തിരുനെല്ലി: വയനാട്ടില്‍ നിന്ന് ഭക്ഷ്യകിറ്റുകള്‍ പിടികൂടി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടേയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച കിറ്റുകളാണ് വയനാട് ജില്ലയുടെ കര്‍ണാടക അതിര്‍ത്തി മേഖലയായ തോല്‍പ്പെട്ടിയില്‍ നിന്ന് പിടികൂടിയത്. തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടികൂടിയത്. 

To advertise here,

പ്രദേശത്തെ കോളനികളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്ന് സി.പി.എം. പ്രവര്‍ത്തകര്‍ ആരോപിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് സമീപമുള്ള മില്ലില്‍ നിന്നാണ് കിറ്റുകള്‍ പിടികൂടിയതെന്നും സി.പി.എം. ആരോപിച്ചു. നേരത്തേ കൊണ്ടുവന്ന കിറ്റുകളാണോ ഇവ എന്ന് വ്യക്തമല്ല. 

കര്‍ണാടകയില്‍ നിന്ന് ഉരുള്‍പൊട്ടല്‍ ദുരിതബാധികര്‍ക്ക് നല്‍കാനെന്ന രീതിയിലുള്ള സ്റ്റിക്കറുകളാണ് കിറ്റുകള്‍ക്ക് മുകളില്‍ പതിപ്പിച്ചിട്ടുള്ളത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ തിരുനെല്ലി പഞ്ചായത്തില്‍ നിന്നാണ് കിറ്റുകള്‍ പിടികൂടിയത്. അതേസമയം കോണ്‍ഗ്രസ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.