പ്രതീക്ഷിതമായതൊന്നും ഹരിയാണയിൽ കോൺ​ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദശാബദത്തിനിപ്പുറം ഹരിയാണയിലെ ജനങ്ങൾ വീണ്ടും തങ്ങൾക്ക് ഭരണം കൈമാറുമെന്ന് അവർ ഉറച്ചുവിശ്വസിച്ചു. ഒക്ടോബർ എട്ടിന് രാവിലെ ആദ്യഫലസൂചനകൾ പുറത്തുവന്നതോടെ പ്രവർത്തകർ ആഹ്ളാദത്തിമിർപ്പിലായി. എന്നാൽ, ഇത്രമാത്രം ഉറപ്പോടെ നേരിട്ട തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് പിഴച്ചുവെന്ന് അധികം വൈകാതെ പാർട്ടി തിരിച്ചറിഞ്ഞു. മണ്ണും കൃഷിയും മുതൽ ​ഗുസ്തിയും രാഷ്ട്രീയവുംവരെ ചർച്ചയായ ഹൃദയഭൂമിയിൽ മൂന്നാംതവണയും താമര വിരിഞ്ഞു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ചരടുവലികൾക്കും സാക്ഷിയായ ഹരിയാണ നാടകത്തിന് തിരശ്ശീല വീഴുമ്പോൾ ബി.ജെ.പി.ക്ക് ജനങ്ങളുടെ 'ഫുൾമാർക്ക്'. 

To advertise here,

ശക്തമായ ത്രികോണപോരാട്ടത്തിന് സാധ്യത തെളിഞ്ഞ ഹരിയാണ ​ഗോദയിൽ മുൻ വർഷത്തേതുപോലെ ഭാ​ഗ്യം തങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഒരുപക്ഷേ ബി.ജെ.പി. പോലും പ്രതീക്ഷിച്ചിരുന്നില്ല.  ഉൾപാർട്ടി പടലപിണക്കങ്ങളും വിമതരും ഇരുക്യാമ്പുകളിലും വെല്ലുവിളിയുയർത്തിയെങ്കിലും അത് ബി.ജെ.പി.യെ വല്ലാതെ ബാധിച്ചിരുന്നു. സഖ്യമെന്ന നിലയിൽ എൻ.ഡി.എ. ഒറ്റക്കെട്ടല്ലായിരുന്നു എന്നതും കോൺ​ഗ്രസിനെ സംബന്ധിച്ച് അമിത ആത്മവിശ്വാസമായി. ചുവടുമാറ്റത്തിനും പാലംവലിക്കും പേരുകേട്ട സംസ്ഥാനത്ത് ഇനിയെന്ത് എന്ന് കണ്ടറിയണം. ജാതിസമവാക്യങ്ങളും പ്രാദേശികരാഷ്ട്രീയവും കൂട്ടിയും കിഴിച്ചും പരിശോധിക്കുമ്പോൾ ഫലത്തിനിപ്പുറവും പല ​യുദ്ധങ്ങൾക്കും ഹരിയാണയിലെ ഗുസ്തിക്കളരികൾ ഇനിയും സാക്ഷിയായേക്കാം. 

അപ്രതീക്ഷിതം ഈ ചരിത്രവിജയം
കേന്ദ്രത്തിലേതുപോലെ ഹരിയാണയിലും അത്ര അനായാസമാകില്ല ബി.ജെ.പിക്ക് കാര്യങ്ങളെന്നായിരുന്നു കണക്കുകൂട്ടൽ. ഒരു എക്സിറ്റ് പോൾ ഫലംപോലും ബി.ജെ.പി കേവലഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചില്ല.  കഴിഞ്ഞ് പത്ത് വർഷമായി നീണ്ടുനിൽക്കുന്ന കേന്ദ്ര, സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരം വോട്ടാകുമെന്ന് കോൺ​ഗ്രസ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കർഷക-ഗുസ്തി സമരങ്ങളുടെ വൈകാരികത തങ്ങളെ തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിടത്തും കോൺ​ഗ്രസിന് തെറ്റി. പ്രതികൂല കാലാവസ്ഥയിൽ നിന്നുകൊണ്ട് തോൽവിയിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങളിലോരോന്നിനേയും പരിഹരിച്ചാണ് ബി.ജെ.പി ഇപ്പോൾ മൂന്നാംതവണയും ഹരിയാണയിൽ അധികാരത്തിലേറുന്നത്.

2014-ലെ മോദിതരം​ഗത്തിൽ അന്നോളമുള്ള ചരിത്രം തിരുത്തിക്കുറിച്ചാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. 2009-ൽ വെറും ഒമ്പത് ശതമാനം വോട്ടുവിഹിതവും നാല് സീറ്റുകളുമുണ്ടായിരുന്ന ബി.ജെ.പിയുടെ വലിയ കുതിച്ചുചാട്ടത്തിന് 2014 സാക്ഷിയായി. 33.3 ശതമാനം വോട്ടുവിഹിതവും 47 സീറ്റും നേടി മോദിയുടെ വിശ്വസ്തനായ മനോഹർലാൽ ഖട്ടർ അധികാരത്തിലേറി. ഇതേ, മോദിപ്രഭാവവും ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റേയും പിൻബലത്തിൽ 2019-ലും ബി.ജെ.പി ജനങ്ങളിലേക്കിറങ്ങി. എന്നാൽ, അത്ര എളുപ്പമല്ലായിരുന്നു ബി.ജെ.പിയെ സംബന്ധിച്ച് കാര്യങ്ങൾ. കേവലഭൂരിപക്ഷം നേടുന്നതിനും താഴെ അന്ന് ബി.ജെ.പി വീണു. പിന്നീട്, സ്വതന്ത്രരുടേയും പത്ത് സീറ്റുകളിൽ വിജയിച്ച ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനത പാർട്ടിയുടേയും സഹായത്തോടെയാണ് ഖട്ടർ രണ്ടാമതും മുഖ്യമന്ത്രിപദത്തിലേക്കെത്തുന്നത്. 

2024-ലേക്കെത്തിയപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തേറ്റ തിരിച്ചടിയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു ബി.ജെ.പി നേതൃത്വത്തിന്. മോദി എന്ന പേര് ഇനി വോട്ടായി മാറില്ലെന്നത് വ്യക്തം. ഇതോടെയാണ്, കളംമാറ്റി ചവിട്ടാനുള്ള ബി.ജെ.പി.യുടെ നീക്കം ആരംഭിക്കുന്നത്. തങ്ങൾ പ്രതിരോധത്തിലായേക്കാവുന്ന ഓരോ വിഷയങ്ങൾക്കും ബി.ജെ.പി പ്രകടനപത്രികയിലൂടെ മറുപടി നൽകി. അ​ഗ്നിവീർ സൈനികനേയും, കർഷകനേയും പിന്നാക്ക വിഭാ​ഗക്കരേയും കൃത്യമായി അഭിസംബോധന ചെയ്തു. സംഘടനാപരമായ കെട്ടുറപ്പ് ഒന്നുകൊണ്ട് മാത്രമാണ് പത്ത് വർഷത്തെ ഭരണവിരുദ്ധ വികാരത്തെ മറികടന്ന് ഇത്തരമൊരു ഉജ്ജ്വല വിജയം ബി.ജെ.പി.ക്ക് സ്വന്തമാക്കാനായത്. 

placeholder
നരേന്ദ്രമോദിയും ജെ.പി. നഡ്ഡയും ബി.ജെ.പി ആസ്ഥാനത്ത് | Photo:AP

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ ബി.ജെ.പിയെ സംബന്ധിച്ച് പ്രശ്നപരമ്പരകളായിരുന്നു. ഭരണവിരുദ്ധവികാരത്തെ മറികടക്കാൻ എന്ത് തന്ത്രം പയറ്റണമെന്ന് ആലോചിച്ചിരിക്കുന്ന ഒരു ക്യാമ്പിലേക്കാണ് ഉൾപാർട്ടി പോര് കൂടെ കടന്നുവരുന്നത്. പാർട്ടിയിൽ നിന്നും പുറത്തുപോയവരും പാർട്ടി നേരിട്ട് പുറത്താക്കിയവരും നിരവധി. ചില മന്ത്രിമാർക്കും സിറ്റിങ്‌ എം.എൽ.എ.മാർക്കും സീറ്റ് നിഷേധിച്ചതോടെ പ്രശ്നം ​ഗുരുതരമായി. ചിലർ, വിമതരായി. മറ്റി ചിലരാകട്ടെ, കോൺ​ഗ്രസിലേക്കും ആം ആദ്മിയിലേക്കും ചേക്കേറി. എന്നാൽ, ഇതൊന്നും ബി.ജെ.പി.യെ തളർത്തിയില്ല. അവസാനം, കണക്കുകൾ പരിശോധിക്കുമ്പോൾ സീറ്റുമോഹികളെല്ലാം ജനവിധിയിൽ തോറ്റമ്പി. സ്വന്തക്കാർക്ക് സീറ്റ് ഉറപ്പിക്കാൻ ഹൂഡയും സംഘവും കളിച്ച കളിയിൽ കോൺ​ഗ്രസ് വീണപ്പോൾ പുറത്തുപോയവർക്ക് മുന്നിൽ വാതിലടച്ചത് ബി.ജെ.പിക്ക് ​ഗുണകരമായി. 

കൃത്യമസയത്ത് മനോഹർ ലാൽ ഖട്ടറിനെ മാറ്റി സൈനി വിഭാഗത്തിൽനിന്ന് നയാബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയതും പാർട്ടിക്ക് ​ഗുണകരമായെന്ന് വേണം കരുതാൻ. ജാട്ട്, ന്യൂനപക്ഷങ്ങൾ എന്നിവരെ കൂട്ടുപിടിച്ച് വിജയിക്കാമെന്ന് കോൺ​ഗ്രസ് കരുതിയപ്പോൾ മറുഭാ​ഗത്തുള്ള 40 ശതമാനത്തിലധികം വരുന്ന പിന്നാക്ക വിഭാഗത്തെ തൃപ്തിപ്പെടുത്താൻ അവർക്കായില്ല. ജാട്ട് വിഭാ​ഗത്തിൽപ്പെട്ട ഹൂഡയും ദളിതയായ കുമാരി ഷെൽജയും തമ്മിലുള്ള പോരും ബി.ജെ.പി. മുതലെടുത്തു. 

എവിടെയാണ് പിഴച്ചത്?
കോൺ​ഗ്രസിന് വേരോട്ടമുള്ള മണ്ണായിരുന്നു ഹരിയാണയിലേത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും അട്ടിമറികളും സംസ്ഥാനത്ത് അരങ്ങേറിയിട്ടുണ്ടെങ്കിലും ഡൽഹിയിൽ ഭരണമുള്ള കോൺ​ഗ്രസിനെ സംബന്ധിച്ച് വളരെക്കാലം കാര്യങ്ങൾ കൈപ്പിടിയിലായിരുന്നു. 1966-ൽ ആദ്യമുഖ്യമന്ത്രി ബി.ഡി. ശർമയിലൂടെ ഭരണംപിടിച്ച കോൺഗ്രസ് പിന്നീട് പലവട്ടം അധികാരത്തിലേറി. 1979-ൽ ദേവിലാലാണ് ആദ്യം ഹരിയാണ രാഷ്ട്രീയത്തിന്റെ ​ഗതിമാറ്റുന്നത്. പിന്നീട്, കലങ്ങിയും തെളിഞ്ഞും മുന്നോട്ടുപോയ ഹരിയാണയെ 2005-ൽ ഭൂപീന്ദർ സിങ് ഹൂഡയാണ് തിരികെ കോൺ​ഗ്രസിലെത്തിക്കുന്നത്. എന്നാൽ, 2014-ൽ കാര്യങ്ങൾ വീണ്ടും കൈവിട്ട് പോയി. 2009-ലെ തിരഞ്ഞെടുപ്പിൽ കേവലം ഒമ്പത് ശതമാനം മാത്രം വോട്ടുവിഹിതമുണ്ടായിരുന്ന ബി.ജെ.പി അഞ്ച് വർഷത്തിനപ്പുറം അനായാസമായി ഭരണത്തിലേറി. 33.3 ശതമാനം വോട്ടുകളാണ് അന്ന് ബി.ജെ.പിയിലേക്ക് ഒഴുകിയത്. ഇതേ പ്രഭാവത്തോടെ തുടരാനൊന്നും ബി.ജെ.പിക്കായില്ലെങ്കിലും പരമ്പരാ​ഗത വോട്ടുബാങ്കുകളിലേക്കടക്കം അവർക്ക് കടന്നുകയറാനായി. ഇപ്പോഴിതാ, സംസ്ഥാനത്തെ പ്രബലരായ ജാട്ട് വിഭാ​ഗത്തിന്റെ വോട്ടുകൾ ബി.ജെ.പി.ക്കൊപ്പം നിൽക്കില്ലെന്ന് പറയുമ്പോഴും അവർ അനായാസേന ഭരണത്തിലേറുന്നു. 

placeholder
കുമാരി ഷെൽജയും ദീപിന്ദർ സിങ് ഹൂഡയും. ഫയൽ ചിത്രം

എല്ലാംകൊണ്ടും അനുകൂലമായ സാഹചര്യത്തെ ഉൾപാർട്ടി പോരുകൊണ്ടും ഗ്രൂപ്പുവഴക്കിനാലും തങ്ങളിൽ നിന്നും നഷ്ടപ്പെടുത്തുന്ന പാരമ്പര്യമുള്ള കോൺ​ഗ്രസിന് ഹരിയാണയും ചില ഓർമപ്പെടുത്തലുകൾ നൽകുന്നുണ്ട്. സഖ്യത്തോടും ഒപ്പം നിൽക്കുന്ന കക്ഷികളോടും കോൺ​ഗ്രസ് ഇനിയും മയപ്പെടേണ്ടിയിരിക്കുന്നു. ഒരുഭാ​ഗത്ത് പാർട്ടി തിരിച്ചുവരവിന്റെ പാതയിലാണ് എന്ന് പറയുമ്പോഴും മറുഭാ​ഗത്ത് മൂന്നാംതവണയും ഭരിക്കുന്നത് മോദിയാണ്. അധികാരമോഹത്തിനിപ്പുറം ജനാധിപത്യമൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ടതാകണം സഖ്യം. ദേശീയതലത്തിൽ സഖ്യം രൂപീകരിക്കുകയും സംസ്ഥാനതലത്തിൽ കോൺ​ഗ്രസ് സഖ്യകക്ഷിയോടുതന്നെ മത്സരിക്കുന്നു എന്നതും മുമ്പേ ഉയർന്ന വിമർശനമാണ്. ഹരിയാണയിലും സ്ഥിതി മറ്റൊന്നല്ല. 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒപ്പംനിന്ന ആം ആദ്മി പാർട്ടിയോടൊപ്പം തന്നെ കോൺ​ഗ്രസ് തുടരുമെന്നായിരുന്നു മുൻകൂർധാരണ. എന്നാൽ, കാര്യങ്ങൾ സീറ്റ് ചർച്ചയിലേക്ക് കടന്നതോടെ സഖ്യം രണ്ടുവഴിക്കായി. പഞ്ചാബ്, ഡൽഹി അതിർത്തിമേഖലകളിൽ പത്ത് സീറ്റ് വേണമെന്ന് ആം ആദ്മിയുടെ ആവശ്യമുന്നയിച്ചതോടെ സഖ്യസാധ്യതകൾ ഇല്ലാതായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഐ.എൻ.എൽ.ഡി.യേക്കാളും ബി.എസ്.പിയേക്കാളും വോട്ടുവിഹിതമുണ്ടായിരുന്ന പാർട്ടിയാണ് ഇതെന്ന് ഓർക്കണം. ഇരുപാർട്ടികളും വെവ്വേറെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 90 സീറ്റുകളിലും ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 89 സീറ്റുകളിലും നേരിട്ടിറങ്ങാൻ തന്നെ കോൺ​ഗ്രസും തീരുമാനിച്ചു. ഭിവാനി സീറ്റ് സി.പി.എമ്മിനും.

സഖ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേതൃതലത്തിൽ വിശദീകരിക്കാമെന്ന് കരുതാം. എന്നാൽ, തിരഞ്ഞെടുപ്പ് ദിവസം പോലും പ്രകടമാക്കുന്ന ഈ ഗ്രൂപ്പുവഴക്കിനേയും കൂട്ടിൽക്കുത്തിനേയും എന്ത് പറഞ്ഞ് ന്യായീകരിക്കും കോൺ​ഗ്രസ്. ഭൂപീന്ദർ സിങ് ഹൂഡയുടെ സംഘവും സിർസ എം.പി. കുമാരി ഷെൽജ നേതൃത്വംനൽകുന്ന ഗ്രൂപ്പും തമ്മിലുള്ള ഉൾപാർട്ടി പോര് പുറത്ത് സംസാരമാകാൻ തുടങ്ങിയിട്ട് കാലമേറെയായി. സ്വന്തം ആളുകൾക്ക് വേണ്ടി സീറ്റ് വീതംവെയ്ക്കുന്നത് മുതൽ ഇക്കാര്യം പ്രകടമായിരുന്നു. മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി ഷെൽജ ഒരുശ്രമം നടത്തിയെങ്കിൽ സിറ്റിങ്‌ എം.പി.മാർ മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡിൽനിന്നെത്തിയതോടെ അവർ പത്തി മടക്കുകയായിരുന്നു. 

ബി.ജെ.പി.യുടെ ഉയിർത്തെഴുന്നേൽപ്പ്
ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പാണ് ഹരിയാണയിലും ജമ്മു-കശ്മീരിലും അരങ്ങേറിയത്. ഇത്തവണ നാനൂറിലധികം എന്ന മുദ്രാവാക്യവുമായി ജനങ്ങളിലേക്കിറങ്ങിയ മോദി സ്വന്തം തട്ടകങ്ങളിൽപ്പോലും വഴുതുന്നതിന് ജനങ്ങൾ സാക്ഷിയായിരുന്നു. തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികളിൽ മനസ്സുമടുത്ത കോൺ​ഗ്രസിനാകട്ടെ ലോക്സഭ നൽകിയത് പുതുജീവനും. നേതൃത്വത്തിനും നേതാക്കൾക്കുമുപരി കോൺ​ഗ്രസ് പ്രവർത്തകർക്ക് ലോക്സഭാ ഫലം നൽകിയ പ്രതീക്ഷകൾ വളരെ വലുതായിരുന്നു. ഇതേ പ്രതീക്ഷയിൽ നിന്നുതന്നെയാണ് അവർ പ്രവർത്തിച്ചതും. എന്നാൽ, അന്തിമഫലം പുറത്തുവരുമ്പോൾ ലോക്സഭയിൽ ഒരടി പിന്നോട്ടുപോയ ബി.ജെ.പി പ്രവർത്തകർക്ക് ഹരിയാണ കാത്തുവെച്ചത് അനിവാര്യമായ ഉയിർത്തെഴുന്നേൽപ്പ്. ഹരിയാണയിലും ജമ്മു-കശ്മീരിലും മാത്രം ഒതുങ്ങുമോ ഈ അലയൊലികൾ എന്നതും സംശയമാണ്. വരാനിരിക്കുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഡൽഹി തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്കുള്ള ഓർമപ്പെടുത്തൽ കൂടെയാകും ഈ വിധി. 

placeholder
നരേന്ദ്രമോദി, നയാബ് സിങ് സെയ്നി | Photo:PTI

ലോക്സഭാ തിരഞ്ഞെടുപ്പിലെ അതേ ട്രെന്റിലാണ് കാര്യങ്ങളെങ്കിൽ ഫലം കോൺ​ഗ്രസിന് അനുകൂലമായിരിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കൂകൂട്ടൽ. ഈ ആത്മവിശ്വാസം തന്നെയാണ് പിഴച്ചതും. 2019-ലെ പൂജ്യത്തിൽനിന്നാണ് ഇക്കുറി അഞ്ച് സീറ്റുകൾ സ്വന്തമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് മുന്നേറി. 2019-ൽ 28.5 ശതമാനം മാത്രമായിരുന്നു കോൺ​ഗ്രസിന്റെ വോട്ടുവിഹിതമെങ്കിൽ 2024-ൽ അത് 43.67 ശതമാനമായി വർധിച്ചു. 15 ശതമാനത്തിലധികം വരുന്ന കുതിച്ചുചാട്ടം. മറുഭാ​ഗത്തോ, അപ്രതീക്ഷിതമെന്ന് പറയാവുന്ന തിരിച്ചടിയാണ് ബി.ജെ.പി. നേരിട്ടത്. 10 ശതമാനത്തിലധികം വോട്ടുകൾ അവർക്ക് നഷ്ടമായി. പത്തിൽ പത്തിൽ നിന്നും അവർ അഞ്ചിലേക്ക് പതിച്ചു. 

എന്നാൽ, ചിട്ടയായ പ്രവർത്തനത്തിലൂടെ, മാസങ്ങൾക്ക് മുമ്പ് തങ്ങൾ നേരിട്ട തിരിച്ചടിയെ ബി.ജെ.പി. മറികടന്നു. 3.41 ശതമാനം വോട്ടുവിഹിതവും ഉയർത്തിയാണ് ബി.ജെ.പി. ഹാട്രിക് ഭരണത്തിലേക്ക് കടന്നത്. 2019-ൽ 36.49 ശതമാനം വോട്ടാണ് ബി.ജെ.പി ബാലറ്റിൽ വീണത്. എന്നാൽ, ഇക്കുറി അത് 39.91 ശതമാനമായി വർധിച്ചു. അധികാരത്തിലേറാൻ സാധിച്ചില്ലെങ്കിലും, വോട്ടുവിഹിത കണക്കുകളിൽ ഹരിയാണയിൽ കോൺ​ഗ്രസും നേട്ടമുണ്ടാക്കി. 11 ശതമാനത്തിന്റെ വളർച്ച സംസ്ഥാനത്ത് പാർട്ടിക്കുണ്ടായി.  28.08 ശതമാനമായിരുന്നു 2019-ലെങ്കിൽ ഇക്കുറി 39.1 ശതമാനം വോട്ട്‌ കോൺഗ്രസിന് ലഭിച്ചു.

രാഷ്ട്രീയ ​ഗോദയിൽ ​ഗോൾഡ്
വിനേഷ് ഫോ​ഗട്ട്! അപ്രതീക്ഷിതമായിട്ടായിരുന്നു രാഷ്ട്രീയ ​ഗോദയിലേക്കുള്ള അവരുടെ കടന്നുവരവ്. ഗുസ്തിതാരങ്ങളുടെ സമരത്തിലെ മുൻനിര പോരാളിയിൽ നിന്നും വർത്തമാന രാഷ്ട്രീയത്തിലേക്കുള്ള വിനേഷിന്റെ ചുവടുവെപ്പ് അതിസൂക്ഷമമായിരുന്നു. പാരീസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ ശേഷം തിരിച്ചെത്തിയ വിനേഷ് ഇന്ത്യൻ ജനതയെ സംബന്ധിച്ച് വലിയ നോവായി. ഈ വികാരത്തെ ജുലാനയിലെങ്കിലും കൃത്യമായി ഉപയോ​ഗിക്കാൻ കോൺ​ഗ്രസിനായി. രാഷ്ട്രീയ ​ഗോദയിലെ കന്നിയങ്കത്തിൽ എതിർസ്ഥാനാർഥിയെ മലർത്തിയടിച്ച് വിനേഷ് ഫോ​ഗട്ടിന് ഉജ്ജ്വലവിജയം.

ബി.ജെ.പി.യെ സംബന്ധിച്ച് അഭിമാനപോരാട്ടമായിരുന്നു ജുലാനയിൽ. എന്ത് വിലകൊടുത്തും മണ്ഡലം സ്വന്തമാക്കണമെന്ന് അവർ ആശിച്ചു. സംസ്ഥാനത്താകെ പാർട്ടി നടത്തിയ മുന്നേറ്റത്തിൽ പല കോൺ​ഗ്രസ് നേതാക്കൾക്കും കാലിടറിയെങ്കിലും വിനേഷിന്റെ തേരോട്ടത്തിന് തടയിടാൻ ബി.ജെ.പിക്കായില്ല. സുരക്ഷിതമായ മണ്ഡലമല്ലായിരുന്നു വിനേഷിന് ജുലാന. ഒരു കോൺ​ഗ്രസ് സ്ഥാനാർഥി മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ട് പതിറ്റാണ്ടുകളായി. രാജ്യം ഒന്നടങ്കം വീക്ഷിച്ച സൂപ്പർ മത്സരത്തിൽ ബി.ജെ.പി.യുടെ യോഗേഷ് കുമാറിനെ 6015 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിന്തള്ളി വിനേഷ് ഫോ​ഗട്ട് തന്റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടുമാത്രം മണ്ഡലം പിടിച്ചെടുത്തു.

placeholder
വിനേഷ് ഫോ​ഗട്ട് | Photo:PTI

തിരഞ്ഞെടുപ്പിലെ സൂപ്പർതാരം വിനേഷ് ഫോ​ഗട്ട് ആയിരുന്നെങ്കിൽ വിമതരുടെ കാര്യത്തിൽ അത് ഏഷ്യയിലെ ഏറ്റവും ധനികയായ സാവിത്രി ജിൻഡാൽ ആയിരുന്നു. ഹിസാറിൽ നിന്നും ഒരുകാലത്ത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് മന്ത്രിസ്ഥാനം വരെ നേടിയ വ്യക്തിയാണ് സാവിത്രി. മുമ്പ് സാവിത്രിയുടെ ഭർത്താവ് ഓംപ്രകാശ് ജിൻഡാൽ പ്രതിനിധീകരിച്ച മണ്ഡലമാണ് അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് കോൺഗ്രസ് സാവിത്രിക്ക് കൈമാറിയത്. പിന്നീട്, മകൻ നവീൻ ജിൻഡാൽ ബി.ജെ.പി.യിലേക്ക് കൂറുമാറിയതോടെയാണ് അമ്മയും കാവിക്കൂടാരത്തിലേക്ക് ചേക്കേറിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുരുക്ഷേത്രയിൽ നിന്നും ബി.ജെ.പി. ടിക്കറ്റിൽ നവീൻ ജയിക്കുകയും ചെയ്തിരുന്നു. 

എന്നാൽ, 2024-ൽ ബി.ജെ.പി തനിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്രയായി കളത്തിലിറങ്ങാൻ വ്യവസായ പ്രമുഖ തീരുമാനിച്ചത്. ബി.ജെ.പി.യുടെ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ കമൽ ​ഗുപ്തയ്ക്കെതിരെ ജനവിധി തേടിയ സാവിത്രി 18,941 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് മണ്ഡലം സ്വന്തമാക്കി. കമൽ ​ഗുപ്ത ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും ബി.ജെ.പി.ക്ക് ക്ഷീണമായി. 

ഉച്ചാനകലാനിലെ ജനവിധിയും ഏറെ പ്രത്യേകതയുള്ളതാണ്. ഏറിയും കുറഞ്ഞും മാറിമറഞ്ഞ ലീഡുനിലയിൽ അവസാന ഫോട്ടോഫിനിഷിൽ 32 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി.യുടെ ദേവേന്ദർ അത്രിയ മണ്ഡലം സ്വന്തമാക്കുന്നത്. കോൺ​ഗ്രസിന്റെ ബ്രിജേന്ദർ സിങ്ങാണ് മണ്ഡലത്തിൽ രണ്ടാമതെങ്കിലും സിറ്റിങ് എം.എൽ.എ. ദുഷ്യന്ത് ചൗട്ടാല അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും അതിശയകരമാണ്. 92,504 വോട്ടുകൾ നേടി 2019-ൽ മണ്ഡലത്തെ പ്രതിനിധീകരിച്ച ദുഷ്യന്തിന് ഇത്തവണ ലഭിച്ചതാകട്ടെ, വെറും 7950 വോട്ടുകൾ.

ഹരിയാണയിലെ ചെറുമീനുകൾ
ചെറുകക്ഷികൾ മുതൽ സ്വതന്ത്രർ വരെ ജനവിധിയെ മാറ്റിമറിച്ചേക്കാവുന്ന തിരഞ്ഞെടുപ്പുകളാണ് ഹരിയാണയിലേത്. 2019-ൽ അത് ദുഷ്യന്ത് ചൗട്ടാലയുടെ ജൻനായക് ജനതാ പാർട്ടിയായിരുന്നു. പത്ത് സീറ്റുകൾ നേടി അപ്രതീക്ഷിത മുന്നേറ്റം നടത്തി ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയ ദുഷ്യന്ത് അന്ന് ഹരിയാണ ഉപമുഖ്യമന്ത്രിയായി. ഇക്കുറി ബി.ജെ.പി. സഖ്യംവിട്ട് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി ചേർന്നായിരുന്നു ജെ.ജെ.പി മത്സരത്തിനിറങ്ങിയത്.

തിരിച്ചുവരവിന് പോലും സാധ്യതയില്ലാത്തവിധം ഒരു ഫലമാണ് ദുഷ്യന്തിന്റെ അവസരവാദരാഷ്ട്രീയത്തിന് ജനം നൽകിയത്. മത്സരിച്ച മുഴുവൻ മണ്ഡലങ്ങളിലും ജെ.ജെ.പി. സ്ഥാനാർഥികൾ തോറ്റു.  2019-ൽ 14.80 ശതമാനമുണ്ടായിരുന്നു വോട്ട് ഇക്കുറി ഒരു ശതമാനത്തിലും താഴെപ്പോയി. സിറ്റിങ് മണ്ഡലമായ ഉച്ചാനകലാനിൽ ദുഷ്യന്ത് അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കർഷകസമരകാലത്ത് ബി.ജെ.പി.ക്കൊപ്പം നിന്നതിന് ഏറെ പഴികേട്ട നേതാവായിരുന്നു ദുഷ്യന്ത്. ഇതോടെ, കൈയിലിരുന്ന ജാട്ടുവോട്ടുകൾ പൂർണമായും നഷ്ടപ്പെട്ടു. ആസാദിന്റെ മുഖം ദളിത് വോട്ടുകൾ തന്നിലേക്കെത്തിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. 

placeholder
ചന്ദ്രശേഖർ ആസാദ്, ദുഷ്യന്ത് ചൗട്ടാല | Photo:PTI

അതേസമയം, നിലനിൽപ്പിന്റെ പോരാട്ടത്തിനിറങ്ങിയ അഭയ് സിങ് ചൗട്ടാലയുടെ ഐ.എൻ.എൽ.ഡി.യ്ക്ക് ഇക്കുറിയും രക്ഷയില്ല. വലിയ പ്രതീക്ഷയുമായി തിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയ ഐ.എൻ.എൽ.ഡി. രണ്ട് സീറ്റിലൊതുങ്ങി. ജെ.ജെ.പി ഒരടി പിന്നോട്ട് പോയതിലുള്ള പ്രതീക്ഷ മുന്നിൽക്കണ്ടിറങ്ങിയ അഭയ് സിങ് ചൗട്ടാലയും തോറ്റു. മായാവതിയുടെ ബി.എസ്.പിയുമായി സഖ്യം രൂപീകരിച്ച് ഒന്നിച്ച് പോരാടാനുള്ള തീരുമാനത്തിൽ കോൺ​ഗ്രസിന് അനുകൂലമായേക്കാവുന്ന ചില വോട്ടുകളിൽ വിള്ളൽവീഴ്ത്തിയതൊഴിച്ചാൽ മറ്റ് നേട്ടമൊന്നും ഇരുവർക്കും അവകാശപ്പെടാനില്ല. 

കർഷകസമരവും അ​ഗ്നിവീറും
കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ അവ​ഗണനയും അ​ഗ്നിവീർ പദ്ധതിയോടുള്ള എതിർപ്പും ബി.ജെ.പിയെ സാരമായി ബാധിക്കുമെന്നാണ് കോൺ​ഗ്രസ് കരുതിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് കണ്ടതുമാണ്. എന്നാൽ, കേന്ദ്രത്തോടുള്ള അവ​ഗണനയ്ക്കപ്പുറം സംസ്ഥാന തിരഞ്ഞെടുപ്പിൽ വിഷയത്തെ ഉയർത്തിക്കാട്ടുന്നതിൽ കോൺ​ഗ്രസ് നേതൃത്വം അമ്പേ പരാജയപ്പെട്ടു എന്നത് ഇപ്പോൾ വ്യക്തമാണ്. മാത്രമല്ല, ഈ രണ്ടുവിഷയങ്ങളേയും ബി.ജെ.പി സംസ്ഥാന നേതൃത്വം കൃത്യമായി തന്നെ കൈകാര്യം ചെയ്തിരുന്നു. കർഷകർക്ക് നൽകാവുന്ന വാ​ഗ്ദാനങ്ങളെല്ലാം പ്രകടന പത്രികയിൽ ഉറപ്പുവരുത്തി. അ​ഗ്നിവീറുകളുടെ കാര്യത്തിൽ, അവർക്ക് വിവിധ വിഭാ​ഗങ്ങളിൽ തൊഴിൽസംവരണമടക്കം ഉറപ്പുനൽകിയാണ് ബി.ജെ.പി വോട്ടുറപ്പിച്ചത്. വോട്ടെണ്ണൽ പൂർത്തിയായി ബി.ജെ.പി വിജയം ഉറപ്പിച്ചതോടെ ഇതേവിഷയങ്ങൾ ചൂണ്ടിക്കാട്ടി മോദി കോൺ​ഗ്രസിനുള്ള മറുപടി നൽകി. സഖ്യകക്ഷികളുടെ കനിവിൽ ജീവിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും കർഷകരെയും സൈനികരെയും ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ഈ രണ്ട് വിഷയങ്ങളിൽ തങ്ങെളെടുത്ത നിലപാടുകൾ പിഴച്ചിട്ടില്ല എന്നുകൂടെ പറയാതെ പറയുന്നുണ്ട് മോദി.

placeholder
നയാബ് സിങ് സൈനി, ഭൂപീന്ദർ സിങ് ഹൂഡ | Photo: ANI, PTI

ജാട്ടുകളും ജാട്ട് ഇതരരും
രാഷ്ട്രീയവിഷയങ്ങൾക്കപ്പുറം ആത്യന്തികമായി ഇന്ത്യൻ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന തുറുപ്പുചീട്ടാണ് ജാതി. കലങ്ങിമറഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും ജാതി സമവാക്യങ്ങൾ സമർഥമായി ഉപയോ​ഗിക്കാൻ രാഷ്ട്രീയ പാർട്ടികൾ മറക്കാറില്ല. ഹരിയാണയിലും സ്ഥിതി വ്യത്യസ്തമല്ല. ജാട്ടുകളും ജാട്ട് ഇതരരും തമ്മിലുള്ള മത്സരമായിരുന്നു ഒരുകാലത്ത് ഹരിയാണയിലേത്. 2014-ൽ ഈ സമവാക്യങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. എന്നാൽ, 2024-ലെത്തുമ്പോൾ ബി.ജെ.പി തങ്ങളുടെ നയത്തിൽ ചെറിയമാറ്റംവരുത്തി. 25 ശതമാനം വരുന്ന ജാട്ട് വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ 75 ശതമാനം വരുന്ന ജാട്ട് ഇതര വോട്ടുകളെ തങ്ങളിലേക്കെത്തിക്കാൻ ബി.ജെ.പി തീരുമാനിച്ചു. ഇക്കാര്യത്തിൽ ബി.ജെ.പി വിജയിക്കുകയും ചെയ്തു. മുന്നാക്കവിഭാ​ഗത്തിൽപ്പെട്ടവരും ന​ഗരവാവാസികളുമായിരുന്നു ഒരുകാലംവരെ ബി.ജെ.പിയെ പിന്തുണച്ചിരുന്നത്. 2014-ലെ മോദി തരം​ഗത്തിലാണ് കാര്യങ്ങൾ മാറിമാറിയുന്നത്. മുസ്ലിം വിഭാ​ഗവും ജാട്ടുകളും ഒഴികെയുള്ള വിഭാ​ഗങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമം ബി.ജെ.പി ആരംഭിച്ചു. ഇതിൽ, പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട വോട്ടുകൾ തങ്ങളിൽ ഉറപ്പിച്ചുനിർത്താൻ ബി.ജെ.പിക്കായി.