
ചണ്ഡീഗഢ്: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ 'ഗോദ'യിലിറക്കാന്‍ കോണ്‍ഗ്രസ്. വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്ന താരത്തെ ജുലാന മണ്ഡലത്തില്‍നിന്ന് മത്സരിപ്പിക്കാനാണ് സാധ്യത. അതേസമയം വിനേഷ് ഫോഗട്ടിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന മറ്റൊരു ഗുസ്തി താരം ബജ്‌രംഗ് പുനിയ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്നും ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കി.
നേരത്തേ ബുധനാഴ്ച വിനേഷ് ഫോഗട്ട് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹരിയാണ തിരഞ്ഞെടുപ്പില്‍ വിനേഷ് മത്സരിക്കുമെന്ന സൂചന അന്നുതന്നെ അന്തരീക്ഷത്തിലുണ്ടായിരുന്നു. ചര്‍ഖി, ദാദ്രി അല്ലെങ്കില്‍ ജുലാന മണ്ഡലങ്ങളില്‍ ഒന്നില്‍ നിന്നാകും വിനേഷ് മത്സരിക്കുക എന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് വിനേഷ് ഫോഗട്ട് എ.ഐ.സി.സി. ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കെ.സി. വേണുഗോപാലാണ് വിനേഷ് ഫോഗട്ടിനേയും ബജ്‌രംഗ് പുനിയയേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഇരുവരും എ.ഐ.സി.സി. ആസ്ഥാനത്തെത്തിയത്.
ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനതിരെ പ്രതിഷേധിച്ചഗുസ്തി താരങ്ങളോടുള്ള ബി.ജെ.പിയുടെ മനോഭാവത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു വിനേഷ് ഫോഗട്ടിന്റെ കോണ്‍ഗ്രസ് പ്രവേശനം. തങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ ബി.ജെ.പി. ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും പിന്തുണയുമായി എത്തിയെന്നും തങ്ങളുടെ വേദനയും കണ്ണുനീരും മനസിലാക്കാന്‍ മറ്റുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.
'ഞാന്‍ പുതിയ ഇന്നിങ്‌സ് തുടങ്ങുകയാണ്. ഞങ്ങള്‍ കടന്നുപോയ അവസ്ഥ മറ്റൊരു കായികതാരത്തിനും അഭിമുഖീകരിക്കേണ്ടിവരരുത്.' -വിനേഷ് കൂട്ടിച്ചേര്‍ത്തു. പാരിസ് ഒളിമ്പിക്‌സില്‍ 50 കിലോ ഗുസ്തിയില്‍ ഭാരം 100 ഗ്രാം കൂടിയതിന്റെ പേരില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗുസ്തിയില്‍നിന്ന് വിരമിക്കുന്നതായി അവര്‍ പ്രഖ്യാപിച്ചത്.
Content Highlights: Wrestler Vinesh Phogat, new Congress entrant, to contest Haryana polls from Julana
Published: 06 Sept 2024, 08:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented