വാടാനപ്പള്ളി: കിറ്റാണ് രണ്ടുദിവസമായി തൃശ്ശൂർ ജില്ലയിലെ പ്രധാന തിരഞ്ഞെടുപ്പുവിഷയം. വാടനപ്പള്ളിയിലെ കിറ്റ് വിവാദം ഞായറാഴ്ചയിലെ ഒരു പകലിനെ മുഴുവൻ സംഘർഷാവസ്ഥയിലാക്കി. രാവിലെ തുടങ്ങിയ പ്രതിഷേധപരമ്പര അവസാനിക്കുമ്പോൾ വൈകീട്ട് അഞ്ചോടടുത്തിരുന്നു.

To advertise here,

ഡി.സി.സി. സെക്രട്ടറിയും തളിക്കുളം ബ്ലോക്ക് വൈസ് പ്രസിഡൻറുമായ സി.എം. നൗഷാദ്‌ ആണ് കിറ്റ് വിവാദവുമായി രംഗത്തെത്തിയത്. കാറിൽ പോകുമ്പോൾ വാടാനപ്പള്ളി ഹരിതനഗറിന് വടക്കുള്ള പലചരക്ക് മൊത്തക്കച്ചവടസ്ഥാപനമായ ചാമ്പ്യൻ ട്രേഡേഴ്സ് ഗോഡൗണിൽ പതിനഞ്ചോളം വരുന്ന തൊഴിലാളികളെ കണ്ടതാണ് സംശയമുണ്ടാക്കിയത്.

സമയം പകൽ 11.00: ആൽമാവ് ജങ്ഷനിലെ ചാമ്പ്യൻ ട്രേ‍ഡേഴ്സിന്റെ ഗോഡൗണിൽ ഭക്ഷ്യകിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാരോപിച്ച് മണലൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ടി.എൻ. പ്രതാപനും പ്രവർത്തകരും തടിച്ചുകൂടി. പിന്നാലെ എൽ.ഡി.എഫ്. പ്രവർത്തകരും സ്ഥാനാർഥി സി. രവീന്ദ്രനാഥും സ്ഥലത്ത്. പ്രതിഷേധം, ബഹളം, ഉന്തും തള്ളും...

എൽ.ഡി.എഫുകാർ വൈകാതെ പോയെങ്കിലും വിവരമറിഞ്ഞ് ബി.ജെ.പി. പ്രവർത്തകരും തടിച്ചുകൂടി. ബി.ജെ.പി.-കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ. ഇരുവിഭാഗത്തുനിന്നും മുദ്രാവാക്യം. ഇതിനിടെ ഗോഡൗണിന്റെ മുകളിലെ മുറിയിൽനിന്ന്‌ ബി.ജെ.പി. നേതാവും നടനുമായ ദേവൻ പുറത്തേക്ക്‌. ഒപ്പം ബി.ജെ.പി. നേതാവ് ഭഗീഷ് പൂരാടനും. ഇതുകണ്ട് പുറത്ത് ബി.ജെ.പി. പ്രവർത്തകരുടെ മുദ്രാവാക്യം. കിറ്റ് വിതരണത്തിനെത്തിയതാണ് ദേവനടക്കമുള്ളവർ എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

12.00: തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡും പോലീസും സ്ഥലത്ത്. ബി.ജെ.പി. നേതാവ് ഭഗീഷ് പൂരാടന്‍റെ വാഹനം പരിശോധിച്ചു. ഗോഡൗൺ ഉടമയിൽനിന്ന്‌ വിവരം ശേഖരിച്ചു. പുറത്ത് സംഘർഷം. അകത്ത് മണ്ഡലം വരണാധികാരിയും ഫ്ലയിങ് സ്‌ക്വാഡും പരിശോധന തകൃതിയാക്കി. കണ്ടെത്തിയ കിറ്റുകൾ സീൽ ചെയ്തു. ഉടമ പ്രവീൺജിത്ത് കസ്റ്റഡിയിൽ.

2.30:സീൽചെയ്ത കിറ്റുകൾ പോലീസ് സ്ഥലത്തുനിന്ന് കൊണ്ടുപോയി. പുറത്ത് മുദ്രാവാക്യംവിളികളും പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷവും. ദേവനെയും പ്രവർത്തകരെയും അറസ്റ്റുെചയ്യണമെന്ന് കോൺഗ്രസ്. എതിർത്ത് ബി.ജെ.പി.യും. സംഘർഷത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായപ്പോൾ ആയുധധാരികളായ കേന്ദ്രസേനയടക്കം സുരക്ഷയ്ക്കെത്തി.

3.30: ദേവന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിന്‌ നടുവിൽ കുത്തിയിരുന്ന് പ്രതിഷേധം. പ്രതാപന് മർദനമേറ്റെന്നാരോപിച്ച്‌ പ്രവർത്തകർ പോരാട്ടവീര്യം കടുപ്പിച്ചു. കൂടെ വനിതാപ്രവർത്തകരും.

4.20: പോലീസ് ഇടപെട്ട് ബി.ജെ.പി. പ്രവർത്തകരെ അനുനയിപ്പിക്കുന്നു. പിന്മാറാതെ കോൺഗ്രസ്. രണ്ട്‌ ജീപ്പുകളിലായി പ്രതാപനെയടക്കം അഞ്ചുപേരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്യുന്നു. സി.എ. റഷീദ്, സി.എം. നൗഷാദ്, പി.എം. ഷെരീഫ്, മുസ്തഫ എന്നിവരാണ് അറസ്റ്റുചെയ്ത മറ്റു പ്രവർത്തകർ. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

4.30 അന്തരീക്ഷം ഏറക്കുറെ ശാന്തം. ദേവനും ഭഗീഷും പുറത്തേക്ക്.

രാത്രി 10.00: പ്രവീൺജിത്തിനെ വിട്ടയച്ചു