
തോറ്റു, 'സംപൂജ്യരായി' തോറ്റു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ യാഥാര്‍ഥ്യബോധത്തോട സമീപിച്ച കോണ്‍ഗ്രസിലെ ഏതാനും നേതാക്കളെങ്കിലും അത് പ്രതീക്ഷിച്ചതാണ്. എന്നാല്‍, സ്വന്തം തോല്‍വിയില്‍ മാത്രമല്ല, പത്തുവര്‍ഷത്തോളം രാജ്യതലസ്ഥാനം ഭരിച്ച ആം ആദ്മി പാര്‍ട്ടിയുടെ തോല്‍വിക്കും കോണ്‍ഗ്രസ് പഴികേള്‍ക്കുകയാണ്. ഏത് കോണ്‍ഗ്രസ്? തിരഞ്ഞെടുപ്പില്‍ കേവലം ആറുശതമാനത്തിലേറെ മാത്രം വോട്ട് നേടിയ കോണ്‍ഗ്രസ്. നേരിട്ടല്ലെങ്കിലും ആദ്യം പഴിച്ചുതുടങ്ങിയത് കോണ്‍ഗ്രസിന്റെ വിശ്വസ്ത സഖ്യകക്ഷികള്‍ തന്നെയാണ്. മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയുടെ നാവായ സഞ്ജയ് റാവുത്ത് മുതല്‍ കേരളത്തില്‍ മുസ്ലിം ലീഗിന്റെ കുഞ്ഞാലിക്കുട്ടിവരെ അത് പറയുന്നുണ്ട്.
കോണ്‍ഗ്രസിന്റേയും എ.എ.പിയുടേയും രാഷ്ട്രീയ എതിരാളി ബി.ജെപിയാണെന്ന് പറഞ്ഞ സഞ്ജയ് റാവുത്ത്, ഇരുവരും ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പി. ആദ്യമണിക്കൂറില്‍ തന്നെ പരാജയപ്പെട്ടേനെയെന്നും അഭിപ്രായപ്പെട്ടു. ഭിന്നിച്ചുനിന്ന് തോല്‍വി ഏറ്റുവാങ്ങിയതിന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും പരിഹാസവുമായി രംഗത്തെത്തി. മതേതരപാര്‍ട്ടികളിലെ ഭിന്നിപ്പാണ് ഡല്‍ഹിയിലെ ബി.ജെ.പി. വിജയത്തിന് കാരണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇന്ത്യസഖ്യകക്ഷികളുടെ ഐക്യക്കുറവാണ് തോല്‍വിക്ക് കാരണമെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. ബി.ജെ.പിക്ക് ജയിക്കാന്‍ അവസരമൊരുക്കിയത് കോണ്‍ഗ്രസാണെന്ന് കേരളത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും ആരോപിച്ചു.
കെജ്‌രിവാളിനെ തോല്‍പ്പിച്ച കോണ്‍ഗ്രസ്?
എ.എ.പിയുടെ ഒന്നാമനും രണ്ടാമനും മത്സരിക്കുകയും തോല്‍ക്കുകയും ചെയ്ത മണ്ഡലങ്ങളാണ് ന്യൂഡല്‍ഹിയും ജംഗ്പുരയും. ന്യൂഡല്‍ഹിയില്‍ എ.എ.പി. കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ബി.ജെപിയുടെ പര്‍വേഷ് വര്‍മയോട് തോറ്റത്ത് 4,000-ത്തിലേറെ വോട്ടുകള്‍ക്കാണ്. ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി, മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് നേടിയത് 4,500-ലേറെ വോട്ടുകള്‍. മദ്യനയക്കേസില്‍ ജയിലില്‍ കിടന്ന മനീഷ് സിസോദിയ പ്രതാപ്ഗഢ് വിട്ട് ഇത്തവണ മത്സരിച്ചത് ജംഗ്പുരയിലായരുന്നു. ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയോട് തോറ്റത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫര്‍ഹദ് സുരി പിടിച്ചത് ഏഴായിരത്തിലേറെ വോട്ടുകള്‍. കഴിഞ്ഞ തവണ 11,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിലവിലെ മുഖ്യമന്ത്രി അതിഷി കല്‍ക്കാജിയില്‍ വിജയിച്ചത്. മുന്‍ എം.പി. രമേശ് ബിധുരിയെ ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ അല്‍ക്ക ലാംബയെ രംഗത്തിറക്കി. ത്രികോണപ്പോരാട്ടത്തില്‍, അല്‍ക്കയുടെ സാന്നിധ്യം അതിഷിയുടെ ഭൂരിപക്ഷം കാര്യമായിക്കുറച്ചു.
മദ്യനയം മുതല്‍ ചില്ലുകൊട്ടാരം വരെ ബി.ജെ.പി. ഉയര്‍ത്തിയ ആരോപണങ്ങളാണ് ഡല്‍ഹിയില്‍ എ.എ.പിയുടെ തോല്‍വിക്ക് ആദ്യകാരണമായി വിലയിരുത്തുക. ഫലം വന്നുകഴിയുമ്പോള്‍ ഭിന്നിച്ച് മത്സരിച്ച കോണ്‍ഗ്രസിന്റെ സാന്നിധ്യം പ്രത്യക്ഷത്തില്‍ എ.എ.പിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയായി എണ്ണുകയും ചെയ്യാം. എന്നാല്‍, രാഷ്ട്രീയത്തില്‍ എല്ലായ്‌പ്പോഴും ഒന്നും ഒന്നും രണ്ടല്ലെന്ന തിയറിക്കുകൂടെ ഇടംനല്‍കുമ്പോള്‍ കോണ്‍ഗ്രസിനെ എത്രത്തോളം പഴിക്കാന്‍ കഴിയുമെന്നതും ചോദ്യമാണ്. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്, ലോക്‌സഭയില്‍ ഇരുവരും ഒന്നിച്ചു മത്സരിച്ചിട്ട് എന്തുനേടി എന്നതാണ്. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ഭൂരിപക്ഷം ലക്ഷത്തില്‍നിന്ന് പതിനായിരങ്ങളിലേക്ക് കുറയ്ക്കാന്‍ സാധിച്ചു എന്നതിലുപരി ഒരു സീറ്റില്‍ പോലും മുന്നണിക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
കോണ്‍ഗ്രസിന്റെ ലക്ഷ്യം?
ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ 15 വര്‍ഷത്തോളം തുടര്‍ച്ചയായ ഭരണത്തില്‍നിന്നാണ് കോണ്‍ഗ്രസ് ആദ്യമായി പൂജ്യം എം.എല്‍.എമാരെന്ന നിലയിലേക്ക് 2013-ല്‍ വീഴുന്നത്. 2015-ലും 2020-ലും കോണ്‍ഗ്രസ് ഇതേ പൂജ്യം എന്ന സീറ്റ് നില ആവര്‍ത്തിച്ചു, ഇപ്പോള്‍ 2025-ലും. 'സംപൂജ്യത്തുടര്‍ച്ച' ആവര്‍ത്തിക്കുമ്പോഴും ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷവെച്ചുപുലര്‍ത്തുകയാണ്.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറ്റ് വിശാലലക്ഷ്യങ്ങളെക്കാള്‍ തങ്ങളുടെ ശക്തിമേഖല കൈവിട്ടുപോകാന്‍ കാരണമായ എ.എ.പിയോട് പകവീട്ടുക എന്ന ഏക ലക്ഷ്യമായിരുന്നു പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് ബി.ജെ.പി. അധികാരത്തിലെത്തിയിട്ടും എ.എ.പിയുടെ പതനത്തില്‍ അവര്‍ ആശ്വസിക്കുന്നത്. ഭാവിയില്‍ തങ്ങളുടെ തിരിച്ചുവരവിന്റെ തുടക്കമാണ് എ.എ.പിയുടെ പരാജയമെന്ന് അവര്‍ ആത്മാര്‍ഥമായി തന്നെ പ്രതീക്ഷപുലര്‍ത്തുന്നു.
ഡല്‍ഹിയില്‍ തിരിച്ചുവരവിനുള്ള ഏക വഴി എ.എ.പിയെ താഴയിറക്കുക എന്നതാണെന്നാണ് അവരുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ ഐഡിന്റിറ്റിയാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി ഒറ്റയ്ക്ക് നില്‍ക്കുക എന്ന ആവശ്യം പല നേതാക്കളും മുന്നോട്ടുവെച്ചത് ഇതുകൊണ്ടാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാവില്ലെന്ന് നേരത്തെ മുതല്‍തന്നെ ഇരുഭാഗങ്ങളും വ്യക്തമാക്കിയിരുന്നു. ഇന്ത്യാസഖ്യത്തിലെ ഐക്യമില്ലായ്മ ഒരു ചോദ്യമായി ചൂണ്ടുമ്പോള്‍ കോണ്‍ഗ്രസിന്റെ ഉത്തരം കെജ്‌രിവാളിനെ പഴിച്ചുകൊണ്ടുമാത്രമാണ്. എ.എ.പിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാവില്ലെന്ന് ആദ്യം പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് പറയുന്നു.
സഖ്യംവേണ്ടെന്ന കോണ്‍ഗ്രസ്‌പ്രാദേശിക നേതൃത്വത്തിന്റെ ആശയത്തെ ആദ്യം എതിര്‍ത്ത രാഹുല്‍ തന്നെ പിന്നീട് കെജ്‌രിവാളിനെ നുണയനെന്ന് വിളിച്ച് കടന്നാക്രമിക്കുന്നതും കണ്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിയുമായുള്ള സഖ്യത്തെ വിമര്‍ശിച്ച അന്നത്തെ പി.സി.സി. അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്‌ലി ബി.ജെ.പിയിലെത്തി. ഇതേവികാരമാണ് പ്രാദേശിക നേതൃത്വത്തിനും അണികള്‍ക്കുമുള്ളതെന്ന് പിന്നീട് മനസിലാക്കിയ ഹൈക്കമാന്‍ഡ് സഖ്യംവേണ്ടെന്ന ആശയത്തിന് പച്ചക്കൊടി കാട്ടി.
എട്ടുസീറ്റുകള്‍ വിജയിച്ച 2020-ല്‍ ഡല്‍ഹിയില്‍ ബി.ജെ.പിക്ക് ലഭിച്ചത് 38.51% വോട്ടുകളായിരുന്നു. മൂന്നുസീറ്റുകള്‍ മാത്രം വിജയിച്ച 2015-ല്‍ ഇത് 32.2 ശതമാനവും. 2013-ല്‍ 33.07%. ഡല്‍ഹി നിയമസഭ രൂപവത്കരിച്ചതുമുതല്‍ എ.എ.പിയുടെ രംഗപ്രവേശം വരെ ബി.ജെ.പി. തുടര്‍ച്ചയായി തങ്ങളുടെ വോട്ടുശതമാനം നിലനിര്‍ത്തിപ്പോന്നുവെന്നും അവര്‍ തങ്ങളുടെ വോട്ടില്‍ കടന്നുകയറിയിട്ടില്ലെന്നുമുള്ള വിലയിരുത്തലിലേക്കായിരുന്നു ഈ കണക്കുകളില്‍നിന്ന് കോണ്‍ഗ്രസ് എത്തിയത്. എന്നാല്‍, എ.എ.പിയുടെ വരവോടെ 2008-ലെ 40.13 ശതമാനത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ വോട്ട് 2013-ല്‍ 24.55 ശതമാനത്തിലെത്തി. 2015-ല്‍ ഇത് 9.7 ശതമാനമായി. 2020-ല്‍ അത് കേവലം 4.26-ലേക്ക് കൂപ്പുകുത്തി. ഇതേസമയത്ത്, 2013-ലെ 29.49 ശതമാനം വോട്ടുകള്‍ എ.എ.പി. 2015-ല്‍ 54.24-ലേക്ക് ഉയര്‍ത്തി. 2020-ല്‍ അത് 53.57 ശതമാനത്തോളം വളര്‍ന്നു. തങ്ങള്‍ക്ക് നഷ്ടമാവുന്ന വോട്ടുകള്‍ ചെന്നുകയറുന്നത് എ.എ.പിയുടെ ബാലറ്റുപെട്ടിയിലാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ഈ കണക്കുകളാണ്, എ.എ.പിയെ താഴെയിറക്കിയില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവില്ലെന്ന തോന്നല്‍ കോണ്‍ഗ്രസിന് നല്‍കിയത്.
സാമൂഹികമുന്നേറ്റമായി തുടങ്ങി അധികാരത്തിലിരുന്നുകൊണ്ട് മാത്രം രാഷ്ട്രീപ്രവര്‍ത്തനം നടത്തിയ പാര്‍ട്ടിയാണ് എ.എ.പി. അവരെ ഇല്ലാതാക്കാന്‍ ഏറ്റവും എളുപ്പം അധികാരത്തിന് പുറത്താക്കുക എന്നതാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍, രണ്ട് ശതമാനത്തിനടുത്ത് മാത്രം വോട്ടുകളാണ് ഇത്തവണ കോണ്‍ഗ്രസിന് കൂടുതല്‍ നേടാന്‍ സാധിച്ചത്. ഒരുസീറ്റില്‍പ്പോലും ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പലസീറ്റിലും എ.എ.പിയുടെ പരാജയകാരണമായിത്തീരാന്‍ അവര്‍ക്ക് സാധിച്ചു.
രാജ്യവ്യാപകമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇനി ബിഹാറില്‍ മാത്രമാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതുകൊണ്ടുതന്നെ 2025-നെ പുനഃസംഘടനാ വര്‍ഷമെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. സംഘടനാ അടിത്തറശക്തിപ്പെടുത്താതെ ഇനി തിരിച്ചുവരവ് സാധ്യമല്ലെന്ന തിരിച്ചറിവിലേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിട്ടുണ്ട്. അപ്പോഴും തനിച്ചുനിന്ന് താന്‍പോരിമ കാണിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന കോണ്‍ഗ്രസിന്, ദേശീയ തലത്തിലെ ഇന്ത്യാസഖ്യത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് പ്രാഥമിക പ്രതികരണങ്ങള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.
ഹരിയാണയില്‍ എ.എ.പിയെ ഒപ്പം നിര്‍ത്തിയിരുന്നെങ്കില്‍ ഭരണം പിടിക്കാമായിരുന്നുവെന്ന് ഫലം വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസിന് നേരെ കുറ്റപ്പെടുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍, എ.എ.പിക്ക് അവിടെ സ്വാധീനമില്ലെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിരോധം. ബിഹാറിലിനി ആര്‍.ജെ.ഡിയുടെ സഖ്യത്തിലെ രണ്ടാംകക്ഷിയായാണ് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. 2020-ല്‍ തങ്ങളുടെ ശക്തിക്കപ്പുറമുള്ള സീറ്റുകളില്‍ മത്സരിച്ചതാണ് സഖ്യത്തിന്റെ തോല്‍വിക്ക് കാരണമായതെന്ന് കോണ്‍ഗ്രസിന് നേരെ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ആര്‍.ജെ.ഡി. ഇത്തവണ എന്ത് നിലപാടെടുക്കും എന്നതും കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. അതേസമയം, രാജ്യവ്യാപകമായി തങ്ങളുടെ പതനത്തിന്റെ തുടക്കത്തിന് കാരണമായ കെജ്‌രിവാളിനെ തോല്‍പ്പിക്കാന്‍ സാധിച്ചത് തിരിച്ചടികള്‍ക്കിടയിലും കോണ്‍ഗ്രസിന് മധുരപ്രതികാരമാണ്.
Content Highlights: Congress`s dismal performance in Delhi Assembly elections and its role in AAP`s defeat
Published: 08 Feb 2025, 03:36 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented