ഐസ്വാള്‍: മിസോറമില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി 174 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്ലാവരുടെയും പത്രിക റിട്ടേണിങ് ഓഫീസര്‍മാര്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം അംഗീകരിച്ചു. 174-ല്‍ 16 സ്ഥാനാര്‍ഥികളാണ് വനിതകളായുള്ളത്. ഒക്ടോബര്‍ 23 വരെയാണ് നാമനിര്‍ദേശപ്പത്രിക പിന്‍വലിക്കാനുള്ള സമയം. 

To advertise here,

നവംബര്‍ ഏഴിനാണ് മിസോറമില്‍ തിരഞ്ഞെടുപ്പ്. 40 അംഗ നിയമസഭയിലേക്കാണ് മത്സരം. നിലവില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന എം.എന്‍.എഫ്., സെഡ്.പി.എം., കോണ്‍ഗ്രസ് പാര്‍ട്ടികള്‍ 40 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 23 ഇടങ്ങളിലാണ് ബി.ജെ.പി. മത്സരിക്കുന്നത്. നാല് എ.എ.പി. സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 27 പേര്‍ സ്വതന്ത്രരായും മത്സരിക്കുന്നു. 

പ്രാദേശികപ്പാര്‍ട്ടികളായ എം.എന്‍.എഫും സെഡ്.പി.എമ്മും തമ്മിലായിരിക്കും പ്രധാന മത്സരമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍വേ ഫലങ്ങള്‍ പ്രകാരം കോണ്‍ഗ്രസുകൂടി ചേര്‍ന്നുള്ള ത്രികോണ മത്സരമായിരിക്കുമെന്ന സൂചനകളും വരുന്നുണ്ട്. മിസോറമില്‍ കോണ്‍ഗ്രസും എം.എന്‍.എഫും മാറിമാറിയാണ് വര്‍ഷങ്ങളായി അധികാരത്തിലിരിക്കുന്നത്. പുതിയ പാര്‍ട്ടിയായ സെഡ്.പി.എം. ഇത്തവണ കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. 8.51 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.