ഉജ്ജയിനി: ഹിന്ദുക്കളുടെ പൗരാണികക്ഷേത്രനഗരമായ ഉജ്ജയിനി രാഷ്ട്രീയത്തിലും ഹിന്ദുത്വത്തിന്റെ വഴിയിലാണ്. മഹാകാലേശ്വരക്ഷേത്രം ഉൾപ്പെടുന്ന ഉജ്ജയിനി നോർത്തിലും തൊട്ടുകിടക്കുന്ന സൗത്തിലും രണ്ടുദശകമായി ബി.ജെ.പി.യുടെ വിജയരഥമേ ഓടിയിട്ടുള്ളൂ. എന്നാൽ, ഇടനാഴിവികസനത്തെച്ചുറ്റിയുള്ള അഴിമതിയിൽ ഭരണകക്ഷി വഴുതിവീഴുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

To advertise here,

രുദ്രസാഗർ തടാകത്തെ വലംവെച്ചുകിടക്കുന്ന മഹാകാൽ ക്ഷേത്രത്തിന്റെ പുതിയ ഇടനാഴിയിലേക്ക് നന്ദിദ്വാരംവഴി കടക്കാം. ദീപാവലിയിലെ ധൻതേരസ് പ്രമാണിച്ച് ബ്രാഹ്മമുഹൂർത്തത്തിലുള്ള വിശേഷഭസ്മാരതിയുടെ തിരക്ക് കഴിഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത മഹാകാൽ കോറിഡോറിൽ കാളിദാസഭാവനയൊന്നും കൺതടഞ്ഞില്ല. പകരം െവർച്വൽ റിയാലിറ്റിയിലൂടെ നൂറ്റമ്പതുരൂപയ്ക്ക് മഹാദേവനുള്ള സർവപൂജകളും ദർശിക്കാമെന്ന പരസ്യംകണ്ടു.

പ്രാചീന ക്ഷേത്രനഗരങ്ങളെ തീർഥാടക വിനോദസഞ്ചാരംകൂടി ലക്ഷ്യമിട്ട് നവീകരിക്കുന്ന ബി.ജെ.പി. സർക്കാരിന്റെ പദ്ധതികളുടെ ഭാഗമാണ് മഹാകാൽ കോറിഡോർ. 856 കോടി രൂപയുടെ ബൃഹദ്പരിപാടിയാണിത്. 316 കോടിയുടെ ഒന്നാംഘട്ടമാണ് കഴിഞ്ഞ വർഷം മോദി ഉദ്ഘാടനംചെയ്തത്. ഒരു കിലോമീറ്റർ നീളുന്ന ഇടനാഴിയിൽ വലിയ സ്തംഭങ്ങളും ശിവപുരാണത്തിന്റെ ചുവർച്ചിത്രങ്ങളുമുണ്ട്. എങ്കിലും 160 കൂറ്റൻ ശില്പങ്ങളാണ് മുഖ്യ ആകർഷണം.

പക്ഷേ, ട്വിസ്റ്റ് കഴിഞ്ഞ മേയ് മാസത്തിലായിരുന്നു. ശക്തമായ കാറ്റിൽ സപ്തർഷിമാരിൽ ആറുപേർ നിലത്തുവീണു. അഴിമതിയാരോപണം കൊടുങ്കാറ്റായി. ലോകായുക്ത സ്വമേധയാ കേസെടുത്തു. ഈ തിരഞ്ഞെടുപ്പിൽ മഹാകാൽ കുംഭകോണം ഒരു തിരഞ്ഞെടുപ്പുവിഷയമാക്കി കോൺഗ്രസ് മാറ്റിക്കഴിഞ്ഞു. പക്ഷേ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കുലുങ്ങിയില്ല. തിരഞ്ഞെടുപ്പിനുമുമ്പ് സെപ്റ്റംബറിൽ രണ്ടാംഘട്ടത്തിന്റെ പ്രവൃത്തികൾ ഉദ്ഘാടനംചെയ്തു. എട്ടുവരിയുള്ള അടിപ്പാതയാണ് ഇതിൽ മുഖ്യം.

ഉദ്യാനമാർഗിൽ മലയാളികളുടെ വക ഒരു അയ്യപ്പക്ഷേത്രവുമുണ്ട്. വിർജിൻ മേരി ഹയർ സെക്കൻഡറി സ്കൂളും അമ്പലവും മലയാളികളുടെ മതേതര പാരമ്പര്യത്തിന്റെ ഭാഗമായി മുട്ടിയുരുമ്മി കഴിയുന്നു. സ്കൂളിലെ അധ്യാപകനായ രാഹുലും മഹാകാൽ ഇടനാഴിയുടെ സാധ്യതകളെപ്പറ്റിയാണ് സംസാരിച്ചത്.

മധ്യപ്രദേശിൽ മഴ കുറഞ്ഞപ്പോൾ കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യമന്ത്രി മഹാകാലേശ്വറിനോട് പ്രാർഥിക്കാൻ വന്നു. മഴ കിട്ടിയപ്പോൾ നന്ദി പറയാനും പറന്നെത്തി. പക്ഷേ, ഇതുകൊണ്ടൊന്നും കർഷകരെ പ്രീതിപ്പെടുത്താൻ കഴിയണമെന്നില്ല. ചിമൻഗഞ്ച് ചന്തയിൽ പുലർച്ചെമുതൽ കാത്തിരുന്നിട്ടും യൂറിയ ലഭിക്കാത്ത കർഷകർ സർക്കാരിനെതിരേ തിരിഞ്ഞത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഉജ്ജയിൻ സൗത്തിൽ ബി.ജെ.പി. ഡോ. മോഹൻ യാദവിനെ വീണ്ടും അങ്കത്തിനിറക്കിയ പ്പോൾ ചേതൻ യാദവാണ് കോൺഗ്രസ് സ്ഥാനാർഥി. നാലുവട്ടം എം.എൽ.എ.യും മന്ത്രിയുമായ പരസ് ചന്ദ്ര ജയിനുപകരം അനിൽ കലുഹേദയാണ് നോർത്തിൽ ബി.ജെ.പി.സ്ഥാനാർഥി. മായാ ത്രിവേദിയാണ് കോൺഗ്രസിനുവേണ്ടി രംഗത്തുള്ളത്.