രേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തോല്‍വിയായിരുന്നു ഇതേ ഹിന്ദി ഹൃദയഭൂമില്‍ 2018-ലേത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നടന്ന രാഷ്ട്രീയ ബലാബലത്തില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും അന്ന് കോണ്‍ഗ്രസ് അധികാരത്തിലേറി. മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ എല്ലാ പ്രവചനങ്ങളേയും തെറ്റിച്ചുകൊണ്ട് ഹിന്ദി ഹൃദയഭൂമിയെ ബിജെപി തിരിച്ചുപിടിച്ചിരിക്കുകയാണ്.

To advertise here,

2018-സെമിഫൈനലിലെ ഫലംവെച്ച് മോദി പ്രഭാവം മങ്ങിയെന്നും കോണ്‍ഗ്രസ് തിരിച്ചെത്തിയെന്നും വിലിയിരുത്തപ്പെട്ടു. എന്നാല്‍ അത്തരം വിലയിരുത്തലുകളെല്ലാം പൊള്ളയായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു തൊട്ടടുത്ത വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പിലെ ഫലം. 2014-ലേതിനാക്കള്‍ ഭൂരിപക്ഷം നേടി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറി. സെമിഫൈനലില്‍ കോണ്‍ഗ്രസ് തരംഗം സൃഷ്ടിച്ച സംസ്ഥാനങ്ങളടക്കം തൂത്തുവാരിക്കൊണ്ടായിരുന്നു ബിജെപി  ഒരിക്കല്‍ കൂടി രാജ്യം കീഴടക്കിയത്. 

2024-ന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന അതേ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ ഒരു ഫലം പുറത്ത് വരുമ്പോള്‍ വീണ്ടും ഫൈനല്‍ ചര്‍ച്ചകളിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം കടക്കുകയാണ്.

ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന ഹിന്ദി ഹൃദയഭൂമി പിടിച്ചടക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു 2019-ലെപൊതു തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. ഫലം തിരിച്ചായെങ്കിലും 2024-ലേക്ക് കടക്കുമ്പോള്‍ ആ ആത്മവിശ്വാസം കൂടി കോണ്‍ഗ്രസിന് നഷ്ടമായിരിക്കുകയാണ്. എന്നാല്‍ കര്‍ണാടകയ്ക്ക് പിന്നാലെ ദക്ഷിണേന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് കൂടി അധികാരം പിടിക്കാനായത് മാത്രമാണ് കോണ്‍ഗ്രസിന്റെ ഏക ആശ്വാസം.

രാജസ്ഥാന്‍, മധ്യപ്രദേശ്,ഛത്തീസ്ഗഢ്,തെലങ്കാന എന്നിവിടങ്ങളിലായി 82 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. 2018-ല്‍ മൂന്നിടത്ത് അധികാരത്തില്‍ വരികയും ഒരിടത്ത് പ്രതിപക്ഷത്തിരിക്കുകയും ചെയ്ത കോണ്‍ഗ്രസിന് ആകെ നേടാനായത്‌ ആറ് സീറ്റുകള്‍ മാത്രം.

2018-ലെ സെമിയിലെ തിരിച്ചടി മറികടക്കാന്‍ പുല്‍വാമയും ബാലകോട്ടും അതിനുമുമ്പു നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കും എല്ലാം ബിജെപി ഫലപ്രദമായി പ്രചാരണ ആയുധമാക്കാന്‍ മോദിക്കും ബിജെപിക്കും കഴിഞ്ഞിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ 2024-നെ ഈ സംസ്ഥാനങ്ങള്‍ അതിന്റെ രാഷ്ട്രീയ ചരിത്രംവിലയിരുത്തി എങ്ങനെ വരവേല്‍ക്കുമെന്ന് പരിശോധിക്കേണ്ടതുണ്ട്.


രാജസ്ഥാന്‍

1993 മുതല്‍ ഒരു പാര്‍ട്ടിക്കും ഭരണത്തുടര്‍ച്ച നല്‍കാത്ത രാജസ്ഥാനില്‍ ആ ചരിത്രം ആവര്‍ത്തിക്കുകയാണ്. ജനക്ഷേമ പദ്ധതികളും സൗജന്യങ്ങളും വാരിവിതറിയിട്ടും ചരിത്രം തിരുത്താന്‍ അശോക് ഗഹ് ലോത്തിനായില്ല. ആഭ്യന്തര തര്‍ക്കങ്ങളും പടലപ്പിണക്കങ്ങളും കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരുപോലെ ബാധിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ഭരണമാറ്റംവേണമെന്ന് രാജസ്ഥാന്‍ ജനത തീരുമാനമെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാറിമാറി പിന്തുണ നല്‍കുന്ന രാജസ്ഥാന്‍ വോട്ടര്‍മാര്‍ ലോക്‌സഭയില്‍ സമാനമായി ചിന്തിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് 2019-ല്‍ തെളിയിച്ചിട്ടുണ്ട്.

25 ലോക്‌സഭാ മണ്ഡലങ്ങളുള്ള രാജസ്ഥാനില്‍ 2004-ല്‍ 21 സീറ്റുകളും ബിജെപിക്കായിരുന്നു. നാല് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായിരുന്നത്. അന്ന് സംസ്ഥാനത്ത് ബിജെപിയായിരുന്നു ഭരണത്തില്‍. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ പാര്‍ട്ടിക്ക് പിടിക്കാനായി. ബിജെപി നാല് സീറ്റിലൊതുങ്ങി. 

നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യമായി അധികാരത്തില്‍ വന്ന 2014-ലെ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ ഒന്നടങ്കം ബിജെപിക്കൊപ്പം നിന്നു. 25-ല്‍ 25 സീറ്റുകളും ബിജെപി പിടിച്ചു. വസുന്ധരാജെ സിന്ധ്യയായിരുന്നു ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി.

അശോക്ഗഹ്‌ലോത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന് ഒരു വര്‍ഷം തികയുംമുമ്പേ നടന്ന 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ ഭരണപാര്‍ട്ടിക്ക് നിലംതൊടാനായില്ല. ബിജെപി 24 സീറ്റുകള്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായിരുന്നു. ഇത്തവണ ബിജെപി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ ആരെ പിന്തുണയ്ക്കുമെന്ന് കണ്ടറിയണം.

മധ്യപ്രദേശ്

ഹിന്ദുത്വരാഷ്ട്രീയത്തിന് ഏറെ വേരോട്ടമുള്ള മധ്യപ്രദേശ് എന്നും ബിജെപിക്ക് അനുകൂലമായ ഭൂമിയാണ്. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ മോദികാര്‍ഡിറക്കി കളിച്ച ബിജെപി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. തീവ്രഹിന്ദുത്വ പ്രചാരണത്തെ കമല്‍നാഥിന്റെ നേതൃത്വത്തില്‍ മൃദുഹിന്ദുത്വംകൊണ്ട് നേരിട്ടെങ്കിലും മധ്യപ്രദേശ് ബിജെപിക്കൊപ്പം തന്നെ നിന്നു. 2018-ല്‍ മധ്യപ്രദേശ് കോണ്‍ഗ്രസിന് ഒരവസരം നല്‍കിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മുതലെടുത്ത് ബിജെപി തിരികെ പിടിച്ച സംസ്ഥാനം ഇത്തവണ കൂടുതല്‍ അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. 2018-ല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു പ്രതീക്ഷ നല്‍കിയെങ്കിലും ലോക്‌സഭയിലേക്ക് സമീപ കാലത്ത് കോണ്‍ഗ്രസിനെ ഒരു തരത്തിലും അടുപ്പിക്കാത്ത സംസ്ഥാനമാണ് മധ്യപ്രദേശ്. 

29-ലോക്‌സഭാ സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. 2004-മുതല്‍ 2019 വരെയുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍ മാത്രമാണ് കോണ്‍ഗ്രസിന് അഞ്ചില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. 2009-ലായിരുന്നു അത്. 12 സീറ്റുകള്‍ കോണ്‍ഗ്രസും 16 സീറ്റുകള്‍ ബിജെപിയും നേടി അന്ന്. 2004-ല്‍ നാലു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായിരുന്നത്. 25 സീറ്റുകള്‍ ബിജെപി പിടിച്ചു.

2014-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലേക്കൊതുങ്ങി. ബിജെപി 27-ലേക്കും. 2018-ല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറി തൊട്ടടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് ഒറ്റ സീറ്റ്. ഭരണവിരുദ്ധ വികാരത്തെ തുടര്‍ന്ന് സംസ്ഥനത്ത് അധികാരം നഷ്ടപ്പെട്ട ബിജെപി പക്ഷേ, 28 സീറ്റുകളോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തൂത്തുവാരി.

വന്‍ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരംനിലനിര്‍ത്തിയ ബിജെപി, 2024ല്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് മധ്യപ്രദേശ് മികച്ച അക്കം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഛത്തീസ്ഗഢ്

2018-ല്‍ ഹിന്ദിഹൃദയ ഭൂമിയില്‍ തരംഗ സൃഷ്ടിച്ച കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ഛത്തീസ്ഗഢിലായിരുന്നു. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ കോണ്‍ഗ്രസ് തൊട്ടടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടിപതറി. സംസ്ഥാനത്ത്‌ ആകെയുള്ള 11 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലും ബിജെപി ജയിച്ചു. കോണ്‍ഗ്രസിന് രണ്ടിടത്ത് മാത്രമാണ് ജയിക്കാനായത്. 2004 മുതല്‍ 2014 വരെയുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്  ലഭിച്ചിരുന്നത്‌ ഓരോ സീറ്റ്‌ മാത്രമായിരുന്നു. 2018-ല്‍ സംസ്ഥാനത്ത് അധികാരത്തിലേറിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് വര്‍ധിപ്പിച്ചുവെന്നല്ലാതെ മറ്റൊരു നേട്ടവമുണ്ടാക്കാനായില്ല. 

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും കാറ്റില്‍പ്പറത്തി ബിജെപി ഛത്തീസ്ഗഢില്‍ അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ഫലം കോണ്‍ഗ്രസിന്‌ ആശ്വസിക്കാന്‍ വകയുള്ളതായിരിക്കില്ല.

തെലങ്കാന

രാജസ്ഥാനിലും ഛത്തീസ്ഗഢിലും അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് ഏക ആശ്വാസം തെലങ്കാനയില്‍ കാലുറപ്പിക്കാനായതാണ്. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന ഐക്യ ആന്ധ്രയില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ട തെലങ്കാനയില്‍ ആദ്യമായിട്ടാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്. 2018-ല്‍ അധികാരത്തില്‍ വന്ന മൂന്ന് സംസ്ഥാനങ്ങളിലേതിനേക്കാള്‍ ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചത് പ്രതിപക്ഷത്തായിരുന്ന തെലങ്കാനയിലാണ്. 

17 സീറ്റുകളുള്ള തെലങ്കാനയില്‍ 2014-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് നേടിയ കോണ്‍ഗ്രസ് 2019-ല്‍ തെലങ്കാനയില്‍ മൂന്ന് സീറ്റുകള്‍ നേടി. 11 ലോക്‌സഭാ സീറ്റുകളുണ്ടായിരുന്ന കെസിആറിന്റെ പാര്‍ട്ടിക്ക് ഒമ്പത് സീറ്റായി. അതേ സമയം ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാലുസീറ്റുകള്‍ നേടാനായിരുന്നു.  എന്നാല്‍ അന്ന് 20 ശതമാനത്തോളം വോട്ട് പിടിച്ച ബിജെപിക്ക് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 ശതമാനം തികയ്ക്കാനായിട്ടില്ല. 10 ശതമാനത്തോളം കോണ്‍ഗ്രസിന്റെ വോട്ടില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. 42 ശതമാനത്തോളമുണ്ടായിരുന്ന ബിആര്‍എസ് വോട്ടുകള്‍ 38ലേക്കെത്തുകയും ചെയ്തു.