പട്‌ന: തിരഞ്ഞെടുപ്പിൽ ലഭിച്ച വൻ വിജയത്തെ തുടർന്ന് ബിഹാറില്‍ അടുത്ത എന്‍ഡിഎ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ, സ്പീക്കര്‍ സ്ഥാനത്തിനായി അവകാശം ഉന്നയിച്ച് ജെഡിയുവും ബിജെപിയും. നിര്‍ണായക വകുപ്പുകളുടെ വിഭജനം ഉള്‍പ്പെടെയുള്ള വിഷയങ്ങളേക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി ചൊവ്വാഴ്ച ഡല്‍ഹിയില്‍ ജെഡിയു-ബിജെപി യോഗം നടക്കും. സ്പീക്കര്‍സ്ഥാനം ആര്‍ക്ക് എന്നതും ചര്‍ച്ചയിലെ പ്രധാന അജണ്ടയാണെന്നാണ് വിവരം.

To advertise here,

എന്തു വിലകൊടുത്തും സ്പീക്കര്‍സ്ഥാനം സ്വന്തമാക്കാനാണ് ബിജെപി ശ്രമമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ നിയമസഭയില്‍, ബിജെപി നേതാവ് നന്ദ് കിഷോര്‍ യാദവ് ആയിരുന്നു സ്പീക്കര്‍. ജെഡിയുവിന്റെ നരേന്ദ്ര നാരായണ്‍ യാദവ് ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു.

സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സംസ്ഥാന ബിജെപി നേതാക്കള്‍ പട്‌നയില്‍ യോഗം ചേര്‍ന്നിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ ജെഡിയു നേതാക്കളായ സഞ്ജയ് കുമാര്‍ ഝാ, ലലന്‍ സിങ് തുടങ്ങിയവര്‍ ചൊവ്വാഴ്ച ഡല്‍ഹിയിലെത്തും. എന്‍ഡിഎ സഖ്യത്തിലെ മറ്റ് ചെറുപാര്‍ട്ടികളായ എല്‍ജെപി, എച്ച്എഎം, ആര്‍എല്‍എസ്പി എന്നിവരുമായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ചര്‍ച്ചകള്‍ നടത്തുന്നത്.

എന്‍ഡിഎയിലെ മൂന്ന് പ്രധാന പാര്‍ട്ടികളും (ബിജെപി, ജെഡിയു, എല്‍ജെപി) തമ്മില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ധാരണയായിട്ടുണ്ടെന്നാണ് വിവരം. ആറ് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയനുസരിച്ചാണ് മന്ത്രിസ്ഥാനങ്ങൾ വിഭജിക്കുക. 19-ാം തീയതി, ബിജെപിയും ജെഡിയുവും വെവ്വേറേ നിയമസഭാകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ശേഷം, അന്നുതന്നെ എന്‍ഡിഎയുടെ നിയമസഭാകക്ഷിയോഗവും ചേരും.

243 അംഗ നിയമസഭയില്‍ 202 സീറ്റുകള്‍ നേടിയാണ് ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങുന്നത്. 89 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെഡിയു 85 സീറ്റും ചിരാഗ് പസ്വാന്റെ എല്‍ജെപി 19 സീറ്റും നേടിയിട്ടുണ്ട്.