
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അദ്ഭുതശിശുവായിരുന്നു ആം ആദ്മി പാര്‍ട്ടി. അഴിമതിക്കെതിരായ പൊതുജനവികാരത്തെ ആളിക്കത്തിച്ച് പ്രക്ഷോഭമാക്കി വളര്‍ത്തിയതിന്റെ ഉപോത്പന്നമായി ഉദയംകൊണ്ട പാര്‍ട്ടി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതാണെന്ന് ഡല്‍ഹിക്കും രാജ്യത്തിനും കാണിച്ചുകൊടുത്ത പാര്‍ട്ടി. സൗജന്യവാഗ്ദാനങ്ങളെ പരിഹസിച്ചവര്‍ക്കുപോലും പിന്തുടരേണ്ടിവന്ന മാതൃക സൃഷ്ടിച്ച പാര്‍ട്ടി. അങ്ങനെയുള്ള വിശേഷണങ്ങള്‍ ഏറെയുള്ളപ്പോഴും ഭാവിപോലും ചോദ്യച്ചിഹ്നമായ പാര്‍ട്ടി.
ഒരുപാട് കാര്യങ്ങളില്‍ ആദ്യം
2011-ല്‍ അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍നിന്ന് ശ്രദ്ധ നേടിയ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ആം ആദ്മി പാര്‍ട്ടി (ആപ്) ഒരുപാടുകാര്യങ്ങളില്‍ രാജ്യത്തിന് പുതുമ കാണിച്ചു. 2013-ല്‍ പാര്‍ട്ടിയുണ്ടാക്കി മാസങ്ങള്‍ക്കകം നടന്ന തിരഞ്ഞെടുപ്പില്‍ (ഭൂരിപക്ഷമില്ലാതിരുന്നിട്ടും) ഡല്‍ഹിയുടെ ഭരണം നേടി. 'ആരാണീ കെജ്‌രിവാള്‍' എന്ന് പരിഹസിച്ച ഷീലാ ദീക്ഷിത്തിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചതുവഴി പതിനഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചു.
അധികാരത്തിലെത്തിയാല്‍ 15 ദിവസത്തിനകം ജന ലോക്പാല്‍ ബില്‍ പാസാക്കുമെന്നായിരുന്നു വാഗ്ദാനം. അത് പാലിക്കാനായില്ലെന്നുകാട്ടി 49 ദിവസത്തെ ഭരണമവസാനിപ്പിച്ച് മന്ത്രിസഭ രാജിവെച്ചതും അദ്ഭുതത്തോടെ രാജ്യം കണ്ടു. തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം. ഡല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തുന്ന റിലയന്‍സിന്റെ കമ്പനികള്‍ അഴിമതി കാട്ടിയെന്നുപറഞ്ഞ് അംബാനിക്കെതിരേ ആപ് സര്‍ക്കാര്‍ കേസെടുത്തു.
ഭരണം തുടര്‍ന്നു, പോരാട്ടവും
ഒരുവര്‍ഷത്തോളം നീണ്ട രാഷ്ട്രപതിഭരണത്തിനൊടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എഴുപതില്‍ 67 സീറ്റുകളും തൂത്തുവാരി. ഭരണത്തിലിരുന്നും പോരാടുന്ന ശീലം എ.എ.പി. തുടര്‍ന്നു. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ക്കെതിരേ അദ്ദേഹത്തിന്റെ ഓഫീസില്‍ മുഖ്യമന്ത്രി കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രാപകല്‍ സമരം നടത്തി. 2020-ലെ തിരഞ്ഞെടുപ്പിലും 62 സീറ്റുകള്‍ തൂത്തുവാരി ആം ആദ്മി പാര്‍ട്ടി അധികാരമേറിയതോടെ ഷീലാ ദീക്ഷിത്തിനുശേഷം മൂന്നുതവണ ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന നേതാവായി കെജ്‌രിവാള്‍.
പഞ്ചാബില്‍നിന്ന് നാല് പേരെ ലോക്‌സഭയിലെത്തിച്ചു. 2017-ല്‍ പഞ്ചാബിലെ 112 സീറ്റില്‍ മത്സരിച്ച ആപ് 20 സീറ്റ് നേടി. 2022-ല്‍ പഞ്ചാബ് ഭരണവും(92 സീറ്റ്) പിടിച്ചു.
പോരാട്ടം സുപ്രീംകോടതിയിലും
പൂര്‍ണ സംസ്ഥാനപദവിയില്ലാത്ത ഡല്‍ഹിയില്‍ തങ്ങളുടെ ഫയലുകളെല്ലാം കേന്ദ്രത്തിനുവേണ്ടി ലെഫ്. ഗവര്‍ണര്‍ തടയുന്നെന്നുകാട്ടി ആപ് സര്‍ക്കാര്‍ പലതവണ സുപ്രീംകോടതിയിലെത്തി. ചിലപ്പോഴൊക്കെ ഭാഗികമായി അനുകൂല വിധിയും സമ്പാദിച്ചു. എന്നാല്‍, സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് കേന്ദ്രം തിരിച്ചടി നല്‍കി.
'ബ്രാന്‍ഡ് കെജ്രിവാള്‍' മങ്ങിയോ?
ന്യൂഡല്‍ഹി: തലസ്ഥാനത്തെ തെരുവിലുറങ്ങുന്നവര്‍ക്കുപോലും തങ്ങളിലൊരാളായിത്തോന്നിയ നേതാവ്. സാധാരണക്കാരുടെ പാര്‍ട്ടിയെ നയിക്കുന്ന സാധാരണക്കാരന്‍. വിട്ടുമാറാത്ത ചുമയുള്ളതിനാല്‍ തണുപ്പുകാലത്ത് മഫ്ളര്‍ ചുറ്റുന്നതോടെ മഫ്ളര്‍മാന്‍ എന്ന പേരും വീണു. തുടക്കത്തില്‍ എതിരാളികള്‍ കളിയാക്കാനുപയോഗിച്ച മഫ്ളര്‍മാന്‍ പ്രയോഗം പിന്നീട് 'ബ്രാന്‍ഡ് കെജ്രിവാള്‍' ആയി ഡല്‍ഹിയില്‍ വേരിറങ്ങി.
എന്നാല്‍, മഫ്ളര്‍മാനില്‍നിന്ന് 'ചില്ലുകൊട്ടാര'ത്തിലേക്കുള്ള മാറ്റത്തിനൊപ്പം അഴിമതിക്കേസും മേമ്പൊടിയായതോടെ മങ്ങിപ്പോയ കെജ്രിവാള്‍ ബ്രാന്‍ഡിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ഇതുവരെ പയറ്റിയ രാഷ്ട്രീയകൗശലം അരവിന്ദ് കെജ്രിവാളിന് തികയാതെവരും.
ലാളിത്യത്തിന്റെ പ്രതീകം
ചുവന്ന ബീക്കണ്‍ ലൈറ്റ് തെളിയുന്ന ആഡംബരക്കാറില്‍ അകമ്പടിവാഹനങ്ങളുടെ സുരക്ഷാകവചത്തില്‍ പാഞ്ഞുപോകുന്ന രാഷ്ട്രീയക്കാരെ കണ്ടുശീലിച്ച ഡല്‍ഹിക്ക് തികച്ചും പുതുമയായിരുന്നു കെജ്രിവാള്‍. ഇന്‍സൈഡ് ചെയ്യാത്ത അരക്കൈയന്‍ ഷര്‍ട്ടിന്റെ കീശയിലെപ്പോഴും റെയ്‌നോള്‍ഡ്‌സിന്റെ സാധാരണ നീലമഷിപ്പേനകാണാം. മുഖ്യമന്ത്രിയായിട്ടും കുടുംബത്തോടൊപ്പം തിയേറ്ററില്‍ സിനിമകാണാന്‍ പോകുന്നതുള്‍പ്പെടെ ഒരു സാധാരണക്കാരന്‍ ചെയ്യുന്നതെല്ലാം കെജ്രിവാളും ചെയ്യുമായിരുന്നു.
ആദ്യതവണ മുഖ്യമന്ത്രിയായപ്പോഴും പണ്ട് സുഹൃത്ത് സമ്മാനിച്ച നീല വാഗണാര്‍ കാറിലായിരുന്നു യാത്ര. പിന്നീടത് മാറ്റി ഔദ്യോഗികവാഹനം ഉപയോഗിക്കാന്‍ തുടങ്ങി. ഇതിനിടെ, കെജ്രിവാളും പാര്‍ട്ടിയും വളര്‍ന്നു.
ആഡംബരത്തിന്റെ നിഴലില്‍
ഏകാധിപതിയെന്ന പേര് തുടക്കംമുതലേ കെജ്രിവാള്‍ കേട്ടിരുന്നു. ആദ്യഘട്ടത്തില്‍ കൂടെയുണ്ടായിരുന്ന മുന്‍നിര നേതാക്കള്‍ വിട്ടുപോയിട്ടും ആ ബ്രാന്‍ഡിന് വലിയ ഇടിവൊന്നുമുണ്ടായില്ല. എന്നാല്‍, മൂന്നാം ഡല്‍ഹി ഭരണം ആപിനുമേല്‍ അഴിമതിയുടെ കളങ്കംവീഴ്ത്തി. 50 കോടി രൂപമുടക്കി വീട് നവീകരിച്ചതോടെ ചില്ലുകൊട്ടാരത്തിലാണ് താമസമെന്ന ആക്ഷേപവും കേട്ടു.
Content Highlights: aam aadmi party delhi rise and challenges
Published: 09 Feb 2025, 06:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented