ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച 10 ബി.ജെ.പി. പാർലമെന്റ് അംഗങ്ങൾ രാജിവെച്ചു. ലോക് സഭയിൽ നിന്നുള്ള 9 എം.പിമാരും, രാജ്യസഭയിൽ നിന്നുള്ള ഒരു എം.പിയുമാണ് രാജിക്കത്ത് സമർപ്പിച്ചത്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച രണ്ട് മന്ത്രിമാർ അടക്കമുള്ള എം.പിമാരാണ് രാജിവെച്ചത്. 

To advertise here,

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമർ, പ്രഹ്ലാദ് പട്ടേൽ എന്നിവരും മധ്യപ്രദേശിൽ നിന്നുള്ള എംപിമാരായ റിതി പതക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജസ്ഥാനിൽ നിന്നുള്ള എം.പിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ദിയ കുമാരി, ഛത്തീസ്ഗഡിൽ നിന്നുള്ള അരുൺ സാവോ, ഗോംതി സായ് എന്നിവര്‍ സ്പീക്കർ ഓം ബിർളയ്ക്കാണ്‌ രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാ എം.പി. കിറോരി ലാൽ മീണ രാജയ്സഭാ ചെയർമാന് രാജിക്കത്ത് സമർപ്പിച്ചു.

12 ബി.ജെ.പി. എം.പിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. ലോക് സഭാ എംപിമാരായ ബാബാ ബാലക്നാഥ്, രേണുക സിങ് എന്നിവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരുന്നു. വൈകാതെ തന്നെ ഇവരും രാജിക്കത്ത് സമർപ്പിക്കുമെന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര തോമറും പ്രഹ്ലാദ് പട്ടേലും മധ്യപ്രദേശ് നിയമസഭയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.  മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ് ഇരുവരും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടേയും നിർദേശപ്രകാരം സ്പീക്കറുടെ ഓഫീസിൽ എത്തിയാണ് എം.പിമാർ രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയും എം.പിമാരെ അനുഗമിച്ചു.