ന്യൂഡൽഹി: ഹരിയാണയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാതിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ആഭ്യന്തരസമിതിയെ നിയോഗിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി തീരുമാനിച്ചു. രാഷ്ട്രീയതിരിച്ചടിയും വോട്ടിങ് യന്ത്രത്തിലെ കൃത്രിമവും പരിശോധിക്കാൻ രാഷ്ട്രീയ-സാങ്കേതിക പഠനത്തിന് പ്രാപ്തമായ സമിതിയെയാണ് നിശ്ചയിക്കുക. സംസ്ഥാനഘടകങ്ങളിൽ ബൂത്തുതലംവരെ ആവശ്യമായ അഴിച്ചുപണി നടത്താൻ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തി. സംഘടനയുടെ ബലഹീനതകളും പോരായ്മകളും തിരുത്താൻ കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്ന് ഖാർഗെ വ്യക്തമാക്കി. തോൽവിയിൽ വോട്ടിങ് യന്ത്രത്തിലെ കൃത്രിമത്വമുണ്ടെന്ന് ആരോപണമുന്നയിച്ച യോഗം ഇതിനെതിരേ പ്രചാരണപരിപാടി നടത്താനും തീരുമാനിച്ചു.
വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കരുതിയ ഹരിയാണയിലെ തോൽവിക്ക് വോട്ടിങ് യന്ത്രത്തെയാണ് പാർട്ടി പരസ്യമായി കുറ്റപ്പെടുത്തിയതെങ്കിലും പ്രവർത്തകസമിതിയിൽ സംസ്ഥാനനേതാക്കളുടെ തമ്മിലടി പരാജയത്തിന് കാരണമായതായി നേതാക്കൾ കുറ്റപ്പെടുത്തി. ഐക്യത്തിന്റെ അഭാവവും വിരുദ്ധപ്രസ്താവനകളും ദോഷമുണ്ടാക്കിയതായി ഖാർഗെയും രാഹുലും പറഞ്ഞു. മഹാരാഷ്ട്രയിൽ ഐക്യത്തോടെയും ഊർജസ്വലമായും പ്രവർത്തിച്ചതായി ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള അദാനി ഗ്രൂപ്പിനെതിരേയുള്ള അഴിമതി ആരോപണം അന്വേഷിക്കണം, മണിപ്പുരിൽ തുടരുന്ന അക്രമത്തിന് ഒരിക്കൽപ്പോലും അവിടെപ്പോകാത്ത പ്രധാനമന്ത്രിയാണ് ഉത്തരവാദി, 1991-ലെ ആരാധനാലയങ്ങൾ (പ്രത്യേക വകുപ്പുകൾ) നിയമത്തിലുള്ള പ്രതിജ്ഞാബദ്ധത ഉറപ്പിക്കുക എന്നിങ്ങനെ മൂന്ന് പ്രമേയങ്ങളും സമിതി പാസാക്കി. മഹാത്മാഗാന്ധി 1924 ഡിസംബർ 26-ന് ബെൽഗാമിൽനടന്ന സമ്മേളനത്തിലാണ് എ.ഐ.സി.സി.യുടെ അധ്യക്ഷനായതെന്നും ഇതിന്റെ നൂറാം വാർഷികം ബെൽഗാമിൽ ആഘോഷിക്കാൻ തീരുമാനിച്ചതായും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ പറഞ്ഞു.
യോഗത്തിൽ 81 പേർ പങ്കെടുത്തു. കേരളത്തിൽനിന്ന് കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ എന്നിവരും ഉണ്ടായിരുന്നു.
Content Highlights: haryana maharashtra election setback congress committee
Published: 30 Nov 2024, 06:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented