
ഭരണത്തുടര്‍ച്ചയെന്ന അശോക് ഗെഹ്‌ലോത്തിന്റെ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് രാജസ്ഥാനില്‍ ബി.ജെ.പി അധികാരം ഉറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ വീഴ്ത്തി സംസ്ഥാനത്തുടനീളം വ്യക്തമായ ആധിപത്യമാണ് ബി.ജെ.പി നേടിയിരിക്കുന്നത്. മുഖ്യമന്ത്രി പദം ആർക്ക് എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥിനെപ്പോലെ രാജസ്ഥാനില്‍ മറ്റൊരു യോഗി മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായ തിജറയില്‍ ഇമ്രാന്‍ ഖാനെ വീഴ്ത്തി വിജയിച്ച മഹന്ത് ബാലക്‌നാഥിന്‍റെ പേരാണ് ഉയർന്നുകേൾക്കുന്നത്. ബിജെപിയുടെ ആല്‍വാറില്‍നിന്നുള്ള ലോക്‌സഭാ എംപിയായിരുന്ന ബാലക് നാഥിനെ ബിജെപി നിയമസഭാ സ്ഥാനാർഥിയാക്കുകയായിരുന്നു. 6173 വോട്ടിനാണ് ബാലക്‌നാഥ് വിജയം നേടിയത്. ബാലക്‌നാഥ് 110209 വോട്ടുകള്‍ നേടിയപ്പോള്‍ ഇമ്രാന്‍ ഖാന്‍ 104036 വോട്ടുകളാണ് സ്വന്തമാക്കിയത്.
കോണ്‍ഗ്രസ്സിന്റെ തട്ടകമായ തിജറയില്‍ ബാലക്‌നാഥിന്റെ വിജയം അമ്പരപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ ഖാനെതിരായ മത്സരം ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം പോലെയാണെന്നാണ് ബാലക്‌നാഥ് ഈയിടെ പറഞ്ഞത്. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബാലക്‌നാഥ് രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് പ്രവചിച്ചത്. എക്‌സിറ്റ് പോള്‍ ഫലപ്രകാരം 10 ശതമാനം പേര്‍ ബാലക്‌നാഥ് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞപ്പോള്‍ 32 ശതമാനം പേരും ഗെഹ്‌ലോത്ത് തന്നെ മുഖ്യമന്ത്രിയാകുമെന്ന് വിധിയെഴുതി. 21 ശതമാനം പേര്‍ മറ്റേതെങ്കിലും ബി.ജെ.പി നേതാവ് ഈ സ്ഥാനത്തേക്ക് വരുമെന്ന് വ്യക്തമാക്കി.
ഇപ്പോൾ ശ്രദ്ധ ബാലക്‌നാഥിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. തിജാരയിലെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ ബാലക്‌നാഥ് അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ യോഗി ആദിത്യനാഥിനുശേഷം മറ്റൊരു യോഗി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.
രാജസ്ഥാന്റെ യോഗി ആദിത്യനാഥ് എന്നാണ് ബാലക്‌നാഥ് സ്വയം വിശേഷിപ്പിക്കുന്നത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോഴും ഇലക്ഷന്‍ പ്രചാരണവേദികളിലും യോഗി ആദിത്യനാഥ് ബാലക്‌നാഥിനൊപ്പമെത്തിയിരുന്നു. 39 കാരനായ ബാലക്‌നാഥ് എപ്പോഴും കാവിവസ്ത്രമാണ് ധരിക്കാറ്. തന്റെ ജ്യേഷ്ഠസഹോദരനായായാണ് യോഗി ആദിത്യനാഥിനെ കാണുന്നതെന്ന് ബാലക്‌നാഥ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആത്മീയ പാതയുടെ കരുത്തിലാണ് ബാലക്‌നാഥ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്.
ആരാണ് മഹന്ത് ബാലക്‌നാഥ്?
അല്‍വാറില്‍ നിന്നുള്ള ബി.ജെ.പിയുടെ എം.പിയായ ബാലക് നാഥ് 1984-ല്‍ ബെഹ്‌റോറിലെ കോഹ്‌റാന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. വെറും ആറ് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ ബാലക്‌നാഥിനെ മാതാപിതാക്കള്‍ ആത്മീയപാത സ്വീകരിക്കുന്നതിനായി മഹന്ത് ഘേത്‌നാഥ് ആശ്രമത്തിലേക്ക് അയച്ചു. ഘേത്‌നാഥിന്റെ ശിഷ്യനായിരുന്നു ബാലക്‌നാഥിന്റെ പിതാവ്. ആശ്രമത്തില്‍ മഹന്ത് ചന്ദ്‌നാഥിന്റെ ശിഷ്യനായി ആത്മീയ പാത സ്വീകരിച്ച ബാലക്‌നാഥ് പിന്നീട് ചന്ദ്‌നാഥിന്റെ പിന്‍ഗാമിയായി 2016-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. ജൂലായ് 29-ന് നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ്, ബാബ രാംദേവ് തുടങ്ങിയ പ്രമുഖരുണ്ടായിരുന്നു. റോഹ്താക്കിലെ മസ്ത്‌നാഥ് മഠത്തില്‍ നിന്നുള്ള എട്ടാമത്തെ മഹന്താണ് ബാലക്‌നാഥ്. ഈ മഠത്തിന്റെ കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്.
മഹന്ത് ചന്ദ്‌നാഥാണ് ബാലക്‌നാഥിലെ രാഷ്ട്രീയപ്രവര്‍ത്തകനെ വാര്‍ത്തെടുത്തത്. പ്ലസ് ടു വിദ്യാഭ്യാസമാണ് ബാലക്‌നാഥിനുള്ളത്. ജനങ്ങളുമായി സംവദിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് ശക്തിയായി. അല്‍വാറിലെ മുന്‍ എംപി കൂടിയായ മഹന്ത് ചന്ദ്‌നാഥ് ബാലക്‌നാഥിനെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകനാക്കി മാറ്റി. ബി.ജെ.പിയുടെ ആശയങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് ബാലക്‌നാഥ് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു. പിന്നാലെ ബാബ മസ്ത്‌നാഥ് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലറായി മാറി.
യോഗി ആദിത്യനാഥ്, ബാബ രാംദേവ് തുടങ്ങിയവരുമായി അടുത്തബന്ധം പുലര്‍ത്തിയ ബാലക്‌നാഥ് 2019 ലോക്‌സഭാ ഇലക്ഷനില്‍ രാജസ്ഥാനിലെ അല്‍വാറില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മാറി. കന്നിയങ്കത്തില്‍ത്തന്നെ കോണ്‍ഗ്രസ്സിനെ ഭന്‍വര്‍ ജിതേന്ദ്ര സിങ്ങിനെ മൂന്ന് ലക്ഷത്തോളം വോട്ടുകളുടെ മാര്‍ജിനില്‍ പിന്നിലാക്കിക്കൊണ്ട് ബാലക്‌നാഥ് വെന്നിക്കൊടിപാറിച്ചു.
രാജസ്ഥാന്‍ ഹിന്ദു ജനതയുടെ ഹൃദയങ്ങളിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലാന്‍ ബാലക്‌നാഥിന് സാധിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തെ 2023 ഇലക്ഷനില്‍ തിജാരയില്‍ മത്സരിപ്പിച്ചത്. 2.61 ലക്ഷം വോട്ടര്‍മാരാണ് തിജാരയിലുള്ളത്. അതില്‍ ഒരുലക്ഷത്തോളം മുസ്ലിം വോട്ടുകളാണ്. ഇത്തവണ വിജയം നേടുന്നതിനേക്കാളുപരിയായി തിജാരയിലെ വോട്ടുവിഹിതമാണ് അറിയേണ്ടതെന്ന് ബാലക്‌നാഥ് ഇതിനോടകം പറഞ്ഞിരുന്നു.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോഴുള്ള കണക്കനുസരിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ 14 ലക്ഷം രൂപയാണുള്ളത്. ഹിന്ദു അജണ്ട ജനങ്ങളിലേക്കെത്തിക്കാനാണ് ബാലക്‌നാഥ് ശ്രമിച്ചത്. അതിന്റെ ഫലമായി ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ മറന്ന് ബി.ജെ.പിയില്‍ വിശ്വാസമര്‍പ്പിച്ചു. ഹിന്ദു വോട്ടുകള്‍ ബി.ജെ.പി വോട്ടുബാങ്കിലേക്ക് കൃത്യമായി എത്തിയതിന്റെ സൂചനയാണ് ഫലം വ്യക്തമാക്കുന്നത്. ജനകീയനായ ബാലക്‌നാഥിനെ ഇന്‍സ്റ്റഗ്രാമില്‍ മാത്രമായി 15 ലക്ഷം ജനങ്ങളാണ് പിന്തുടരുന്നത്.
ബാലക്‌നാഥിനെതിരേ ചില ആരോപണങ്ങള്‍ ഇലക്ഷന്‍ പ്രചാരണ സമയത്ത് കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ബാലക്‌നാഥ് കാനഡയില്‍ 32 ഏക്കര്‍ സ്ഥലം വാങ്ങിയെന്നതായിരുന്നു പ്രധാന ആരോപണം. കാനഡയിലെ കള്‍ട്ടസ് ലേക്കില്‍ 52 കോടി മുടക്കിയാണ് ബാലക്‌നാഥ് സ്ഥലം വാങ്ങിയതെന്നാണ് കോണ്‍ഗ്രസ്സുകാരുടെ വാദം. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ഉജ്ജ്വലവിജയത്തോടെ കോണ്‍ഗ്രസ്സിന് മറുപടിനല്‍കുകയാണ് ബാലക്‌നാഥ്. മുഖ്യമന്ത്രിപദത്തിലെത്തിയാൽ, ഇപ്പോൾ സാധ്യത കൽപിക്കപ്പെടുന്ന ദിയ കുമാരി, വസുന്ധര രാജെ സിന്ധ്യ എന്നിവരെ മറികടന്നാകും ബാലക് നാഥിന്‍റെ സ്ഥാനലബ്ധി.
Content Highlights: balak nath is fighting for becoming the chief minister of rajasthan
Published: 03 Dec 2023, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented