ന്യൂഡല്‍ഹി: ഹരിയാണയിലെ വോട്ടര്‍പട്ടിക ക്രമക്കേടിനെക്കുറിച്ചുള്ള രാഹുല്‍ഗാന്ധിയുടെ ആരോപണത്തില്‍ തെളിവുചോദിച്ച് കൈകഴുകാന്‍ തിരഞ്ഞെടുപ്പു കമ്മിഷനാവില്ല. കമ്മിഷനെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. വോട്ടുകവര്‍ച്ച കേന്ദ്രീകൃതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെട്ട 'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'യില്‍ കമ്മിഷനും പങ്കാളിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

To advertise here,

ഭരണഘടനപ്രകാരം സുതാര്യമായും നീതിയുക്തമായും വോട്ടര്‍പട്ടിക തയ്യാറാക്കലും തിരഞ്ഞെടുപ്പു നടത്തലും കമ്മിഷന്റെ ചുമതലയാണ്.

ഇത്രയും വലിയ ക്രമക്കേട് കമ്മിഷന്റെ പട്ടിക ഉയര്‍ത്തി ചൂണ്ടിക്കാണിക്കുമ്പോള്‍ പരിശോധിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്. കമ്മിഷനത് ചെയ്യുന്നില്ലെങ്കില്‍ സ്വതന്ത്ര അന്വേഷണമെന്ന ആവശ്യവുമുയരും. രാഹുല്‍ഗാന്ധിയോട് തെളിവുചോദിക്കുന്നത് സാമാന്യബുദ്ധിക്കുപോലും നിരക്കുന്നതല്ലെന്ന് പ്രമുഖ അഭിഭാഷകന്‍ അഡ്വ. കാളീശ്വരം രാജ് പറഞ്ഞു.

തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തയ്യാറാക്കുന്ന അന്തിമവോട്ടര്‍പട്ടികയെക്കുറിച്ച് പരാതി കോണ്‍ഗ്രസ് അറിയിച്ചില്ലെന്നാണ് കമ്മിഷന്‍മറുപടിനല്‍കുന്നത്. ആധുനികയുഗത്തില്‍ ഇരട്ടവോട്ടുകളും വ്യാജവോട്ടുകളും കണ്ടെത്താന്‍ കമ്മിഷന് വേഗം കഴിയും. ഇതിന് പരാതിലഭിക്കണമെന്ന വാദം പരിഹാസ്യമാണ്.

അഞ്ചുമണിക്കുശേഷം മഹാരാഷ്ട്രയില്‍ വന്‍തോതില്‍ വോട്ടുരേഖപ്പെടുത്തിയെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുകയും പരിശോധനയ്ക്ക് സിസിടിവി ദൃശ്യം ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ വോട്ടറുടെ സ്വകാര്യതമാനിച്ച് അത് നല്‍കാനാവില്ലെന്നായിരുന്നു കമ്മിഷന്റെ പ്രതികരണം. ഇന്ത്യയില്‍ വോട്ടുചെയ്യലെന്നത് രഹസ്യമല്ലെന്നും അത് സ്വകാര്യതയുമായി ബന്ധപ്പെട്ടതല്ലെന്നുമാണ് കാളീശ്വരം രാജിന്റെ നിരീക്ഷണം. എത്ര വലിയ അളവിലുള്ള സിസിടിവി ദൃശ്യങ്ങളും സൂക്ഷിക്കാനുള്ള ഡിജിറ്റല്‍ സ്റ്റോറേജ് സംവിധാനം രാജ്യത്തിനുണ്ടായിട്ടും 45 ദിവസത്തിനുശേഷം അത് നശിപ്പിക്കാന്‍ നിയമമുണ്ടാക്കിയത് സംശയാസ്പദമാണെന്നും കാളീശ്വരം രാജ് പറഞ്ഞു.