ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനത്തിന് ശേഷമെന്ന് സൂചന. തിങ്കളാഴ്ച ഫ്രാന്‍സിലെത്തുന്ന മോദി യു.എസിലെ ദ്വിദിനെ സന്ദര്‍ശനവും പൂര്‍ത്തിയാക്കി 13-നാണ് ഇന്ത്യയില്‍ തിരിച്ചെത്തുക. ഇതിന് ശേഷമേ സത്യപ്രതിജ്ഞ ഉണ്ടാവൂ എന്നാണ് സൂചന.
മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പേരുകളെച്ചൊല്ലി അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ യോഗംചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ നടന്ന യോഗത്തില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ അടക്കമുള്ളവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ന്യൂഡല്‍ഹി മണ്ഡലത്തിലെ നിയുക്ത എം.എല്‍.എ. പര്‍വേശ് വര്‍മ രാജ്‌നിവാസിലെത്തി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടു. 12.15-ഓടെയാണ് പര്‍വേശ് വര്‍മ രാജ് നിവാസില്‍ എത്തിയത്. പിന്നാലെ ബിജ്വാസനില്‍നിന്ന് വിജയിച്ച കൈലാശ് ഗെഹ്‌ലോത്തും ഗാന്ധിനഗറിലെ നിയുക്ത എം.എല്‍.എ. അരവിന്ദര്‍ സിങ് ലവ്‌ലിയും ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടു. നേരത്തെ, രാജ് നിവാസിലെത്തിയ അതിഷി രാജി നല്‍കിയിരുന്നു. പിന്നാലെ ലഫ്. ഗവര്‍ണര്‍ നിലവിലെ സഭ പിരിച്ചുവിട്ടു.
കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മയ്ക്ക് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍ഗണനയെന്നാണ് സൂചന. മുന്‍ പ്രതിപക്ഷനേതാവ് വിജേന്ദ്ര ഗുപ്ത, ബ്രാഹ്‌മണ്‍ നേതാവ് സതീഷ് ഉപാധ്യായ, ഡല്‍ഹി ബി.ജെ.പി. ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, ജിതേന്ദ്ര മഹാജയന്‍, സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് എന്നിവരേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അഭ്യൂഹമുണ്ട്.
Content Highlights: Delhi new CM swearing-in likely after PM Modi`s foreign trip
Published: 09 Feb 2025, 02:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented