ന്യൂഡൽഹി: ഹിന്ദിഹൃദയഭൂമിയിലെ വിജയത്തിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരക്കിട്ട ചർച്ചകളുമായി ബി.ജെ.പി. കേന്ദ്ര നേതൃത്വം.നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാരടക്കം 10 എംപിമാരാണ് നിലവില്‍ രാജിവെച്ചത്.രണ്ട് പേര്‍കൂടി രാജി സമര്‍പ്പിച്ചേക്കും.

To advertise here,

എംപിമാരുടെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരുമായി ചര്‍ച്ച നടത്തി. മോദിയുടെ വസതിയിൽ വെച്ചായിരുന്നു യോഗം.

ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും പാർലമെന്റംഗത്വം രാജിവെച്ച എം.പിമാരും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം നാല് മണിക്കൂറോളം നീളുന്ന രഹസ്യ നേതൃയോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജിവെച്ച എം.പിമാരുമായി യോഗം ചേർന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് വിജയിക്കാനായത്. മധ്യപ്രദേശിൽ ബി.ജെ.പി. അധികാരം നിലനിർത്തി. ഭരണവിരുദ്ധവികാരമുണ്ടെന്നും അധികാരം കോൺഗ്രസിന്റെ കൈകളിലെത്തുമെന്നുള്ള അഭ്യൂഹങ്ങളൊക്കെ തള്ളിക്കൊണ്ട് വൻ ഭൂരിപക്ഷത്തോടെയായിരുന്നു മധ്യപ്രദേശിൽ ബി.ജെ.പി. അധികാരത്തിൽ എത്തിയത്. രാജസ്ഥാനിലും സമാനമായിരുന്നു കാര്യങ്ങൾ. കോൺഗ്രസിന്റെ കൈയിൽ ഉണ്ടായിരുന്ന ഭരണം ബി.ജെ.പിയുടെ കൈകളിലേക്ക്. അശോക് ഗെഹ്ലോതിന്റെ പ്രവർത്തനങ്ങളെ ജനം തള്ളിക്കൊണ്ടായിരുന്നു ബി.ജെ.പിക്കൊപ്പം നിന്നത്. കോൺഗ്രസിനേറ്റ കനത്ത തിരിച്ചടികളിൽ മറ്റൊന്നായിരുന്നു ഛത്തീസ്ഗഡ്. ഇവിടെയും ബി.ജെ.പി. അധികാരത്തിൽ എത്തി.

എന്നാൽ ജയിച്ച സംസ്ഥാനങ്ങളിൽ ആരാവും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻനിർത്തിയായിരുന്നില്ല പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിക്കൊണ്ടായിരുന്നു ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ ആരാകും മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. 

മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ, രാജസ്ഥാനിൽ വസുന്ധര രാജെ, ഛത്തീസ്ഗഡിൽ രമൺ സിങ് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നതെങ്കിലും കേന്ദ്ര നേതൃത്വം പുതിയ മുഖങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് വിവരം.

മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ ഉന്നതതലയോഗം വ്യാഴാഴ്ചയും ചേരും. യോഗത്തിന് ശേഷം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് വിവരം. 

കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മധ്യപ്രദേശിൽ ഉയരുന്നത്. 

വസുന്ധര രാജെ, ദിയ കുമാരി, മഹന്ദ് ബാലക് നാഥ്, രാജ്യവർധൻ സിങ് റാത്തോഡ് തുടങ്ങിയവരുടെ പേരുകളാണ് രാജസ്ഥാനിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു വരുന്നത്. 

ഛത്തീസ്ഗഡിൽ രമൺ സിങ്, അരുൺ സാവോസ ഒ.പി. ചൗധരി, ഗോംതി സായി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. വ്യാഴാഴ്ച ചേരുന്ന യോഗത്തോടെ മുഖ്യമന്ത്രിമാർ ആരാകും എന്ന കാര്യത്തിൽ തീരുമാനമാകുമെന്നാണ് ലഭിക്കുന്ന വിവരം.