
മലപ്പുറം: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ്. മുന്നണികള്‍ അനുവദനീയമായതിലും കൂടുതല്‍ തുക ചെലവഴിച്ചുവെന്ന് കാണിച്ച് നല്‍കിയ പി.വി. അന്‍വര്‍ എം.എല്‍.എക്ക് പറ്റിയത് വന്‍ അബദ്ധം. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പകരം അന്‍വര്‍ പരാതി നല്‍കിയത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ആദ്യ പരാതി, അബദ്ധം മനസിലായതിനെത്തടുര്‍ന്ന് രണ്ടുമണിക്കൂറിന് ശേഷം തിരുത്തി.
അനുവദനീയമായതിനേക്കാള്‍ പതിന്മടങ്ങാണ് മുന്നണികള്‍ ചെലവിട്ടതെന്നാണ് പരാതിയുടെ ഉള്ളടക്കം. ഇത് സാധൂകരിക്കാന്‍ ഏതാനും കണക്കുകളും അന്‍വര്‍ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ്. 11.88 കോടിയും യു.ഡി.എഫ്. 11.66 കോടിയും എന്‍.ഡി.എ. 11.44 കോടിയും ചെലവാക്കിയെന്നാണ് അന്‍വറിന്റെ കണക്ക്.
അന്‍വര്‍ ആദ്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പരാതിയുടെ കോപ്പിയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാനെയാണ് അഭിസംബോധന ചെയ്യുന്നത്. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം തിരുത്തിയ പരാതി നല്‍കിയതായി കാണിക്കുന്നത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രണബ് ജ്യോതിനാഥിനാണ്.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് നടത്തുന്നത്. ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് പരിഗണിക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാനത്തെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കാണ് ഇത്തരം പരാതി നല്‍കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ചുമതലപ്പെട്ട അധികൃതരാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍.
പി.വി. അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കേരളത്തിലെ ഇടതും വലതും വർഗീയവുമായ രാഷ്ട്രീയമുന്നണികൾ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ചിലവഴിച്ച കോടികൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. നിലവിൽ അനുവദിച്ചതിന്റെ പതിൻമടങ്ങാണ് ഇവർ ഈ തിരഞ്ഞെടുപ്പിൽ പണമൊഴുക്കിയത്. അതിന്റെ കണക്കുകൾ വിശദമായി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ മുന്നണികൾക്കോരോന്നിനും ഓരോ പോളിംഗ് ബൂത്ത് ഏരിയയിലും പ്രവർത്തിച്ച അഞ്ച് ഓഫീസുകളുടെ വാടക, വൈദ്യുതി, ലൈറ്റ് ബോർഡുകൾ, നടത്തിപ്പിനാവശ്യായ മറ്റു ചിലവുകളുൾപ്പെടെ ഏതാണ്ട് അമ്പതിനായിരത്തോളം രൂപയാണ് ചിലവ് വരിക. അങ്ങനെ നോക്കുമ്പോൾ ആകെയുള്ള 177 ബൂത്തുകളിൽ അവർ ചിലവഴിച്ചത് ഏതാണ്ട് 88 ലക്ഷം രൂപയാണെന്നു കാണാൻ കഴിയും. ഇത്തരത്തിൽ മൂന്നു മുന്നണികളുംകൂടി ആകെ ചിലവഴിച്ച സംഖ്യ 26550000 (2 കോടി 65 ലക്ഷം) രൂപ വരും.
പല വലിപ്പത്തിലും രൂപത്തിലും മണ്ഡലത്തിലാകെ അനേകം പോസ്റ്ററുകളാണ് ഈ മുന്നണികൾ അടിച്ചിറക്കിയത്. പ്രിന്റ്ചെയ്ത് അതൊട്ടിക്കുന്നതുവരെയുള്ള പ്രക്രിയയ്ക്ക് ഒരു പോസ്റ്ററിന് ഏതാണ്ട് ഇരുപതു രൂപയോളം ചിലവാകും. അങ്ങനെ വരുമ്പോൾ ഒരു മുന്നണിക്ക് വരുന്ന ചിലവ് ഏതാണ്ട് എട്ടുലക്ഷത്തിലധികം രൂപയാണ്. മൂന്നുമുന്നണികൾക്കുംകൂടി ഇക്കാര്യത്തിൽ വന്ന ചിലവ് ഏതാണ്ട് 27 ലക്ഷം രൂപയാണ്.
മണ്ഡലത്തിലെ ബൂത്തുകളിൽ അവരവർക്കുള്ള സ്വാധീനത്തിനുസരിച്ച് വലിയ തുകയാണ് ചുവരെഴുത്തിനു മാത്രമായി ചിലവഴിക്കപ്പെട്ടത്. ചുവരൊന്നിന് ശരാശരി പതിനായിരം രൂപ കണക്കാക്കിയാൽത്തന്നെ ഓരോ മുന്നണിയും ഇരുപതോളം ചുവരുകൾ അവരുടെ പ്രചരണത്തിന് ഉപയോഗിച്ചതായി കാണാൻ കഴിയും. ഈയിനത്തിൽ മാത്രം 177 ബൂത്തുകളിലായി ഈ മണ്ഡലത്തിൽ ഇവർ ചിലവിട്ടത് ഏതാണ്ട് പത്തരക്കോടിയോളം രൂപയാണ്.
സ്ഥാനാർഥിയെ പരിചയപ്പെടുത്തിയും വീടുകൾ കയറിയിറങ്ങുമ്പോൾ വിതരണംചെയ്യുന്നതിനുമായി അനേകം മൾട്ടികളർ നോട്ടീസുകളാണ് ഈ രാഷ്ട്രീയ മുന്നണികൾ വിതരണംചെയ്തത്. ഓരോ നോട്ടീസിനും ശരാശരി മൂന്നുരൂപവെച്ചു കൂട്ടിയാൽ തന്നെ പത്തുലക്ഷത്തിലധികം രൂപ ഓരോ രാഷ്ട്രീയമുന്നണിയും ചിലവഴിച്ചതായി കണക്കാക്കാം. മൂന്നു മുന്നണികളുംകൂടി ഇക്കാര്യത്തിൽ ചിലവഴിച്ചത് ഏതാണ്ട് മുപ്പതുലക്ഷത്തിലേറെ രൂപയാണ്.
625 രൂപ വിലയുള്ള അറുപതിലധികം ബോർഡുകൾ ഓരോ ബൂത്തിലും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്ഥാപിച്ച ബോർഡുകൾക്കാകെ ഈ മുന്നണികൾ ചിലവിട്ടത് രണ്ട് കോടിയിലേറെ രൂപയാണ്.
മണ്ഡലത്തിലൂടനീളം ഓരോ മുന്നണിയും ഏതാണ്ട് മുപ്പതിലധികം വലിയ ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്. ശരാശരി അമ്പതിനായിരം രൂപ കണക്കാക്കിയാൽ ഇവർ ആകെ ചിലവഴിച്ചത് അമ്പത്തിനാല് ലക്ഷം രൂപയാണെന്നു കാണാം.
ഡക്കറേഷന് ആവശ്യമായ പതാകകൾ, ബലൂണുകൾ, തൊപ്പികൾ, ടീ-ഷർട്ടുകൾ എന്നിവ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു. ഇക്കണക്കിൽ ഒരു ബൂത്തിന് ഏതാണ്ട് 20000 രൂപവെച്ച് നോക്കിയാൽ ആകെ ഒരു പാർട്ടി ചിലവഴിച്ചത് 3540000 രൂപയാണെന്നു കാണാം. മൂന്നു മുന്നണികളുടെ ആകെ കണക്ക് ഏതാണ്ട് പത്തരക്കോടിയാണ്. !
ജനറേറ്ററും ലൗഡ്സ്പീക്കറുമുൾപ്പെടെ ഓരോ പഞ്ചായത്തിലും മൂന്നുവീതം വാഹനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയത്. മൂന്നാഴ്ചക്കാലം നീണ്ടുനിന്ന ഈ പ്രചരണത്തിന് ഒരു ദിവസം ഒരു വാഹനത്തിന് പതിനായിരം രൂപ കണക്കാക്കിയാൽ ഏതാണ്ട് ഒന്നരക്കോടിയാണ് ഇക്കാര്യത്തിൽ ചിലവഴിക്കപ്പെട്ടതെന്നു കാണാവുന്നതാണ്.
ഓരോ ബൂത്തിലും മുഴുവൻസമയ പ്രവർത്തകരായി ഏതാണ്ട് ഇരുപതിലധികം ആളുകളെയാണ് രാഷ്ട്രീയപ്പാർട്ടികൾ നിയോഗിച്ചത്. ഇവരുടെ താമസം ഭക്ഷണം മറ്റു ചിലവുകൾ എന്നിവക്കായി ദിനേന അഞ്ഞൂറ് രൂപ കണക്കാക്കിയാൽ ഏതാണ്ട് ഒരുകോടി ഈയിനത്തിൽ ചിലവഴിക്കപ്പെട്ടതായി കാണാം.
ബഹുജന റാലികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്ന വ്യക്തികൾക്കുള്ള യാത്രാച്ചെലവ്, ഭക്ഷണം, കുടിവെള്ളം മുതലായവയ്ക്കായി ഒരാൾക്ക് ഏകദേശം മുന്നൂറു രൂപ ചിലവായിക്കാണും. മൂവായിരം ആളുകൾ ശരാശരി പങ്കെടുത്തതായി കണക്കാക്കിയാൽ ഒമ്പത് പഞ്ചായത്തുകളിലായി ഇക്കാര്യത്തിൽ ചിലവഴിച്ചത് ഏതാണ്ട് രണ്ടരക്കോടിയാണ്.
അവസാന ദിവസങ്ങളിൽ ഉപയോഗിച്ച കാറുകൾ, ജീപ്പുകൾ, ബൈക്കുകൾ, ശബ്ദസംവിധാനങ്ങൾ, ഡിജെ ഗ്രൂപ്പുകൾ, പടക്കങ്ങൾ, നർത്തകർ, ഗായകർ, ബാൻഡ്‌സെറ്റ്, തെരുവുകളുടെ അലങ്കാരം, യൂണിഫോം, ഭക്ഷണ പാനീയങ്ങൾ, പ്രത്യേകം തയാർചെയ്യപ്പെട്ട വലിയ പതാകകൾ, ബാനറുകൾ എന്നിവ വാടകയ്ക്കെടുത്തും വിലയ്ക്കുവാങ്ങിയും അതിവിപുലമായ രീതിയിലാണ് പ്രചാരണം കൊഴുപ്പിച്ചത്. ഓരോര പഞ്ചായത്തും ഇക്കാര്യത്തിന് ഒരു ലക്ഷത്തിലേറെ രൂപയാണ് ചിലവഴിച്ചത്. ഈയിനത്തിൽ മാത്രം മൂന്നു മുന്നണികളുംകൂടി ചിലവാക്കിയത് ഏതാണ്ട് മൂന്നുകോടിക്കടുത്താണ്.
ദേശീയ സംസ്ഥാനതല നേതാക്കൾ പങ്കെടുത്ത ക്യാമ്പയിനുകൾ ഓരോ മണ്ഡലത്തിലും പ്രത്യേകംപ്രത്യേകം നടത്തപ്പെടുകയുണ്ടായി. പതിനെട്ടു ദിവസക്കാലംനീണ്ടുനിന്ന ഈ ക്യാമ്പയിന്റെ ഭാഗമായി മറ്റാർക്കും മണ്ഡലത്തിൽ മുറികൾ ലഭിക്കാത്ത അവസ്ഥവരെയുണ്ടായിട്ടുണ്ട്. ഹോട്ടൽമുറിയിൽ ഒരാൾക്ക് താമസത്തിന് 3500 രൂപയും ഭക്ഷണത്തിന് 750 രൂപയും കണക്കാക്കിയാൽ ഇക്കാര്യത്തിലുള്ള ആകെ ചിലവ് ഇരുപത് ലക്ഷത്തിലധികം രൂപയാണ്.
ഇവരെക്കൂടാതെ ഇവരുടെ ഡ്രൈവർമാർ പേഴ്സണൽ സ്റ്റാഫംഗങ്ങളുൾപ്പെടയുള്ളവരുടെ ഭക്ഷണത്തിനും താമസത്തിനുമായി ഏതാണ്ട് 22 ലക്ഷംരൂപയാണ് ചിലവായത്.
മന്ത്രിമാർ, എംഎൽഎമാർ, രാജ്യസഭാംഗങ്ങൾ ഉൾപ്പെടെ 33 പേരാണ് ചേലക്കര മണ്ഡലത്തിലും പരിസരത്തും 18 ദിവസത്തോളം താമസിച്ചത്. ആറായിരം രൂപ പ്രതിദിന വാടകയ്ക്ക് പതിനെട്ടു ദിവസത്തേക്ക് താമസം ഭക്ഷണം യാത്രാച്ചെലവുകൾക്കായി ഏതാണ്ട് ആറുപതുലക്ഷത്തോളമാണ് ചിലവായത്.
പത്തോളം എം.എൽ.എമാരും 10 ലോക്‌സഭാംഗങ്ങളും ഉൾപ്പെടെ ചേലക്കര നിയോജക മണ്ഡലത്തിലും പരിസരത്തുമായി യു.ഡി.എഫിലെ 20 അംഗങ്ങളാണ് 18 ദിവസം ഇവിടെ തങ്ങി പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുത്തത്. റൂംവാടക ഭക്ഷണ പാനീയങ്ങൾ എന്നിവയ്ക്കായി ചിലവഴിക്കപ്പെട്ടത് ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ്.
നാൽപതിലധികം വരുന്ന ഇവരുടെ ഡ്രൈവർമാർ, പേഴ്സണൽ സ്റ്റാഫംഗങ്ങൾ എന്നിവർക്കായി പതിനെട്ട് ദിവസത്തേക്ക് ഏതാണ്ട് 3420000 രൂപയും ചിലവായിട്ടുണ്ട്.
എൻഡിഎ നേതാക്കൾക്കും അവരുടെ സ്റ്റാഫിനും യഥാക്രമം എട്ടുലക്ഷവും മുപ്പത്തിയഞ്ചുലക്ഷവുമാണ് ഈയിനത്തിൽ ചിലവായത്.
മുകളിൽപ്പറഞ്ഞ കണക്കുകളുടെ വെളിച്ചത്തിൽ, ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഓരോ മുന്നണിയുടെയും ചെലവുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബഹുമാനപുരസ്സരം അഭ്യർഥിക്കുകയാണ്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നവും ഗുരുതരവുമായ ലംഘനവും അഴിമതിയുമാണ് ഇവിടെ നടന്നിട്ടുള്ളത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ഇതേരീതിയിൽതന്നെയായിരിക്കും കാര്യങ്ങൾ നടന്നിരിക്കുക എന്നു വേണം അനുമാനിക്കാൻ. എല്ലാ പ്രചാരണ ചെലവുകളും നിയമപരമായ പരിധികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നുംകൂടി അഭ്യർഥിക്കുന്നു.
വിശ്വസ്തതയോടെ
പി വി അൻവർ എംഎൽഎ
Content Highlights: Anwar MLA`s Chelakkara Election Complaint: A Big Mistake?
Published: 12 Nov 2024, 10:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented