ഭോപാല്‍/റായ്പുര്‍: മധ്യപ്രദേശിലെ 230 നിയമസഭാമണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഢില്‍ രണ്ടാംഘട്ടത്തിലെ 70 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇരുസംസ്ഥാനത്തും ബി.ജെ.പി.യും കോണ്‍ഗ്രസും നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. അതിനിടെ, മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും എല്ലാ പൗരന്മാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാവിലെ അഭ്യര്‍ഥിച്ചു.

To advertise here,

രാവിലെ ഏഴുമണിക്ക് വോട്ടിങ് ആരംഭിച്ച മധ്യപ്രദേശില്‍ വൈകീട്ട് ആറുമണി വരെ വോട്ട് രേഖപ്പെടുത്താം. ബലഘാട്ട്, മണ്ഡല, ഡിന്‍ഡോരി ജില്ലകളിലെ ചില പോളിങ് ബൂത്തുകളില്‍ വൈകീട്ട് മൂന്നുമണിക്ക് വോട്ടെടുപ്പ് അവസാനിക്കും. 230 മണ്ഡലങ്ങളില്‍ നിന്നായി 25000 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്.

മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാണ് ബി.ജെ.പി.യുടെ പോരാട്ടം. കോണ്‍ഗ്രസാകട്ടെ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധവികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ്.

ഛത്തീസ്ഗഢില്‍ 90 അംഗ നിയമസഭയിലെ 70 സീറ്റില്‍ വിധിയെഴുതുന്നതോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. രാവിലെ എട്ടുമണിക്ക് ആരംഭിച്ച് വോട്ടെടുപ്പ് മൂന്ന് മണിക്ക് അവസാനിക്കും. ബിന്ദ്രനവഗഢ് മണ്ഡലത്തിലെ ഒന്‍പത് ബൂത്തുകളില്‍ മാത്രം രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് സമയം. 18,800 പോളിങ് ബൂത്തുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. 958 സ്ഥാനാര്‍ഥികളാണ് 70 മണ്ഡലങ്ങളില്‍ നിന്നായി വിധി തേടുന്നത്.

മാവോവാദി സ്വാധീനമേഖലയില്‍പ്പെട്ട 20 മണ്ഡലങ്ങളില്‍ ഈ മാസം ഏഴിന് തിരഞ്ഞെടുപ്പ് നടന്നിരുന്നു. 2003 മുതല്‍ 2008 വരെ സംസ്ഥാനം ഭരിച്ചിരുന്ന ബി.ജെ.പി. നഷ്ടപ്പെട്ട് ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ഭരണത്തിലെത്തിയ കോണ്‍ഗ്രസ് ഒരു തുടര്‍ഭരണമാണ് ലക്ഷ്യം വെക്കുന്നത്. മിസോറം, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.