ഹനുമാന്‍ഗഢ്: രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പ് 'ജനാധിപത്യത്തിന്റെ ദീപാവലി' ആണെന്നും എല്ലാ കോണില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ തുടച്ചുനീക്കിയിട്ടുണ്ടെന്ന് ജനങ്ങള്‍ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് എവിടെയൊക്കെ ഭരണത്തിലുണ്ടോ അവിടെയെല്ലാം അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പിലിഭംഗയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജസ്ഥാനിലെ ജല്‍ ജീവന്‍ മിഷനുവേണ്ടി കോടിക്കണക്കിനു രൂപയാണ് കേന്ദ്രം ചിലവഴിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിലും അഴിമതി കാണിച്ചെന്നും ജനങ്ങള്‍ക്ക് വിഷമയമായ വെള്ളം കുടിക്കാന്‍ നല്‍കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. 'നിങ്ങളുടെ ജീവിതത്തെ കുറിച്ച് യാതൊരു ശ്രദ്ധയുമില്ലാത്ത കോണ്‍ഗ്രസിന് ഒരു ദിവസമെങ്കിലും അധികാരത്തിലിരിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് നിങ്ങള്‍ തന്നെ പറയൂ. ദീപാവലി ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. നമ്മുടെ അമ്മമാരും സഹോദരിമാരും വീട്ടില്‍ 15-16 മണിക്കൂറെങ്കിലും പണിയെടുക്കാറുണ്ട്. എന്നാല്‍ ദീപാവലി വരുമ്പോള്‍ അവര്‍ വീടിന്റെ എല്ലാ ഭാഗവും വൃത്തിയാക്കും. ഈ തിരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ ദീപാവലിയാണ്. അതിനാല്‍ ഒരു കോണിലും കോണ്‍ഗ്രസ് ഇല്ലെന്ന് ഉറപ്പുവരുത്തി കോണ്‍ഗ്രസിനെ തുടച്ചുനീക്കണം', മോദി പറഞ്ഞു.
'രാജസ്ഥാനില്‍ കര്‍ഷകരും ജോലിക്കാരും ബിസിനസുകാരുമെല്ലാം നികുതി അടയ്ക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം മോശമായ റോഡുകളും, വൈദ്യുതി - ജലക്ഷാമവും, പണപ്പെരുപ്പവും, തൊഴിലിലായ്മയുമാണ് തിരിച്ചുകിട്ടുന്നത്. പാവപ്പെട്ടവരെ കൊള്ളയടിച്ചവര്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പുനല്‍കാനാണ് ഞാന്‍ ഇന്നിവിടെ വന്നിരിക്കുന്നത്. പാവപ്പെട്ടവരെ കൊള്ളയടിച്ചവര്‍ ജയിലാകുന്ന ദിവസം രാജസ്ഥാനില്‍ വിദൂരമല്ല.'
'ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ 12 രൂപ അധികമാണ് പെട്രോളിനും ഡീസലിനുമായി രാജസ്ഥാനിലെ ജനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഡിസംബര്‍ മൂന്നിന് വോട്ടെണ്ണി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി കഴിഞ്ഞാല്‍ പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 25നാണ് രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാം, തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
Content Highlights: In Diwali of democracy, ensure Congress is swept out of every corner- PM Modi
Published: 20 Nov 2023, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented