ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ നീക്കത്തിന് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍പദവി ലക്ഷ്യമിട്ടാണ് ബി.ജെ.പി. നീക്കം നടത്തുന്നത്. ഏപ്രിലില്‍ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ എം.സി.ഡി. പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

To advertise here,

കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നുവോട്ടിനായിരുന്നു ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 48 സീറ്റ് നേടിയ ബി.ജെ.പിക്ക് 10 പ്രതിനിധികളെ എം.സി.ഡിയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ കഴിയും. എ.എ.പിക്ക് നാലംഗങ്ങളെ മാത്രമേ നാമനിര്‍ദേശം ചെയ്യാന്‍ കഴിയുകയുള്ളൂ. നാമനിര്‍ദേശം ചെയ്യുന്ന ആകെ അംഗങ്ങളുടെ എണ്ണം 14 ആണ്.

ഇതുകൂടാതെ എ.എ.പി. കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കുവോട്ടുചെയ്യുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. കൂറുമാറ്റനിയമം ബാധകമല്ലാത്തതിനാല്‍ കൗണ്‍സിലര്‍മാര്‍ക്ക് പാര്‍ട്ടിമാറിയാലും എം.സി.ഡി.യില്‍ അയോഗ്യതാഭീഷണിയില്ല. പുതിയ സര്‍ക്കാരിന് കീഴില്‍ തങ്ങളുടെ വാര്‍ഡിന് വികസനം ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് വോട്ടുചെയ്യുമെന്നാണ് ബി.ജെ.പി. പ്രതീക്ഷ.

എ.എപിയുടെ മൂന്ന് കൗണ്‍സിലര്‍മാരും ബി.ജെ.പിയുടെ എട്ടംഗങ്ങളും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. 2022-ലെ എം.സി.ഡി. തിരഞ്ഞെടുപ്പില്‍ എ.എ.പി. 143 വാര്‍ഡിലും ബി.ജെ.പി. 104 ഇടത്തും കോണ്‍ഗ്രസ് ഒന്‍പതിടത്തും മറ്റുള്ളവര്‍ മൂന്നുസീറ്റിലുമാണ് ജയിച്ചത്.