ഹൈദരാബാദ്: തെലങ്കാനയില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയില്‍ അടിമുടി ഉലഞ്ഞ്  ബി.ആര്‍.എസ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് വിജയസാധ്യത പ്രഖ്യാപിച്ചപ്പോഴും കെ. ചന്ദ്രശേഖര റാവുവോ ബി.ആര്‍.എസോ ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 90 മണ്ഡലങ്ങളുള്ളതില്‍ 65-ഇടത്തും നിലവില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.

To advertise here,

ഗജ്‌വേല്‍, കാമറെഡ്ഡി എന്നീ രണ്ട് മണ്ഡലങ്ങളില്‍നിന്നാണ് കെ.സി.ആര്‍. ഇക്കുറി ജനവിധി തേടിയത്. ഇതില്‍ കാമറെഡ്ഡിയില്‍ കെ.പി.സി.സി. അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും ഗജ്‌വേലില്‍ ബി.ജെ.പിയുടെ ഇ. രാജേന്ദറുമാണ് കെ.സി.ആറിന്റെ മുഖ്യ എതിരാളികള്‍. കാമറെഡ്ഡിയില്‍ രേവന്ത് റെഡ്ഡി പിന്നിലാക്കിയെങ്കിലും ഗജ്‌വേലില്‍ ആദ്യറൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കെ.സിആറാണ് മുന്നില്‍. 

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളെ തെലങ്കാനയിലെ മികച്ച പ്രകടനം വലിയ നേട്ടം തന്നെയാണ്. നിലംപരിശായതില്‍നിന്ന് കിരീടധാരണത്തിലേക്കുള്ള യാത്ര. അതിന് ചുക്കാന്‍ പിടിച്ചത് കെ.പി.സി.സി. അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനവും. 

2014-ല്‍ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും മൃഗീയഭൂരിപക്ഷം നേടിയാണ് കെ.സി.ആര്‍. അധികാരത്തിലേറിയത്. ഒരുകാലത്ത് മികച്ച സംഘടനാബലമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടിക്കൊണ്ടായിരുന്നു കെ.സി.ആറിന്റെയും ബി.ആര്‍.എസിന്റെയും പടയോട്ടം. എന്നാല്‍ ആ കുതിപ്പിന് മൂക്കുകയര്‍ വീഴുന്ന കാഴ്ചയാണ് തെലങ്കാനയില്‍നിന്ന് വരുന്നത്.

ദേശീയ രാഷ്ട്രീയ മോഹവുമായി തെലങ്കാനയ്ക്ക് പുറത്തേക്ക് വളരാന്‍ ലക്ഷ്യമിട്ട് ടിആര്‍എസ്സിനെ ബിആര്‍എസ്സാക്കി മാറ്റി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി കസേര ആഗ്രഹിച്ച കെസിആറിന്റെ പതനം ഈ തിരഞ്ഞെടുപ്പിലെ വലിയ അട്ടിമറികളില്‍ ഒന്നായി മാറുകയാണ്‌