കോൺഗ്രസിന് ചരിത്രം തിരുത്താനായില്ല, പതിറ്റാണ്ടുകളായി തുടർന്നു പോന്ന രീതി ഇത്തവണയും രാജസ്ഥാനിൽ തുടർന്നു. ഭരണത്തുടർച്ചയെന്ന അശോക് ഗെഹ്ലോതിന്റെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി ബി.ജെ.പി. സംസ്ഥാനത്ത് വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഞ്ച് സംസ്ഥാന തിരിഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടികളിൽ ഒന്ന് രാജസ്ഥാനിൽ നിന്നുള്ളതായിരുന്നു. ജനങ്ങളെ അടുത്തറിഞ്ഞ് അടിത്തട്ടിലെ വികസനങ്ങൾ ചർച്ച ചെയ്ത് സാധാരണക്കാർക്കും കർഷകർക്കും യുവാക്കൾക്കും വിദ്യാർഥികൾക്കും വേണ്ടിയുള്ള വാഗ്ധാനങ്ങൾ, പ്രഖ്യാപനങ്ങൾ നടത്തി വോട്ട് ചോദിച്ചിറങ്ങിയ കോൺഗ്രസ് നേതൃത്വത്തിന് മുമ്പിൽ ഹിമാലയൻ പ്രതീക്ഷകളായിരുന്നു. എന്നാൽ ബി.ജെ.പിയുടെ പ്രചാരണങ്ങൾക്ക് മുമ്പിൽ അതൊക്കെയും നിഷ്പ്രഭമാകുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ കണ്ടത്.

To advertise here,

1993 മുതലാണ് രാജസ്ഥാനിലെ ജനം മാറി മാറി ചിന്തിച്ചു തുടങ്ങുന്നത്. തുടർഭരണമെന്നത് കോൺഗ്രസിനോ ബി.ജെ.പിക്കോ സാധ്യമല്ലാത്ത ഒന്നായി മാറി. ബി.ജെ.പി, കോൺഗ്രസ് എന്നിങ്ങനെ അഞ്ചു വർഷം കൂടുമ്പോൾ ഭരണം മാറി മാറി വന്നു. ശക്തി കേന്ദ്രങ്ങളെന്ന് പാർട്ടി നേതൃത്വം വിശ്വസിക്കുന്നിടങ്ങളിലെ ജനങ്ങൾ പലപ്പോഴും അപ്രതീക്ഷിത നീക്കം നടത്തി ഇരുപാർട്ടികളേയും ഒരുപോലെ ഞെട്ടിച്ചു. 1998  മുതൽ രാജസ്ഥാന്റെ കടിഞ്ഞാൺ അശോക് ഗെഹ്ലോതും വസുന്ധര രാജെയും മാറി മാറി ഏറ്റെടുത്തു. മൂന്ന് തവണയാണ് ഗെഹ്ലോത് രാജസ്ഥാന്റെ അമരത്തെത്തിയത്. വസുന്ധരയാകട്ടെ രണ്ടുതവണയും. 1998, 2008, 2018 -ലെ തിരഞ്ഞെടുപ്പുകളിലാണ് അശോക് ഗെഹ്ലോത് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2003, 2013- ലായിരുന്നു വസുന്ധരയുടെ കാലം.

ഇടക്കാലത്ത്, 2018-ൽ കോൺഗ്രസ് അധികാരം ഏറ്റെടുത്ത് ഭരണമാരംഭിച്ചതിന് ശേഷം, അശോക് ഗെഹ്ലോതിനെ വീഴ്ത്തി വീണ്ടും വസുന്ധരയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള സാധ്യതകളും സാഹചര്യങ്ങളും സംസ്ഥാനത്ത് ഉടലെടുത്തിരുന്നു. എന്നാൽ രാഷ്ട്രീയ ശരികേടുകൾക്ക് മുമ്പിൽ വസുന്ധര അതിൽ നിന്ന് പിന്നോട്ട് പോയി എന്ന വെളിപ്പെടുത്തലുകളും പിന്നീട് ഉണ്ടായി. അശോക് ഗെഹ്ലോതിന്റെ കാലത്ത് തന്നെ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന്റെ വിമത നീക്കമായിരുന്നു ഇതിന് ആക്കം കൂട്ടിയത്. തന്റെ പക്ഷത്തുണ്ടായിരുന്ന എം.എൽ.എ.മാരേയും കൂട്ടി സച്ചിൻ പൈലറ്റ് നടത്തിയ വിമത നീക്കം അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനമടക്കം തെറിപ്പിക്കുന്നതിലേക്ക് എത്തിച്ചു. ബി.ജെ.പിയിൽ ചേർന്ന് അശോക് ഗെഹ്ലോത് മന്ത്രിസഭയെ താഴെയിറക്കാൻ വേണ്ടി സച്ചിൻ പൈലറ്റ് പ്രവർത്തിച്ചുവെന്ന ആരോപണങ്ങളും വിവിധ കോണിൽ നിന്നുയർന്നിരുന്നു. എന്നാൽ വിമത നീക്കത്തിലൂടെ ബി.ജെ.പിയിൽ എത്താം എന്ന സച്ചിൻ പൈലറ്റ് അടക്കമുള്ളവരുടെ ആഗ്രഹത്തോട് വസുന്ധര മുഖം തിരിക്കുകയായിരുന്നുവെന്ന് അശോക് ഗെഹ്ലോത് തന്നെ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോരാട്ടം, സ്വന്തം പാളയത്തിൽ നിന്നുള്ള പടയൊരുക്കം; തിരഞ്ഞെടുപ്പിൽ മുഖംകെട്ട് കോൺഗ്രസ്

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുവരെ രാജസ്ഥാൻ കോൺഗ്രസിലെ നേതൃത്വത്തിനിടയിലുള്ള പടലപ്പിണക്കങ്ങൾ അവസാനിച്ചിരുന്നില്ല. ഹൈക്കമാൻഡിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്ന സച്ചിൻ പൈലറ്റ് പ്രത്യക്ഷമായിത്തന്നെ മുഖ്യമന്ത്രിയായിരുന്ന ഗെഹ്ലോതിനെതിരേ രംഗത്തെത്തിയിരുന്നു. അഴിമതിക്ക് കൂട്ടു നിൽക്കുന്നുവെന്നും, മറ്റു വിഷയങ്ങളും ആരോപിച്ച് സ്വന്തം സർക്കാരിനെതിരേ സച്ചിൻ പൈലറ്റ് തന്നെ നടത്തിയ യാത്ര ബി.ജെ.പിയെ തിരഞ്ഞെടുപ്പിൽ പിന്തുണക്കുംവിധത്തിലുള്ളതാണെന്ന് ഫലം പുറത്തുവരുമ്പോൾ വ്യക്തമാകും. 

ഒരുഘട്ടത്തിൽ സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോതും പ്രത്യക്ഷമായിത്തന്നെ വാക്പോരിനിറങ്ങിയതും ഹൈക്കമാൻഡിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഇരുവരേയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എത്തിക്കുന്നത് തന്നെ ഏറെ കഷ്ടപ്പെട്ടായിരുന്നു. പിന്നീട് ഗെഹ്ലോതിനെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിച്ച് രാജസ്ഥാന്റെ തലപ്പത്ത് സച്ചിൻ പൈലറ്റിനെ നിയോഗിക്കാം എന്ന തരത്തിലുള്ള ചർച്ചകളൊക്കെ നടന്നെങ്കിലും അശോക് ഗെഹ്ലോത് അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നീട്ടിവെച്ച കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനോട് മുഖം തിരിക്കുക കൂടി ചെയ്തു. 

ഇത്തവണ സച്ചിൻ പൈലറ്റിന്റെ ഊഴമായിരിക്കും എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, എ.ഐ.സി.സി. അധ്യക്ഷ സ്ഥാനം നിരസിച്ച് സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനം മതിയെന്നുറപ്പിച്ച അശോക് ഗെഹ്ലോത് തന്നെയായിരുന്നു കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. ഔദ്യോഗികമായി ഹൈക്കമാൻഡ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പലപ്പോഴായി, താൻ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് വാക്കുകൊണ്ട് അദ്ദേഹം സ്വയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വീണ്ടുമൊരാവർത്തി കൂടി മരുഭൂമിയിലെ രാജാവാകാനൊരുങ്ങിയ ഗെഹ്ലോതിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

കഴിഞ്ഞ വർഷത്തിനേക്കാൾ 0.7 ശതമാനം വോട്ടുകളുടെ വർധനവാണ് ഇത്തവണ രാജസ്ഥാനിൽ ഉണ്ടായിരിക്കുന്നത്. ഗ്രാമീണ മേഖലകളിലാണ് ഈ വർധനവ്. ഗ്രാമീണ മേഖലകളിൽ ബിപിഎൽ കുടുംബങ്ങളെ കൂടുതൽ സഹായിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് അശോക് ഗെഹ്ലോത് കഴിഞ്ഞ അഞ്ച് വർഷം നടപ്പിലാക്കിയത്. ക്ഷേമപദ്ധതികൾ വേറെയും. പാചകവാതക സിലിണ്ടർ വില 500 രൂപയാക്കുക, 25 ലക്ഷം രൂപ വരെ സർക്കാർ ആശുപത്രികളിലടക്കം സർക്കാരിന്റെ ആരോഗ്യ പദ്ധതിയിൽ കൂടി ലഭിക്കുക, ഗൃഹനാഥകൾക്കുള്ള ഓണറേറിയം, യുവാക്കൾക്കുള്ള തൊഴിലവസരം, വിദ്യാർഥികൾക്കായി വിവിധ പദ്ധതികൾ... സാധാരണ ജനത്തെ മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും പ്രഖ്യാപനങ്ങളുമായിരുന്നു കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

കോവിഡ് കാലത്തെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ജനം തൃപ്തരാണെന്നും ഇത്തവണയും ജനം തങ്ങളെ പിന്തുണക്കുമെന്നുമായിരുന്നു കോൺഗ്രസിന്റെ കണക്കു കൂട്ടൽ കേരളത്തിലെ തുടർഭരണ സാഹചര്യം വിലയിരുത്തിക്കൊണ്ട് അശോക് ഗെഹ്ലോത് തന്നെ ഇക്കാര്യം പറയുകയും ചെയ്തിരുന്നു.

സ്ത്രീശാക്തീകരണം, ജോലി, കർഷകരുടെ പ്രശ്നങ്ങൾ, സാധാരണക്കാരായ ജനങ്ങളെ മുൻനിർത്തിക്കൊണ്ടുള്ളതായിരുന്നു ബി.ജെ.പിയുടേയും പ്രകടന പത്രിക. കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന കോൺഗ്രസ് ഭരണത്തിൽ അസ്വസ്ഥരായ ജനത്തിന് ബി.ജെ.പിക്കൊപ്പം നിൽക്കാനേ സാധിച്ചുള്ളൂ എന്നുവേണം പറയാൻ. സർക്കാരിനെതിരേ ഉയർത്തിയ ചോദ്യ പേപ്പർ ചോർച്ച, അഴിമതി ആരോപണം അടക്കമുള്ള കാര്യങ്ങളിൽ ജനം ബിജെപിക്കൊപ്പം നിന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ കോൺഗ്രസ് നേതാക്കളുടേയും കുടുബത്തിന്റേയും വീടുകളിൽ ഇ.ഡി. റെയ്ഡും കോൺഗ്രസിനേറ്റ തിരിച്ചടിയുടെ വ്യാപ്തി വർധിപ്പിച്ചു എന്നുവേണം കരുതാൻ.

വസുന്ധരയിൽ ഒതുങ്ങാതെ ബിജെപി, പ്രതിയോഗിയായി ദിയ കുമാരി

സംസ്ഥാനത്തെ പ്രചാരണവും നേതൃസ്ഥാനവും ഒരാളിൽ മാത്രം ഒതുങ്ങാതിരിക്കാനാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വം പരമാവധി ശ്രമിച്ചത്. വസുന്ധര രാജെ എന്ന ബി.ജെ.പി. ഐക്കൺ, രണ്ടു വർഷം മുഖ്യമന്ത്രിയായി രാജസ്ഥാനിലെ ബി.ജെ.പിയുടെ അമരത്തെത്തിയ വസുന്ധര തന്നെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നായിരുന്നു ആദ്യഘട്ടത്തിൽ വിലയിരുത്തൽ. എന്നാൽ കേന്ദ്ര നേതൃത്വവുമായും സംസ്ഥാന നേതൃത്വവുമായും അത്ര സ്വര ചേർച്ചയിൽ അല്ലാത്തതു കൊണ്ട് തന്നെ ആദ്യം മുതൽക്കേ വസുന്ധരയെ തഴയുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ പൂർണ്ണമായും വസുന്ധരയെ തള്ളിക്കളയാനാകില്ലെന്ന ബോധ്യത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി. വസുന്ധരയെ കൂടെ നിർത്തിക്കൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ സജീവമാക്കിക്കൊണ്ട് വരുന്നതും.

എന്നാൽ ഇത്തവണ, ആരാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന കാര്യം ഒരിക്കലും ബി.ജെ.പി. കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല, പ്രചാരണം വസുന്ധരയിൽ മാത്രം ഒതുങ്ങുന്ന രീതിയിലെത്താതിരിക്കാൻ പരമാവധി ശ്രദ്ധപുലർത്തുകയും ചെയ്തു. എം.പിമാരെ അടക്കം ഇതിനായി രംഗത്തിറക്കി സ്ഥാനാർഥികളാക്കി. ദിയ കുമാരി എം.പി., രാജ്യ വർധൻ സിങ് റാത്തോഡ് എം.പി., രാജേന്ദ്ര സിങ്, കിരോടി ലാൽ മീണ, മഹന്ദ് ബാലക്നാദ് യോഗി എം.പി., സതീഷ് പുനിയ അടക്കമുള്ള നേതാക്കളെ കൂടി രാജസ്ഥാനിൽ കേന്ദ്ര നേതൃത്വം ഉയർത്തിക്കൊണ്ടുവന്നത് ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണെന്ന് വേണം വിലയിരുത്താൻ.

ആരാകും മുഖ്യമന്ത്രിക്കസേരയിൽ?

രാജസ്ഥാനിൽ മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിന് ഇപ്പോൾ രാജകുമാരിയായ ദിയ കുമാരിയിലേക്കാണ് രാഷ്ട്രീയ നിരീക്ഷകർ വിരൽ ചൂണ്ടുന്നത്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ എം.പി. സ്ഥാനത്തുനിന്ന് ദിയ കുമാരിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വീണ്ടും എത്തിച്ചത് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചു കൊണ്ട് കേന്ദ്ര നേതൃത്വം എടുത്ത തീരുമാനമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സജീവമാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യമൊക്കെ ഒഴിഞ്ഞു മാറിയിരുന്ന ദിയ കുമാരി, സംസ്ഥാനത്ത് പാർട്ടിയുടെ മുന്നേറ്റത്തിന് പിന്നാലെ വ്യക്തമായ ഉത്തരവുമായി രംഗത്തെത്തുകയും ചെയ്തു. 'പാർട്ടി നേതൃത്വം തീരുമാനിക്കും' എന്നായിരുന്നു മറുപടി. സിറ്റിങ് എം.എൽ.എയെ മാറ്റി നിർത്തിയാണ് ബി.ജെ.പി. ദിയകുമാരിയെ രംഗത്തിറക്കിയത്. രാജകുടുംബാഗമായ വസുന്ധരയ്ക്കൊരു പ്രതിയോഗി എന്ന തരത്തിലായിരുന്നു ദിയ കുമാരിയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തപ്പെട്ടിരുന്നത്. 

placeholder
ദിയ കുമാരി, വസുന്ധര രാജെ | Photo: ANI

വിദ്യാധർ നഗറിൽ നിന്ന് ജനവിധി തേടിയ ദിയ കുമാരി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ആദ്യംമുതൽക്ക് തന്നെ മുന്നേറിയത്. കോൺഗ്രസിന്റെ സിതാറാം അഗർവാളായിരുന്നു എതിരാളി. കൂറ്റൻ വിജയമാണ് ദിയകുമാരി സ്വന്തമാക്കിയത്. അറുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിയ കുമാരിയുടെ വിജയം.

അതെസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന വസുന്ധര രാജെയുടെ അടുത്ത നീക്കം എന്താകും എന്നാണ് രാജസ്ഥാൻ ഉറ്റുനോക്കുന്നത്. വെറും ഒരു എം.എൽ.എ. ആയി ഒതുങ്ങാൻ എന്തായാലും വസുന്ധര ഒരുക്കമാകില്ല. രണ്ടുതവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന വസുന്ധരയ്ക്ക് മുന്നാംതവണയും മുഖ്യക്കസേരയിലേക്ക് തന്നെയാണ് നോട്ടം. ഇതിനായി വിവിധ മണ്ഡലങ്ങളിൽ വിമതരെ അടക്കം സ്ഥാനാർഥികളാക്കി തുടക്കം മുതൽക്ക് തന്നെ വസുന്ധര നീക്കം നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോതുമായി ഏറെ അടുപ്പം പുലർത്തുന്ന രാഷ്ട്രീയ നേതാവാണ് വസുന്ധര. സ്വന്തം പാളയത്തിൽ നിന്ന് അവഗണന നേരിടേണ്ടി വന്നാൽ വസുന്ധരയുടെ അടുത്ത നീക്കം എന്താണ് എന്നാണ് ഇനി അറിയാനിരിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രിക്കുപ്പായം തയിപ്പിച്ച് പോരിനിറങ്ങിയ പ്രതിപക്ഷ നേതാവ് രാജേന്ദ്ര സിങ് അടക്കമുള്ളവരുടെ ജയ സാധ്യത മങ്ങിയത് ദിയ കുമാരിയുടെ മുഖ്യമന്ത്രിക്കസേര ഒന്നു കൂടി ഉറപ്പിക്കുന്നുണ്ട്. മുന്നിൽ വസുന്ധര മാത്രമാണ് ഇപ്പോൾ ദിയ കുമാരിയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് വിലങ്ങുതടി. ബിജെപി നേതൃത്വം എന്ത് തീരുമാനിക്കും എന്നാണ് ഇനി അറിയേണ്ടിയിരിക്കുന്നത്.

രാജസ്ഥാനിലെ യോഗിയും പരിഗണനയിൽ

മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ മഹന്ദ് ബാലക്നാഥ് യോഗി എം.പി.യുടെ പേരും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിൽ സജീവമായിത്തന്നെ ഉണ്ട് എന്നാണ് സൂചനകൾ. മറ്റൊരു യോഗിയുടെ വരവ് എന്ന തരത്തിലുള്ള പ്രചാരണങ്ങളും രാജസ്ഥാനിൽ നിന്ന് ശക്തമാണ്. നേരത്തെ ഉത്തർപ്രദേശിൽ അപ്രതീക്ഷിതമായിട്ടായിരുന്നു യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിപദത്തിലെത്തിച്ചത്. രാജസ്ഥാന്റെ യോഗി എന്നാണ് ബാലക്നാഥ് സ്വയം വിശേഷിപ്പിക്കുന്നത്. ഉത്തർപ്രദേശിന് സമാനമായി മറ്റൊരു യോഗി കൂടി രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തുമോ എന്നും രാഷ്ട്രീയലോകം നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യ -പാക് മത്സരം എന്നായിരുന്നു ബാലക്നാദ് തിജറ മണ്ഡലത്തിലെ പോരിനെ വിശേഷിപ്പിച്ചിരുന്നത്. കോൺഗ്രസിന്റെ ഇമ്രാൻ ഖാനെതിരേയായിരുന്നു ബാലക്നാഥിന്റെ നേട്ടം എന്നതായിരുന്നു കാരണം. 

2013-ലെ തിരഞ്ഞെടുപ്പിൽ 44 ശതമാനം വോട്ട് വിഹിതമാണ് ബിജെപിക്ക് ലഭിച്ചത്. 200 സീറ്റുകളിൽ 163 സീറ്റുകളായിരുന്നു ബിജെപിക്ക് അന്ന് ലഭിച്ചത്. രാജസ്ഥാനിൽ കോൺഗ്രസ് തകർന്നടിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു അത്. കോൺഗ്രസിന്റെ പക്കൽ ഉണ്ടായിരുന്ന ഭദ്രമെന്ന് കരുതിയിരുന്ന 48 മണ്ഡലങ്ങളിലെ ജനങ്ങൾ ബി.ജെ.പിക്കൊപ്പം നിന്നു. ഇത് കോൺഗ്രസിന് അത്ര ചെറുതല്ലാത്തൊരു തിരിച്ചടിയാണ് നൽകിയത്. എന്നാൽ ഇതേ 48 മണ്ഡലങ്ങൾ പിന്നീട് 2018-ൽ വീണ്ടും കോൺഗ്രസിനൊപ്പം ചേർന്നു എന്നത് മറ്റൊരു ചരിത്രം.

ബിജെപിയെ പിന്തുണച്ച മണ്ഡലങ്ങൾ

ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന തുടർച്ചയായി ബിജെപി കൈവശംകൊണ്ടു നടന്ന 25 മണ്ഡലങ്ങളിൽ 2018-ൽ കോൺഗ്രസിന് വിള്ളൽ വീഴ്ത്താൻ സാധിച്ചത്. ഇത് 2018-ലെ കോൺഗ്രസിന്റെ വിജയത്തിന് തിളക്കം വർധിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ കോൺഗ്രസിനെ ഈ മണ്ഡലങ്ങൾ പലതും കൈവിട്ടു. 2018-ൽ ജാട്ട് സമുദായക്കാരും മേവട്ടിലുള്ളവരും ഒന്നടങ്കം ബി.ജെ.പിയെ കൈവിട്ടതായിരുന്നു. എന്നാൽ ഇത്തവണ ഈ വിഭാഗക്കാർ ബി.ജെ.പിയ്ക്കൊപ്പം നിന്നതുകൊണ്ട് തന്നെ രാജസ്ഥാനിൽ ബി.ജെ.പിയുടെ വിജയം അനായാസമായിരുന്നു.

രാജസ്ഥാനിലെ വിധി നിർണയിക്കുന്ന 48 മണ്ഡലങ്ങൾ 

രാജസ്ഥാനിലെ ഭരണം ആർക്ക് നൽകണമെന്ന് 48 മണ്ഡലങ്ങളായിരുന്നു കഴിഞ്ഞ കാലങ്ങളിൽ നിശ്ചയിച്ചു പോന്നിരുന്നത്. ശക്തി കേന്ദ്രങ്ങളിലെ വിള്ളലുകൾ പലപ്പോഴും ഇരുപാർട്ടികൾക്കും വിനയായിരുന്നു. ഇത്തവണയും കോൺഗ്രസിന് വിനയായത് ഈ മണ്ഡലങ്ങൾ എന്ന് വേണം കരുതാൻ.

സദുൽഷാഹർ, ഹനുമാൻഗഡ്, സുജൻഗഡ്, ഖെത്രി, ഫത്തേപുർ, സികാർ, നീം കാ താനെ, ശ്രീമധോപുർ, അംവാ രാംഗഡ്, ഹവാമഹൽ, സിവിൽ ലൈൻസ, ബഗുരു, അൽവാർ റൂറൽ, കമൻ, ഹിന്ദൌൻ, സിക്രായി, ബമൻവാസ്, സവായി മധോപുർ, ഖണ്ഡാർ, നിവായ്, ടോങ്ക്, ദിയോലി ഉനിയാര, കെക്രി, ദീഡ്വാന, ജയൽ, നവാൻ, ഓസിയൻ, ലുണി, പൊഖ്റാൻ, ഷിയോ, ബെയ്തോ, പച്പദ്ര, ഗുദാ മലാനി, ചോഹ്തൻ, ഖെർവാര, വൈലാഭ് നഗർ, ദുങ്കർപുർ, ബൻസ്വാര, ബെഗുൺ, നിംബഹേര, മണ്ഡൽ, സഹാറ, പിപൽദാ, സൻഗൊഡ്, കോട്ട നോർത്ത്, അൻത, കിഷൻഗഞ്ച്, ബരൻ - അത്രു തുടങ്ങിയ മണ്ഡലങ്ങളാണ് ആർക്കൊപ്പം സ്ഥിരമാർന്ന് നിൽക്കുമെന്ന യാതൊരു ഉറപ്പും ഇല്ലാത്തത്.

തിരഞ്ഞെടുപ്പുകളിൽ ഓരോ പാർട്ടികളും അധികാരത്തിലെത്താൻ 48 മണ്ഡലങ്ങളുടെ വിധി അതിനിർണായകമായിരുന്നു. തുടർ ഭരണത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത കോൺഗ്രസിനും ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായി കരുത്തുകാട്ടിയ ബി.ജെ.പിക്കും മുമ്പിൽ സ്ഥിരതയില്ലാത്ത, എപ്പോൾ വേണമെങ്കിലും ഏത് ഭാഗത്തേക്കും മാറി ചിന്തിക്കുന്ന 48 മണ്ഡലങ്ങൾ പിടിച്ചെടുക്കുക എന്നത് ബാലികേറാമല തന്നെയായിരുന്നു. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ ടോങ്ക് അടക്കമുള്ള മണ്ഡലങ്ങൾ ഇത്തരത്തിൽ മാറി ചിന്തിക്കുന്നവയുടെ കൂട്ടത്തിലായിരുന്നു എന്നതും മറ്റൊരു വസ്തുത. 2008-ലെ തിരഞ്ഞെടുപ്പിൽ ഈ 48 മണ്ഡലങ്ങളും കോൺഗ്രസിനൊപ്പമായിരുന്നു. അന്ന് കോൺഗ്രസ് അധികാരത്തിലെത്താൻ നിർണായക പങ്കുവഹിച്ചതും ഈ 48  മണ്ഡലങ്ങളായിരുന്നു. ബി.ജെ.പിയിൽ നിന്ന് അധികാരം തിരികെപിടിച്ച് ഗെഹ്ലോതിന്റെ കൈയിൽ രാജസ്ഥാനെ ഏല്പിച്ചു കൊടുത്തതിൽ ഏറ്റവും നിർണായക ശക്തികളായിരുന്നു ഈ മണ്ഡലങ്ങൾ. എന്നാൽ 2013- ൽ ഇത് കോൺഗ്രസിനെ കൈവിട്ടു. ബി.ജെ.പിയുടെ ശക്തമായ തിരിച്ചു വരവിനാണ് ഈ മണ്ഡലങ്ങൾ സാക്ഷ്യം വഹിച്ചത്. വസുന്ധരയുടെ കൈയിൽ രാജസ്ഥാൻ ഭരണം ഏല്പിക്കുന്നതിൽ നിർണായക ശക്തികളായതും ഈ മണ്ഡലങ്ങളിലെ മാറ്റം തന്നെയായിരുന്നു. 2018ൽ ജനം വീണ്ടും വിധിയെഴുതി, തുടർഭരണം എന്ന സാധ്യത അതിവുദൂരതയിൽ പോലും കാണാത്ത രാജസ്ഥാനിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ് അധികാരത്തിൽ എത്തി. അന്നും ഏറെ ചർച്ചയായത് ഈ 48 മണ്ഡലങ്ങൾ തന്നെയാണ്. ഒന്നിൽ പോലും ബിജെപി ജയിച്ചില്ലെന്ന് മാത്രമല്ല, 48 മണ്ഡലങ്ങളും ഗെഹ്ലോതിനൊപ്പം നിന്നു.

ചരിത്രം തിരുത്തിയില്ല, മാറി മാറി വരുന്ന ഭരണം ഇത്തവണയും രാജസ്ഥാനിൽ തുടർന്നു. തുടർഭരണം ലക്ഷ്യമിട്ട ഗെഹ്ലോതും സംഘവും പുറത്തേക്ക്... ഇത്തവണ ഈ 48 മണ്ഡലങ്ങളിൽ പലതും ബി.ജെ.പിയെ ചേർത്ത് നിർത്തിയപ്പോൾ ചരിത്രം തിരുത്തി തുടർഭരണം ലക്ഷ്യമിട്ട കോൺഗ്രസിനേറ്റ കനത്ത തിരിച്ചടി കൂടിയയായി മാറി. ഈ മണ്ഡലങ്ങളിലെ ജനങ്ങളെ കൂടെ ചേർത്ത് നിർത്താൻ സാധിക്കാതെ പോയതാണ് കോൺഗ്രസിന് തിരിച്ചടിയായത്. 

ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ ഊന്നിക്കൊണ്ടുള്ള കോൺഗ്രസിന്റെ പ്രചാരണം കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ടുണ്ടായ ഭരണവിരുദ്ധ വികാരത്തെ മറച്ചു വെക്കുന്നതിന് മതിയായ ഒന്നായിരുന്നില്ലെന്ന് വേണം കരുതാൻ. പാചകവാതവില കുറക്കുമെന്ന് പ്രഖ്യാപനം, വീട്ടമ്മമാർക്കുള്ള പ്രതിമാസ പദ്ധതി, യുവാക്കൾക്ക് തൊഴിൽ, വിദ്യാർഥികളെ മുൻനിർത്തിക്കൊണ്ടുള്ള പ്രകടന പത്രിക, ഒന്നും തന്നെ കോൺഗ്രസിനെ ചേർത്തു പിടിക്കാൻ മാത്രമുള്ളതായിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ജയം ചൂണ്ടിക്കാട്ടുന്നത്.

ശക്തി കേന്ദ്രങ്ങൾ തിരിച്ചു പിടിച്ച് ബി.ജെ.പി.

2018-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന 25 മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിള്ളൽ വീഴ്ത്തിയത്. ഒറ്റയടിക്കായിരുന്നു 2008 മുതൽ ബി.ജെ.പിയെ പിന്തുണച്ചിരുന്ന 25 മണ്ഡലങ്ങളിലെ ജനം കോൺഗ്രസിന് അനുകൂലമായി വിധിയെഴുതിയത്. 2018-ൽ ഈ 25 മണ്ഡലങ്ങളിലേയും ജനം കോൺഗ്രസിനൊപ്പം നിന്നപ്പോൾ അത് കോൺഗ്രസിന്റെ അധികാരത്തിലേക്കുള്ള ചവിട്ടുപാതയായി മാറി.

നോഹർ, ഖജുവാല, ബിക്കാനിയർ വെസ്റ്റ്, താരാനഗർ, പിലാനി, വിരാത്നഗർ, ജോധ്വാര, കിഷൻപോലെ, ആദർശ് നഗർ, ചക്സു, രാംനഗർ, ഖതുമർ, വെയ്ർ, ബയന, ബസെരി, ദെഗാന, പർബാത്സർ, ലോഹാവത്, ഷെർഗഡ്, ജോധ്പുർ, ബിലാര, ജെയ്സാൽമീർ, പ്രതാപ്ഗഡ്, ഭിം, നാഥ്ധ്വാര എന്നീ മണ്ഡലങ്ങൾ 2008 മുതൽ 2018 വരെ ബിജെപിക്കൊമായിരുന്നു. കോൺഗ്രസിന് കീറാമുട്ടിയായി മാറിയ മണ്ഡലങ്ങളായിരുന്നു ഇത്. 

എന്നാൽ, 2018-ലെ തിരഞ്ഞെടുപ്പിൽ ജനം മാറി ചിന്തിച്ചു. 25 മണ്ഡലങ്ങളും കോൺഗ്രസിനൊപ്പം നിന്നു. ഗെഹ്ലോത് എന്ന അതികായന്റെ നേതൃശക്തിയിൽ ഭരണം കോൺഗ്രസ് തിരിച്ചു പിടിച്ചപ്പോൾ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ പോലുമുണ്ടായ വിള്ളലിൽ ബി.ജെ.പി. നേതൃത്വം ഞെട്ടി. കഴിഞ്ഞ രണ്ടു തവണയിൽ തങ്ങളെ കൈവിടാത്ത മണ്ഡലങ്ങളായിരുന്നു 2018-ൽ കോൺഗ്രസിനൊപ്പം നിന്നത്. എന്നാൽ ഇത്തവണ കോൺഗ്രസിന് ഈ മണ്ഡലങ്ങളിൽ വേണ്ട മുന്നേറ്റം നടത്താനായില്ല. കോൺഗ്രസിന്റെ ഭരണത്തിൽ നിന്ന് മാറ്റം ആഗ്രഹിച്ചു കൊണ്ട് ജനം വിധിയെഴുതി, ഇത്തവണം മണ്ഡലങ്ങളിൽ പലതും ബിജെപിക്കൊപ്പം നിന്നു.

രണ്ട് തവണയാണ് വസുന്ധരയുടെ കീഴിൽ രാജസ്ഥാനിൽ ബി.ജെ.പി. അധികാരത്തിലെത്തിയത്. ഭരണത്തുടർച്ചയെന്നത് വിദൂര സ്വപ്നമെന്നതിനാൽ ഇത്തവണ കോൺഗ്രസിന്റെ സാധ്യതകൾക്ക് മങ്ങൽ വീണു, ജനം ബി.ജെ.പിക്കൊപ്പം നിന്നു. ഇനി ആര് രാജസ്ഥാനെ ഭരിക്കും എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. രണ്ടു തവണ ഭരണതലപ്പത്തിരുന്ന വസുന്ധരെയോ അതോ പുതിയൊരു മാറ്റത്തിനായി ബി.ജെ.പി. നേതൃത്വം ഒരുങ്ങുന്നുവോ എന്നാണ് അറിയേണ്ടത്.