ജയ്പുര്‍: ''രാജ്യത്തെ ഊട്ടുന്നവരാണ് ഞങ്ങള്‍. കൊടുംവേനലിലും വറുതിയിലും ഈ മണലിനോടു മല്ലിട്ട് ഉത്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് മികച്ചവില കിട്ടാന്‍ കൂട്ടുനില്‍ക്കുന്നവര്‍ ആരാണോ, ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ചെവിതന്നവര്‍ ആരാണോ, അവര്‍ക്കാണ് ഇത്തവണത്തെ വോട്ട്'' -ഗംഗാനഗറിലെയും ബിക്കാനീറിലെയും ബര്‍മറിലെയും രാജ്സമണ്ഡിലെയുമുള്‍പ്പെടെ രാജസ്ഥാനിലെ പാടങ്ങളില്‍നിന്നുള്ള കര്‍ഷകരുടെ പൊതു അഭിപ്രായമാണിത്.
പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുംവരെ ജൂലായില്‍ തുടങ്ങി ഓഗസ്റ്റില്‍ അവസാനിക്കുന്ന മഴമാത്രം ആശ്രയിച്ചായിരുന്നു ഇവിടത്തെ കൃഷി. പടിഞ്ഞാറന്‍ രാജസ്ഥാനില്‍ കാറ്റുവീശല്‍, തെക്കുകിഴക്ക് ഭാഗത്താകട്ടെ ജലശോഷണവും ലവണാംശവും. പ്രകൃതി ഇത്രയേറെ പ്രതികൂലമായിട്ടും ശാസ്ത്രീയമായി തടഞ്ഞുനിര്‍ത്തിയ മഴവെള്ളം ഉപയോഗിച്ച് ഗോതമ്പും ചോളവും ജീരകവും കടുകും മുതല്‍ സ്‌ട്രോബറിയും ബ്രോക്കോളിയും തക്കാളിയും വരെ വിളയിക്കുന്നുണ്ട് രാജസ്ഥാനിലെ കര്‍ഷകര്‍.
രാജ്യത്തെ ഏറ്റവുംവലിയ ജീരകം, കടുക് ഉത്പാദകര്‍, ഗോതമ്പ് ഉത്പാദനത്തില്‍ അഞ്ചാമത് (94 ലക്ഷം ടണ്‍) തുടങ്ങി ഇന്ത്യയിലെ കാര്‍ഷികസംസ്ഥാനങ്ങളില്‍ ആദ്യ അഞ്ചിലുണ്ട് രാജസ്ഥാന്‍. 62 ശതമാനംവരുന്ന കര്‍ഷകരാണ് സംസ്ഥാനത്തെ പ്രധാന വോട്ടുബാങ്ക്. 10 വര്‍ഷത്തിനിടെ തങ്ങള്‍ക്കു വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
''മരുഭൂമിയിലെ കൃഷി ചെലവേറിയതാണ്. എന്നാല്‍, അതിനുള്ള വരുമാനവുമില്ല. നാലുവര്‍ഷംമുമ്പ് കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ വന്നയാളാണ് ഞാന്‍. കാര്‍ഷികവിഭവങ്ങള്‍ക്ക് താങ്ങുവില നിയമപരമായ അവകാശമാക്കണം എന്നതുള്‍പ്പെടെ അന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനംചെയ്ത ഒരാവശ്യവും പാലിക്കപ്പെട്ടിട്ടില്ല'' -ബില്‍വാരയിലെ രാജേന്ദ്രസിങ് ഭാട്ടി പറയുന്നു.
ജീരകത്തിനുള്‍പ്പെടെ സംസ്ഥാനത്ത് പൊതുസംഭരണശാലയില്ല. അധികവില നല്‍കി കയറ്റുമതിക്കുള്‍പ്പെടെ ഗുജറാത്തിലെത്തിക്കേണ്ട സ്ഥിതിയാണ്.
വീടും സ്ഥലവും പണയപ്പെടുത്തി ആയിരങ്ങള്‍ ചെലവാക്കിയുള്ള കൃഷിക്ക് സഹായമെന്നനിലയില്‍, വര്‍ഷം 6000 രൂപ പി.എം. കിസാന്‍ നിധിവഴി തരുന്നത് എങ്ങനെ പര്യാപ്തമാണെന്ന് ഗംഗാനറിലെ ഗോതമ്പുകര്‍ഷകന്‍ ഗ്യാനി ചോദിക്കുന്നു.
പാനീ മേം നമക്ക് ഹേ (വെള്ളത്തില്‍ ഉപ്പുണ്ട്)
പഞ്ചാബില്‍ തുടങ്ങി രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍ അവസാനിക്കുന്ന ഇന്ത്യയിലെ ഏറ്റവുംനീളമേറിയ കനാലായ ഇന്ദിരാഗാന്ധി കനാല്‍ യാഥാര്‍ഥ്യമായെങ്കിലും ബാര്‍മര്‍, ബിക്കാനീര്‍, ചുരു, ഹനുമാന്‍ഗഢ്, ജയ്സാല്‍മീര്‍, ജോധ്പുര്‍, ശ്രീഗംഗാനഗര്‍ തുടങ്ങി ഏഴുജില്ലകളിലൂടെ മാത്രമാണ് കടന്നുപോകുന്നത്. ബാക്കി 43 ജില്ലകളിലെയും കൃഷി മഴവെള്ളത്തെയും കുഴല്‍ക്കിണറിനെയും ആശ്രയിച്ചാണ്.
Content Highlights: lok sabha election rajasthan farmers decision on election
Published: 25 Apr 2024, 09:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented