മുംബൈ: ബി.ജെ.പിയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് മറുപടിയുമായി കോണ്‍ഗ്രസ് എം.പി. കുമാരി ഷെല്‍ജ. തന്റെ സിരകളില്‍ ഓടുന്നത് കോണ്‍ഗ്രസ് രക്തമാണെന്നും പിതാവിനെപ്പോലെ തന്റേയും അന്ത്യയാത്ര ത്രിവര്‍ണ പതാക പുതച്ചായിരിക്കുമെന്നും ഷെല്‍ജ പറഞ്ഞു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അവരുടെ പ്രതികരണം.

To advertise here,

'എനിക്ക് ഉപദേശം നല്‍കുന്നതില്‍നിന്ന് ബി.ജെ.പി. നേതാക്കള്‍ വിട്ടുനില്‍ക്കണം. എന്റെ സിരകളില്‍ ഓടുന്നത് കോണ്‍ഗ്രസാണ്. അച്ഛന്‍ മരിച്ചപ്പോള്‍ പൊതിഞ്ഞ അതേ ത്രിവര്‍ണ പതാക പുതച്ചായിരിക്കും ഞാനും പോകുന്നത്', അവര്‍ പറഞ്ഞു.

അതേസമയം, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ സമ്മതിച്ചു. എന്നാലത് പാര്‍ട്ടിയുടെ ആഭ്യന്തരചര്‍ച്ചകളുടെ ഭാഗം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി. 'പരസ്യമായി പറയാന്‍ കഴിയാത്ത പല ചര്‍ച്ചകളും പാര്‍ട്ടിയില്‍ നടക്കും. പാര്‍ട്ടി വളര്‍ന്നുകൊണ്ടിരിക്കുകയാണ്, അത്തരം കാര്യങ്ങള്‍ ആഭ്യന്തര ചര്‍ച്ചകളുടെ ഭാഗമാണ്', അവര്‍ പറഞ്ഞു.

ആര്‍ക്കും ആവശ്യങ്ങള്‍ ഉന്നയിക്കാം. എന്നാല്‍, അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. ചിലരെ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ താന്‍ പറഞ്ഞിട്ടുണ്ടാവാം. അത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഉക്‌ലാനയില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സ്ഥാനാര്‍ഥിത്വം ലഭിച്ചില്ല. എന്നാലത് തന്റെ രാഷ്ട്രീയത്തിലെ നിലനില്‍പ്പിന്റെ അവസാനമാണെന്നല്ല അര്‍ഥം. ഭാവിയിലും കൂടുതല്‍ അവസരം ലഭിക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചുള്ള ചോദ്യത്തോട് അവര്‍ പ്രതികരിച്ചു.

ആദ്യഘട്ടത്തില്‍ സജീവമായിരുന്ന ഷെല്‍ജ, സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പ്രചാരണത്തില്‍നിന്ന് പിന്നോട്ടുപോയത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മത്സരിക്കാന്‍ താത്പര്യപ്പെട്ടിരുന്ന അവര്‍ക്ക് ടിക്കറ്റ് നിഷേധിച്ചു. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍നിന്ന് അവര്‍ വിട്ടുനിന്നതോടെ ഷെല്‍ജ പാര്‍ട്ടി വിട്ടേക്കുമെന്നുവരെ അഭ്യൂഹമുയര്‍ന്നു. ഇതിന് പിന്നാലെയാണ് ഖട്ടര്‍ അവരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്.