പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് പിന്നാലെ ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നു. സാമൂഹികമാധ്യമമായ എക്‌സിലെ ദീര്‍ഘമായ കുറിപ്പിലൂടെ കുടുംബത്തിനെതിരേ വീണ്ടും ആരോപണങ്ങളുമായി ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ രംഗത്തെത്തി.

To advertise here,

തിരഞ്ഞെടുപ്പിൽ സീറ്റിനും പണത്തിനും പകരമായാണ് പിതാവിന് താന്‍ വൃക്കദാനം ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചതായി രോഹിണി പറഞ്ഞു. 2022-ല്‍ രോഹിണി, ലാലുവിന് ഒരു വൃക്ക ദാനംചെയ്തിരുന്നു.

‘ഇന്നലെ എന്നെ ശപിച്ചു. ഞാന്‍ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. അച്ഛന് വൃക്ക നല്‍കിയതിന് പകരമായി കോടിക്കണക്കിന് രൂപയും സീറ്റും വാങ്ങിയെടുത്തെന്ന് പറഞ്ഞു. എന്നിട്ട് ആ വൃത്തികെട്ട വൃക്ക അദ്ദേഹത്തിന് നല്‍കിയെന്നും പറഞ്ഞു’, രോഹിണി ആരോപിച്ചു. ‘വിവാഹിതകളായ പെണ്‍മക്കളോടും സഹോദരിമാരോടും ഞാന്‍ പറയുകയാണ്. നിങ്ങളുടെ അമ്മവീട്ടില്‍ മകനോ സഹോദരനോ ഉണ്ടെങ്കില്‍, ദൈവതുല്യനായ പിതാവിനെ രക്ഷിക്കാന്‍ പോകരുത്. പകരം നിങ്ങളുടെ സഹോദരനോടോ, അല്ലെങ്കില്‍ വീട്ടിലെ മകനോടോ അയാളുടെയോ അല്ലെങ്കില്‍ അയാളുടെ ഹരിയാണക്കാരനായ സുഹൃത്തുക്കളിലൊരാളുടെയോ വൃക്ക ദാനം ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറയണം’, രോഹിണി കുറിപ്പില്‍ പറയുന്നു.

തന്റെ സ്വന്തം കുടുംബത്തിന്‍റെയും മൂന്നുമക്കളുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നതും വൃക്ക ദാനംചെയ്യുന്നതിന് ഭര്‍ത്താവിനോടും ഭര്‍ത്താവിന്റെ മാതാപിതാക്കളോടും അനുവാദം തേടാതിരുന്നതും കൊടുംപാപമായി പോയെന്നും രോഹിണി കുറിപ്പില്‍ പറയുന്നുണ്ട്. തന്റെ ദൈവമായ പിതാവിനെ രക്ഷിക്കാനാണ് അങ്ങനെ ചെയ്തത്. എന്നാല്‍, ഇന്ന് അതിനെ വൃത്തികെട്ടത് എന്ന് വിളിക്കുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് പങ്കുവെച്ച മറ്റൊരു കുറിപ്പിലും രോഹിണി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ‘ഇന്നലെ ഒരു മകള്‍- ഒരു സഹോദരി- ഒരു ഭാര്യ- ഒരു അമ്മ അപമാനിക്കപ്പെടുകയും വൃത്തികെട്ട വാക്കുകള്‍കൊണ്ട് അധിക്ഷേപിക്കപ്പെടുകയും ചെയ്തു. എന്നെ അടിക്കാന്‍ ചെരിപ്പ് ഉയര്‍ത്തി. ഞാന്‍ എന്റെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുകയോ സത്യം അടിയറവ് വെക്കുകയോ ചെയ്തില്ല. അതുകൊണ്ടുമാത്രം ഈ അപമാനം എനിക്ക് സഹിക്കേണ്ടിവന്നു. ഇന്നലെ ഒരു മകള്‍, അവളുടെ കരയുന്ന മാതാപിതാക്കളെയും സഹോദരിമാരെയും ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതയായി. അവര്‍ എന്നെ എന്റെ അമ്മവീട്ടില്‍നിന്ന് പറിച്ചെറിഞ്ഞു. അവര്‍ എന്നെ അനാഥയാക്കി. നിങ്ങള്‍ക്കാര്‍ക്കും എന്റെ വഴിയിലൂടെ നടക്കാനുള്ള ഇടവരാതിരിക്കട്ടെ. ഒരു കുടുംബത്തിലും രോഹിണിയെ പോലെ ഒരു മകളോ സഹോദരിയോ ഉണ്ടാകാതിരിക്കട്ടെ’, എന്നായിരുന്നു രോഹിണിയുടെ കുറിപ്പ്.

ശനിയാഴ്ചയാണ് കുടുംബവും രാഷ്ട്രീയവും വിടുകയാണെന്ന് രോഹിണി എക്‌സിലൂടെ പ്രഖ്യാപിച്ചത്. 'ഞാന്‍ രാഷ്ട്രീയം വിടുകയും എന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമാണ്. ഇങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാന്‍ ഏറ്റെടുക്കുകയാണ്, എന്നായിരുന്നു ശനിയാഴ്ചത്തെ അവരുടെ എക്സ് കുറിപ്പ്. ആര്‍ജെഡിയുടെ രാജ്യസഭാ എംപിയും രോഹിണിയുടെ സഹോദരന്‍ തേജസ്വി യാദവിന്റെ അടുത്ത അനുയായിയുമാണ് സഞ്ജയ് യാദവ്. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയകുടുംബത്തില്‍നിന്നുള്ള അംഗമായ റമീസ്, തേജസ്വിയുടെ സുഹൃത്താണ്. രോഹിണിക്ക് താല്‍പര്യമുള്ളവരല്ല ഇവര്‍ രണ്ടുപേരുമെന്നാണ് വിവരം.

ഡോക്ടര്‍ കൂടിയായ രോഹിണി, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചുവെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു.