ന്നും കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണായിരുന്നു ഹരിയാണ. 1967 മുതലുള്ള ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ പലതവണ അധികാരത്തിലേറി. രാഷ്ട്രീയക്കളികളും കൂറുമാറലും കുറുമുന്നണികളും പലതവണ വിലങ്ങുതടിയായപ്പോഴും കോണ്‍ഗ്രസിന് എന്നും തങ്ങളുടേതായ സ്ഥാനമുണ്ടായിരുന്നു. ഇവിടേക്കായിരുന്നു 2014 മുതല്‍ ബി.ജെ.പിയുടെ കടന്നുകയറ്റം. 2009 ല്‍ ആകെ നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 2014 ല്‍ എന്‍.ഡി.എ യുടെ നേതൃത്വത്തില്‍ 47 സീറ്റുമായി അധികാരത്തിലേറിയപ്പോഴും ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, 2019 ല്‍ ബി.ജെ.പി വീണ്ടും അധികാരം  നിലനിര്‍ത്തി. എന്നാല്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അവരുടെ മുന്നേറ്റത്തിന് തടയിട്ടുവെന്ന് കരുതിയിരുന്നുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ഇതേ ബി.ജെ.പി ഒറ്റയ്ക്ക് നടത്തിയ കുതിപ്പിന് കൂടിയാണ് ഹരിയാണ സാക്ഷിയായിരിക്കുന്നത്. അങ്ങനെ 1967, 68, 72 കാലത്തെ കോണ്‍ഗ്രസ് ഭരണത്തിന് ശേഷം ഹാട്രിക് ഭരണം നേടുന്നവരായി ബി.ജെപി. മാറുകയും ചെയ്തു.  

To advertise here,

ലോക്‌സഭയിലെ അടിപതറൽ ആവര്‍ത്തിക്കാതെ

ഹരിയാണയില്‍ പത്തുവര്‍ഷത്തിലേറെയായി അധികാരത്തിലിരുന്നതിന്റെ ആത്മവിശ്വാസവുമായാണ് ബി.ജെ.പി 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. പക്ഷേ, ജനരോഷത്തില്‍ കണക്കുകൂട്ടലുകള്‍ പാളുകയായിരുന്നു. 2019 ല്‍ പത്തില്‍ പത്തും ജയിച്ച ബി.ജെ.പി 2024 ആവുമ്പോഴേക്കും അഞ്ചിലൊതുങ്ങി. ഹരിയാണയിലെ നിര്‍ണായക വോട്ടുബാങ്കായ ജാട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കിയ പിന്തുണയായിരുന്നു ഇതിന് കാരണം. ഇത് നിയമസഭയിലും ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നെങ്കിലും അതുണ്ടായില്ല എന്നുവേണം അനുമാനിക്കാൻ. ഇതിന് പുറമെ കര്‍ഷക സമരത്തിനെതിരേ കേന്ദ്രവും ഹരിയാണയിലെ ബിജെപി നേതൃത്വവും സ്വീകരിച്ച നിലപാടും അഗ്നിവീര്‍ പദ്ധതിയോടുള്ള എതിര്‍പ്പും ഗുസ്തി താരങ്ങളുടെ സമരവുമെല്ലാം അുനകൂലമാക്കുമെന്നാണ് കോണ്‍ഗ്രസ് കരുതിയതെങ്കില്‍ ഇതൊന്നും നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്നാണ് ബി.ജെ.പിയുടെ ഈ ഹാട്രിക് വിജയം പറഞ്ഞുവെക്കുന്നത്. ഇതിനൊപ്പമായിരുന്നു വിമത ശല്യവും ചെറുപാര്‍ട്ടികളുടെ സ്വാധീനവും. പക്ഷേ, ഇതിനെയെല്ലാം മറികടന്ന് ഒറ്റയ്ക്കുള്ള കുതിപ്പ്  നടത്താനായത് ബി.ജെ.പിക്ക് അവരെ സംബന്ധിച്ചിടത്തോളം വിജയത്തിന്റെ മാധുര്യമേറ്റിയിട്ടുമുണ്ട്. 

ഹരിയാണയില്‍ ഭരണവിരുദ്ധ വികാരം അലയിടിച്ചിരുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ തലത്തിലുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ സംവരണം മുതല്‍ ഇങ്ങോട്ട് നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നയാബ് സൈനി മുന്നോട്ടുവെച്ചിരുന്നത്. പക്ഷേ, ഇവയൊന്നും കാര്യമായ സ്വാധീനമുണ്ടാക്കുന്നതായിരുന്നില്ല. മാത്രമല്ല, ഭരണവിരുദ്ധവികാരത്തെ മറികടക്കാന്‍ എന്ത് തന്ത്രം പയറ്റണമെന്ന് ആലോചിച്ചിരിക്കുന്ന ഒരു ക്യാമ്പിലേക്ക് ഉള്‍പാര്‍ട്ടി പോര് കൂടെ കടന്നുവരികയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുടെ പരമ്പരയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരും പാര്‍ട്ടി നേരിട്ട് പുറത്താക്കിയവരും നിരവധി. ചില മന്ത്രിമാര്‍ക്കും സിറ്റിങ് എം.എല്‍.എ.മാര്‍ക്കും സീറ്റ് നിഷേധിച്ചതോടെ പ്രശ്‌നം ഗുരുതരമായി. ചിലര്‍, വിമതരായി. മറ്റു ചിലരാകട്ടെ, കോണ്‍ഗ്രസിലേക്കും ആം ആദ്മി പാർട്ടിയിലേക്കും ചേക്കേറി. എന്നിട്ടും ബി.ജെ.പിക്ക് തിരിച്ചുവരനായി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്‌. 

placeholder
ദുഷ്യന്ത് ചൗട്ടാല | ANI

അപ്രസക്തരായി ചെറുമീനുകള്‍

നേരത്തെ കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മില്‍ മാത്രമുള്ള  പോരാട്ടമായിരുന്നില്ല ഹരിയാണയിലേത്. ചെറുകക്ഷികള്‍ മുതല്‍ സ്വതന്ത്രര്‍ വരെ ജനവിധിയെ സ്വാധീനിച്ചിരുന്നു. 2019-ല്‍ അത് ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയായിരുന്നു. പത്ത് സീറ്റുകളുമായി അപ്രതീക്ഷിത മുന്നേറ്റം നടത്തി ബി.ജെ.പിക്കൊപ്പം നിന്ന പാര്‍ട്ടി, പക്ഷേ,  ഇത്തവണ കളംമാറി. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സീറ്റ് വിഭജനത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സഖ്യം പിരിഞ്ഞു. ഇതോടെ ഒരുകാലത്ത് കിങ്‌മേക്കര്‍ എന്ന് വിശേഷിക്കപ്പെട്ടിരുന്ന ദുഷ്യന്തിന്റെ പാര്‍ട്ടിക്ക് ലോക്‌സഭയില്‍ ലഭിച്ചത് ഒരു ശതമാനത്തില്‍ താഴെ വോട്ടുവിഹിതം. 

ദുഷ്യന്തിന്റെ അവസരവാദ രാഷ്ട്രീയത്തിനോടുള്ള ജനങ്ങളുടെ മറുപടികൂടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. 2019-ല്‍ ഉച്ചാനയില്‍ നിന്നും ജയിച്ചുകയറിയ ദുഷ്യന്ത് കര്‍ഷകസമരത്തില്‍ ബി.ജെ.പി.ക്കൊപ്പം നിന്നത് വലിയ വിമർശനങ്ങൾക്ക്  വഴിവെച്ചിരുന്നു. ജാട്ടുകളുടെ വോട്ടുനേടി അന്ന് മണ്ഡലം പിടിച്ചെടുത്ത ദുഷ്യന്തിന് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത് ഈ വോട്ടുബാങ്കുകൂടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി. സഖ്യം ഉപേക്ഷിച്ചെങ്കിലും കാര്യങ്ങള്‍ ദുഷ്യന്തിന് ഒട്ടും അനുകൂലമല്ലായിരുന്നു. 2019-ല്‍ 10 സീറ്റ് നേടിയ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ടു. പാര്‍ട്ടി നേതാവായ ദുഷ്യന്തിന് പോലും വിജയിക്കാനായില്ല. 
  
അഭയ് സിങ് ചൗട്ടാലയുടെ ഐ.എന്‍.എല്‍.ഡി.യായിരുന്നു സംസ്ഥാനത്തെ മറ്റൊരു പ്രമുഖ പാര്‍ട്ടി. ഐ.എന്‍.എല്‍.ഡി.യെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നു ഇത്. ഏക്കാലത്തേയും വോട്ടുബാങ്കായ ജാട്ടുകള്‍ വഴിമാറിയതും ദുഷ്യന്ത് പാര്‍ട്ടി പിളര്‍ത്തിയതുമെല്ലാം ഐ.എന്‍.എല്‍.ഡി.യെ ക്ഷീണിപ്പിച്ചു. ജെ.ജെ.പി ഒരടി പിന്നോട്ട് പോയതിലുള്ള പ്രതീക്ഷ മുന്നില്‍ക്കണ്ടാണ് അഭയും സംഘവും തിരഞ്ഞെടുപ്പിനിറങ്ങിയത്. ഇതിന് പിന്നാലെയാണ് മായാവതിയുടെ ബി.എസ്.പിയുമായി സഖ്യം രൂപീകരിച്ച് ഒന്നിച്ച് പോരാടാനുള്ള തീരുമാനത്തിലെത്തിയത്. പക്ഷേ, ഇവര്‍ക്കാര്‍ക്കും ബിജെപിയുടെ കുതിപ്പിനിടെ പ്രത്യേകിച്ചൊന്നും ഹരിയാണയില്‍ ചെയ്യാനുണ്ടായിരുന്നില്ല എന്നുവേണം മനസ്സിലാക്കാന്‍. 

placeholder
മനോഹര്‍ ലാല്‍ ഖട്ടര്‍ |ANI

മുഖ്യമന്ത്രിമാറ്റത്തില്‍ വിജയിച്ച് ഹരിയാണയും 

2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ 47 സീറ്റുമായാണ് ബി.ജെ.പി. സര്‍ക്കാര്‍ ഹരിയാണയില്‍ അധികാരത്തിലെത്തിയത്. അന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മോദിയുടെ അടുപ്പക്കാരനുമായ ഖട്ടര്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും  ജയിക്കുകയുമായിരുന്നു. ഗുജറാത്ത് ബി.ജെ.പിയിലെ കലഹത്തെത്തുടര്‍ന്ന് മോദിയെ ഹരിയാണയുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി അയച്ചിരുന്നു. അന്നുമുതലാണ് ഇരുവരും അടുക്കുന്നത്. 40 വര്‍ഷത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തന പരിചയവും ഖട്ടർക്ക് നിർണായകമായി. 

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിനുവേണ്ട 46 സീറ്റ് ഒറ്റയ്ക്കുനേടാന്‍ കഴിഞ്ഞില്ലെങ്കിലും ഖട്ടര്‍ വീണ്ടും മുഖ്യമന്ത്രിയായി. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായ ഖട്ടര്‍, രണ്ടുതവണ തുടര്‍ച്ചയായി ഭരണത്തിലെത്തുന്ന ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയുമായി. എന്നാല്‍, കാലാവധി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ പാര്‍ട്ടി അനുവദിച്ചില്ല.

കര്‍ഷകപ്രക്ഷോഭവും അതിനെതിരേ നടത്തിയ ഖട്ടറുടെ പ്രസ്താവനകളും ഇക്കാലത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ്, ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഖട്ടര്‍ രാജിവെക്കുന്നതും സംസ്ഥാന അധ്യക്ഷനായ നയാബ് സിങ് സൈനി മുഖ്യമന്ത്രിയാവുന്നതും. പഞ്ചാബിയായ ഖട്ടറെ മാറ്റി ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള സൈനിയെ മുഖ്യമന്ത്രിയാക്കിയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 30 ശതമാനത്തോളം വരുന്ന പിന്നാക്കവോട്ടുകള്‍ ഏകീകരിക്കാനും ഭരണവിരുദ്ധവികാരം ഇല്ലാതാക്കാനുമാണെന്ന് അന്നേ വിലയിരുത്തപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ഈ വിലയിരുത്തലാണ് വിജയം കണ്ടത്. അങ്ങനെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും ലഭിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയെ മാറ്റുന്ന ബി.ജെ.പിയുടെ പതിവ് ഹരിയാണയിലും ആവര്‍ത്തിച്ചപ്പോള്‍ മുറുമുറുപ്പ് നേരിട്ടെങ്കിലും ഗുജറാത്തിനും ഉത്തരാഖണ്ഡിനും ത്രിപുരയ്ക്കും പുറമെ ഹരിയാണയിലും ഇത് വിജയം കണ്ടു. ജാട്ട് വിഭാഗത്തില്‍നിന്നുള്ള ഒ.പി. ധന്‍കറെ മാറ്റിയാണ് സൈനി സംസ്ഥാന ബി.ജെ.പി. അധ്യക്ഷനാവുന്നത്. 25 ശതമാനത്തോളം വരുന്ന ജാട്ട് സമൂഹം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാണെങ്കിലും  ജാട്ടിതരവോട്ടുകളുടെ ഏകീകരണമായിരുന്നു ബി.ജെ.പി. ലക്ഷ്യമിട്ടത്.

2010-ല്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സൈനി, അത്തവണ പരാജയപ്പെട്ടു. 2014-ല്‍ നാരായിന്‍ഗഡില്‍നിന്ന് 24,000-ത്തിലേറെ വോട്ടിന് ജയിച്ച് എം.എല്‍.എയും മന്ത്രിയുമായി. 2019-ലെ തിരഞ്ഞെടുപ്പില്‍ കുരുക്ഷേത്രയില്‍ നിന്ന് മത്സരിച്ച് എം.പിയായിരിക്കുമ്പോഴാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും പിന്നീട് മുഖ്യമന്ത്രിയുമാവുന്നത്.

മുതിര്‍ന്ന നേതാവ് അനില്‍ വിജ് അടക്കമുള്ളവരുടെ എതിര്‍പ്പ് മറികടന്നാണ് സൈനി മുഖ്യമന്ത്രിയായത്. 2014-ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിച്ച തന്നെ ഇരുട്ടില്‍നിര്‍ത്തി സൈനിയെ മുഖ്യമന്ത്രിയാക്കിയെന്ന പരിഭവം അദ്ദേഹത്തിനുണ്ടായിരുന്നു. സൈനിയെ മുഖ്യമന്ത്രിയായി തീരുമാനിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയ അദ്ദേഹം നീരസം പരസ്യമാക്കുകയും ചെയ്തിരുന്നു.

placeholder
രാഹുല്‍ഗാന്ധി| എ.എന്‍.ഐ

ട്രെന്‍ഡ് നിലനിര്‍ത്താന്‍ കഴിയാത്ത കോണ്‍ഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അതേ ട്രെൻഡിലാണ് കാര്യങ്ങളെങ്കില്‍ ഫലം കോണ്‍ഗ്രസിന് അനുകൂലമായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. 2019-ലെ പൂജ്യത്തില്‍നിന്നാണ് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  അഞ്ച് സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് മുന്നേറിയത്. 2019-ല്‍ 28.5 ശതമാനം മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുവിഹിതമെങ്കില്‍ 2024-ല്‍ അത് 43.67 ശതമാനമായി വര്‍ധിക്കുകയും ചെയ്തിരുന്നു. 15 ശതമാനത്തിലധികം വരുന്ന കുതിച്ചുചാട്ടം. മറുഭാഗത്തോ, അപ്രതീക്ഷിതമെന്ന് പറയാവുന്ന തിരിച്ചടിയാണ് ബി.ജെ.പി. നേരിട്ടത്. 10 ശതമാനത്തിലധികം വോട്ടുകള്‍ അവര്‍ക്ക് നഷ്ടമായി. പത്തില്‍ പത്ത് എന്നതിൽ നിന്ന് അവര്‍ അഞ്ചിലേക്ക് പതിച്ചു. പക്ഷേ, ഉള്‍പാര്‍ട്ടി പോര് തുടര്‍ന്നുകൊണ്ടേയിരുന്നു.  

സഖ്യത്തോടും ഒപ്പം നില്‍ക്കുന്ന കക്ഷികളോടും കോണ്‍ഗ്രസ് ഇനിയും മയപ്പെടേണ്ടിയിരിക്കുന്നുവെന്ന് വേണം കരുതാന്‍. ദേശീയതലത്തില്‍ സഖ്യം രൂപീകരിക്കുകയും സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയോടുതന്നെ മത്സരിക്കുന്നു എന്നതും മുമ്പേ ഉയര്‍ന്ന വിമര്‍ശനമാണ്. ഹരിയാണയിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒപ്പംനിന്ന ആം ആദ്മി പാര്‍ട്ടിയോടൊപ്പം തന്നെ കോണ്‍ഗ്രസ് തുടരുമെന്നായിരുന്നു മുന്‍ധാരണ. എന്നാല്‍, കാര്യങ്ങള്‍ സീറ്റ് ചര്‍ച്ചയിലേക്ക് കടന്നതോടെ സഖ്യം രണ്ടുവഴിക്കായി. പഞ്ചാബ്, ഡല്‍ഹി അതിര്‍ത്തിമേഖലകളില്‍ പത്ത് സീറ്റ് വേണമെന്ന ആം ആദ്മി പാർട്ടി ആവശ്യമുന്നയിച്ചതോടെ സഖ്യസാധ്യതകള്‍ ഇല്ലാതായി. ഇരുപാര്‍ട്ടികളും വെവ്വേറെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 90 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 89 സീറ്റുകളിലും നേരിട്ടിറങ്ങാന്‍ തന്നെ കോണ്‍ഗ്രസും തീരുമാനിച്ചു.

സഖ്യവുമായി ബന്ധപ്പെട്ട വിഷയത്തിനപ്പുറം തിരഞ്ഞെടുപ്പ് ദിവസം പോലും പ്രകടമായ ഗ്രൂപ്പുവഴക്ക് എപ്പോഴാണ് കോണ്‍ഗ്രസ് മാറ്റിയെടുക്കുക എന്നാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. ഭൂപീന്ദര്‍ സിങ് ഹൂഡയുടെ സംഘവും സിര്‍സ എം.പി. കുമാരി ഷെല്‍ജ നേതൃത്വംനല്‍കുന്ന ഗ്രൂപ്പും തമ്മിലുള്ള ഉള്‍പാര്‍ട്ടി പോര് പുറത്ത് സംസാരമാകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സ്വന്തം ആളുകള്‍ക്ക് വേണ്ടി സീറ്റ് വീതംവെയ്ക്കുന്നത് മുതല്‍ ഇക്കാര്യം പ്രകടമാണ്. മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി ഷെല്‍ജ ഒരുശ്രമം നടത്തിയെങ്കില്‍ സിറ്റിങ് എം.പി.മാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാന്‍ഡില്‍നിന്നെത്തിയതോടെ അവര്‍ പത്തി മടക്കുകയായിരുന്നു. 

പാര്‍ട്ടിയിലെ അതികായര്‍ തമ്മില്‍ ഈ വിധം കലഹമുണ്ടാക്കുന്നത് തെല്ലൊന്നുമല്ല പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചത്. സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പോലും ഇത് ബാധിച്ചുവെന്ന് വേണം കരുതാന്‍. ഷെല്‍ജയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ഖട്ടര്‍ രംഗത്തെത്തിയതോടെ വിഷയം ആളിക്കത്തി. ഇതിനെതിരേ രൂക്ഷമായി പ്രതികരിച്ച് ഷെല്‍ജ രംഗത്തെത്തിയെങ്കിലും അതൃപ്തി പുറത്തറിഞ്ഞു എന്നത് വാസ്തവമായിരുന്നു. 

ജാട്ടുകളും ജാട്ട് ഇതരരും

രാഷ്ട്രീയവിഷയങ്ങള്‍ക്കപ്പുറം ആത്യന്തികമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന തുറുപ്പുചീട്ടാണ് ജാതി. കലങ്ങിമറഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും ജാതി സമവാക്യങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മറക്കാറില്ല. ഹരിയാണയിലും സ്ഥിതി വ്യത്യസ്തമല്ല. ജാട്ടുകളും ജാട്ട് ഇതരരും തമ്മിലുള്ള മത്സരമായിരുന്നു ഒരുകാലത്ത് ഹരിയാണയിലേത്. 2014-ല്‍ ഈ സമവാക്യങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. എന്നാല്‍, 2024-ല്‍ ഈ ബുദ്ധി വിലപോവില്ലെന്ന് ബി.ജെ.പി നേതൃത്വത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെയാണ് ജാട്ടുകളെ വിട്ട് ഒ.ബി.സി വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതും. 

മുന്നാക്കവിഭാഗത്തില്‍പ്പെട്ടവരും നഗരവാവാസികളുമായിരുന്നു ഒരുകാലംവരെ ബി.ജെ.പിയെ പിന്തുണച്ചിരുന്നത്. 2014-ലെ മോദി തരംഗത്തിലാണ് കാര്യങ്ങള്‍ മാറിമാറിയുന്നത്. മുസ്ലിം വിഭാഗങ്ങളൊഴികെയുള്ളവയില്‍ പതുക്കെ തങ്ങളുടെ പിടിമുറുക്കാനുള്ള ശ്രമം ബി.ജെ.പി ആരംഭിച്ചു. ഇതുകൂടി കൃത്യമായ വിജയമുറപ്പിക്കാന്‍ ബിജെപിയെ സഹായിച്ചുവെന്ന് വേണം കരുതാന്‍. 

രാഷ്ട്രീയത്തിലും താരമായി ഫോഗട്ട്  

ഗുസ്തി താരങ്ങളുടെ സമരത്തിലെ മുന്‍നിര പോരാളിയില്‍ നിന്നും വര്‍ത്തമാന രാഷ്ട്രീയത്തിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ ചുവടുവെപ്പ് അതിസൂക്ഷ്മമായിരുന്നു. പാരീസ് ഒളിമ്പിക്‌സില്‍ ഭാരവിഷയത്തിൽ മെഡല്‍ നഷ്ടമായ ശേഷം തിരിച്ചെത്തിയ വിനേഷ് ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് വലിയ നോവായിരുന്നു. ഈ വികാരത്തെ ഇത്തവണ കൃത്യമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനായി എന്നുവേണം കരുതാന്‍. ജൂലാനയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച് തിരഞ്ഞെടുപ്പ് ഗോദയിലും താരമാവാന്‍ ഫോഗട്ടിന് കഴിഞ്ഞു. 1967 മുതല്‍ കോണ്‍ഗ്രസും ലോക്ദളുമെല്ലാം മാറിമാറി ജയിച്ചുവന്നിരുന്ന ജുലാന 2019 മുതലാണ് കോൺഗ്രസിനെ കൈവിട്ടത്. ഇവിടേക്കായിരുന്നു കോണ്‍ഗ്രസ് ഫോഗട്ടിനെ നിയോഗിച്ചത്. ലോക്ദളിനെ പിളര്‍ത്തി  ജെ.ജെ.പിയുടെ അമര്‍ജീത് ദണ്ഡ വിജയിച്ച മണ്ഡലം ഫോഗട്ടിലൂടെ ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയും ചെയ്തു.