പാലക്കാട്: വി.ഡി.സതീശന്റെ വാഹനത്തിലാണ് പണം പാലക്കാടെത്തിയതെന്ന് യൂത്ത് കോൺ​ഗ്രസ് മുൻ നേതാവ് എ.കെ. ഷാനിബ്. കൃത്യമായ ബോധ്യത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശന് കിട്ടുന്ന സുരക്ഷ ഉപയോ​ഗിച്ചുകൊണ്ടാണിത്. കഴിഞ്ഞദിവസം കെ.സി. വേണു​ഗോപാൽ പാലക്കാട് വന്നപ്പോഴും പണം എത്തിയിട്ടുണ്ട്. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് വി.ഡി. സതീശന്റെ ബിനാമിയായ നവാസ് മാഞ്ഞാലിയാണെന്നും ഇയാൾ ഇ.ഡി അന്വേഷണം നേരിടുന്നയാളാണെന്നും ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

To advertise here,

"വ്യാജ ഐഡിയുണ്ടാക്കിയ കേസിലെ പ്രതി ഫെനിയാണ് പാലക്കാട്ടെ കോൺ​ഗ്രസ് സ്ഥാനാർത്ഥിക്കൊപ്പം നിരന്തരം സഞ്ചരിക്കുന്നത്. കാറിൽ പണംകൊണ്ട് ഓടി രക്ഷപ്പെട്ടതല്ല. ഫെനിയെ രക്ഷപ്പെടുത്തിയതാണ്. മാധ്യമങ്ങൾ ചോദിക്കുമ്പോൾ വഴിയിലിറങ്ങി എന്നാണ് ഫെനി  പറഞ്ഞത്. എവിടെയാണ് ഇറങ്ങിയത്, എങ്ങോട്ടാണ് പോയത് എന്നൊക്കെ അദ്ദേഹംതന്നെ വ്യക്തമാക്കട്ടെ." ഷാനിബ് പറഞ്ഞു.

പ്രധാനമായും ഒരു നേതാവ് എസ്.പി.ഓഫീസ് മാർച്ചിൽ പങ്കെടുത്തിട്ടില്ലെന്നും മാർച്ചിന്റെ മറവിൽ ആ പണം എസ്കോർട്ട് വാഹനത്തിൽത്തന്നെ എത്തേണ്ടിടത്ത് എത്തുകയും ചെയ്തുവെന്നും ഷാനിബ് തുറന്നടിച്ചു. പാർട്ടിയുടെ മണ്ഡലംതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിലേക്ക് ഈ പണം എത്തിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. അത് എത്തിയോ എന്നറിയില്ല. പണ്ടും പാർട്ടിയിൽ മണ്ഡലതലത്തിലെ നേതാക്കന്മാർക്ക് കൊടുക്കാൻ പണം ഏല്പിക്കാറുണ്ടായിരുന്നു. പക്ഷേ അത് അവരുടെ കൈകളിൽ പൂർണമായും എത്താറില്ല. ഇങ്ങനെയൊരു നാടകം ഒരുഭാ​ഗത്ത് നടക്കുന്നു. ഇതേക്കുറിച്ചെല്ലാം കഴിഞ്ഞദിവസം ബോധ്യപ്പെട്ട കാര്യമാണ്. തീർച്ചയായും പോലീസിന്റെ ഭാ​ഗത്തുനിന്ന് റെയ്ഡിന്റെ കാര്യം ചോർത്തിയില്ലായിരുന്നില്ലെങ്കിൽ കോടികണക്കിന് രൂപയുടെ കള്ളപ്പണം പാലക്കാട് കണ്ടെത്തിയേനെയെന്നും ഷാനിബ് ചൂണ്ടിക്കാട്ടി.

"തിരഞ്ഞെടുപ്പ് നടത്തിക്കൊണ്ടുപോകാനുള്ള പാട് തനിക്കേ അറിയൂ എന്ന് ചേലക്കരയിൽ വി.ഡി.സതീശൻ അറിയാതെ പറഞ്ഞിരുന്നു. സാധാരണ​ഗതിയിൽ തെര‍ഞ്ഞെടുപ്പിന് ഒരു കമ്മിറ്റിയും ചെയർമാനുമെല്ലാമുണ്ടാവും. അത് ഉള്ളിൽനിന്ന് അറിയാതെ വന്നതാണ്. ആ ഹോട്ടലിൽ നടന്ന സംഭവങ്ങൾക്കിടയിൽ വീഡിയോ പരിശോധിച്ചാൽ  അതിലൊരു നിഴൽ കഥാപാത്രമുണ്ട്. അതാരാണെന്ന് വഴിയേ പറയാം. നിരവധി വിദേശ യാത്രകൾ നടത്തുന്ന, ചില ഇടപാടുകളൊക്കെ നടത്തുന്ന ഒരാളെ ആ വീഡിയോ പരിശോധിച്ചാൽ കാണാൻ കഴിയും. 

ഷാഫി പറമ്പിൽ അങ്ങനെയൊക്കെ ചെയ്യുമോ എന്നൊരു തോന്നലൊക്കെ വരും. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഷാഫി യൂത്ത് കോൺ​ഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന സമയത്ത് ഒരാരോപണം വന്നു. അദ്ദേഹം കർണാടക ബെല്ലാരിയിലെ നാല് അസംബ്ലി മണ്ഡലങ്ങളുടെ ചാർജ് വഹിച്ചിരുന്നു. സ്ഥാനാർത്ഥി നിർണയത്തിന് 50 ലക്ഷം രൂപ യൂത്ത് കോൺ​ഗ്രസ് ഭാരവാഹികളിൽ നിന്ന് വാങ്ങി സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറ‍ഞ്ഞു. ഇതിൽ ഒരാൾക്കുമാത്രം സീറ്റ് കിട്ടിയില്ല. അയാൾ അന്ന് കർണാടക പി.സി.സിക്ക് പരാതി കൊടുത്തു. അതിനെത്തുടർന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഇക്കാര്യം സോഷ്യൽ മീഡിയയിലോ ഒരിടത്തും ഇട്ടില്ല. ചില ചാനലുകൾ ഈ വാർത്ത പുറത്തുകൊണ്ടുവന്നു. നേതൃത്വം താക്കീത് നൽകിയിട്ടാണ് അദ്ദേഹം രാജിവെച്ചത്. എന്നാൽ ഈ വാർത്ത തന്റെ പേജിൽ ഷെയർ ചെയ്തിട്ട് നിയമനടപടി സ്വീകരിക്കുമെന്നാണ് ഷാഫി പറഞ്ഞത്. ഈ വിഷയത്തിൽ അദ്ദേഹം എന്തെങ്കിലും നിയമനടപടി സ്വീകരിച്ചതായി അറിവില്ല. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഷാഫി യൂത്ത് കോൺ​ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാവുകയാണ് ചെയ്തത്." ഷാനിബ് പറഞ്ഞു.

വടകരയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾത്തന്നെ വിദേശപര്യടനം നടത്തുകയാണ് ഷാഫി ചെയ്തത്. അന്ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള ഫണ്ടുകൂടി ശേഖരിച്ചിട്ടാണ് ഷാഫി വടകര തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതുപോലെ ധനാ​ഗമന ആകർഷണ യന്ത്രമാക്കി തന്ത്രമാക്കി തെര‍ഞ്ഞെടുപ്പുകളെ ഉപയോ​ഗിക്കുക എന്നത് ഷാഫി പറമ്പിൽ അഖിലേന്ത്യാ യൂത്ത് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ആയിരിക്കുമ്പോഴേ തുടങ്ങിയ ശ്രമമാണെന്നും ഷാനിബ് കൂട്ടിച്ചേർത്തു.