
ഹൈദരാബാദ്: ആരാകും തെലങ്കാന മുഖ്യമന്ത്രി. കേവല ഭൂരിപക്ഷം നേടിയ സംസ്ഥാനത്ത് മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നു. എ.ഐ.സി.സി നിരീക്ഷകരായി കെ.മുരളീധരനും പി.സി വിഷ്ണുനാഥും അടക്കമുള്ള നേതാക്കള്‍ ചര്‍ച്ചകള്‍ തുടരുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പിരിയാനാണ് എല്ലാ സാധ്യതയും.
മൂന്നു നേതാക്കള്‍ മുന്‍ പിസിസി അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി, നിലവിലെ പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, കഴിഞ്ഞ സഭയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാര്‍ക്ക ഇവരില്‍ ഒരാളാകും പുതിയ മുഖ്യമന്ത്രി. ഇതില്‍ പാര്‍ട്ടിയുടെ ദളിത് മുഖമായ മല്ലുഭട്ടിക്കും രേവന്ത് റെഡ്ഡിക്കുമാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. മികച്ച സംഘാടകന്‍ എന്ന നിലയില്‍ തകര്‍ച്ചയില്‍ നിന്ന് വിജയത്തിലേക്ക് പാര്‍ട്ടിയെ നയിച്ച രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രിയാകാനാണ് സാധ്യത കൂടുതല്‍. തെലങ്കാനയില്‍ അണിയറയില്‍ കാര്യങ്ങള്‍ നീക്കിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പിന്തുണയും രേവന്തിനാണെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ രേവന്ത് മുഖ്യമന്ത്രി മല്ലുഭട്ടി ഉപമുഖ്യമന്ത്രിയുമായി സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് സാധ്യത കൂടുതല്‍
രേവന്ത് റെഡ്ഡി
കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആര്‍.എസിനെ കടപുഴക്കിയാണ് പി.സി.സി. അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിനുമുമ്പേ, വിജയഭേരി സഭയെന്ന പേരില്‍ ഹൈദരാബാദില്‍ പടുകൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തകരില്‍ ആവേശംപകര്‍ന്ന ഈ അമ്പത്തിനാലുകാരന്‍ തന്നെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വിജയശില്‍പി. സംഘപരിവാറിലൂടെ തുടങ്ങി തെലുഗുദേശത്തിലൂടെ വളര്‍ന്ന രേവന്ത് ആറുവര്‍ഷംമുമ്പു മാത്രമാണ് കോണ്‍ഗ്രസിലെത്തിയത്. അംഗത്വം സ്വീകരിച്ച് നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം ലഭിച്ചു.
എതിരാളികളെ നിര്‍ദാക്ഷിണ്യം കടന്നാക്രമിക്കാന്‍ മടിക്കാത്ത മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവുവിനോട് രേവന്ത് അതേ നാണയത്തില്‍ തിരിച്ചടിച്ചു. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കും സംസ്ഥാനസര്‍ക്കാരിനെതിരേ പാര്‍ട്ടി നിയമസഭാകക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാര്‍ക്ക നടത്തിയ പദയാത്രയ്ക്കുംശേഷംനടന്ന വിജയഭേരിസഭ കെ.സി.ആര്‍. ഭരണത്തിനെതിരായ യുദ്ധപ്രഖ്യാപനമായി മാറി.
കാമാറെഡ്ഡി മണ്ഡലത്തില്‍ കെ.സി.ആറിനെതിരേ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ താന്‍ തന്നെയാണ് പടത്തലവന്‍ എന്ന് രേവന്ത് വ്യക്തമാക്കുകയും ചെയ്തു. പഠിക്കുന്നകാലത്ത് എ.ബി.വി.പി.യിലായിരുന്ന രേവന്ത് 2007-ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് നിയമസഭാ കൗണ്‍സിലില്‍ എത്തുന്നത്. വൈകാതെ തെലുഗുദേശത്തില്‍ ചേര്‍ന്ന് എം.എല്‍.എ.യും പാര്‍ട്ടി നിയമസഭാകക്ഷി നേതാവുമായി. ആന്ധ്രാവിരുദ്ധ വികാരം ശക്തിപ്രാപിച്ച തെലങ്കാനയില്‍ തെലുഗുദേശം പാര്‍ട്ടിക്ക് ഭാവിയില്ലെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഉത്തം കുമാര്‍ റെഡി
2021-വരെ തെലങ്കാന പി.സി.സി അധ്യക്ഷനായിരുന്നു ഉത്തം കുമാര്‍ റെഡിക്ക് രേവന്ത് റെഡ്ഡിയുടെ വരവോടെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഉത്തംകുമാറിന്റെ എതിര്‍പ്പിനിടെയായിരുന്നു രേവന്ത് നേതൃത്വം ഏറ്റെടുത്തത്. രേവന്തിനോട് ഇടഞ്ഞ് വിമതനേതാക്കളുടെ ഒരുപടതന്നെ കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് വിട്ടു. പക്ഷേ, ദേശീയനേതൃത്വം രേവന്തിനൊപ്പം നിന്നു. മുഖ്യമന്ത്രിയായി ഉത്തംകുമാറിനെ തിരഞ്ഞെടുക്കണമെന്ന ശക്തമായ വികാരംഅദ്ദേഹത്തെ പിന്തുണക്കുന്ന അണികള്‍ക്കിടയില്‍ ഉണ്ടെന്നാണ് സൂചന.
ഭട്ടി വിക്രമാര്‍ക്ക മല്ലു
ബി.ആര്‍.എസിനെ നേരിടുന്നതില്‍ കോണ്‍ഗ്രസിന്റെ മറ്റൊരു പ്രധാന മുഖമായിരുന്നു നിയമസഭകക്ഷി നേതാവായ ഭട്ടി വിക്രമാര്‍ക്ക മല്ലു. ബി.ആര്‍.എസ് സര്‍ക്കാരിനെതിരേ സംസ്ഥാനത്തുടനീളം 62കാരനായ വിക്രമാര്‍ക്ക നടത്തിയ 1400 കിലോമീറ്റര്‍ പദയാത്ര കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായും വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് നേരിട്ട് ചോദിച്ചറിയാനും പദയാത്രയിലൂടെ അദ്ദേഹം ശ്രദ്ധിച്ചു.
Content Highlights: telangana congress chief minister candidate
Published: 04 Dec 2023, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented