ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ഫലം നവംബറില്‍ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചേക്കും. പോയവര്‍ഷം ഛത്തീസ്ഗഢിലെന്ന പോലെ എക്‌സിറ്റ് പോളുകളെയും തിരഞ്ഞെടുപ്പു വിദഗ്ധരെയും ഞെട്ടിച്ച വിജയം ബി.ജെ.പിക്ക് പുത്തനുണര്‍വ് പകരുന്നതാണ്. അതേസമയം, ഹരിയാണയിൽ വന്‍വിജയം പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് ഇപ്പോൾ ഉണ്ടായിരിക്കുന്ന മങ്ങിയ പ്രകടനം മഹാ വികാസ് അഘാഡിയിലെ സഖ്യകക്ഷികളോട് വിലപേശാനുള്ള കരുത്ത് കുറച്ചേക്കും.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍ക്കൊള്ളുന്ന ഈ സംസ്ഥാനത്തിന്റെ ഭരണം നിലനിര്‍ത്തുക ബി.ജെ.പിക്ക് അഭിമാനപ്രശ്നമാണ്. പ്രത്യേകിച്ചും, ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വളരെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍. അന്ന് മത്സരിച്ചത് 28 സീറ്റില്‍, ജയിച്ചത് ഒന്‍പതില്‍ മാത്രം. നാനൂറു സീറ്റുമായി വന്‍ഹാട്രിക് വിജയം പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി 240 സീറ്റുമായി തെലുഗുദേശം പാര്‍ട്ടിയുടെയും ജനതാദള്‍ യുനൈറ്റഡിന്റെയും സഹായത്തോടെ ഭരിക്കാനിടവന്നതില്‍ മഹാരാഷ്ട്രയിലെ മോശം പ്രകടനത്തിനും ഗണ്യമായ പങ്കുണ്ട്. തുടര്‍ച്ചയായ രണ്ടു തവണ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ പഴയതു പോലെ ഫലിക്കുന്നില്ലെന്നും മോദിതരംഗം തളരുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും നടത്തുന്ന വീറുറ്റ പോരാട്ടം അവരെ വിറപ്പിക്കുന്നുവെന്നും തോന്നിച്ച സമയത്താണ് ഹരിയാണയില്‍ ബി.ജെ.പി ഞെട്ടിക്കുന്ന വിജയം നേടുന്നത്.
എല്ലാത്തരം പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള ഈ വിജയത്തിന് കാരണം കോണ്‍ഗ്രസിന്റെ അമിതമായ ആത്മവിശ്വാസവും പടലപിണക്കങ്ങളും മാത്രമായിരുന്നില്ല. സാഹചര്യമനുസരിച്ച് തന്ത്രങ്ങള്‍ മാറ്റാനുള്ള ബി.ജെ.പിയുടെ കഴിവും വേണ്ടിവന്നാല്‍ നേതാവിനെത്തന്നെ മാറ്റി പരീക്ഷിക്കാനുള്ള ധൈര്യവും വിജയത്തിനു കാരണമായി എന്നു വേണം അനുമാനിക്കാൻ. തുടര്‍ച്ചയായി രണ്ടാംവട്ടം ഭരിക്കുന്ന സര്‍ക്കാരിനെതിരേ അസംതൃപ്തി വര്‍ദ്ധിക്കുന്നത് മനസ്സിലായപ്പോള്‍ മനോഹര്‍ലാല്‍ ഖട്ടറെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു മാറ്റി ഒ.ബി.സിക്കാരനായ നയാബ് സിംഗ് സെയ്‌നിയെ പ്രതിഷ്ഠിക്കാനും സര്‍ക്കാരിന്റെ അവസാനകാലത്ത് സഖ്യകക്ഷിയായ ജെ.ജെ.പി പിന്തുണ പിന്‍വലിച്ചപ്പോള്‍ സ്വതന്ത്രരുടെ പിന്തുണയോടെ അധികാരം നിലനിര്‍ത്താനും ബി.ജെ.പിയുടെ തന്ത്രജ്ഞതയ്ക്കു കഴിഞ്ഞു.
അതിനു പുറമേയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ജാതി സെന്‍സസ് രാഷ്ട്രീയത്തെയും സൗജന്യപ്പെരുമഴ വാഗ്ദാനങ്ങളെയും മറികടക്കാന്‍ കാണിച്ച കൗശലവും. സംസ്ഥാനത്ത് 22 ശതമാനത്തോളം വരുന്ന പ്രബല സമുദായമായ ജാട്ടുകളെ ഒപ്പം ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിച്ചപ്പോള്‍ സെയ്‌നിയെ മുന്നില്‍ നിര്‍ത്തി ജാട്ടേതര ജാതികളെയും പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ദളിതരെയും കൂടെക്കൂട്ടാന്‍ ബി.ജെ.പി ശ്രമിച്ചു. അതിന് ഫലവുമുണ്ടായി. ജാതി സമവാക്യങ്ങള്‍ പാര്‍ട്ടിക്കനുകൂലമാക്കാന്‍ ബി.ജെ.പിക്കുള്ള മിടുക്ക് മുമ്പും പലകുറി രാജ്യം കണ്ടതാണ്. അധികാരത്തില്‍ വന്നാല്‍ 300 യൂണിറ്റ് വൈദ്യുതിയും 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ എല്ലാ സ്ത്രീകള്‍ക്കും 2,100 രൂപ വീതം സാമ്പത്തിക സഹായവും 24 വിളകള്‍ക്ക് താങ്ങുവിലയും വാഗ്ദാനം ചെയ്തു ബി.ജെ.പി മറികടന്നു.
ഹരിയാണയിലും ജമ്മു കശ്മീരിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാനായിരുന്നില്ലെങ്കില്‍ മഹായുതി സഖ്യത്തിലെ ഘടകകക്ഷികളായ ശിവസേനയ്ക്കും (എക്‌നാഥ് ഷിന്ദേ) എന്‍.സി.പിക്കും (അജിത് പവാര്‍) കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുമായിരുന്നു. 2019-ല്‍ മത്സരിച്ച 164 സീറ്റുകളില്‍ 105 സീറ്റുകളിലാണ് ബിജെപി ജയിച്ചത്, അവിഭക്ത ശിവസേനയായിരുന്നു കൂട്ട്. പക്ഷേ, ശിവസേന ബി.ജെ.പിയെ വിട്ട് ശരദ് പവാറും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാ വികാസ് അഘാഡി സഖ്യമുണ്ടാക്കി. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. ആദ്യം ശിവസേനയെയും പിന്നീട് എന്‍.സി.പിയെയും പിളർത്തിയ ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനം എക്‌നാഥ് ഷിന്ദേയ്ക്ക് വിട്ടുകൊടുത്തു കൊണ്ട് പകരംവീട്ടി. പക്ഷേ, എന്‍.സി.പി പിളര്‍ന്ന് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയത് പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്ക് ദഹിച്ചില്ല. അത്രയും കാലം അഴിമതിയുടെ പേരില്‍ വീറോടെ പാര്‍ട്ടി എതിര്‍ത്തിരുന്നയാളായിരുന്നു അജിത്. ആ രോഷം അവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുകയും ചെയ്തു.
ഹരിയാണയിലെ പ്രകടനം മോശമായിരുന്നുവെങ്കില്‍ മഹായുതി സഖ്യത്തിലെ ഷിന്ദേ വിഭാഗം ശിവസേനയും അജിത് പവാര്‍ വിഭാഗം എന്‍സിപിയും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമായിരുന്നു. ആകെയുള്ള 288 സീറ്റില്‍ 160 എണ്ണത്തില്‍ മത്സരിക്കാന്‍ ആണ് ബിജെപി പദ്ധതി. ശിവസേന നൂറിലധികം സീറ്റുകളാണ് ചോദിക്കുന്നത്. എൻസിപി 60-നും 80-നും ഇടയ്ക്ക് വരെ സീറ്റുകള്‍ ആവശ്യപ്പെടുന്നു. പക്ഷേ, ശിവസേന 80-90 സീറ്റിലും എന്‍സിപി 50-60 സീറ്റിലും ഒതുങ്ങും എന്നാണ് കേള്‍ക്കുന്നത്. ഹരിയാണയിലെ മികച്ച പ്രകടനം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും അവകാശമുന്നയിക്കാന്‍ പാര്‍ട്ടിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും സഹായകമാവും.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ നേട്ടം കോണ്‍ഗ്രസിന് കരുത്തേകിയിരുന്നു. മത്സരിച്ച പതിനേഴില്‍ പതിമൂന്നു സീറ്റിലും വിജയിച്ച പാര്‍ട്ടി വിജയശതമാനം അനുസരിച്ചു വേണം നിയമസഭാ സീറ്റുകള്‍ പങ്കുവെക്കാന്‍ എന്ന് ആവശ്യപ്പെട്ടു വരികയായിരുന്നു. ശരദ് പവാറിന്റെ എന്‍സിപി മത്സരിച്ച പത്തില്‍ എട്ട് സീറ്റുകളാണ് വിജയിച്ചത്. ഉദ്ധവ് താക്കറെയുടെ ശിവസേന 21 സീറ്റുകളില്‍ മത്സരിച്ചു. ഒന്‍പതു സീറ്റുകളില്‍ മാത്രം ജയിച്ചു. വിജയശതമാനവും ലഭിച്ച സീറ്റുകളുടെ എണ്ണവും വെച്ചു നോക്കിയാല്‍ കോണ്‍ഗ്രസ് ആണ് ഏറ്റവും മുന്നിലെന്നും അതുകൊണ്ട് പരമാവധി സീറ്റുകള്‍ കിട്ടേണ്ടത് തങ്ങള്‍ക്കാണെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് എത്രത്തോളം നന്നായി വിലപേശാനാവുമെന്ന് കണ്ടറിയണം.
കോണ്‍ഗ്രസിന്റെ സൗജന്യവാഗ്ദാനങ്ങളുടെ ചുവടുപിടിച്ച് ഹരിയാണയിലെന്ന പോലെ മഹാരാഷ്ട്രയിലും ബി.ജെ.പി ചില പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. 21-നും 60-നും ഇടയ്ക്ക് പ്രായമുള്ള, വാര്‍ഷികവരുമാനം രണ്ടരലക്ഷം രൂപയില്‍ കൂടാത്ത സ്ത്രീകളുടെ അക്കൗണ്ടില്‍ 1,500 രൂപ നിക്ഷേപിക്കുന്ന മുഖ്യമന്ത്രി ലാഡ്‌ലി ബഹിന്‍ യോജന ഉദാഹരണം. ഇത് ജാര്‍ഖണ്ഡിലും ബി.ജെ.പി വാഗ്ദാനം ചെയ്‌തേക്കും. ജാതിസമവാക്യങ്ങളെ അനുകൂലമാക്കാനുള്ള നടപടികള്‍ അവര്‍ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബന്‍ജാര വിരാസത് മ്യൂസിയം ഉദാഹരണം. സംസ്ഥാനത്തെ 35 മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമാണ് ഒരുകോടിയോളം ജനസംഖ്യ വരുന്ന ഈ സമുദായം.
ഹരിയാണയിലെ ഫലം കോണ്‍ഗ്രസിന്റെ ആത്മവീര്യത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ മാറ്റത്തിന് തയ്യാറാണെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം രമേശ് ചെന്നിത്തല പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ പുനരാലോചിക്കേണ്ടി വരുമെന്ന് ഉറപ്പ്. അതാണ് ഹരിയാണ നൽകുന്ന ഒരു സുപ്രധാന സൂചന.
Content Highlights: How BJPs Haryana win will loom over Maharashtra Jharkhand
Published: 08 Oct 2024, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented