ജയ്പുര്‍: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മധ്യപ്രദേശിനും ഛത്തീസ്ഗഢിനും പിന്നാലെ രാജസ്ഥാനിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. മൂന്നിടത്തും സാധ്യതാ പട്ടികയിലുണ്ടായിരുന്ന പ്രമുഖ നേതാക്കളെ എല്ലാം വെട്ടി വന്‍ സര്‍പ്രൈസോടെയുള്ള നീക്കമാണ് ബിജെപി നടത്തിയത്.

To advertise here,

രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിന് മുന്‍നിരയിലുണ്ടായിരുന്ന വസുന്ധര രാജയെ മറികടക്കുന്നത് പാര്‍ട്ടിയില്‍ പിരിമുറക്കങ്ങള്‍ക്കിടയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും സുഗമമായി തന്നെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ആദ്യ തവണ എംഎല്‍എ ആയിട്ടുള്ള ഭജന്‍ ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത് വസുന്ധര രാജെ തന്നെയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

സംഗനേര്‍ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയെ മാറ്റിയാണ് ഇത്തവണ ഭജന്‍ ലാല്‍ ശര്‍മയ്ക്ക് സീറ്റ് നല്‍കിയത്. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവായ ഭജന്‍ലാല്‍ ശര്‍മ പക്ഷേ,  സംഘടനാ രംഗത്ത് പ്രമുഖനാണ്. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായും ആര്‍എസ്എസ് നേതൃത്വുമായും അടുത്ത ബന്ധമുള്ള ആളാണ് അദ്ദേഹം.

നാലുതവണ ബിജെപി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗനേറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 48081 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഭജന്‍ ലാല്‍ രാജസ്ഥാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എബിവിപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. ആര്‍എസ്എസിലും പ്രവര്‍ത്തിച്ചു. 

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 56 കാരനായ ശര്‍മ ബിരുദാനന്തര ബിരുദധാരിയാണ്. ഒന്നര കോടിയുടെ ആസ്തിയാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്.

ഭജന്‍ ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിനൊപ്പം ദിയാകുമാരി പ്രേംചന്ദ് ഭൈരവ എന്നിവരെ ഉപമുഖ്യമന്ത്രിമാരായും ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തിരുന്നു.

ജയ്പുര്‍ രാജവംശത്തിലെ രാജകുമാരിയാായ ദിയാകുമാരി ജയ്പുര്‍നഗരത്തില്‍ത്തന്നെയുള്ള വിധാധര്‍ മണ്ഡത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിപദത്തിലേക്കും ഉയര്‍ന്നുകേട്ട പേരായിരുന്നു ദിയാകുമാരിയുടേത്.

ധോല്‍പുര്‍ രാജകുടുംബവും രാജസ്ഥാനിലെ ജനനേതാവുമായ വസുന്ധര രാജെയെ ഒതുക്കാന്‍ കേന്ദ്രനേതൃത്വം ഇറക്കിയതാണ് ദിയാകുമാരിയെ എന്നായിരുന്നു അണിയറ വര്‍ത്തമാനം.. വസുന്ധര രാജെ തന്നെയാണ് 2013-ല്‍ ദിയാകുമാരിയെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്. പിന്നീടവര്‍തമ്മില്‍ പിണങ്ങി. വസുന്ധരയുമായി അകല്‍ച്ചയിലായ ബി.ജെ.പി. കേന്ദ്രനേതൃത്വം 2019-ല്‍ പക്ഷേ, ദിയയെ രാജ്സമന്ദ് ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചു. ലോക്‌സഭാ അംഗത്വം ദിയാകുമാരി ഇതിനോടകം രാജിവെച്ചിട്ടുണ്ട്. 

ജയ്പുരില്‍ തന്നെയുള്ള ദുദ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  പ്രേംചന്ദ് ഭൈരവയാണ് മറ്റൊരു ഉപമുഖ്യമന്ത്രി. ഇവിടെ നിന്ന് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രേംചന്ദ്‌ഭൈരവ സംഘനാ രംഗത്ത് മികച്ച പ്രകടനംകാഴ്ചവെച്ച് ശ്രദ്ധനേടിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി താഴെത്തട്ടില്‍ വലിയ സ്വാധീനംസൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.