മധ്യപ്രദേശിന്റെ സാമ്പത്തികതലസ്ഥാനമായ ഇന്ദോര്‍ ആഘോഷത്തിമിര്‍പ്പിലാണ്. അത് നവംബര്‍ 17-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെയല്ലെന്നുമാത്രം, ദീപാവലിയുടേതാണ്. പക്ഷേ, പടക്കംപൊട്ടുന്നത് നേതാക്കളുടെ നെഞ്ചിലാണ്. 2018-ല്‍ സീറ്റുകളിലും വോട്ടുകളിലുമുണ്ടായിരുന്ന നേര്‍ത്തവ്യത്യാസത്തിന്റെ വരമ്പില്‍ ഇക്കുറിയും വഴുതിവീഴുമോയെന്ന ആശങ്ക പ്രകടമാണ്. വിമതരൊരുക്കുന്ന വാരിക്കുഴികള്‍ക്ക് പഞ്ഞമില്ലതാനും. 70 ശതമാനം ആളുകള്‍ കൃഷിയെ ആശ്രയിക്കുന്ന സംസ്ഥാനത്ത് വിളകളുടെ വിലയിടിവുമുതല്‍ മഴയുടെ കുറവുവരെ കര്‍ഷകരുടെ മുഖംകറുപ്പിക്കുന്നു. 230 സീറ്റുള്ള ഇന്ത്യയുടെ മധ്യഭൂമിയിലേക്ക് ദേശീയനേതാക്കളുടെ പട ഇറങ്ങിക്കഴിഞ്ഞു.

To advertise here,

'റെവഡി' ഒളിവില്‍

കഴിഞ്ഞ ഗുജറാത്ത്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷപാര്‍ട്ടികളുടെ സൗജന്യവാഗ്ദാനങ്ങളെ റെവഡി സംസ്‌കാരം എന്ന് ആക്ഷേപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ആളുകളെ മധുരംവിളമ്പി മയക്കുന്നുവെന്നായിരുന്നു വിമര്‍ശനത്തിന്റെ പൊരുള്‍. സൗജന്യങ്ങള്‍ നല്‍കുന്നത് കുതിക്കുന്ന ഇന്ത്യന്‍ജനതയുടെ സംരംഭകത്വശേഷിയെ വിലകുറച്ചുകാണലാണെന്ന് അദ്ദേഹം വിശദീകരിച്ചു. പക്ഷേ, വികസനത്തിലെ അസമത്വം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഇത്തരം സഹായങ്ങള്‍ ജനങ്ങള്‍ക്ക് അനിവാര്യമാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം തെളിയിച്ചു. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാനും കെജ്രിവാളിന്റെ വാഗ്ദാനവിപ്ലവം വഴിവെച്ചു. ഏതായാലും ഇപ്പോള്‍ ബി.ജെ.പി. നേതൃത്വം റെവഡി മറന്നിരിക്കുന്നു.

2003 മുതല്‍ 15 മാസത്തെ ഇടവേളയൊഴിച്ചാല്‍ മുഖ്യമന്ത്രിയായി തുടരുന്ന ശിവരാജ് സിങ് ചൗഹാന്റെ നിലനില്‍പ്പിന്റെ ആരൂഢമാണ് ഇപ്പോള്‍ ക്ഷേമരാഷ്ട്രീയം. ആനിലയ്ക്ക് അയല്‍സംസ്ഥാനമായ ഗുജറാത്തിന്റെ ബി.ജെ.പി. വികസനമാതൃകയില്‍നിന്ന് അദ്ദേഹം വേറിട്ടുനില്‍ക്കുന്നു. ചൗഹാന്റെ ലാഡ്ലി ബെഹനാ പദ്ധതി സ്ത്രീകള്‍ക്കിടയില്‍ വലിയ ഓളമാണ് സൃഷ്ടിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ യെദ്യൂരപ്പയെപ്പോലെ തന്നെ മാറ്റിനിര്‍ത്താതിരിക്കാന്‍ അദ്ദേഹം മുന്‍കൂട്ടിനടത്തിയ നീക്കമായിക്കണ്ടാലും തെറ്റില്ല.

കുടുംബത്തിന്റെ വാര്‍ഷികവരുമാനം രണ്ടരലക്ഷം രൂപയില്‍ കൂടാത്ത 21-60 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് മാസംതോറും ആയിരം രൂപവീതം അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് പദ്ധതി. ഒരു വീട്ടില്‍നിന്ന് ഒന്നിലേറെ സ്ത്രീകളാകാം. ഇതിന്റെ ജനപ്രീതി തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് അധികാരംകിട്ടിയാല്‍ 1500 രൂപ നല്‍കുമെന്ന് കഴിഞ്ഞ മേയില്‍ പ്രഖ്യാപിച്ചു. അതോടെ മാസം ആയിരം രൂപയെന്നത് 1250 രൂപയാക്കി ഉയര്‍ത്തി ചൗഹാന്‍ മറുപടിനല്‍കി. 13,000 കോടി രൂപയാണ് ഇതിന് വര്‍ഷംതോറും ചെലവാകുക. മാത്രമല്ല, അധികാരത്തില്‍ തിരിച്ചെത്തിച്ചാല്‍ മാസം മൂവായിരം രൂപയാക്കി സഹായം കൂട്ടുമെന്നും അറിയിച്ചു. ഇപ്പോള്‍ 1.2 കോടി വനിതകള്‍ പദ്ധതിയിലുണ്ടെന്നാണ് കണക്ക്. 45,000 കോടി രൂപയുടെ ബജറ്റ് വിഹിതം ഇതിന് വേണ്ടിവരും.

2018-ല്‍ 1000 പുരുഷന്മാര്‍ക്ക് 917 സ്ത്രീകള്‍ എന്ന അനുപാതം ഇപ്പോള്‍ മധ്യപ്രദേശില്‍ 945 ആയി ഉയര്‍ന്നു. 48 ശതമാനം വോട്ടര്‍മാര്‍ സ്ത്രീകളാണ്. സ്ത്രീകളുടെ അക്കൗണ്ടിലെത്തിയ പണം കൂടുതലും കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്. ഭാര്യമാര്‍ തങ്ങള്‍ക്ക് പണം നല്‍കുന്നില്ലെന്ന പുരുഷന്മാരുടെ പരാതി ഈ തിരഞ്ഞെടുപ്പുകാലത്ത് പലയിടത്തും കേട്ടു. ആണുങ്ങള്‍ക്ക് ചൗഹാന്‍ കണ്ടുമടുത്ത പഴയ മുഖവും പെണ്ണുങ്ങള്‍ക്ക് പ്രിയപ്പെട്ട മാമനും ആയിത്തീര്‍ന്നിട്ടുണ്ട്. തീര്‍ന്നില്ല മഹിളാസഹായ പദ്ധതികള്‍. സര്‍ക്കാര്‍ സര്‍വീസില്‍ 35 ശതമാനവും അധ്യാപകനിയമനത്തില്‍ 50 ശതമാനവും ഇവര്‍ക്കാണ്.

59 വാഗ്ദാനങ്ങളും 101 ഉറപ്പുകളുമായാണ് ചൗഹാന് കോണ്‍ഗ്രസ് പ്രതിരോധംചമയ്ക്കുന്നത്. സ്ത്രീകള്‍ക്ക് മാസം 1500 രൂപയ്ക്കുപുറമേ മേരി ബേടീ റാണി യോജന പ്രഖ്യാപിച്ചു. പെണ്‍കുട്ടികള്‍ക്ക് ജനിക്കുമ്പോള്‍ രണ്ടരലക്ഷം രൂപനല്‍കുന്ന പദ്ധതിയാണിത്. വിവാഹസമ്മാനമായി 1.01 ലക്ഷം രൂപ, ബസുകളില്‍ സൗജന്യയാത്ര, സ്ത്രീകളുടെ തൊഴില്‍സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വായ്പ തുടങ്ങിയവ ഇതില്‍വരും. 500 രൂപയ്ക്ക് ഗ്യാസ് സിലിന്‍ഡര്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ 450 രൂപയ്ക്ക് ചൗഹാന്‍ വാഗ്ദാനംചെയ്തു.

തിരഞ്ഞെടുപ്പുസമയത്ത് കേന്ദ്രസര്‍ക്കാര്‍ ഗരീബ് കല്യാണ്‍ അന്നയോജന അഞ്ചുവര്‍ഷംകൂടി നീട്ടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പരിധിയില്‍വരുന്നവര്‍ക്ക് അഞ്ചുകിലോ ധാന്യം സൗജന്യമായി ലഭിക്കും. താങ്ങുവില വര്‍ധിപ്പിച്ച നടപടി മധ്യപ്രദേശിലെ കര്‍ഷകരെ ലക്ഷ്യമിട്ടാണ്. ഗോതമ്പിന് ക്വിന്റലിന് 2125 രൂപയില്‍നിന്ന് 2275 ആയും പരിപ്പിന് 6000 രൂപയില്‍നിന്ന് 6425 ആയും കൂട്ടി. രാജ്യത്തെ ഏറ്റവും വലിയ പരിപ്പുത്പാദക സംസ്ഥാനമായ മധ്യപ്രദേശ് ഗോതമ്പ് ഉത്പാദനത്തിലും മുന്‍നിരയിലാണ്. ഗോതമ്പിന് 2600 രൂപ താങ്ങുവില നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ തിരിച്ചടി. വായ്പകള്‍ എഴുതിത്തള്ളല്‍മുതല്‍ കിലോയ്ക്ക് രണ്ടുരൂപയ്ക്ക് ചാണകം വാങ്ങുമെന്നുവരെ പോകുന്നു ഇവരുടെ കര്‍ഷകപ്രേമം. മധ്യപ്രദേശില്‍ മെട്രോ തീവണ്ടിയില്ലെന്ന കുറവ് തീര്‍ക്കുമെന്ന വാഗ്ദാനവുമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാസംതോറും സഹായധനം നല്‍കുന്ന ഒരു പദ്ധതിയും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ക്ഷേമസംസ്ഥാനത്തില്‍പ്പെടുന്നു.

മുഖ്യമന്ത്രിയാര്...?

2018-ല്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയും കമല്‍ നാഥും മുഖ്യമന്ത്രിസ്ഥാനത്തിന് നീക്കംനടത്തി. ദ്വിഗ്വിജയ് സിങ്ങിന്റെ സഹായത്തോടെ കമല്‍നാഥ് കസേരപിടിച്ചു. 15 മാസം കഴിഞ്ഞപ്പോള്‍ ചമ്പല്‍മേഖലയിലെ 22 എം.എല്‍.എ.മാരെ ബി.ജെ.പി.യിലെത്തിച്ച് സിന്ധ്യ കമല്‍നാഥിനെ വീഴ്ത്തി. ഇക്കുറി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ -കമല്‍നാഥ്. തന്നെ പിന്നില്‍നിന്നും കുത്തിവീഴ്ത്തിയെന്ന രക്തസാക്ഷിപരിവേഷവും അദ്ദേഹം അണിയുന്നു. തട്ടകമായ ചിന്ത്വാഡയില്‍ മകനും എം.പി.യുമായ നകുല്‍ നാഥിനെ പ്രചാരണച്ചുമതല ഏല്‍പ്പിച്ച് അദ്ദേഹം സംസ്ഥാനമാകെ പറന്നുനടക്കുന്നു.

ബി.ജെ.പി.ക്കുമുമ്പ് ഒരു ദശകം മധ്യപ്രദേശ് ഭരിച്ച ദിഗ്വിജയ് സിങ് കമല്‍നാഥിനെ പിന്തുണയ്ക്കുകയാണ്. ഇരുവരും തമ്മിലുള്ള പഴയ പിണക്കങ്ങള്‍ കുത്തിപ്പൊക്കാന്‍ ബി.ജെ.പി.ക്കാര്‍ പതിനെട്ടടവും പയറ്റുന്നുണ്ടെങ്കിലും ഏറ്റമട്ടില്ല. മകന്‍ ജയവര്‍ധന്‍ സിങ്ങിന് കിരീടം കൈമാറാനുള്ള ഒരുക്കത്തിലാണ് ദിഗ്വിജയ് സിങ്. രാഘോഗഢില്‍ മകന്‍ വീണ്ടും ജനവിധിതേടുന്നു. സഹോദരന്‍ ലക്ഷ്മണ്‍ സിങ്ങും അനന്തരവന്‍ പ്രിയവ്രതും മാത്രമല്ല, അനന്തരവളുടെ ഭര്‍ത്താവായ അജയ് സിങ്ങും ദിഗ്വിജയിന്റെ കുടുംബക്കാരായി മത്സരരംഗത്തുണ്ട്. പഴയ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിങ്ങിന്റെ മകനായ അജയ് ദിഗ്വിജയിന്റെ വിശ്വസ്തനാണ്.

1990 മുതല്‍ വിജയിക്കുന്ന ബുധിനിയില്‍ വീണ്ടും അങ്കംകുറിച്ച ചൗഹാനെ പാര്‍ട്ടിക്ക് ഭൂരിപക്ഷംകിട്ടിയാല്‍ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് ഒരുറപ്പുമില്ല. ആളുകള്‍ക്ക് അനിഷ്ടമില്ലെങ്കിലും കണ്ടുമടുത്ത മുഖമെന്ന ഒരു ദോഷമുണ്ട്. മൂന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴ് സിറ്റിങ് എം.പി.മാരെ മത്സരത്തിനിറക്കിയാണ് കേന്ദ്രനേതൃത്വം ചൗഹാനെ ഞെട്ടിച്ചത്. നരേന്ദ്രസിങ് തോമര്‍, പ്രഹ്ളാദ് പട്ടേല്‍, ഫഗന്‍ സിങ് കുലസ്‌തെ എന്നീ കേന്ദ്രമന്ത്രിമാരെക്കൂടാതെ എന്തിനുംപോരുന്ന ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗിയയും എം.എല്‍.എ.മാരാകാന്‍ അടരാടുന്നു. മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള ഇവരുടെ സാന്നിധ്യം ഓരോ മേഖലയിലും അവരവരുടെ സമുദായങ്ങളിലും ആവേശമുയര്‍ത്തുമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുന്നു. ഒന്നിച്ച് പൊങ്ങുമോ അതോ മുങ്ങുമോയെന്ന് വോട്ടെണ്ണുമ്പോള്‍ അറിയാം.

നിയമസഭയിലേക്ക് മത്സരിക്കാത്ത മറ്റൊരു കേന്ദ്രമന്ത്രിക്കും ഇത് നിര്‍ണായക പേരാട്ടമാണ്, ജ്യോതിരാദിത്യ സിന്ധ്യക്ക്. കമല്‍നാഥ് മന്ത്രിസഭയെ മറിച്ചിട്ടശേഷം ഉപതിരഞ്ഞെടുപ്പില്‍ ആ സീറ്റുകള്‍ നേടി ബി.ജെ.പി.ക്ക് വഴിതെളിയിച്ചത് ഗ്വാളിയോറിലെ ഈ കിരീടമില്ലാത്ത രാജാവാണ്. പിന്നീട് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളും പാളയത്തിലെ ചോര്‍ച്ചകളും താത്കാലികമാണെന്ന് അദ്ദേഹത്തിന് തെളിയിക്കണം. പതിവില്ലാത്തവിധം മണ്ണിലിറങ്ങി പണിയെടുക്കുന്ന രാജാവിനെയാണ് ജനങ്ങള്‍ കാണുന്നത്. അച്ഛന്‍പെങ്ങളായ യശോധര രാജ സിന്ധ്യ കളമൊഴിഞ്ഞ തിരഞ്ഞെടുപ്പുകൂടിയാണിത്. ദീര്‍ഘകാലം ബി.ജെ.പി.യുടെ ഭരണത്തിലെ മുഖമായിരുന്നു അവര്‍.

അടിയൊഴുക്കുകള്‍

എല്ലാ സീറ്റിലും ബി.ജെ.പി.ക്കെതിരേ കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ ഇന്ത്യാമുന്നണി ആവിയായിപ്പോയി. 2018-ല്‍ ഒരു സീറ്റ് നേടുകയും ഏതാനും സീറ്റുകളില്‍ കാര്യമായി വോട്ടുപിടിക്കുകയുംചെയ്ത സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിന് കമല്‍നാഥ് തയ്യാറായില്ല. അങ്ങനെചെയ്താല്‍ സ്വന്തം പാളയത്തില്‍ പടയുണ്ടാകുമെന്ന് അദ്ദേഹം കരുതുന്നു. പ്രചാരണത്തിനെത്തിയ അഖിലേഷ് യാദവ് കോണ്‍ഗ്രസിനെ കടന്നാക്രമിച്ചാണ് രോഷംതീര്‍ത്തത്. 74 സീറ്റുകളില്‍ ഇവര്‍ മത്സരിക്കുന്നു. ചമ്പല്‍, ബുന്ദേല്‍ഖണ്ഡ്, വിന്ധ്യ മേഖലകളില്‍ സ്വാധീനമുള്ള ­ബി.എസ്.പി.യാകട്ടെ ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയുമായി സഖ്യത്തിലാണ്. കഴിഞ്ഞവട്ടം രണ്ടുസീറ്റുകള്‍ ബി.എസ്.പി. നേടിയിട്ടുണ്ട്. ആകെ 92 സീറ്റുകളില്‍ ഇന്ത്യാമുന്നണി കക്ഷികള്‍ പരസ്പരം മത്സരിക്കുന്നു. ജെ.ഡി.യു., എ.എ.പി. എന്നിവരും ഇതില്‍പ്പെടും.

2018-ല്‍ 30 സീറ്റുകളില്‍ മൂവായിരം വോട്ടുകളില്‍ താഴെയായിരുന്നു ഭൂരിപക്ഷം. 2013-ല്‍ ഇത്തരം 33 സീറ്റുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 26-ലും 2018-ല്‍ വ്യത്യസ്തപാര്‍ട്ടിയാണ് വിജയിച്ചത്. ചെറുപാര്‍ട്ടികളും വിമതരും നിര്‍ണായകമാണെന്നുകാണാം.

21 ശതമാനം ആദിവാസികളുള്ള മധ്യപ്രദേശില്‍ 47 എസ്.ടി. സംവരണ സീറ്റുകളുണ്ട്. 2018-ല്‍ ഇവയില്‍ 30-ഉം നേടാനായത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതില്‍ നിര്‍ണായകമായി. ആദിവാസിമേഖലകളില്‍ പെസ നിയമം കൊണ്ടുവരുമെന്നും തെണ്ടു ഇല ശേഖരിക്കുന്നവര്‍ക്ക് കൂലികൂട്ടുമെന്നും കോണ്‍ഗ്രസ് വാഗ്ദാനംചെയ്തിട്ടുണ്ട്. ആദിവാസിയുടെ ശരീരത്തില്‍ ബി.ജെ.പി. എം.എല്‍.എ.യുടെ സഹായി മൂത്രമൊഴിച്ച് അപമാനിച്ച സംഭവം കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗങ്ങളില്‍ ഉന്നയിക്കുന്നു.

സിദ്ധിയിലെ വിവാദ എം.എല്‍.എ. കേദാര്‍നാഥ് ശുക്‌ളയ്ക്ക് ഈ വിവാദംമൂലം ബി.ജെ.പി. സീറ്റ് നിഷേധിച്ചു. സിറ്റിങ് എം.പി. റിഥി പാഠകാണ് പകരം രംഗത്ത്. കേന്ദ്രമന്ത്രിയായ ആദിവാസിനേതാവ് കുലസ്‌തെയെ നിയമസഭയിലേക്ക് ബി.ജെ.പി. മത്സരിപ്പിക്കുന്നുണ്ട്. സംവരണമണ്ഡലങ്ങളില്‍ ഭാവിമുഖ്യമന്ത്രിയായാണ് ഇദ്ദേഹത്തെ അവതരിപ്പിക്കുന്നത്. മുസ്ലിം വോട്ടുകളെല്ലാം കോണ്‍ഗ്രസിന് കിട്ടുമെന്നുറപ്പില്ല. രാമനവമി ഘോഷയാത്രയെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ഖര്‍ഗോണില്‍ ഒവൈസിയുടെ പാര്‍ട്ടിയും മത്സരത്തിലുണ്ട്.

മധ്യപ്രദേശില്‍ ഹിന്ദുത്വമത്സരം

ഇന്ദോറിലെ ബി.ജെ.പി. പ്രചാരണബോര്‍ഡുകളില്‍ ശ്രീരാമനും രാമക്ഷേത്രവും നിറഞ്ഞുനില്‍ക്കുന്നു. സ്വന്തം മണ്ഡലത്തില്‍ ഹനുമാന്‍ പ്രതിമ സ്ഥാപിക്കുകയും ബി.ജെ.പി.യുടെ മുഖ്യമന്ത്രിക്കെതിരേ സീരിയലിലെ ഹനുമാന്‍ താരത്തെ മത്സരിപ്പിക്കുകയുംചെയ്ത കമല്‍നാഥ് താനും പിന്നിലല്ലെന്ന് പ്രചരിപ്പിക്കുന്നു. രാമക്ഷേത്രത്തില്‍ പൂട്ടുപൊളിച്ച് ആരാധനയ്ക്ക് അവസരമൊരുക്കിയത് രാജീവ്ഗാന്ധിയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പക്ഷേ, കോണ്‍ഗ്രസുകാര്‍ക്ക് രാമനെ അറിയില്ലെന്നും അക്ബറാണ് അവര്‍ക്ക് മഹാനെന്നും യോഗി ആദിത്യനാഥ് തീതുപ്പിത്തുടങ്ങിയിട്ടുണ്ട്. ജനകീയപ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് കഴിയുമോയെന്നത് വരുംദിവസങ്ങളില്‍ നിര്‍ണായകമാകും.