കാമറെഡ്ഡി: തെലങ്കാനയില്‍ അധികാരം നഷ്ടപ്പെടുന്നതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ നില്‍ക്കുകയാണ് കെ.ചന്ദ്രശേഖര്‍ റാവു. ബി.ആര്‍.എസിനെ തകര്‍ത്തുകൊണ്ട് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തെലങ്കാനയില്‍ വിജയക്കൊടി പാറിച്ചുകഴിഞ്ഞു. സംസ്ഥാനരൂപീകരണത്തിനുശേഷം ബി.ആര്‍എസിന് ആദ്യമായി ഭരണം നഷ്ടപ്പെടുകയാണ്. 

To advertise here,

എന്നാല്‍, ഇതിലും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ തെലങ്കാനയിലെ പ്രധാന ചര്‍ച്ചാവിഷയം. കെ.സി.ആറും രേവന്ത് റെഡ്ഡിയും മത്സരിച്ച കാമറെഡ്ഡി മണ്ഡലത്തില്‍ ഇരുനേതാക്കളെയും പരാജയപ്പെടുത്തിക്കൊണ്ട് ഒരു ജയന്റ് കില്ലര്‍ വാര്‍ത്തകളിലിടം നേടുകയാണ്. തെലങ്കാന രാഷ്ട്രീയത്തിലെ രണ്ട് വലിയ ഭീമന്മാരെ അട്ടിമറിച്ചുകൊണ്ട് കാമറെഡ്ഡി മണ്ഡലത്തില്‍ ബി.ജെ.പിയുടെ കാട്ടിപള്ളി വെങ്കട രമണ റെഡ്ഡി വിജയം ഉറപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ്സിന്റെയും ബി.ആര്‍.എസ്സിന്റെയും തലവന്മാരെ വെട്ടിവീഴ്ത്തിയാണ് വെങ്കട രമണ റെഡ്ഡി വമ്പന്‍ അട്ടിമറി വിജയം നേടിയത്. കടുത്ത പോരാട്ടം നടന്ന മണ്ഡലത്തില്‍ നാലായിരത്തിലധികം ഭൂരിപക്ഷം നേടിയാണ് വെങ്കട രമണ റെഡ്ഡി ഇരുമുന്നണികളെയും മറികടന്നുകൊണ്ട് വിജയമുറപ്പിച്ചത്. 

53 കാരനായ വെങ്കട രമണ റെഡ്ഡി തെലങ്കാനയിലെ അറിയപ്പെടുന്ന വ്യവസായിയാണ്. 12-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള വെങ്കട രമണ റെഡ്ഡിയ്ക്ക് നിലവില്‍ 49.7 കോടി രൂപയുടെ ആസ്തിയുണ്ട്. 9.8 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. 58.3 ലക്ഷം രൂപ കടബാധ്യതയുണ്ടെന്നും നാമനിര്‍ദേശപത്രികയില്‍ ഉള്‍പ്പെടുത്തിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ 11 ക്രിമിനല്‍ കേസുകള്‍ വെങ്കട രമണ റെഡ്ഡിയുടെ പേരിലുണ്ട്. 

ബി.ആര്‍സ്സിന്റെ അധീനതയിലുള്ള മണ്ഡലമായിരുന്നു കാമറെഡ്ഡി. 2018 തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ്സിന്റെ ഗംപ ഗോവര്‍ധനാണ് കാമറെഡ്ഡിയില്‍ വിജയം നേടിയത്. ആകെ വോട്ടിന്റെ 42 ശതമാനം വോട്ടും ഗംപ നേടിയിരുന്നു. നിസാമാബാദ് ജില്ലയിലെ മണ്ഡലമാണ് കാമറെഡ്ഡി.കാമറെഡ്ഡിയില്‍ തോറ്റെങ്കിലും കെ.സി.ആറും രേവന്ത് റെഡ്ഡിയും മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വിജയം ഉറപ്പിച്ചിട്ടുണ്ട്.

കാമറെഡ്ഡിയ്ക്ക് പുറമേ കെ.സി.ആര്‍ ഗജ്‌വേലില്‍ മത്സരിച്ചിരുന്നു. ഇവിടെ 32000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ.സി.ആര്‍ വിജയമുറപ്പിച്ചുകഴിഞ്ഞു. രേവന്ത് കൊടങ്കല്‍ മണ്ഡലത്തില്‍ നിന്ന് 32532 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടി.