ന്യൂഡല്‍ഹി: ഹിന്ദിഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് ആകെ ആശ്വാസിക്കാനുള്ളത് വോട്ടിങ് ശതമാനത്തില്‍ കാര്യമായ ഇടിവ് വന്നിട്ടില്ല എന്നതാണ്. 

To advertise here,

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഒരു ശതമാനത്തില്‍ താഴെ മാത്രം വോട്ടുകള്‍ കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമായത് പകുതിയോളം സീറ്റുകളാണ്. രാജസ്ഥാനില്‍ വോട്ടുകള്‍ വര്‍ധിച്ചിട്ടും 31 സീറ്റുകള്‍ നഷ്ടമായി.

2018-ല്‍ മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്ന കോണ്‍ഗ്രസിന് ഇത്തവണ ഒരിടത്തും അധികാരം നിലനിര്‍ത്താനായില്ല. ചെറുപാര്‍ട്ടികളെ കൂടെ നിര്‍ത്താതിരുന്നതും പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്തതും കോണ്‍ഗ്രസിന് വിനയായെന്ന വിമര്‍ശനങ്ങള്‍ ശരിവെക്കുന്ന കണക്കകുളാണ് പുറത്ത് വരുന്നത്.

മധ്യപ്രദേശില്‍ 2018-ല്‍ 40.89 ശതമാനം വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് 114 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഇത്തവണ കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ 0.49 ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണം 66-ലേക്ക് ചുരുങ്ങി

placeholder
മധ്യപ്രദേശ്‌-2023-ലെ വോട്ട് വിഹിതം

അതേ സമയം 41.02 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 48.55 ആയി ഉയരുകയും ചെയ്തു. ഇത് 109-ല്‍ നിന്ന് അവരെ 163 സീറ്റുകളിലേക്കെത്തിക്കുകയും ചെയ്തു. 

ഛത്തീസ്ഗഢില്‍ 2018-ല്‍ കോണ്‍ഗ്രസ് 43 ശതമാനം വോട്ട് വിഹിതത്തോടെ 68 സീറ്റുകളാണ് പിടിച്ചത്. ഇത്തവണ വോട്ട് വിഹിതം 0.77 ശതമാനം കുറഞ്ഞപ്പോള്‍ 33 സീറ്റുകളും അധികാരവുമാണ് കോണ്‍ഗ്രസിന് നഷ്ടമായത്.

placeholder
ഛത്തീസ്ഗഢ്‌ -2023-ലെ വോട്ട് വിഹിതം

33 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി 46.27 ശതമാനത്തിലേക്കെത്തി. 15 സീറ്റില്‍ നിന്ന് ബിജെപി 55 സീറ്റുകളിലേക്കും കുതിച്ചു.

രാജസ്ഥാനില്‍ 2018-നെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കൂടുകയാണ് ഉണ്ടായിട്ടുള്ളത്. 39.30 ശതമാനമായിരുന്നത് 39.53 ആകുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ 38.08 ശതമാനമുണ്ടായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 41.69 ശതമാനത്തിലേക്കെത്തിയപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമായത് 31 സീറ്റുകളാണ്. ബിജെപി അധികമായി നേടിയത് 42 സീറ്റും.

placeholder
രാജസ്ഥാനിലെ 2023-ലെ വോട്ട് വിഹിതം