
ചണ്ഡീഗഡ്: ബി.ജെ.പി തുടര്‍ച്ചയായ മൂന്നാം തവണയും ഹരിയാണയില്‍ അധികാരത്തിലേറുമ്പോള്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയും മുന്‍ ജയില്‍ സൂപ്രണ്ടുമായ സുനില്‍ സാംഗ് വാന്‍ എന്ന മുന്‍ ജയില്‍സൂപ്രണ്ടിന്റെ നിയമസഭാ വിജയവും ചര്‍ച്ചയാകുന്നു. രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ മനീഷ സംഗ്‌വാനെ സുനില്‍ സാംഗ് വാന്‍ പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍തന്നെ സ്ഥാനം പിടിച്ച നേതാവാണ് സുനില്‍ സംഗ്‌വാന്‍. തിരഞ്ഞെടുപ്പിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് പോലീസുദ്യോഗം രാജിവെച്ച് സംഗ്‌വാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. സംഗ്‌വാന്റെ സ്വയംവിരമിക്കല്‍ അപേക്ഷയിലുള്ള മേല്‍നടപടികള്‍ ഹരിയാണ ജയില്‍വകുപ്പ് ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.
സുനില്‍ സംഗ്‌വാന്റെ ബി.ജെ.പി. പ്രവേശനമോ സ്ഥാനാര്‍ഥിത്വമോ കൂടുതല്‍ ശ്രദ്ധ നേടിയതിന് മറ്റൊരു സുപ്രധാനകാരണം കൂടിയുണ്ട്. ബലാത്സംഗക്കുറ്റവാളിയും ദേര സച്ചാ സൗദ നേതാവുമായ ഗുര്‍മീത് റാം റഹിം സിങ്ങിന് ജയില്‍വാസത്തിനിടെ ആറ് തവണ പരോള്‍ ലഭിച്ചത് സംഗ്‌വാന്‍ ജയില്‍ സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന കാലത്താണ്. 22 കൊല്ലത്തെ സേവനത്തിനിടെ വിവിധ ജയിലുകളില്‍ സംഗ്‌വാന്‍ സൂപ്രണ്ടായിരുന്നിട്ടുണ്ട്. റോഹ്തക്കിലെ സുനൈറ ജയിലില്‍ അഞ്ച് കൊല്ലം സംഗ്‌വാന്‍ സൂപ്രണ്ടായിരിക്കുന്ന കാലത്താണ് ജയില്‍പുള്ളിയായിരുന്ന റാം റഹിമിന് ആറ് തവണ പരോള്‍ അനുവദിച്ചുകിട്ടിയത്. രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും റാം ചന്ദര്‍ ഛത്രപതിയെന്ന മാധ്യപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനും ശിക്ഷിക്കപ്പെട്ടാണ് ഗുര്‍മീത് റാം റഹിം ജയിലിലെത്തിയത്.
ഇത്തവണ തിരഞ്ഞെടുപ്പിന് നാല് ദിവസം മുന്‍പ് ഗുര്‍മീത് റാം റഹിമിന് ഹരിയാണ സര്‍ക്കാര്‍ വീണ്ടും പരോള്‍ അനുവദിച്ചിരുന്നു. ഏഴ് കൊല്ലത്തിനിടെ 15 തവണയാണ് റാം റഹിമിന് ബി.ജെ.പി. സര്‍ക്കാര്‍ പരോള്‍ നല്‍കിയത്. 'ജയിലിലെ നല്ലനടപ്പ്' പരിഗണിച്ചാണ് റാം റഹിമിന് പരോള്‍ അനുവദിച്ചത്. ജയില്‍ സൂപ്രണ്ട് നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പരോളിനുള്ള അപേക്ഷ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നത്. തിരഞ്ഞെടുപ്പുകാലത്ത് റാം റഹിമിന് പരോള്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കാരണമാകുമെന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധം.
പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഹരിയാണയിലും നിരവധി ആരാധകരുള്ള നേതാവാണ് റാം റഹിം. തിരഞ്ഞെടുപ്പിന് മുമ്പ് 20 ദിവസത്തെ പരോളാണ് റാം റഹിമിന് അനുവദിച്ചത്. ഇത് ബി.ജെ.പിയെ സഹായിക്കും എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ റാം റഹിമിന്റെ പരോള്‍ കോണ്‍ഗ്രസിനും നേട്ടമായതായാണ് വിലയിരുത്തല്‍. ദേര സച്ചാ സൗദയുടെ അനുയായികള്‍ ഭൂരിഭാഗമുള്ളതെന്ന് കരുതപ്പെടുന്ന 28 മണ്ഡലങ്ങളില്‍ 15 എണ്ണത്തില്‍ കോണ്‍ഗ്രസും 10 എണ്ണത്തില്‍ ബി.ജെ.പിയും രണ്ടെണ്ണത്തില്‍ ഐ.എന്‍.എല്‍.ഡിയും ഒന്നില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുമാണ് വിജയം നേടിയത്. ഇതാവണം ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും റാം റഹിമിന്റെ പരോളില്‍ മൗനം പാലിച്ചതിനുപിന്നിലെന്നും പറയപ്പെടുന്നു.
റാം റഹിം നേതൃത്വം നല്‍കുന്ന ദേരാ സച്ചാ സൗദ രാഷ്ട്രീയപരമായി ഏറെ സ്വാധീനമുള്ള സംഘടനയാണ്. നിലവില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ദേര സച്ചാ സൗദ നേരത്തെ ശിരോമണി അകാലിദളിനേയും കോണ്‍ഗ്രസിനേയും പിന്തുണച്ചിരുന്നു. 2007 ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു സംഘടന. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിച്ച ദേര സച്ചാ സൗദ 2015 ലെ ഡല്‍ഹി, ബിഹാര്‍ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കി. ബിഹാറില്‍ സംഘടനയുടെ 3000 ത്തോളം പ്രവര്‍ത്തകര്‍ ബി.ജെ.പിക്കായി പ്രചരണത്തിനിറങ്ങുകയും ചെയ്തു.
Content Highlights: Sunil Sangwan of BJP ex jailer wins, Ram Rahim
Published: 09 Oct 2024, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented