തൃശ്ശൂർ: അർഹതപ്പെട്ട ജനാധിപത്യാവകാശം പൊരുതിനേടിയ കൂർക്കഞ്ചേരി കണ്ണംകുളങ്ങര പെരിയത്ര വീട്ടിൽ അക്ഷയാ സന്തോഷിന്റെ ഫോട്ടോ ഔദ്യോഗികപേജിൽ പങ്കുവെച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനുശേഷം വോട്ടുചെയ്ത അക്ഷയ മുറിവേറ്റ ചൂണ്ടുവിരലിൽ മഷി പുരട്ടിയത് ഉയർത്തിക്കാട്ടി സന്തോഷം പങ്കുവെക്കുന്ന ഫോട്ടോയാണ് പേജിലുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇടപെട്ട് രേഖാമൂലമുള്ള ഉത്തരവ് നൽകിയതിനെത്തുടർന്നാണ് അക്ഷയയ്ക്ക് വോട്ടുചെയ്യാൻ സാധിച്ചതെന്നും ഫോട്ടോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

To advertise here,

അക്ഷയയുടെ ചൂണ്ടുവിരൽ മിക്‌സിയിൽ കുടുങ്ങിയതിനെത്തുടർന്ന് തുന്നിക്കെട്ടിയിരുന്നു. കൂർക്കഞ്ചേരി ബോധാനന്ദ സ്‌കൂളിലെ 205-ാം ബൂത്തിലെത്തിയപ്പോൾ നേരത്തേ വോട്ടുചെയ്തിട്ടില്ലെന്നു തെളിയിക്കാൻ മുറിവ് തുറന്നുകാണിക്കണമെന്നായിരുന്നു പ്രിസൈഡിങ് ഓഫീസർ ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജിലെ അധ്യാപിക ജി. മഞ്ജുവിന്റെ ആവശ്യം. പതിനഞ്ചോളം തുന്നലുള്ളതിനാൽ കെട്ടഴിക്കാൻ പ്രയാസമാണെന്നറിയിച്ചതോടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്നായി. അക്ഷയയുടെ അച്ഛൻ സന്തോഷ് ഇതെത്തിച്ചുനൽകിയിട്ടും വോട്ടുചെയ്യാനായില്ല. ഒടുവിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരെത്തി എക്‌സ്‌റേ പരിശോധിച്ചു.

റിട്ടേണിങ് ഓഫീസറും എ.ഡി.എമ്മും കളക്ടറുംവരെ ആവശ്യപ്പെട്ടിട്ടും പ്രസൈഡിങ് ഓഫീസർ വോട്ടുചെയ്യാൻ അനുമതി നൽകാതായതോടെ മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ളവരെത്തി ബൂത്തിനുമുന്നിൽ പ്രതിഷേധിച്ചു. അവസാനം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ് മെയിൽവഴി എത്തിയതോടെയാണ് പ്രിസൈഡിങ് ഓഫീസർ വഴങ്ങിയത്. ഉച്ചയ്ക്ക് ഒന്നരയ്‌ക്കെത്തിയ അക്ഷയയ്ക്ക് വൈകീട്ട് ആറരയോടെയാണ് വോട്ടുചെയ്ത് മടങ്ങാനായത്.

സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ശനിയാഴ്ച കളക്ടർക്ക് കൈമാറുമെന്ന് റിട്ടേണിങ് ഓഫീസർ വിനോദ്രാജ് പറഞ്ഞു. വോട്ടുചെയ്യിക്കാനായിരുന്നു ഉദ്യോഗസ്ഥ ശ്രമിക്കേണ്ടത്, മാനുഷികപരിഗണന നൽകിയില്ല, ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നു തുടങ്ങിയ പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.

അക്ഷയയ്‌ക്കൊപ്പം നാലു വയസ്സുകാരി മകൾക്കും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്ന സാഹചര്യത്തിൽ മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. കളക്ടറിൽനിന്ന് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ പറഞ്ഞു.