
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയക്കണ്ണാടി കാണുവോളവും ദേശീയ രാഷ്ട്രീയത്തിന് ലഭിച്ച രാഷ്ട്രീയസന്ദേശമാണ് നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍. രാജ്യത്ത് നിലവിലെ രാഷ്ട്രീയസാഹചര്യമെന്തെന്ന് പാര്‍ട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന രാഷ്ട്രീയപുസ്തകങ്ങളാണ് ഈ വിധിയെഴുത്തുകള്‍. ഈ ജനവിധി വ്യാഖ്യാനിച്ചും നിര്‍വചിച്ചും കരുനീക്കിയുമായിരിക്കും വരുന്ന നാലുമാസം ഭരണ-പ്രതിപക്ഷ മുന്നണികള്‍ സഞ്ചരിക്കുക.
നാലുമാസത്തിനുശേഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള വര്‍ധിച്ച ആത്മവിശ്വാസം ബി.ജെ.പി. ക്യാമ്പില്‍ നിറയുമ്പോള്‍, അതൃപ്തിയുടെ മുഖാവരണമണിഞ്ഞ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ പുതിയ വഴികള്‍ തിരയുന്നു. ബി.ജെ.പി.യും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷനിരയും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ പരീക്ഷണശാല എന്ന നിലയിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പ്രസക്തിയേറുന്നത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഈ ദേശീയ വിഷയങ്ങളുടെ രാസപരിശോധനയ്ക്കപ്പുറം പ്രാദേശിക വിഷയങ്ങളുടെ ഉരകല്ലുകളാണ്.
രണ്ടുവഴി
:നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ രണ്ടുവഴിക്ക് സഞ്ചരിക്കുന്നതിന്റെ ചിത്രമാണ് സമകാലിക രാഷ്ട്രീയചരിത്രം നല്‍കുന്നത്. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢും നേടിയത് കോണ്‍ഗ്രസ്. എന്നാല്‍, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങള്‍ നല്‍കിയത് ബി.ജെ.പി.ക്ക് വന്‍ഭൂരിപക്ഷം. 2003-ല്‍ വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് വന്‍ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ പാര്‍ട്ടിയെ ഉപദേശിച്ചു. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മൂക്കുകുത്തി. യു.പി.എ. അധികാരത്തിലെത്തി. 2009-ല്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി. വിജയിച്ചെങ്കിലും ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് യു.പി.എ. ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് എന്ന നിര്‍ദേശവുമായി ഭരണപക്ഷം രംഗത്തിറങ്ങിയതിനുപിന്നില്‍ ഇത്തരം ചില വസ്തുതകളും വായിക്കേണ്ടതുണ്ട്.
നേരിട്ടുള്ള ഏറ്റുമുട്ടല്‍
: എന്‍.ഡി.എ.യും ഇന്ത്യ സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലിനപ്പുറം കോണ്‍ഗ്രസും ബി.ജെ.പി.യും നേരിട്ട് ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പാണ് അരങ്ങേറിയത്. ഒമ്പതുവര്‍ഷത്തെ ഭരണത്തിനുശേഷംനടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചുവെന്നത് ബി.ജെ.പി. ക്യാമ്പില്‍ മോദിപ്രഭാവത്തിനുള്ള സാക്ഷ്യപത്രമാകുന്നുണ്ട്. അപ്പുറത്ത് ഇന്ത്യ ക്യാമ്പില്‍, ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിന് പുതിയ മാര്‍ഗങ്ങളും അജന്‍ഡയും തേടേണ്ടിവരുമെന്ന മുന്നറിയിപ്പും ഫലം നല്‍കുന്നു. കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ച രാഹുലും പ്രിയങ്കയും ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും ആള്‍ക്കൂട്ടം വോട്ടായി മാറുന്നില്ല എന്ന യാഥാര്‍ഥ്യം പാര്‍ട്ടി തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ 2024-ല്‍ മോദിയെ നേരിടുന്ന പ്രതിപക്ഷനേതാവാരെന്ന ചോദ്യത്തിന് ഇന്ത്യ ക്യാമ്പില്‍ മറുപടി എളുപ്പമല്ല. കോണ്‍ഗ്രസില്‍നിന്ന് അവകാശവാദം തട്ടിയെടുക്കാന്‍ മറ്റ് പ്രതിപക്ഷകക്ഷികള്‍ ശ്രമിക്കുകയോ ഇന്ത്യ ക്യാമ്പ് കെട്ടഴിഞ്ഞ കൂടാരമായി മാറുകയോ ചെയ്യാം.
അജന്‍ഡകള്‍ മാറും
:ലോക്സഭാ തിരഞ്ഞെടുപ്പിന് തീക്ഷ്ണ മുദ്രാവാക്യങ്ങള്‍ അണിയറയിലൊരുങ്ങും. മണ്ഡല്‍-കമണ്ഡല്‍ രാഷ്ട്രീയത്തിന്റെ വാദവിവാദങ്ങള്‍ ഇനിയും കനംവെക്കും. അയോധ്യയിലെ രാമക്ഷേത്രം വീണ്ടും മുദ്രാവാക്യങ്ങളില്‍ നിറയും. പുതിയ അജന്‍ഡകളുടെ കൊടിയുയര്‍ത്താന്‍ ബി.ജെ.പി.യും അജന്‍ഡകള്‍ മാറ്റിയെഴുതാന്‍ പ്രതിപക്ഷവും ശ്രമിക്കും.
തിരഞ്ഞെടുപ്പുഫലം ഇന്ത്യാ സഖ്യത്തെ ബാധിക്കില്ല -പവാര്‍
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പ്രതിപക്ഷകൂട്ടായ്മയായ ഇന്ത്യാസഖ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യാ മുന്നണിയുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അതിനുശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും പവാര്‍ വ്യക്തമാക്കി.
നിലവിലെ പ്രവണതകള്‍ ബി.ജെ.പി.ക്ക് അനുകൂലമാണെന്ന് അംഗീകരിക്കണം. നേരത്തേ ബി.ആര്‍.എസ്. തെലങ്കാന നിലനിര്‍ത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ റാലിക്കുശേഷം സംസ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന് മനസ്സിലായെന്നും പവാര്‍ പറഞ്ഞു.
Content Highlights: Study time for parties now; Agendas change-assembly election result
Published: 04 Dec 2023, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented