കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന സംഘപരിവാറിന് അവർക്കേറ്റവും പ്രിയപ്പെട്ട രണ്ടിടങ്ങളിൽ, ആർഎസ്എസിന്റെ ആരൂഢത്തിലും ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ നാട്ടിലും, കോൺഗ്രസ് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുന്നത് ഒട്ടും തന്നെ സന്തോഷകരമായിരിക്കില്ല.

2004 ഫെബ്രുവരി 15-ന് ബെംഗളൂരിൽ ഇൻഫോസിസ് ആസ്ഥാനത്ത് സി.ഇ.ഒ. നന്ദൻ നിലേക്കനിയുമായുള്ള കൂടിക്കാഴ്ചയാണ് മാറിമറിയുന്ന പുതിയ ലോകത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകിയതെന്ന് അമേരിക്കൻ പത്രപ്രവർത്തകൻ തോമസ് ഫ്രീഡ്മാൻ 'The World Is Flat' (ലോകം പരന്നതാണ്) എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. വിശാലമായ കോൺഫറൻസ് ഹാളിൽ ഇരുന്നുകൊണ്ട് നിലേക്കനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കമ്പനികൾക്കായി ഇൻഫോസിസ് ദിവസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതെങ്ങിനെയാണെന്ന് ഫ്രീഡ്മാന് വിശദീകരിച്ചുകൊടുത്തു.
40 ഡിജിറ്റൽ സക്രീനുകൾ, അമേരിക്കയുടെയും ജപ്പാന്റെയും ഓസ്‌ട്രേലിയയുടെയും സിംഗപ്പുരിന്റെയുമൊക്കെ സമയം കാണിക്കുന്ന ക്ലോക്കുകൾ. ''ദാ, ഇവിടെ ഈ മുറിയിലിരുന്ന് ലോകത്തെവിടെയുമുള്ളവരുമായി ബിസിനസ് ചെയ്യാം. Tom, the playing field is being levelled.'' ഹോട്ടൽ മുറിയിലേക്കുള്ള യാത്രയിൽ തന്റെ ചെവികളിൽ നിലേക്കനിയുടെ ആ വാക്കുകൾ മുഴങ്ങുകയായിരുന്നുവെന്ന് ഫ്രീഡ്മാൻ എഴെുതുന്നു.
ഈ ലോകം നിരപ്പായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും ഇന്ത്യയും അടക്കമുള്ളവർ കളിക്കുന്ന ഇടം നിരപ്പായിക്കൊണ്ടിരിക്കുന്നു. തിരിച്ച് അമേരിക്കയിലെ വീട്ടിലെത്തി ഭാര്യയെ കണ്ടപ്പോൾ ഫ്രീഡ്മാൻ അവരുടെ ചെവിയിൽ മന്ത്രിച്ചു: ''Honey, the world is flat.''
അസമത്വങ്ങൾ കുറയുന്നു, ഈ ലോകം എല്ലാവർക്കും ഒരു പോലെ കളിക്കാൻ കഴിയുന്ന ഒരിടമായി മാറുന്നു എന്നാണ് ഫ്രീഡ്മാൻ ഉദ്ദേശിച്ചത്. ബെർലിൻ മതിലിന്റെ തകർച്ച, സോവിയറ്റ് യൂണിയന്റെ പതനം, ജനാധിപത്യത്തിന്റെ പ്രസരണം, ഇന്റർനെറ്റിന്റെയും സാങ്കേതിക വിദ്യയുടെയും മുന്നേറ്റം ഇവയെല്ലാം ചേർന്ന് ലോകത്തെ നിരപ്പാക്കുന്നതിനെക്കുറിച്ചാണ് ഫ്രീഡ്മാൻ തന്റെ പുസ്തകത്തിൽ എഴുതിയത്.
ഇന്റർനെറ്റ് വിപ്ലവം കൊണ്ടുവന്ന മാറ്റങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ വിദ്യാഭ്യാസംകൊണ്ടു മാത്രം സാമ്പത്തികമായി മുന്നേറാനാവുന്ന പരിസരം ഒരുക്കിയതിന് പിന്നിൽ നന്ദൻ നിലേക്കനി വ്യക്തമാക്കിയ ലെവൽ പ്ലെയിങ് ഫീൽഡ് ഉണ്ടായിരുന്നു. കാറും നല്ല വീടുമൊക്കെ അതുവരെ ബിസിനസുകാർക്ക് മാത്രം പറഞ്ഞതായിരുന്നെങ്കിൽ വിദ്യാഭ്യാസംകൊണ്ടും അതൊക്കെ നേടാനാവുമെന്ന് ഇന്ത്യയിലെ ഇടത്തരക്കാരെ ബോദ്ധ്യപ്പെടുത്തിയത് ഇന്റർനെറ്റ് വിപ്ലവമാണ്. ഇൻഫോസിസിലും ടി.സി.എസിലും വിപ്രോയിലും കൊഗ്‌നിസന്റ് ടെക്‌നോളജീസിലുമൊക്കെ ജോലിക്ക് കയറിയ ഇടത്തരം കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് അധികം സമയമെടുത്തില്ല.
ഇനിയും പരക്കാത്ത ലോകം
പക്ഷേ, ലോകം അങ്ങനെയങ്ങ് പരന്നോ എന്ന് ചോദിച്ചാൽ ഇല്ലെന്നുതന്നെ പറയേണ്ടി വരും. പഴയ മുതലാളിമാരുടെ സ്ഥാനത്ത് ടെക് ഭീമൻമാർ വന്നു. ഇലോൺ മസ്‌കും ജെഫ് ബെസൊസും ലാറി പെയ്ജും മാർക്ക് സക്കർബർഗും അംബാനിയും അദാനിയുമൊക്കെ പുത്തൻ ശത കോടീശ്വരൻമാരായി. സമൂഹത്തിൽ അസമത്വം വാസ്തവത്തിൽ കൂടിക്കൂടി വരികയാണ്. ഒക്‌സ്ഫാം ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം അടിത്തട്ടിലുള്ള 50 ശതമാനം ഇന്ത്യക്കാരുടെ കൈകളിൽ രാജ്യത്തെ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമേയുള്ളു.
അതേസമയം,വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് ശതമാനത്തിന്റെ കയ്യിൽ 72 ശതമാനം സ്വത്തുണ്ട്. ശതകോടീശ്വരന്മാരുടെ എണ്ണം 2014-ൽ 70 ആയിരുന്നെങ്കിൽ 2025-ൽ 284 ആയി. പത്ത് കൊല്ലത്തിനുള്ളിൽ മൂന്നിരട്ടി വർദ്ധന. അതേസമയം, ആഗോള മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 130 ആണ്. 191 രാജ്യങ്ങളുടെ പട്ടികയിലാണ് ഈ സ്ഥാനമെന്ന് മറക്കരുത്. ആഗോള വിശപ്പ് സൂചികയിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 121 രാജ്യങ്ങളിൽ 105-ാം സ്ഥാനത്താണ്.
നിർമ്മിത ബുദ്ധി (എഐ)യുടെ ലോകത്ത് അമേരിക്കയുടെയും ചൈനയുടെയും ഏഴയലത്ത് ഇന്ത്യയില്ല. ഈ വർഷം മാത്രം 650 ബില്ല്യൺ ഡോളറാണ് (ഏകദേശം 59 ലക്ഷം കോടി രൂപ) അമേരിക്ക ആസ്ഥാനമായുള്ള ആമസോൺ, ആൽഫബെറ്റ്, മെറ്റ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾ മുതൽമുടക്കുന്നത്. ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ദേശീയ ബജറ്റിൽ പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് 53 ലക്ഷം കോടി രൂപയാണെന്ന് ഓർക്കുക.
നിർമ്മിത ബുദ്ധിക്കായി ചൈന എത്രയാണ് മുതൽമുടക്കുന്നതെന്ന് വ്യക്തമല്ല. ചൈന കുതിക്കുകയാണ് എന്ന് മാത്രമേ നമുക്കറിയാവൂ. എഐ വളർച്ച എന്ന് പറഞ്ഞാൽ പണം മാത്രമല്ലച അതിഭീമമായ ഊർജ്ജ സ്രോതസ്സുകളും ആവശ്യമാണ്. കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളുടെ വ്യാപനത്തിനും ഡാറ്റ ഖനനത്തിനും വേണ്ടി വരുന്ന ഊർജ്ജം നമ്മുടെ സാമാന്യ കണക്കുകൾക്കൊക്കെ അതീതമായിരിക്കും. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ലോകം അത്രമേൽ പരന്നതല്ല എന്നുതന്നെ അർത്ഥം.
രാഹുൽ ഗാന്ധി പറഞ്ഞത്
ഇന്ത്യൻ രാഷ്ട്രീയവും പരന്നതല്ലെന്നാണ് ഇക്കഴിഞ്ഞ ജൂൺ എട്ടിന് ഡൽഹിയിൽ ഇന്ത്യ സഖ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞത്. പഴയ ആയുധങ്ങൾ കൊണ്ട് ബിജെപിയെ നേരിടാനാവില്ലെന്നും ചെറുത്തുനിൽപിന്റെ പുതിയ തുറസ്സുകൾ തുറന്നെടുക്കണമെന്നും. രാഹുൽ ഗാന്ധി പറഞ്ഞു: ''എല്ലാവർക്കും ഒരു പോലെ കളിക്കാൻ കഴിയുന്ന ഒരിടത്തേ രാഷ്ട്രീയ ആയുധങ്ങൾ പ്രസക്തമാവുകയുള്ളു. അത്തരമൊരു ഇടം ഇന്നിപ്പോൾ ഇന്ത്യയിൽ ഇല്ല. ഭരണകൂട സ്ഥാപനങ്ങൾ എല്ലാം തന്നെ ബിജെപിയുടെ നിയന്ത്രണത്തിലാണ്. നീതിന്യായ സംവിധാനം അവരാണ് നിയന്ത്രിക്കുന്നത്. ഉദ്യോഗസ്ഥവൃന്ദം അവരുടെ പിടിയിലാണ്. ഇന്റലിജൻസ് ഏജൻസികൾ അവരുടെ നിയന്ത്രണത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പോലും അവരുടെ വരുതിയിലാണ്.''
അസാധാരണമാർന്ന ഉൾക്കാഴ്ചയുള്ള പ്രസംഗമായിരുന്നു രാഹുലിന്റേതെന്ന് പറയാതെ വയ്യ. ബംഗാളിൽ വൻവിജയമായിരിക്കും തങ്ങളുടേതെന്ന് ടി.എം.സി. നേതാക്കൾ അവകാശപ്പെട്ടപ്പോൾ അവർ ദിവാസ്വപ്നം കാണുകയാണെന്നാണ് താൻ പറഞ്ഞതെന്ന് രാഹുൽ വെളിപ്പെടുത്തി. ഗുജറാത്തിലും ഛത്തിസ്ഗഢിലും ബിഹാറിലും മദ്ധ്യപ്രദേശിലും ബിജെപി തിരഞ്ഞെടുപ്പ് വിജയിച്ചതെങ്ങിനെയാണെന്ന് താൻ കണ്ടതാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
തൊട്ടടുത്ത ദിവസം ജൂൺ ഒമ്പതിന് മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. കളിച്ച കളി രാഹുലിന്റെ ആകുലതകൾ എത്രമാത്രം യാഥാർത്ഥ്യമാർന്നതാണെന്ന് തെളിയിച്ചു. തിരഞ്ഞെടുപ്പുകൾ പകൽവെളിച്ചത്തിൽ അട്ടിമറിക്കുന്നതിന് ബി.ജെ.പിക്കുള്ള അപാരസിദ്ധിയുടെ പ്രദർശനമാണ് മദ്ധ്യപ്രദേശിൽ അരങ്ങേറിയത്.
മൂന്നിൽ രണ്ട് ഭൂരിപക്ഷം
തീർത്തും ഏകപക്ഷീയമായാണ് മീനാക്ഷിയുടെ നാമനിർദ്ദേശ പത്രിക വാരണാധികാരി തള്ളിക്കളഞ്ഞത്. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്നത് ബി.ജെ.പിയുടെ എക്കാലത്തെയും സ്വപ്നമാണ്. ആർ.എസ്.എസിന് നൂറ് വയസ്സ് തികഞ്ഞ 2025-നുള്ളിൽ ആ ലക്ഷ്യം നിറവേറ്റാനാവും എന്നാണ് ബി.ജെ.പി. കരുതിയിരുന്നത്. എന്നാൽ, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയെ ഞെട്ടിച്ചു. മൂന്നിൽ രണ്ട് പോയിട്ട് കേവല ഭൂരിപക്ഷം പോലും ബി.ജെ.പിക്ക് സ്വന്തമാക്കാനായില്ല.
രാജ്യം സാമ്പത്തിക അസ്ഥിരതയിൽ നിൽക്കെ 2029-ലും ഈ ലക്ഷ്യത്തിലേക്ക് എത്താനാവുമോ എന്ന് ബി.ജെ.പിക്ക് ഇപ്പോൾ ഉറപ്പില്ല. ജനങ്ങൾ തന്നില്ലെങ്കിൽ പിടിച്ചെടുക്കുക എന്നതാണ് ബി.ജെ.പിയുടെ നയം. ബംഗാളിൽ തൃണമൂലിനെ പിളർത്തി അവരുടെ 20 എം.പിമാരെയാണ് ബി.ജെ.പി. കയ്യിലെടുത്തിരിക്കുന്നത്. മമതയുടെ കണ്ണും കാതുമായിരുന്ന സുദിപ് ബന്ദോപദ്ധ്യായയെയും സയോണി ഘോഷിനെയും പോലുള്ളവർ വരെ കളം മാറ്റിച്ചവിട്ടുമ്പോൾ ബി.ജെ.പി. വിരിക്കുന്ന വലയുടെ വ്യാപ്തി മനസ്സിലാവും.
നിയമസഭയിൽ മമതയുടെ കൂടെ നിൽക്കുന്നവർ ഇപ്പോൾ ന്യൂനപക്ഷമാണ്. ബി.ജെ.പിയുടെ ചൊല്ലിലും ചെലവിലും കഴിയുന്ന വിമതരാണ് മുഖ്യപ്രതിപക്ഷം. അതായത് ബംഗാളിൽ നിലവിൽ പ്രതിപക്ഷവും ഭരണപക്ഷവും ബി.ജെ.പിയാണ്. ഗുജറാത്ത് നിയമസഭയിൽ 182 സീറ്റിൽ 12 സീറ്റ് മാത്രമുള്ള കോൺഗ്രസിന് ഒരു രാജ്യസഭാംഗത്തെ പോലും അവിടെനിന്ന് ജയിപ്പിച്ചെടുക്കാൻ വയ്യാത്ത അവസ്ഥയാണ്. മദ്ധ്യപ്രദേശിൽ 230 അംഗ നിയമസഭയിൽ കോൺഗ്രസിന് 63 അംഗങ്ങളുണ്ട്. ഒരു രാജ്യസഭാംഗത്തെ കോൺഗ്രസിന് എളുപ്പത്തിൽ ജയിപ്പിക്കാം. ഇവിടെയാണ് ബി.ജെ.പിയുടെ മുഖം ഒരു മറയുമില്ലാതെ പുറത്തുവന്നത്. പാർലമെന്റ് പിടിക്കാൻ സംഘപരിവാർ നടത്തുന്ന ആസൂത്രണവും പ്രവർത്തനവും എത്രമാത്രം ആഴമാർന്നതാണെന്ന് മീനാക്ഷി നടരാജന്റെ അനുഭവം തെളിയിക്കുന്നു.
മീനാക്ഷിയോട് ബിജെപി ചെയ്തത്
2025 ഓഗസ്റ്റിലാണ് തെലങ്കാനയിലെ ഒരു കോൺഗ്രസ് പ്രവർത്തക കോൺഗ്രസിന്റെ നാരായൺപെട്ട് ജില്ലാ പ്രസിഡന്റ് കെ. ശിവകുമാർ റെഡിനക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. തെലങ്കാനയിൽ കോൺഗ്രസിന്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജനേയും കേസിൽ പ്രതി ചേർത്തു. മുഖ്യപ്രതിക്കെതിരെ നടപടി എടുത്തില്ല എന്നതായിരുന്നു മീനാക്ഷിക്കെതിരെയുള്ള പരാതി. കേസിൽ നോട്ടിസ് അയച്ചുവെന്നല്ലാതെ ഒരു തരത്തിലുള്ള നടപടിയും കോടതിയുടെ ഭാഗത്തുനിന്ന് മീനാക്ഷിക്കെതിരെ ഉണ്ടായിരുന്നില്ല. ജനപ്രാതിനിധ്യ നിയമം 33 എ പ്രകാരം രണ്ട് വർഷമോ അതിൽ കൂടുതലോ ശിക്ഷ അർഹിക്കുന്ന കേസിന്റെ വിവരങ്ങൾ മാത്രമേ നാമനിർദ്ദേശ പത്രികയിൽ നൽകേണ്ടതുള്ളു. അതും കേസിൽ വ്യക്തമായ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രം. മീനാക്ഷിയുടെ കാര്യത്തിൽ ഇതു രണ്ടും ഉണ്ടായിട്ടില്ല.
മീനാക്ഷിയുടെ നാമനിർദ്ദേശ പത്രിക തള്ളപ്പെടുമെന്ന് ബിജെപി മുൻകൂട്ടി കണ്ടിട്ടുണ്ടാവണം. മദ്ധ്യപ്രദേശിൽനിന്ന് ഇക്കുറി മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക് ഒഴിവുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം ബി.ജെ.പിക്കും ഒന്ന് കോൺഗ്രസിനും ഉറപ്പായിരുന്നു. എന്നിട്ടും ബി.ജെ.പി. മൂന്ന് സ്ഥാനാർത്ഥികളെ കളത്തിലിറക്കി. മീനാക്ഷി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞപ്പോൾ ബി.ജെ.പി. മദ്ധ്യപ്രദേശ് നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ വാരണാധികാരിക്ക് പരാതി നൽകി.
മീനാക്ഷിയുടെ പത്രിക അപൂർണ്ണമാണെന്നും നിർണ്ണായക വിവരങ്ങൾ നൽകിയിട്ടില്ലെന്നുമായിരുന്നു പരാതി. തെലങ്കാനയിലെ കേസിന്റെ വിവരം നേരത്തെ തന്നെ സംഘടിപ്പിച്ച് ബി.ജെ.പി. ശരിക്കും തയ്യാറെടുപ്പ് നടത്തിയിരുന്നെന്നർത്ഥം. പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം ഈ ഗൂഡാലോചനയിലുണ്ടെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി ആരോപിച്ചത്. തെലങ്കാനയിൽനിന്ന് ഈ വിവരം സംഘടിപ്പിക്കാനായതും അതുവെച്ച് കോൺഗ്രസിനെ ഞെട്ടിച്ചതും ബി.ജെ.പിയുടെ ആസൂത്രണ മികവ് തന്നെയാണ്. കോൺഗ്രസിനുള്ളിൽനിന്നുതന്നെ ആരോ ആണ് ബി.ജെ.പിക്ക് ഈ വിവരം ചോർത്തിയതെന്നും പറയപ്പെടുന്നുണ്ട്.
കോടതി ഒരു നോട്ടിസ് മാത്രം അയച്ച കേസിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നത് പത്രിക തള്ളാനുള്ള കാരണമേ അല്ലെന്നാണ് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വിവരങ്ങൾ വേണമെന്ന് നിർബ്ബന്ധമുണ്ടെങ്കിൽ അത് കൂട്ടിച്ചേർക്കുന്നതിന് സമയം അനുവദിക്കാവുന്നതാണ്. എന്നാൽ, മദ്ധ്യപ്രദേശിലെ വാരണാധികാരി അത്തരത്തിലുള്ള ഒരു സാവകാശവും മീനാക്ഷിക്ക് നൽകിയില്ല. കോൺഗ്രസിന്് ഇക്കുറി മദ്ധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് ഒരംഗവും വേണ്ട എന്ന തിരക്കഥയ്ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും വാരണാധികാരിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത് വെറുതെയല്ല.
ഇതുമായി ബന്ധപ്പെട്ട കേസിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇനിയിപ്പോൾ മീനാക്ഷിക്കും കോൺഗ്രസിനും ആകെ ചെയ്യാവുന്നത് ഹൈക്കോടതിയിൽ ഒരു തിരഞ്ഞെടുപ്പ് പരാതി നൽകുക മാത്രമാണ്. തിരഞ്ഞെടുപ്പ് പരാതികളിൽ തീർപ്പുണ്ടാവാൻ വർഷങ്ങളെടുക്കും. അപ്പോഴേക്കും അടുത്ത തിരഞ്ഞെടുപ്പിനുള്ള സമയമായെന്നും വരും. കോൺഗ്രസിന് അർഹതപ്പെട്ട ഒരു രാജ്യസഭാംഗത്വമാണ് ബി.ജെ.പി. തട്ടിയെടുത്തത്. ജനാധിപത്യ വിരുദ്ധതയുടെ ആൾരൂപമായി ബി.ജെ.പി. മാറിക്കൊണ്ടിരിക്കുകയാണെന്ന് സാരം.
ടി.എം.സി. വീഴുമ്പോൾ
മമതയുടെ പാർട്ടിയെ ഇല്ലാതാക്കുക ബി.ജെ.പിയുടെ അജണ്ടകളിലൊന്നാണ്. സ്വന്തം മരുമകനെ പാർട്ടിക്ക് മുകളിൽ പ്രതിഷ്ഠിച്ച് മമത തന്നെ അതിനുള്ള വെടിമരുന്ന് ബി.ജെ.പിക്ക് നൽകി എന്നത് കാണാതിരിക്കേണ്ടതില്ല. പക്ഷേ, ഇപ്പോൾ ബി.ജെ.പി. കളിക്കുന്ന കളികൾ ഒരു ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാനാവില്ല. ലോക്‌സഭയിൽ ടി.എം.സിക്കുണ്ടായിരുന്ന 28 എം.പിമാരിൽ 20 പേരും നിലവിൽ വിമതരാണ്.
ലോക്‌സഭയിൽ പ്രത്യേക വിഭാഗമായി ഇരുന്നുകൊണ്ട് മോദി സർക്കാരിനെ പിന്തുണയ്ക്കുക എന്നതായിരുന്നു വിമതരുടെ ആദ്യ പദ്ധതി. പക്ഷേ, പാർലമെന്ററി നിയമത്തിൽ അതിനുള്ള വകുപ്പില്ല. ഉടനെ തന്നെ ബി.ജെ.പിയുടെ തലച്ചോർ പരിഹാരം കണ്ടെത്തി. അങ്ങിനെയാണ് നാഷണൽ സിറ്റിസൺസ് പാർട്ടി ഒഫ് ഇന്ത്യ എന്ന ഒരു പ്രസ്ഥാനത്തിലേക്ക് വിമതർ പോകട്ടെ എന്ന് ധാരണയുണ്ടായത്. ബംഗാളിലെ ഹൗറ ജില്ലയിൽ മൂന്ന് കൊല്ലം മുമ്പ് തുടങ്ങിയ ഈ പാർട്ടി കഴിഞ്ഞ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നിടങ്ങളിൽ മത്സരിച്ചിട്ട് മൊത്തം നേടിയത് 822 വോട്ടാണ്.
ദമ്പതികളായ ഉത്തിയ കുണ്ടു, ഷെവ്‌ലി കുണ്ടു എന്നിവരാണ് എൻ.സി.പി.ഐയുടെ സ്ഥാപക നേതാക്കൾ. താൻ നിലവിൽ പ്രസിഡന്റല്ലെന്നും പുതിയ പ്രസിഡന്റ് ആരാണെന്ന് തനിക്കറിയില്ലെന്നുമാണ് ഷെവ്‌ലി കുണ്ടു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ബംഗാളിൽനിന്ന് ഏറ്റവുമധികം എംപിമാരുള്ള പാർട്ടിയായി മാറിയതിൽ അമിത് ഷായോട് എൻ.സി.പി.ഐ. എന്നുമെന്നേക്കും കടപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട് വിമതർ നേരിട്ട് ബി.ജെ.പിയിലേക്ക് പോയില്ല എന്ന ചോദ്യത്തിന് ഒരു ബി.ജെ.പി. നേതാവ് പറഞ്ഞത് വിമതരെ നേരിട്ട് ബി.ജെ.പിയിലേക്ക് എടുക്കുന്നതിന് കുറച്ച് ബുദ്ധിമുട്ടുണ്ടെന്നാണ്.
ഇന്നലെ വരെ മോദിയേയും അമിത് ഷായെയും സുവേന്ദു അധികാരിയേയും നിശിതമായി വിമർശിച്ചിരുന്ന ഇവരെ പൊടുന്നനെ പാർട്ടിയിലേക്കെടുത്താൽ ഇത്രയും കാലം ഇവർക്കെതിരെ പോരാടിയ പാർട്ടിക്കാർക്ക് മനഃപ്രയാസമുണ്ടാവുമത്രെ. ജമ്മു കാശ്മീരിൽ പി.ഡി.പിയുമായി കൂട്ടുകൂടിയവർക്കാണോ ഈ പ്രയാസമെന്ന് ചോദിക്കരുത്. ഓരോ സംസ്ഥാനത്തും എന്തിന് ഓരോ പഞ്ചായത്തിൽ വരെ ബി.ജെ.പിയുടെ നയങ്ങൾ വ്യത്യസ്തമായിരിക്കും.
പ്രാദേശിക പാർട്ടികൾക്ക് അസ്തമന കാലം
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ബാക്കിപത്രങ്ങളിലൊന്ന് പ്രാദേശിക പാർട്ടികളുടെ തകർച്ചയാണ്. ബംഗാളിൽ ടി.എം.സിയും തമിഴകത്ത് ദ്രാവിഡ കക്ഷികളും ഇപ്പോൾ രാഷ്ട്രീയ അതിജീവനത്തിന്റെ പാതയിലാണ്. സി.പി.എം. ഏതാണ്ട് എല്ലാ അർത്ഥത്തിലും ഇപ്പോൾ ഒരു കേരള പാർട്ടിയാണെന്നിരിക്കെ അവരുടെ പരാജയവും പ്രാദേശിക പാർട്ടികളുടെ കണക്ക് പുസ്തകത്തിൽ വരവ് വെയ്ക്കാവുന്നതാണ്. 1967 പ്രാദേശിക പാർട്ടികളുടെ കുതിപ്പിന് സാക്ഷ്യം വഹിച്ച വർഷമാണെങ്കിൽ 2026 പ്രാദേശിക പാർട്ടികളുടെ അസ്തമയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിജയിന്റെ ടി.വി.കെ. നിലവിൽ തമിഴകത്തെ ഭരണ കക്ഷിയാണെങ്കിലും ഡി.എം.കെയുടെയോ ടി.ഡി.പിയുടെയോ ഒക്കെ സംഘടനാ സംവിധാനത്തിലേക്ക് എത്താൻ ഇനിയും വർഷങ്ങളെടുക്കും. അതുകൊണ്ടു തന്നെ ടി.ഡി.പി. ഒഴിച്ചുനിർത്തിയാൽ ഇപ്പോൾ ഇന്ത്യയിൽ ഗണ്യമായ ഒരു രാഷ്ട്രീയ ശക്തി എന്ന് വിളിക്കാൻ മറ്റൊരു പ്രാദേശിക പാർട്ടി ഇല്ലാത്ത അവസ്ഥയാണ്.
പക്ഷേ, ഈ പരിണാമത്തിൽ ബി.ജെ.പി. ഇച്ഛിക്കാതെ വന്ന ഒരു സംഗതി കോൺഗ്രസിന്റെ മുന്നേറ്റമാണ്. ബംഗാളിൽ മമതയും മഹാരാഷ്ട്രയിൽ പവാറും കോൺഗ്രസിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യമാണത്. ഘർ വാപസി എന്ന സംഘപരിവാർ മന്ത്രം തിരിച്ചടിക്കുന്നുവെന്ന് വേണമെങ്കിൽ പറയാം. ബംഗാളിൽ ടി.എം.സിയെ ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്കിലൂടെയാണ് മമത മറുപടി പറയുന്നതെങ്കിൽ അത് സംഘപരിവാർ ഒരിക്കലും ആഗ്രഹിക്കാത്ത സംഭവവികാസമായിരിക്കും. മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻ.സി.പിയെ ബി.ജെ.പി. ഏതാണ്ട് വിഴുങ്ങിക്കഴിഞ്ഞു. തന്റെ കാലശേഷം മകൾ സുപ്രിയയ്ക്ക് സംഘപരിവാറുമായി ഏറ്റുമുട്ടി മുന്നോട്ടു പോകാനാവുമോ എന്ന കാര്യത്തിൽ പവാറിന് വലിയ ഉറപ്പില്ല. അതുകൊണ്ടുതന്നെ മാതൃപാർട്ടിയിലേക്ക് തിരിച്ചുപോകാമെന്ന് പവാർ തീരുമാനിച്ചാൽ അതൊരു സ്വാഭാവിക പ്രക്രിയ ആയിരിക്കും.
അങ്ങനെ സംഭവിച്ചാൽ ബംഗാളിലും മഹാരാഷ്ട്രയിലും കോൺഗ്രസിന്റെ സാന്നിദ്ധ്യം ശക്തമാവും. കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന സംഘപരിവാറിന് അവർക്കേറ്റവും പ്രിയപ്പെട്ട രണ്ടിടങ്ങളിൽ, ആർഎസ്എസിന്റെ ആരൂഢത്തിലും ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ നാട്ടിലും, കോൺഗ്രസ് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുന്നത് ഒട്ടുംതന്നെ സന്തോഷകരമായിരിക്കില്ല.
വിഷം വിഴുങ്ങാൻ കോൺഗ്രസ്
ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലേക്ക് തിരികെവന്നുകൊണ്ടാവട്ടെ ഈ കുറിപ്പിന്റെ സമാപനം. കാളകൂട വിഷം തൊണ്ടയിലൊതുക്കി ലോകത്തെ രക്ഷിച്ച കൈലാസേശ്വരനോടാണ് രാഹുൽ കോൺഗ്രസിനെ തുലനം ചെയ്തത്. വെറുപ്പിന്റെ വിഷം എവിടെനിന്ന് വന്നാലും തൊണ്ടയിൽ ഏറ്റെടുക്കാൻ കോൺഗ്രസ് തയ്യാറാണെന്നാണ് രാഹുൽ പറഞ്ഞത്.
നീലകണ്ഠൻ ഒരു പ്രതീകമാണ്. വെറുപ്പിന്റെ തെരുവിൽ സ്്‌നേഹത്തിന്റെ കട തുറക്കുന്നവരുടെ പ്രതീകം. കൈലാസത്തോടും ശിവനോടുമുള്ള മമത രാഹുൽ ഒരിക്കലും മറച്ചുവെച്ചിട്ടില്ല. പഴയ ആയുധങ്ങൾ മാറ്റിവെച്ച് ചെറുത്തുനിൽപിന്റെ പുതിയ സമരമുഖങ്ങൾ തുറന്നെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഈ വഴിക്കുള്ള സഞ്ചാരത്തിൽ ഒന്നിച്ചുനിൽക്കുകയാണ് വേണ്ടതെന്നും രാഹുൽ പറയുമ്പോൾ സന്ദേശം വ്യക്തമാണ്. പക്ഷേ, വാക്കുകൾ മാംസമാവണം. മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രികയുടെ തിരസ്‌കരണവും ടി.എം.സി. നേരിടുന്ന പ്രതിസന്ധിയും കോൺഗ്രസിനെ കൂടുതൽ ഉത്തരവാദിത്വത്തിലേക്കാണ് നയിക്കുന്നത്.
293 അംഗങ്ങളുടെ പിന്തുണയാണ് നിലവിൽ മോദി സർക്കാരിന് ലോക്‌സഭയിലുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്് 362 പേർ കൂടെ വേണം. ടി.എം.സി. വിമതർ 20 പേരും ബി.ജെ.പിയെ തുണയ്ക്കുമെന്നുറപ്പാണ്. അതോടെ 313 പേരുടെ പിന്തുണയാവും. ഡി.എം.കെയുടെ 22 പേരെയായായിരിക്കും ഇനിയിപ്പോൾ ബി.ജെ.പി. നോട്ടമിടുക. തമിഴ്‌നാട്ടിൽ ഡി.എം.കെ. സഖ്യം ഉപേക്ഷിക്കാൻ കോൺഗ്രസ് കാണിച്ച തിടുക്കം അനവസരത്തിലായിരുന്നു. ഡി.എം.കെയുടെ വോട്ട് കൊണ്ട് കൂടിയാണ് തമിഴകത്ത് തങ്ങൾക്ക് അഞ്ച് എം.എൽ.എമാരെ കിട്ടിയതെന്ന് കോൺഗ്രസ് മറന്നു. കൂറുമാറും മുമ്പ് ചുരുങ്ങിയത് സ്റ്റാലിനോട് സംസാരിക്കാനുള്ള ഔചിത്യമെങ്കിലും കോൺഗ്രസ് കാട്ടേണ്ടതായിരുന്നു. 1967-നു ശേഷം തമിഴ്‌നാട്ടിൽ അധികാര പങ്കാളിത്തം കിട്ടി എന്നത് ചെറിയ കാര്യമല്ല. പക്ഷേ, അതിലേക്കുള്ള വഴി കുറച്ചുകൂടി ധാർമ്മികമാവണമായിരുന്നു. ദേശീയ തലത്തിൽ സമസ്ത പ്രതിസന്ധികളിലും തങ്ങൾക്കൊപ്പം ഉറച്ചു നിന്നവരാണ് ഡി.എം.കെ. എന്ന സത്യമാണ് കോൺഗ്രസ് സൗകര്യപൂർവ്വം മറന്നത്.
ഡി.എം.കെയെ തിരിച്ച് ഇന്ത്യ മുന്നണിയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ആത്മാർത്ഥ ശ്രമമുണ്ടാവണം. വിഷം തൊണ്ടയിൽ ഏറ്റെടുക്കുമെന്ന് പറയാൻ എളുപ്പമാണ്. അഹന്തയും താൻപോരിമയും മാറ്റിവെച്ച് പാരസ്പര്യത്തിന്റെ പതാകകൾ ഉയർത്തുന്നവർക്കേ നീലകണ്ഠനാവാൻ കഴിയുകയുള്ളു. അതിനുള്ള ആർജ്ജവവും പ്രവൃത്തിയുമാണ് കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ ഐക്യം ശൂന്യതയിൽനിന്ന് ഉണ്ടാവുന്ന ഒന്നല്ല. കർണാടക തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം നിതീഷിനെ ഒതുക്കാൻ നോക്കിയതാണ് ഇന്ത്യ മുന്നണിയെ 2024-ൽ ദുർബ്ബലമാക്കിയത്. അത്തരത്തിലുള്ള അബദ്ധങ്ങൾ ആവർത്തിച്ചാൽ കാലവും ചരിത്രവും കോൺഗ്രസിനെ വിചാരണ ചെയ്യുന്നത് മൃദുവായ കയ്യുറകൾ ധരിച്ചുകൊണ്ടാവില്ല.
വഴിയിൽ കേട്ടത്: ആർ.എസ്.എസിന് പ്രവർത്തിക്കാൻ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് സർസംഘചാലക് മോഹൻ ഭാഗവത്. ആർ.എസ്.എസിന് എന്തുകൊണ്ട് രജിസ്‌ട്രേഷൻ ഇല്ലെന്നും ആർ.എസ്്.എസിന്റെ വരുമാന സ്രോതസ്സ് എന്താണെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കർണ്ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക ഖാർഗ് അയച്ച കത്തിനുള്ള പ്രതികരണമായാണ് മോഹൻ ഭാഗവത് ഇങ്ങനെ പറഞ്ഞത്. രാഷ്ട്രത്തെയും ഭരണകൂടത്തെയും നിയന്ത്രിക്കുന്ന ഒരു പ്രസ്ഥാനത്തോട് ഇങ്ങനെയൊക്കെ ചോദിക്കാമോ പ്രിയപ്പെട്ട ഖാർഗ്? സംഘമാണ് നിയമം, സംഘം തന്നെയാണ് നിയമം എന്നല്ലേ നാഗ്പൂർ ഭരണഘടനയിൽ പറയുന്നത്!
Content Highlights: Analysis of Congress party's comeback efforts in BJP strongholds., The 2026 political shift impacting regional parties like TMC and DMK., Examination of BJP's parliamentary strategy and the 'Congress-mukt Bharat' agenda., Rahul Gandhi's vision for a new opposition resistance movement., Critical look at the impact of AI and economic inequality on India's growth.
Published: 17 Jun 2026, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented