
ന്യൂഡൽഹി: വോട്ടെടുപ്പ് പൂർത്തിയായി ഫലം കാത്തിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിറഞ്ഞുനിന്ന മലയാളി സാന്നിധ്യമായിരുന്നു കെ.പി.സി.സി സെക്രട്ടറി ജോൺ വിനേഷ്യസ്. രാജസ്ഥാൻ കോൺഗ്രസിലെ മുഖ്യ ശ്രദ്ധാകേന്ദ്രമായ സച്ചിൻ പൈലറ്റിനൊപ്പം നിഴൽപോലെ നിന്ന ജോൺ, ഒരാഴ്ചക്കാലം സച്ചിന് വേണ്ടി ടോങ്ക് മണ്ഡലത്തിൽ സജീവപ്രചാരണത്തിലായിരുന്നു.
പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് ഏറെക്കാലമായി സച്ചിന്റെയും പൈലറ്റ് കുടുംബത്തിന്റെയും പ്രിയങ്കരനായ ജോൺ ടോങ്കിലെത്തിയത്. എല്ലാവരും പ്രവചിച്ചതുപോലെ എളുപ്പമായിരിക്കില്ല ബി.ജെ.പിക്ക് ഇക്കുറിയും രാജസ്ഥാൻ എന്നാണ് രാജസ്ഥാനിലെ രാഷ്ട്രീയകാലാവസ്ഥയെപ്പറ്റി ജോൺ പറയുന്നത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയിരിക്കുകയാണിപ്പോൾ ജോൺ വിനേഷ്യസ്.
2004-ൽ സച്ചിൻ ആദ്യമായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയപ്പോൾ മുതൽ ജോൺ പ്രചരണത്തിനായി കൂടെയെത്താറുണ്ട്. 1997 മുതലാണ് ജോൺ പൈലറ്റ് കുടുംബവുമായി ബന്ധപ്പെടുന്നത്. മുൻ തിരുവനന്തപുരം എം.പി എ. ചാൾസ് ആണ് ഒരിക്കൽ തിരുവനന്തപുരത്തെത്തിയ, അന്തരിച്ച രാജേഷ് പൈലറ്റിന് ജോണിനെ പരിചയപ്പെടുത്തുന്നത്. ജോൺ അന്ന് കേരള സർവകലാശാലാ യൂണിയൻ കൗൺസിലർ ആണ്. പിന്നീടിങ്ങോട്ട് രാജേഷ് എപ്പോൾ കേരളത്തിലെത്തിയാലും ജോൺ സന്തത സഹചാരിയായി കൂടെക്കൂടി.
2000-ൽ രാജേഷ് പൈലറ്റ് അപകടത്തിൽ മരിക്കുന്നതുവരെയും ജോൺ അദ്ദേഹത്തിന്റെ അടുത്ത അനുയായിയായി സഞ്ചരിച്ചു. 2003-ൽ രാജേഷിന്റെ പത്നി രമ പൈലറ്റ് ജൽറാപതാൻ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴും ജോൺ അവിടെ പ്രചരണത്തിനിറങ്ങി. രാജേഷിന്റെ മകൻ സച്ചിനും ജോണിനോട് ഏറ്റവുമടുത്ത സൗഹൃദമാണ് പുലർത്തുന്നത്. സഹോദരതുല്യ ബന്ധമെന്നാണ് ജോൺ വിശേഷിപ്പിക്കുന്നത്.
സച്ചിൻ ഇത്തവണ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ജോണിന്റെ പ്രവചനം. മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തും സച്ചിനും ഒരുമിച്ചാണ് നീങ്ങുന്നതെന്നും അവർ തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും ജോൺ പറയുന്നു.
Content Highlights: rajasthan election 2023 sachin pilot and jhon vicious
Published: 29 Nov 2023, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented