
അഞ്ച് സംസ്ഥാനങ്ങളിലേക്ക് വോട്ടിങ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് വലിയ മാര്‍ജിനിലെ വിജയം പ്രവചിച്ചപ്പോള്‍, അത് ചൂണ്ടി നിലവിലെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ പ്രതികരണമിങ്ങനെയായിരുന്നു, 'മോദിജിയുടെ മുഖം, ശിവരാജ് ജിയുടെ പ്രവൃത്തി'. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നോട്ടുവെച്ച ഈ മന്ത്രം വിജയിച്ചുവെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. യാഥാര്‍ഥ്യം എന്തുതന്നെയായാലും ഈ പ്രചാരണത്തെ വോട്ടര്‍മാര്‍ ഏറ്റെടുത്തു എന്നുവേണം ഫലങ്ങളില്‍നിന്ന് വിലയിരുത്താന്‍.
2003-ലാണ് സംസ്ഥാനത്ത് അഞ്ചുവര്‍ഷം തികച്ച അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടായിരുന്നത്. അതിനുശേഷം 20 വര്‍ഷത്തോളം തുടര്‍ച്ചയായി ബി.ജെ.പി ഭരണം. ഇതില്‍ 18 വര്‍ഷം ശിവരാജ് സിങ് ചൗഹാന്റെ ഊഴം. ഭരണവിരുദ്ധ വികാരത്താല്‍ ജനങ്ങള്‍ മറ്റൊരു സാധ്യതതേടുന്നുവെന്ന വിലയിരുത്തലാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്നത്. ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് പരക്കെ ഉണ്ടെന്നും, മാറ്റം വേണമെന്ന ആവശ്യം വ്യാപകമായുണ്ടെന്നും വിലയിരുത്തപ്പെട്ടു. സ്വാഭാവികമായും ഇത്തരമൊരു വികാരത്തിന്റെ ഗുണം കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്നെങ്കിലും, അത്തരമൊരു സാഹചര്യമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തുന്നതായിരുന്നു പ്രചാരണത്തിലുടനീളം ബി.ജെ.പിയുടെ തന്ത്രങ്ങള്‍. സംസ്ഥാനം കൈവിട്ടുപോകുമെന്ന പ്രതീതിയില്‍നിന്നായിരുന്നു ബി.ജെ.പി. ഓരോ തന്ത്രങ്ങളും മെനഞ്ഞത്. അന്നെടുത്ത പണികളുടെ വിജയമധുരമാണ് മധ്യപ്രദേശില്‍ ബി.ജെ.പി. ഇപ്പോള്‍ നുണയുന്നത്.
ചൗഹാന് വ്യക്തിപരം
വീണ്ടും അധികാരത്തിലെത്തിയാന്‍ മുഖ്യമന്ത്രി പദം ലഭിക്കില്ലെന്ന സൂചന പ്രത്യക്ഷമായും പരോക്ഷമായും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നല്‍കുന്ന രീതിയിലായിരുന്നു നേതൃത്വത്തിന്റെ നീക്കങ്ങള്‍. ചൗഹാനെ പൂര്‍ണ്ണമായും ഇരുട്ടില്‍നിര്‍ത്തിയായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം. പ്രചാരണത്തിന് പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങി. മധ്യപ്രദേശിന്റെ മനസില്‍ മോദി, മോദിയുടെ മനസില്‍ മധ്യപ്രദേശ് എന്ന പ്രചാരണമായിരുന്നു ബി.ജെ.പി. സംസ്ഥാനത്ത് നടത്തിയത്. ഒരുപടികൂടി കടന്ന്, 'നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ വീണ്ടും എന്നെ നേരിട്ട് ആശീര്‍വദിക്കും' എന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിക്കുന്ന 'മോദിജിയുടെ കത്ത്' അവരവിടെ വ്യാപകമായി പ്രചരിപ്പിച്ചു.
2018-ലെ തിരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ ജന്‍ അശീര്‍വാദ് യാത്രകളിലെ ഏകമുഖം ചൗഹാനായിരുന്നെങ്കില്‍ ഇത്തവണ അദ്ദേഹത്ത അടുപ്പിച്ചതേയില്ല. അഞ്ച് മേഖലകളായി തിരിച്ച് 210 മണ്ഡലങ്ങളില്‍ നടത്തിയ യാത്രയ്ക്ക് നേതൃത്വം നല്‍കിയത് കേന്ദ്രത്തില്‍നിന്ന് ഇറങ്ങിവന്ന നേതാക്കള്‍. അമിത് ഷായും രാജ്‌നാഥ് സിങ്ങും നിതിന്‍ ഗഡ്കരിയുമായിരുന്നു അഞ്ച് യാത്രകള്‍ക്കും നേതൃത്വം നല്‍കിയത്. 15 റാലികളിലാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് പ്രസംഗിച്ചത്. പതിവുപോലെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനായുള്ള ആഹ്വാനം മോദി ആവര്‍ത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ അമിത് ഷാ പങ്കെടുത്തത് 21 റാലികളില്‍. ജെ.പി. നദ്ദയും രാജ്നാഥ് സിങ്ങും ബി.ജെ.പി. മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും ഹിമന്ത ബിശ്വശര്‍മയും പുഷ്‌കര്‍ സിങ് ധാമിയും മനോഹര്‍ലാല്‍ ഖട്ടറും പ്രചാരണത്തിനായി പറന്നിറങ്ങി. കേന്ദ്രമിറക്കുന്ന ഓരോ നേതാവും, നൂലില്‍ കെട്ടിയിറക്കുന്ന ഓരോ തന്ത്രവും ചൗഹാന്റെ നെഞ്ചില്‍ തീകോരിയിട്ടു.
പ്രചാരണം നേരിട്ടുനടത്തുന്നത് കേന്ദ്രനേതൃത്വമാണെങ്കിലും മറിച്ചൊരുവിധിയുണ്ടായിരുന്നെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്കുമേല്‍ ചാര്‍ത്തപ്പെടുമെന്ന് ചൗഹാന് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നു. ഇവിടെനിന്നാണ് ചൗഹാന്‍ സ്വയം ഓടിത്തുടങ്ങിയത്. 165 റാലികളിലാണ് ചൗഹാന്‍ പങ്കെടുത്തത്. മാമാജിയെന്നും ബുള്‍ഡോസര്‍ മാമയെന്നും ഇഷ്ടപ്പെടുന്നവര്‍ വിശേഷിപ്പിക്കുന്ന ചൗഹാന്റെ ജനപ്രീതി അത്രയെളുപ്പം ഇല്ലാതായിപ്പോവുന്നതല്ലെന്ന് കേന്ദ്രനേതൃത്വത്തേയും കോണ്‍ഗ്രസിനേയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഓരോ റാലികളും.
നിങ്ങളുടെ ഫ്രീബി, റെവഡി; ഞങ്ങളുടെ ക്ഷേമപദ്ധതി
കര്‍ണാടക പിടിക്കാന്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ തന്ത്രമായിരുന്നു ഉറപ്പുകളെന്ന പേരില്‍ ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം. അന്നവിടെ റെവഡി സംസ്‌കാരമെന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു ബി.ജെ.പി. ഫലം എതിരായപ്പോള്‍ മാത്രമാണ് ഇത്തരം വാഗ്ദാനങ്ങളുടെ സാധ്യത ബി.ജെ.പിക്ക് ബോധ്യപ്പെടുന്നത്.
മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ഉടനീളം ചര്‍ച്ച ചെയ്യപ്പെട്ടത് സംസ്ഥാനത്തെ 1.3 കോടി സ്ത്രീകള്‍ക്ക് അക്കൗണ്ടില്‍ നേരിട്ട് പണമെത്തുന്ന ലാഡ്ലി ബഹന്‍ പദ്ധതി. തിരഞ്ഞെടുപ്പിന്റെ എട്ടുമാസം മുമ്പ് പ്രഖ്യാപിച്ച, 1,250 രൂപ ബാങ്ക് അക്കൗണ്ടില്‍ എത്തുന്ന പദ്ധതി ചൗഹാന് വനിതകള്‍ക്കിടയില്‍ വലിയ സ്വീകാര്യത നല്‍കി. അധികാരത്തിലെത്തിയാല്‍ ഇത് 3,000 രൂപയാക്കുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചു. 450 രൂപയ്ക്ക് എല്‍.പി.ജി. സിലിന്‍ഡറുകള്‍, ലാഡ്ലി ബഹന്‍ അവാസ് യോജന, 15 ലക്ഷം സ്ത്രീകള്‍ക്ക് നൈപുണി വികസന പരിശീലനങ്ങള്‍, 21 വയസ്സുവരെ പെണ്‍കുട്ടികള്‍ക്ക് സഹായധനം, പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് കെ.ജി മുതല്‍ പി.ജി. വരെ സൗജന്യവിദ്യാഭ്യാസം എന്നീ വാഗ്ദാനങ്ങള്‍ സ്ത്രീകളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തി.
ഇതിന് പുറമേ പാവങ്ങള്‍ക്ക് സൗജന്യറേഷന്‍, 3,100 രൂപയ്ക്ക് നെല്ല്, 2,700 രൂപയ്ക്ക് ഗോതമ്പ് സംഭരണം, കിസാന്‍ സമ്മാന്‍ നിധി, കിസാന്‍ കല്യാണ്‍ യോജന പദ്ധതികള്‍ വഴി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ, മുഖ്യമന്ത്രി ആവാസ് യോജന, 12-ാം ക്ലാസ് വരെ സൗജന്യവിദ്യാഭ്യാസം, സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, എക്സ്പ്രസ് ഹൈവേകള്‍, 13 സംസ്‌കാരിക നഗരങ്ങളുടെ വികസനം, 80 റെയില്‍വേ സ്റ്റേഷനുകളുടെ വികസനം എന്നീ ജനപ്രിയവാഗ്ദാനങ്ങളും ബി.ജെ.പി. മുന്നോട്ടുവെച്ചു. ഇവയെല്ലാം ബി.ജെ.പിയെ സഹായിച്ചുവെന്നുവേണം കരുതാന്‍. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിഫലം 10,000-ത്തില്‍നിന്ന് 13,000 രൂപയായി വര്‍ധിപ്പിച്ചതും 30 ലക്ഷം ജൂനിയര്‍ ലെവല്‍ ജീവനക്കാരുടെ ശമ്പളം കൂട്ടിയതും വലിയൊരുവിഭാഗം വോട്ടര്‍മാരെ ഒപ്പം നിര്‍ത്തി.
കൈവിടാത്ത ഹിന്ദുത്വ
ബിജെപിയുടെ ഹിന്ദുത്വ കാര്‍ഡിനെ നേരിടാന്‍ കമല്‍നാഥിന്റെ മൃദുഹിന്ദുത്വം ഫലത്തില്‍ തിരിച്ചടിച്ചു. സ്വന്തം മണ്ഡലമായ ചിന്ത്വാഡയില്‍ കമല്‍നാഥ് 14 വര്‍ഷം മുമ്പ് നിര്‍മിച്ച 101 അടിയുള്ള ഹനുമദ്പ്രതിമയെ മുന്‍നിര്‍ത്തിയുള്ള കമല്‍നാഥിന്റെ യഥാര്‍ഥ ഹിന്ദു അവകാശവാദത്തെ നേരിടാനുള്ള പൊടിക്കൈ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ചൗഹാന്‍ പ്രയോഗിച്ചിരുന്നു. കമല്‍നാഥിന്റെ ശക്തിമേഖലയിലെ ഒരു പഴയ ഹനുമാന്‍ ക്ഷേത്രം നവീകരിക്കാന്‍ 314 കോടിയാണ് ചൗഹാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പ്രഖ്യാപിച്ചത്.
സല്‍കാന്‍പുരിലെ ദേവിലോക്, ഓര്‍ച്ചയിലെ രാംലോക്, സാഗറിലെ രവിദാസ് സ്മാരക്, ചിത്രകൂടത്തിലെ ദിവ്യവനവാസി ലോക് എന്നീ ക്ഷേത്രങ്ങള്‍ക്ക് 358 കോടിയാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചത്. സാഗറിലെ രവിദാസ് സ്മാരകത്തിന് 102 കോടി നല്‍കുകയും ഭൂമിപൂജയില്‍ പ്രധാനമന്ത്രി തന്നെ പങ്കെടുക്കുകയും ചെയ്തു. പതിവുപോലെ രാമക്ഷേത്രനിര്‍മാണവും ബി.ജെ.പി. ആയുധമാക്കിയതോടെ കമല്‍നാഥ് നേരിട്ടുവന്ന് പ്രതിരോധം തീര്‍ത്തു. മതേതരകക്ഷികള്‍ കോണ്‍ഗ്രസിനുമേല്‍ ആക്ഷേപമായി ഉന്നയിക്കുന്ന, ബാബരിയിലെ രാജീവ് ഗാന്ധിയുടെ ഇടപെടല്‍ ശരിവെക്കുന്ന പ്രസ്താവനായിരുന്നു കമല്‍നാഥ് നടത്തിയത്. 'ബാബരിയുടെ താഴുകള്‍ തുറന്നത് രാജീവാ'ണെന്ന് കമല്‍നാഥ് അവകാശപ്പെട്ടു. അയോധ്യയിലേക്ക് മധ്യപ്രദേശില്‍നിന്ന് തീര്‍ഥാടനസൗകര്യമടക്കമായിരുന്നു അമിത് ഷാ നേരിട്ടുവന്ന് വാഗ്ദാനം ചെയ്തു.
ബി.ജെ.പിയുടെ ഹിന്ദുത്വക്ക് തന്റെ യഥാര്‍ഥ ഹിന്ദു അവകാശവാദത്തില്‍ പൊതിഞ്ഞ മൃദുഹിന്ദുത്വ ബദലാവാന്‍ കഴിഞ്ഞില്ലെന്ന് കമല്‍നാഥിന് ഇപ്പോഴെങ്കിലും ബോധ്യമാവുന്നുണ്ടാവും. ഹനുമാന്‍ ഭക്തനായ കമല്‍നാഥിന്റെ എല്ലാ ഹിന്ദുത്വപദ്ധതികളും മധ്യപ്രദേശില്‍ പരാജയപ്പെട്ടു. യഥാര്‍ഥ ഹിന്ദുത്വയുള്ളപ്പോള്‍ എന്തിന് കമല്‍നാഥിന്റെ മൃദുഹിന്ദുത്വയെ തങ്ങള്‍ എന്തിന് പുല്‍കണമെന്ന് മധ്യപ്രദേശിലെ വോട്ടര്‍മാര്‍ ചോദിക്കുന്നതായി ഫലം വ്യക്തമാക്കുന്നു. കമല്‍നാഥിന്റെ ഹിന്ദുത്വ വാദങ്ങള്‍ക്കുപുറമേ ഏഴുശതമാനത്തോളം മുസ്ലിം ജനസംഖ്യയും മൂന്ന് ശതമാനം ന്യൂനപക്ഷങ്ങളുമുള്ള സംസ്ഥാനത്ത് കേവലം രണ്ടു മുസ്ലിം സ്ഥാനാര്‍ഥികളെ മാത്രം നിര്‍ത്തിയതും കമല്‍നാഥിന്റെ പരാജയപ്പെട്ട ഹിന്ദുത്വ പദ്ധതിയുടെ പ്രതിഫലനമാണ്.
നേരിട്ടിറങ്ങിയ കേന്ദ്രം
വിജയത്തില്‍ കുറഞ്ഞതൊന്നും മധ്യപ്രദേശില്‍ ബി.ജെ.പിക്ക് സാധ്യമായിരുന്നില്ല. വിജയത്തിലേക്കുള്ള ഒരുസാധ്യതയും ഒഴിവാക്കാനും കഴിയുമായിരുന്നില്ല. ഏതുവിധേനയും വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങളായിരുന്നു ബി.ജെ.പി. തുടക്കം മുതല്‍ പുറത്തെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ജെ.പി. നദ്ദയും ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളെന്ന പോലെ മധ്യപ്രദേശിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രചാരണവും സ്ഥാനാര്‍ഥി നിര്‍ണയവും ഈ നാലംഗസംഘം നേരിട്ട് നിയന്ത്രിച്ചു. ഉള്‍പ്പോര് ശമിപ്പിക്കാനുള്ള നയതന്ത്രവും പാര്‍ട്ടിയുടെ ഈ പരമോന്നത നേതൃത്വത്തിന്റേതായിരുന്നു. അമിത് ഷായുടെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടത് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവായിരുന്നു. മറ്റൊരു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനായിരുന്നു സാമൂഹികമാധ്യമ പ്രചാരണങ്ങളുടെ ചുമതല. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും തിരഞ്ഞെടുപ്പ് ദൗത്യസംഘത്തിലെ അംഗവുമായി സുനില്‍ കനഗോലുവിന്റേയും മറ്റുരണ്ടുപേരുടേയും നേതൃത്വത്തില്‍ രൂപംകൊണ്ട എ.ബി.എം (അസോസിയേഷന്‍ ഓഫ് ബ്രില്ല്യന്‍ മൈന്‍ഡ്സ്) ആണ് ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘം. അമിത് ഷായുമായി നേരിട്ടാണ് ഇവരുടെ 'ഇടപാടുകള്‍'. ധന്യ പാര്‍ഥസാരഥി, യു. കൃഷ്ണസ്വാമി ശ്രീധര്‍, സുരേഷ് ശ്രേയസ് ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിലുള്ള വരാഹി അനലിറ്റിക്സും മധ്യപ്രദേശില്‍ ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണിത്.
കേന്ദ്രനേതൃത്വം നേരിട്ടായിരുന്നു സംസ്ഥാനത്ത് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. 128 സിറ്റിങ് എം.എല്‍.എമാരില്‍ 27 പേര്‍ക്ക് ടിക്കറ്റ് നിഷേധിച്ചു. ആദിവാസി യുവാവിന്റെ മേല്‍ ബി.ജെ.പി. നേതാവ് പര്‍വേശ് ശുക്ല മൂത്രമൊഴിച്ച സംഭവം നടന്ന സിദ്ധിയില്‍ നിലവിലെ എം.എല്‍.എ. കേദാര്‍നാഥ് ശുക്ലയെ മാറ്റിയാണ് ലോക്സഭാംഗം ഋതി പഥക്കിനെ സ്ഥാനാര്‍ഥിയാക്കിയത്. കേദാര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായി ആയിരുന്നു പര്‍വേശ് ശുക്ല.
മൂന്ന് കേന്ദ്രമന്ത്രിമാരടക്കം ഏഴ് എം.പിമാരേയും ഒരു ദേശീയ ജനറല്‍ സെക്രട്ടറിയേയും കേന്ദ്ര ബി.ജെ.പി. മത്സരത്തിനിറക്കി. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, ഫഗ്ഗന്‍സിങ് കുലസ്തേ എന്നിവരും ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് തങ്ങളുടെ പാളയത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ സംസ്ഥാനത്ത് സ്റ്റാര്‍ ക്യാമ്പയ്നര്‍ ആയിരുന്നെങ്കിലും, സിന്ധ്യ ചതിച്ചാണ് തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ കമല്‍നാഥ് സര്‍ക്കാര്‍ വീണതെന്ന പ്രചാരണം ശക്തികേന്ദ്രങ്ങളില്‍ ഫലിച്ചാലുണ്ടാവുന്ന തിരിച്ചടി ഭയന്നാണ് നരേന്ദ്രസിങ് തോമറിനെ ദിമാനിയില്‍ സ്ഥാനാര്‍ഥിയാക്കിയത്. ഒരു മണ്ഡലത്തിനും തങ്ങള്‍ക്ക് ബാക്ക് അപ്പ് പ്ലാനുകള്‍ ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ബി.ജെ.പിയുടെ ഈ നീക്കം. കേന്ദ്രത്തിന്റെ താത്പര്യത്തിലിറങ്ങിയ ഏഴ് വി.ഐ.പി. സ്ഥാനാര്‍ഥികളില്‍ ആറുപേരും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റിലാണ് മത്സരിച്ചത്. വിജയസാധ്യത മാനദണ്ഡമാക്കി മണ്ഡലങ്ങളെ മൂന്നായി തിരിച്ച് മൂന്നുതവണയായിട്ടാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
മധ്യപ്രദേശിലില്ലാത്ത ഇന്ത്യ
ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.യ്‌ക്കെതിരേ 'ഇന്ത്യ'സഖ്യം ശക്തമാക്കുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചുപറയുമ്പോഴും തമ്മില്‍ മത്സരിച്ച സാഹചര്യവും മധ്യപ്രദേശലുണ്ടായിരുന്നു. നാലുമണ്ഡലങ്ങളില്‍ സി.പി.എമ്മും 11 മണ്ഡലങ്ങളില്‍ സി.പി.ഐയും അടക്കം 92 മണ്ഡലങ്ങളില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ബി.ജെ.പിക്ക് പുറമേ ഇന്ത്യ സഖ്യത്തിലെ കക്ഷികളോടും ഏറ്റുമുട്ടി. സീറ്റുവിഭജന ചര്‍ച്ചകള്‍ക്കുപോലും അവസരം നല്‍കാതെ കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് എസ്.പിയടക്കം മത്സരത്തിനിറങ്ങിയത്. ആം ആദ്മി പാര്‍ട്ടിയും ജെ.ഡിയുവും സ്ഥാനാര്‍ഥികളുമായെത്തി. എ.എ.പി. 70 സ്ഥാനാര്‍ഥികളേയും എസ്.പി. 43 സ്ഥാനാര്‍ഥികളേയും ജെ.ഡി.യു. പത്തുസ്ഥാനാര്‍ഥികളേയും രംഗത്തിറക്കിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 52 സീറ്റില്‍ മത്സരിച്ച എസ്.പി. ഒരു സീറ്റില്‍ ജയിച്ചിരുന്നു. ആം ആദ്മിക്ക് അക്കൗണ്ട് തുറക്കാനായില്ല; 0.66 ശതമാനം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജെ.ഡി.യു. മത്സരിച്ചിരുന്നില്ല. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളിലടക്കം എസ്.പി. വോട്ടുകള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍, എസ്.പിയെ പൂര്‍ണ്ണമായും തഴഞ്ഞുള്ള തിരഞ്ഞെടുപ്പൊരുക്കമായിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റേത്.
യാഥാര്‍ഥ്യമല്ലാത്ത ആത്മവിശ്വാസം
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടംമുതല്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിനെ അനൗദ്യോഗികമായി 'ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥി'യായി പ്രഖ്യാപിച്ചാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് പാര്‍ട്ടിയില്‍ എതിര്‍സ്വരങ്ങളുണ്ടായിരുന്നില്ല. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് പൂര്‍ണ്ണപിന്തുണയാണ് കമല്‍നാഥിന് നല്‍കിയത്. കര്‍ണാടകയില്‍ പയറ്റിത്തെളിഞ്ഞ, സുനില്‍ കനഗോലുവിന്റെ തന്ത്രങ്ങളുമായാണ് കോണ്‍ഗ്രസ് ഇവിടെയിറങ്ങിയത്. തെക്കേ ഇന്ത്യയ്ക്കപ്പുറത്തേക്ക് കനഗോലു തന്ത്രങ്ങള്‍ നിലനില്‍ക്കില്ലെന്ന സൂചനകൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്.
ഭരണവിരുദ്ധവികാരവും സിന്ധ്യ ചതിച്ചെന്ന പ്രചാരണവും അധികാരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. ദേശീയ നേതൃത്വം, പ്രത്യേകിച്ച് രാഹുല്‍ഗാന്ധി നേരിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഏറ്റെടുത്ത ജാതി സെന്‍സസ് വാഗ്ദാനവും ഒ.ബി.സി. ഭൂരിപക്ഷസംസ്ഥാനത്ത് തുണയ്ക്കുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു. ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങളും ഉറപ്പും നല്‍കിയെങ്കിലും ഉയര്‍ത്തിക്കാണിക്കാന്‍ ശക്തമായൊരു പിന്നാക്കസമുദായ മുഖം കോണ്‍ഗ്രസിന് ഇവിടെയുണ്ടായിരുന്നില്ല. ക്ഷേമവാഗ്ദാനങ്ങളിലെ അമിത ആത്മവിശ്വാസവും കമല്‍നാഥിന്റെ ഹിന്ദുത്വമുഖവും രക്ഷിക്കുമെന്ന് കോണ്‍ഗ്രസ് കരുതി. എന്നാല്‍, കോണ്‍ഗ്രസ് പരിഗണിക്കാതെപോയ ശ്രദ്ധേയമായൊരു കണക്ക് മധ്യപ്രദേശിനെ സംബന്ധിച്ചുണ്ടായിരുന്നു. 230 സീറ്റുകള്‍ ആകെയുള്ള മധ്യപ്രദേശില്‍ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളായി ബി.ജെ.പി. പരാജയമറിയാത്ത 56 സീറ്റുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 22 എണ്ണം എസ്.സി/ എസ്.ടി. സീറ്റുകളാണ്. എന്നാല്‍, നാല് എസ്.സി/ എസ്.ടി. സീറ്റുകളടക്കം പത്തെണ്ണം മാത്രമായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇത്തരത്തില്‍ കണക്കുകളിലും ട്രെന്‍ഡുകളിലുമുള്ള സൂക്ഷ്മ സന്ദേശങ്ങള്‍ മുഖവിലയ്ക്ക് എടുക്കാത്തത് കൂടിയാണ് കോണ്‍ഗ്രസിനെ പരാജയത്തിലെത്തിച്ചത്. അതേസമയം, തങ്ങളുടെ നില കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഓരോ ചെറിയ സാധ്യതയും ബി.ജെ.പി. വിട്ടുകളഞ്ഞുമില്ല.
സംസ്ഥാനത്തെ മണ്ഡലങ്ങളെ ഏഴ് മേഖലകളായി തിരിച്ചാല്‍, മുഴുവന്‍ മേഖലകളിലും വ്യക്തമായ ആധിപത്യത്തോടെയാണ് ബി.ജെ.പിയുടെ വിജയം. ബാഘേല്‍ഘണ്ഡ്, ബുന്ദേല്‍ഘണ്ഡ്, ഗ്വാളിയോര്‍- ചമ്പല്‍, ഭോപാല്‍, മഹാകോശല്‍, മാല്‍വ, നിമാര്‍ എന്നീ മേഖലകളില്‍ മുഴുവനും വലിയ മുന്നേറ്റമാണ് ഇത്തവണ ബി.ജെ.പി. ഇത്തവണ നേടിയത്. ബാഘേല്‍ഘണ്ഡില്‍ കഴിഞ്ഞ തവണത്തെ 24 സീറ്റുകള്‍ നിലനിര്‍ത്തി. ഇവിടെ കോണ്‍ഗ്രസിന് ഒരുസീറ്റ് നഷ്ടപ്പെട്ടു. ബുന്ദേല്‍ഘണ്ഡില്‍ കഴിഞ്ഞ തവണത്തെ 14-ല്‍ നിന്ന് 19 ലേക്ക് ബി.ജെ.പി. സീറ്റുനില ഉയര്‍ത്തി. കോണ്‍ഗ്രസ് 10-ല്‍നിന്ന് മൂന്ന് കുറഞ്ഞ് ഏഴിലേക്ക് എത്തി. ജ്യോതിരാദിത്യസിന്ധ്യയുടെ ശക്തികേന്ദ്രമായ ഗ്വാളിയോര്‍- ചമ്പല്‍ മേഖലയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ മുന്നേറ്റമാണ് ബി.ജെ.പി. ഉണ്ടാക്കിയത്. ഇവിടെ 34-ല്‍ 20 സീറ്റുകള്‍ നേടി. കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ നേടിയത് വെറും ഏഴ് സീറ്റായിരുന്നു. എന്നാല്‍, സിന്ധ്യയുടെ കൂറുമാറ്റത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ ബി.ജെ.പി. പിടിച്ചിരുന്നു. ഭോപാലില്‍ 20-ല്‍ 14 മണ്ഡലങ്ങള്‍ ബി.ജെ.പി. പിടിച്ചു. മഹാകോശലില്‍ 18-ല്‍നിന്ന് 23 ആയി സീറ്റുകള്‍ ഉയര്‍ത്തി. 26-ല്‍നിന്ന് 41-ലേക്കുള്ള കുതിച്ചുചാട്ടമാണ് മാല്‍വയില്‍ ബി.ജെപിക്ക് സംഭവിച്ചത്. 55 സീറ്റുള്ള ഇവിടെ കോണ്‍ഗ്രസ് 28-ല്‍നിന്ന് 13-ലേക്ക് കൂപ്പുകുത്തി. നിമാറില്‍ 18-ല്‍ 14-ലും ബി.ജെ.പി. വിജയിച്ചു. 48 ശതമാനത്തോളം ഒ.ബി.സി. വോട്ടുകളുള്ള സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തേയും എസ്.സി/ എസ്.ടി. വിഭാഗത്തേയും ഭൂരിപക്ഷവിഭാഗത്തേയും ഒരുപോലെ ചേര്‍ത്തുപിടിച്ചാണ് ബി.ജെ.പി. വലിയ വിജയം നേടിയിരിക്കുന്നത്.
ഇനിയെന്ത്?
പാര്‍ട്ടിക്കുള്ളില്‍ വെല്ലുവിളികളില്ലാതെ കമല്‍നാഥ് സ്വന്തം നിലയില്‍ നയിച്ച തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പരാജയപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം കുടുംബത്തിലെ പുതുതലമുറയ്ക്ക് കൈമാറി, കരയ്ക്കുകയറി കളിക്കുന്ന ദിഗ്‌വിജയ് സിങ്ങും രണ്ടുസുവര്‍ണാവസരങ്ങള്‍ പാഴാക്കിയ കമല്‍നാഥും ഇനി സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാനുള്ള സാഹചര്യത്തെളിവുകള്‍ ഇല്ല. പരാജയം കോണ്‍ഗ്രസിനെ കടുത്ത നേതൃപ്രതിസന്ധിയില്‍ കൂടിയാണ് കൊണ്ടുചെന്നെത്തിക്കുന്നത്. സംസ്ഥാനമെങ്ങും സ്വീകാര്യനായ മറ്റൊരു നേതാവിനെ വളര്‍ത്താനാകാത്തത് കോണ്‍ഗ്രസിന് മുന്നില്‍ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കും.
അതേസമയം, വിജയിച്ചിട്ടും ബി.ജെ.പിയിലും ഇനിയെന്ത് സംഭവിക്കുമെന്ന് കാണണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരും മത്സരിക്കാത്ത സിന്ധ്യയുമടക്കം പത്തോളം പേരാണ് മുഖ്യമന്ത്രി പദത്തിനായി രംഗത്തെത്തുക. അതില്‍ കുറഞ്ഞത് നാലുപേരുകളെങ്കിലും ബി.ജെ.പിക്ക് ഒരുതരത്തിലും മാറ്റിനിര്‍ത്താന്‍ കഴിയാത്തവര്‍. ചൗഹാനും കൈലാഷ് വിജയ് വര്‍ഗീയയും കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറുമടക്കം രംഗത്തെത്തും. സംസ്ഥാന രാഷ്ട്രീയത്തില്‍ ശിവരാജ് സിങ് ചൗഹാന്റെ പിന്‍ഗാമിയായിരുന്നു നരേന്ദ്രസിങ് തോമര്‍. ചൗഹാനും സത്യനാരായണ്‍ ജതിയയ്ക്കും ശേഷം സംസ്ഥാന അധ്യക്ഷപദത്തിലെത്തി. നാലുവര്‍ഷത്തോളം ചൗഹാന്‍ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നപ്പോള്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ചൗഹാന്റെ നേതൃത്വത്തിലിറങ്ങിയാല്‍ പരാജയപ്പെട്ടേക്കുമെന്ന് കരുതി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന സൂചന നല്‍കി മത്സരത്തിനിറക്കിയത് ഈ തോമറിനെയാണ്. ഒപ്പം പ്രവര്‍ത്തിച്ചവര്‍ വെല്ലുവിളിയാവുന്ന സാഹചര്യമാണ് മധ്യപ്രദേശില്‍ ബി.ജെ.പിയുടെ ഓരോ നേതാക്കള്‍ക്കുമുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കെ ഇത്തരം പ്രതിസന്ധികളെ ബി.ജെ.പി. എങ്ങനെ മറികടക്കുമെന്നതും ശ്രദ്ധേയമാണ്.
Content Highlights: how bjp won madhya pradesh assembly election 2023
Published: 03 Dec 2023, 05:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented