി.എ. നേടിയ 4,697 വോട്ടും തിരഞ്ഞെടുപ്പുഫലത്തിൽ നിർണായകമായി. ഇക്കുറി 70.15 ശതമാനം വോട്ടാണ് കണ്ണാടിയിൽ പോൾചെയ്തത്. ഇവിടെ നടക്കുന്ന അടിയൊഴുക്കുകൾ നിർണായകമാകുമെന്ന് മുന്നണിനേതാക്കളുടെ തിരഞ്ഞെടുപ്പിനുശേഷമുള്ള അഭിപ്രായപ്രകടനത്തിൽ നിന്നുതന്നെ വ്യക്തം.