ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്ന പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനില്‍നിന്ന് ലഭിച്ച പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി ഉന്നയിച്ച ആരോപണങ്ങള്‍ കമ്മിഷന്‍ തള്ളിയിരുന്നു.
നിഷ്പക്ഷതയുടെ അവസാനത്തെ അടയാളംകൂടി ഉപേക്ഷിക്കുകയാണ് കമ്മിഷന്റെ ലക്ഷ്യമെങ്കില്‍, അത് സാധ്യമാക്കുന്നതില്‍ പ്രശംസനീയമായ ജോലിയാണ് അവര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. പാര്‍ട്ടിയുടെ പരാതിക്ക് കമ്മിഷനില്‍നിന്ന് ലഭിച്ച മറുപടിയുടെ ഭാഷയെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
തങ്ങളാണ് ശരിയെന്ന ധ്വനിയുള്ളതായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ മറുപടി. ഇത്തരം ഭാഷ ഉപയോഗിക്കുന്നപക്ഷം അത് ഒഴിവാക്കിക്കിട്ടാന്‍ നിയമനടപടികളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരാകുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ഹരിയാണ നിയമസഭാ ഫലത്തെ കുറിച്ച് കോണ്‍ഗ്രസ് ഉന്നയിച്ച പരാതികളെ, വിഷമകരമായ തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ ഉന്നയിക്കുന്ന അടിസ്ഥാന രഹിത ആരോപണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിമര്‍ശിച്ചത്.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്‍, തിരഞ്ഞെടുപ്പു കമ്മിഷന് തന്നെ ക്ലീന്‍ചിറ്റ് നല്‍കിയത് തങ്ങളെ ഞെട്ടിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. പാര്‍ട്ടി ഉന്നയിച്ച ചോദ്യങ്ങള്‍ കൃത്യതയുള്ളതായിരുന്നു. എന്നാല്‍ കമ്മിഷനില്‍നിന്ന് ലഭിച്ച മറുപടികള്‍ കൃത്യതയില്ലാത്തതും പരാതിക്കാരെയും പരാതിയെയും വിലയിടിച്ചുകാണിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പു കമ്മിഷനുള്ള കോണ്‍ഗ്രസിന്റെ മറുപടിയില്‍ കെ.സി. വേണുഗോപാല്‍, അശോക് ഗെഹ്ലോത്, ഭൂപീന്ദര്‍ ഹൂഡ, അജയ് മാക്കന്‍, അഭിഷേക് മനു സിങ്വി, ഉദയ് ഭാന്‍, പ്രതാപ് ബാജ്വ, ജയ്റാം രമേശ്, പവന്‍ ഖേര എന്നിവര്‍ ഒപ്പുവെച്ചിട്ടുണ്ട്.
Content Highlights: congress against election commission reply over haryana election result irregularity allegation
Published: 01 Nov 2024, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented