ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വന്‍ വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ജനഘോഷണ പത്ര എന്നാണ് പ്രകടന പത്രികയുടെ പേര്. ജാതി സെന്‍സസ് നടപ്പാക്കുമെന്നത് കൂടാതെ കര്‍ഷകര്‍ക്ക് പലിശയില്ലാതെ രണ്ടുലക്ഷം രൂപവരെ വായ്പ, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്ക് താങ്ങുവില തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.

To advertise here,

നാല് ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍, പഞ്ചായത്ത് തലത്തില്‍ പുതിയ സര്‍ക്കാര്‍ സര്‍വീസ് കേഡറിന് രൂപം നല്‍കും, നിലവില്‍ അഞ്ഞൂറ് രൂപയ്ക്ക് ലഭിക്കുന്ന ഗ്യാസ് സിലിണ്ടര്‍ നാനൂറ് രൂപയ്ക്ക് നല്‍കും, ചിരഞ്ജീവി ഇന്‍ഷുറന്‍സ് തുക 25 ലക്ഷത്തില്‍നിന്ന് 50 ലക്ഷമാക്കും, തൊഴിലുറപ്പ് പദ്ധതിയുടെയും ഇന്ദിരാ ഗാന്ധി അര്‍ബന്‍ എംപ്ലോയ്‌മെന്റ് പദ്ധതിയിലെയും തൊഴില്‍ദിനങ്ങള്‍ 125-ല്‍നിന്ന് 150 ആയി ഉയര്‍ത്തും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. 

പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്താസ്ര, പ്രകടനപത്രികാ കമ്മിറ്റി ചെയര്‍മാന്‍ സി.പി. ജോഷി, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവര്‍ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.