ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഇനി അറിയേണ്ടത് പി.സി.സി. മുന്‍ അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡിയുടെ ആ പഴയ ശപഥത്തിന്റെ ഭാവിയെക്കുറിച്ചാണ്. 

To advertise here,

ഇനി എന്താണ് ഉത്തംകുമാറിന്റെ ശപഥം എന്നറിയേണ്ടേ? അതിന് ഏഴുകൊല്ലം മുന്‍പിലേക്ക്, 2016-ലേക്ക് പോകണം. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതെ താടിവടിക്കില്ല എന്നായിരുന്നു ഉത്തംകുമാര്‍ അന്ന് ശപഥം എടുത്തിരുന്നത്. 

അതേസമയം ഫലംവരുന്നതിന് തലേന്ന്, എന്റെ താടി നാളെ നീക്കം ചെയ്യും-ഉത്തം കുമാര്‍ റെഡ്ഡി എന്ന് തെലങ്കാന കോണ്‍ഗ്രസ് എക്‌സില്‍ ട്വീറ്റ് ചെയ്തിരുന്നു.

കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആര്‍.എസിനെ കടപുഴക്കിയാണ് പി.സി.സി. അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുത്തത്.

119 സീറ്റുകളില്‍ 64 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 39 സീറ്റുകളാണ് ബി.ആര്‍.എസിന് നേടാനായത്. ബി.ജെ.പി. എട്ട് മണ്ഡലങ്ങളിലും ഒവൈസിയുടെ എ.ഐ.എം.ഐ.എം. ഏഴിടത്തും ജയിച്ചു.