ജയ്പുർ: ജയ്‌പുർനഗരത്തിൽത്തന്നെയുള്ള വിധാധർ മണ്ഡലത്തിലെ മൂന്നാം വാർഡിൽ ജനസമ്പർക്കപരിപാടിക്കെത്തിയതാണ് ബി.ജെ.പി. സ്ഥാനാർഥിയും ജയ്‌പുർ രാജവംശത്തിലെ രാജകുമാരിയുമായ ദിയാകുമാരി. ജയ്‌പുർ നഗരം സ്ഥാപിച്ച ജയ്‌സിങ് രണ്ടാമന്റെ കുടുംബത്തിലാണ് ദിയാകുമാരി. ജയ്‌പുർ രാജകുടുംബത്തിൽനിന്ന് ആദ്യമായി രാഷ്ട്രീയത്തിലിറങ്ങിയത് ദിയയുടെ മുത്തശ്ശി സാക്ഷാൽ ഗായത്രി ദേവിയാണ്.

To advertise here,

1962-ൽ ജയ്‌പുരിൽനിന്ന് 1.57 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗായത്രി ദേവി ആദ്യമായി ലോക്‌സഭയിലേക്ക് ജയിച്ചത്. വീണ്ടും രണ്ടുതവണകൂടിയെത്തി. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ എതിർത്തതിന് തിഹാർ ജയിലിലടക്കം കിടന്നു. ആ പോരാളിയുടെ പിൻഗാമിയെ ബി.ജെ.പി. ഇപ്പോൾ സ്ഥാനാർഥിയാക്കിയിരിക്കുന്നത് മറ്റൊന്നിനുമല്ല, ധോൽപുർ രാജകുടുംബവും രാജസ്ഥാനിലെ ജനനേതാവുമായ വസുന്ധര രാജെയെ ഒതുക്കാൻ കേന്ദ്രനേതൃത്വം കളിച്ച കളിയാണെന്നാണ് അണിയറവർത്തമാനം. വസുന്ധര രാജെ തന്നെയാണ് 2013-ൽ ദിയാകുമാരിയെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്. പിന്നീടവർതമ്മിൽ പിണങ്ങി. വസുന്ധരയുമായി അകൽച്ചയിലായ ബി.ജെ.പി. കേന്ദ്രനേതൃത്വം 2019-ൽ പക്ഷേ, ദിയയെ രാജ്‌സമന്ദ് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചു. കഴിഞ്ഞ രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ പ്രചാരണത്തിനെത്തിയപ്പോഴും തിളങ്ങിയത് ദിയയുടെ സാന്നിധ്യമാണ്.

മുന്നാക്കവിഭാഗമായ 10 ശതമാനത്തോളംവരുന്ന രജപുത്രന്മാരാണ് ബി.ജെ.പി.യുടെ പ്രധാന വോട്ടുബാങ്ക്. 30 മണ്ഡലങ്ങളിലെ വിധി ഇവർ നിർണയിക്കും. വസുന്ധരയെ പിണക്കിയാലുണ്ടാകുന്ന രജപുത്രപ്രതിഷേധം ദിയയിലൂടെ പരിഹരിക്കലാണ് ബി.ജെ.പി. ലക്ഷ്യം. പലവിവാദങ്ങളിലൂടെയും പ്രശസ്തയാണ് ദിയ. താജ്മഹൽ തന്റെ കുടുംബത്തിന്റേ താണെന്നും അതിന് രേഖയുണ്ടെന്നും കഴിഞ്ഞവർഷം ദിയ പറഞ്ഞിരുന്നു. മണ്ഡലത്തിലെ തിരക്കിനിടയിലും ദിയ ‘മാതൃഭൂമി’യുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

?സിറ്റിങ് എം.എൽ.എ.യ്ക്ക് സീറ്റുനൽകാതെ ബി.ജെ.പി. താങ്കളെ സുരക്ഷിതമണ്ഡലത്തിൽ നിർത്തിയിരിക്കുന്നു. എന്താണ് പ്രതീക്ഷ

എല്ലാ സീറ്റുകളും ബി.ജെ.പി.ക്ക് സുരക്ഷിതമാണ്. എന്നിൽ വിശ്വാസം അർപ്പിക്കുകയും ജന്മനാടായ ജയ്‌പുരിലെ വിധാധർ നഗറിൽ മത്സരിപ്പിക്കുകയും ചെയ്തതിന് ബി.ജെ.പി. നേതൃത്വത്തോട് എനിക്ക് നന്ദിയുണ്ട്. വൻഭൂരിപക്ഷത്തിൽ വിജയിച്ച് ബി.ജെ.പി.യുടെ സംഖ്യ വർധിപ്പിക്കുന്നതിലാണ് എന്റെ ശ്രദ്ധ.

?രാജകുടുംബങ്ങൾക്ക് സമ്പന്നമായ പാരമ്പര്യമുള്ള സ്ഥലമാണ് രാജസ്ഥാൻ. പുതിയ രാജകീയമുഖമെന്നാണിപ്പോഴും വിശേഷണമെങ്കിലും ഏകദേശം 10 വർഷമായി താങ്കൾ രാഷ്ട്രീയത്തിലുണ്ട്. ഇക്കാലത്ത് രാജകുടുംബാംഗം എന്നനിലയിൽ ജനങ്ങളോടെങ്ങനെ ഇടപെടാനാകും. അത് എളുപ്പമാണോ ബുദ്ധിമുട്ടാണോ

ജയ്‌പുരിനും ഇന്ത്യക്കും വളരെയധികം സംഭാവനകൾ നൽകിയ സമ്പന്നമായ ചരിത്രമുള്ള ഒരു കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. എന്റെ പൈതൃകത്തിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. എന്റെ അച്ഛൻ പട്ടാളക്കാരനായിരുന്നു. അദ്ദേഹം നിയമിക്കപ്പെടുന്ന കന്റോൺമെന്റ് മേഖലകളിൽ മറ്റേതൊരു പട്ടാളക്കാരന്റെയും കുട്ടിയെപ്പോലെയാണ് ഞാനും വളർന്നത്. ജയ്‌പുർ നഗരംതന്നെ വലിയ കുടുംബംപോലെയായതിനാൽ ആളുകളുമായി ബന്ധപ്പെടുന്നത് ഒരിക്കലും പ്രശ്നമായിരുന്നില്ല. ഞാൻ എം.എൽ.എ. ആയ സവായ് മാധോപുരിലും നിലവിൽ എം.പി.യായ രാജ്‌സമന്ദിലും നിങ്ങൾ അന്വേഷിക്കൂ; അപ്പോൾ അറിയാം ഞാൻ ജനങ്ങളുമായി എങ്ങനെ ഇടപെടുന്നു എന്നത്.

?മണ്ഡലത്തിലെ ജനങ്ങൾക്ക് നിങ്ങളുടെ വാഗ്ദാനങ്ങൾ എന്തൊക്കെയാണ്

ഞാൻ പറഞ്ഞതുപോലെ, വിധാധർ നഗറിന് ബി.ജെ.പി. എം.എൽ.എ. ഉണ്ടായിരുന്നു. എന്നാൽ, രാജസ്ഥാനിൽ സർക്കാർ കോൺഗ്രസിന്റേതാണ്. അതിനാൽ ഈ പ്രദേശം തീരെ അവഗണിക്കപ്പെട്ടു. ട്രോമ സൗകര്യങ്ങളുള്ള സാറ്റ്‌ലൈറ്റ് ആശുപത്രി സ്ഥാപിക്കുന്നതിലും റോഡുകളടങ്ങിയ മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിലും ഞാൻ ശ്രദ്ധകേന്ദ്രീകരിക്കും. ആവശ്യത്തിന് കുടിവെള്ളമില്ലാത്തതും മലിനജലമൊഴുക്കും പ്രദേശത്തിന്റെ വികസനത്തിന് വലിയ തടസ്സമാണ്. അത് പരിഹരിക്കാൻ ശ്രമിക്കും.

?പൊതുഭൂമി കൈയേറിയെന്നാരോപിച്ച് നിങ്ങളുടെ കുടുംബത്തിന്റെ ഹോട്ടൽ പൊളിക്കാൻ ഉത്തരവിട്ട വസുന്ധര രാജെയെ തളയ്ക്കാനാണ് നിങ്ങളെ ബി.ജെ.പി. രംഗത്തിറക്കിയതെന്ന് അഭ്യൂഹമുണ്ട്

നിങ്ങൾതന്നെ പറയുന്നു അഭ്യൂഹമാണെന്ന്. മാധ്യമങ്ങളാണ് ഇത്തരം ഊഹാപോഹങ്ങൾ ഉണ്ടാക്കുന്നതും വാർത്തയാക്കുന്നതും.

?ബി.ജെ.പി.ക്ക് അധികാരം കിട്ടിയാൽ നിങ്ങൾ മുഖ്യമന്ത്രിയാകുമോ

ഈ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമുദ്ര ‘താമര’യാണെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ പറഞ്ഞിട്ടുണ്ട്. ഇതാണ് ഞങ്ങളുടെ പാർട്ടി നയം. ഞങ്ങൾ എല്ലാ പ്രവർത്തകരും അതു പാലിക്കുന്നു.

?താങ്കൾ മഹാറാണി ഗായത്രി ദേവിയുടെ കൊച്ചുമകളാണ്. വസുന്ധരയെപ്പോലെ ഒരു ബഹുജനനേതാവെന്നനിലയിൽ പരക്കേ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു എന്നു കരുതുന്നുണ്ടോ

മുത്തശ്ശി ഗായത്രി ദേവി ആഗോള ഐക്കണും എന്റെ ആദർശവുമാണ്. ബഹുജനങ്ങളുടെ ഉന്നമനത്തിനായി അവർ പ്രവർത്തിച്ചു. പെൺകുട്ടികൾക്ക് ഉദാരവും പുരോഗമനപരവുമായ വിദ്യാഭ്യാസത്തിനുള്ള വഴികളും നൽകി. ഞാനെപ്പോഴും അവരിൽനിന്ന് പഠിക്കുന്നു. പക്ഷേ, സമയവും 21-ാം നൂറ്റാണ്ടിലെ പൊതുജീവിതവും വളരെയധികം മാറി. എങ്കിലും അടിസ്ഥാനം അതേപടി തുടരുന്നു, ജനങ്ങളെ സേവിക്കുക.

?ഇത്തവണ ബി.ജെ.പി.യുടെ സാധ്യതകൾ എന്തൊക്കെയാണ്

രാജസ്ഥാനിൽ വൻഭൂരിപക്ഷത്തോടെ ബി.ജെ.പി. തിരിച്ചുവരും. ക്രമസമാധാനത്തകർച്ച, സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, ചോദ്യപ്പേപ്പർ ചോർച്ച, കർഷകരുടെ ശോച്യാവസ്ഥ, തകർച്ചനേരിടുന്ന സമ്പദ്‌വ്യവസ്ഥ എന്നിവകാരണം രാജസ്ഥാനിലെ ജനം ഗഹ്‌ലോത് സർക്കാരിനോട് രോഷത്തിലാണ്.