ജയ്പുർ: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേം ചന്ദ് ഭൈരവയും ഭജൻലാൽ ശർമ്മയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ജയ്പുരിലെ ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിൽവെച്ചായിരുന്നു ചടങ്ങ്. 

To advertise here,

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയുടെ മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ.

ബദ്ധവൈരികളായ രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോതും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവതും സത്യപ്രതിജ്ഞാ ചടങ്ങിൽ വേദി പങ്കിട്ടു. ഗജേന്ദ്ര സിങ് ഷെഖാവതിനെതിരേ നിരന്തരം അഴിമതി ആരോപണവുമായി ഗെഹ്ലോത് രംഗത്തെത്തുന്നതിനിടെയാണ് ഇരുവരും അടുത്തടുത്ത ഇരിപ്പിടങ്ങളിലായി വേദി പങ്കിട്ടത് എന്നതും ശ്രദ്ധേയമാണ്. 

മുൻ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, സതീഷ് പുനിയ അടക്കമുള്ളവരുമായി ഗെഹ്ലോത് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. മുൻ മുഖ്യമന്ത്രി വസുന്ധരരാജെയും ചടങ്ങിൽ പങ്കെടുത്തു.