
ദശ്മന്‍ റാവത്ത് എന്ന ആദിവാസി യുവാവിനെ ഓര്‍മ്മയുണ്ടോ? പ്രദീപ് ശുക്ലയെന്ന ബിജെപി നേതാവ് ശരീരത്തില്‍ മൂത്രമൊഴിച്ച് അപമാനിച്ച മനുഷ്യന്‍. പാര്‍ട്ടി ഏറെ പഴികേട്ട ആ സംഭവത്തിന് യുവാവിനെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി കാല്‍ കഴുകിയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മാപ്പുപറഞ്ഞത്. അടിമുടി ജാതീയതയില്‍ കുളിച്ച സമൂഹത്തിനോ ചൗഹാന് തന്നെയോ, ആ നടപടി ദഹിക്കണമെന്നില്ല. പക്ഷേ, അഞ്ച് മാസത്തിനപ്പുറം തന്നെ കാത്ത് നില്‍ക്കുന്ന തിരഞ്ഞെടുപ്പില്‍ ദശ്മന്‍ റാവത്ത് അടക്കമുള്ള ഗോത്രസമൂഹത്തിന്റെ 21 ശതമാനം വോട്ടും നിര്‍ണായകമാണെന്ന് അയാള്‍ക്കറിയാം, ബിജെപിക്കും. രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളില്ലല്ലോ, മിത്രങ്ങളും! അടിമുടി ജാതി മണക്കുന്ന മധ്യപ്രദേശിലെ രാഷ്ട്രീയകഥകള്‍ക്കും അതേ ജാതിച്ചൂരാണ്. 54 ശതമാനത്തിലധികം വരുന്ന ഒബിസി വോട്ടുകള്‍ തന്നെയാണ് ഇത്തവണയും എല്ലാവരും ഉന്നം വെയ്ക്കുന്നത്. ജാതി സെന്‍സസ് നടപ്പാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനവും, ഒബിസി വിഭാഗക്കാര്‍ക്കുള്ള 27 ശതമാനം സംവരണവും കാല്‍കഴുകല്‍ നാടകവുമെല്ലാം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടി വരും.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കില്ല. അതിന് മുന്‍പേ വീണിരിക്കും. നിങ്ങള്‍ക്ക് ഇനി എന്തുസംഭവിക്കുമെന്നോര്‍ത്ത് ആരും വിഷമിക്കരുത്. ഞാനിവിടെത്തന്നെയുണ്ട്. ഞാനുള്ളിടത്തോളം നിങ്ങളെ ഉപദ്രവിക്കുന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. കാരണം കടുവ ഇപ്പോഴും ജീവനോടെത്തന്നെയുണ്ട് (ടൈഗര്‍ അഭി സിന്ദാഹേ..). ഞാന്‍ മടങ്ങിവരും. വിചാരിച്ചതിലും നേരത്തേ... '
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ തന്റെ മണ്ഡലമായ ബുധിനിയിലെ ജനങ്ങളോടായി ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞ വാക്കുകള്‍ 'തൃക്കണ്ണില്‍' തെളിഞ്ഞ വെളിപാടായിരുന്നില്ല. കളിയും കളിക്കളവുമറിഞ്ഞ് കളിക്കുന്ന രാഷ്ട്രീയക്കാരന്റെ ഒന്നാന്തരം 'പ്രവചനം' ആയിരുന്നത്. അധികാരം പിടിക്കാന്‍ എന്ത് നാടകത്തിനും തയ്യാറുള്ള പുതിയകാലത്ത് ആ സാധ്യത ചൗഹാനും മനസില്‍ കണ്ടിരുന്നിരിക്കാം. പറഞ്ഞപോലെ രണ്ട് വര്‍ഷം തികയ്ക്കാതെ കോണ്‍ഗ്രസ് വീണു. അല്ല, അട്ടിമറി നാടകത്തിലൂടെ ബി.ജെ.പി വീഴ്ത്തിയെന്ന് പറയുന്നതാവും ശരി. സമീപകാലത്ത് രാജ്യം കണ്ട രാഷ്ട്രീയ നാടക സീരീസുകളുടെ ഉദ്വേഗജനകമായ ഒരു സീസണ്‍. ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പിനായി മധ്യപ്രദേശില്‍ ഇന്ന് പോളിങ് ബൂത്തിലെത്തുമ്പോള്‍ അധികാരത്തില്‍ ബിജെപിയാണ്. കോണ്‍ഗ്രസ് പ്രതിപക്ഷത്തും. ഹിന്ദുത്വരാഷ്ട്രീയമാണ് ആയുധം.

ഓര്‍മ്മയില്ലേ ആ നാടകം
മധ്യപ്രദേശില്‍, നീണ്ട 15 വര്‍ഷത്തിന് ശേഷമായിരുന്നു 2018-ല്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. മുതിര്‍ന്ന നേതാവ് ദിഗ് വിജയ്സിങ്ങിനൊപ്പം കമല്‍നാഥും യുവരക്തം ജ്യോതിരാദിത്യ സിന്ധ്യയും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് കോണ്‍ഗ്രസിന് സമ്മാനിച്ച വിജയം. സംസ്ഥാനങ്ങളിലെല്ലാം കാവി പടരുന്ന കാലത്ത് കോണ്‍ഗ്രസ് നേടിയ നിര്‍ണായക വിജയം. ബിജെപിക്കെതിരേ വ്യാപം അഴിമതി അടക്കം ഉയര്‍ത്തിക്കാട്ടി പ്രസംഗവേദികളില്‍ കത്തിക്കയറിയ സിന്ധ്യയായിരുന്നു യുവാക്കള്‍ക്കിടയിലെ ക്രൗഡ് പുള്ളര്‍.
ആകെയുള്ള 230 സീറ്റില്‍ കോണ്‍ഗ്രസ്-114, ബി.ജെ.പി-109, ബി.എസ്.പി-2, എസ്.പി-1, സ്വതന്ത്രര്‍-4 എന്നിങ്ങനെയായിരുന്നു വിജയം. പക്ഷേ, സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട കേവലഭൂരിപക്ഷമായ 116 എന്ന സംഖ്യ തികയ്ക്കാന്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ കഴിഞ്ഞില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ബി.എസ്.പി, എസ്.പി, സ്വതന്ത്രര്‍ എന്നിവരെ ചേര്‍ത്തായിരുന്നു അന്ന് സര്‍ക്കാരുണ്ടാക്കിയത്. എന്നാല്‍, എക്കാലത്തേയും പോലെ വിജയശേഷം യുവനേതാക്കളെ പരിഗണിക്കുന്നതില്‍ അന്നും കോണ്‍ഗ്രസിന് പിഴച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലപ്പോഴും ഉയര്‍ന്നുവന്ന ജ്യോതിരാദിത്യസിന്ധ്യയുടെ പേര് മറന്ന് നേതൃത്വം കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കി. തലയിരിക്കെ വാലാടേണ്ടെന്ന കമല്‍നാഥിന്റെയും ദിഗ്വിജയ്സിങ്ങിന്റെയും പിടിവാശിക്ക് മുന്നില്‍ കോണ്‍ഗ്രസിന് വഴങ്ങേണ്ടിവന്നുവെന്നു പറയുന്നതാവും ശരി. 23 എം.എല്‍.എമാര്‍ മാത്രമായിരുന്നു അന്ന് സിന്ധ്യയെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നത്.
മൂപ്പിളമതര്‍ക്കം ചര്‍ച്ചയായ രാജസ്ഥാനില്‍ സീനിയര്‍ തന്നെ മുഖ്യമന്ത്രിയാകട്ടെയെന്ന് രാഹുല്‍ നിലപാടെടുത്തപ്പോഴും സച്ചിന്‍ പൈലറ്റിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രദ്ധിച്ചു. ഗലോത്ത് മുഖ്യമന്ത്രിയായപ്പോള്‍ ഉപമുഖ്യമന്ത്രി പദവും പാര്‍ട്ടി അധ്യക്ഷ പദവിയും സച്ചിന്‍ പൈലറ്റിന്റെ കൈയിലായിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ കഥ അതായിരുന്നില്ല. പാര്‍ട്ടിയില്‍ ആഗ്രഹിച്ച പിസിസി അധ്യക്ഷ പദമോ മന്ത്രിപദവിയോ ഒന്നും സിന്ധ്യയെത്തേടിയെത്തിയില്ല. അവഗണിക്കുകയല്ല, ദിഗ് വിജയ്സിങ്ങും കമല്‍നാഥും കൂടി അയാളെ ഒതുക്കിക്കളഞ്ഞു. മുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും ഒന്നും വിട്ടുകൊടുക്കാന്‍ കമല്‍നാഥ് സന്നദ്ധനായില്ല. പാര്‍ട്ടിയില്‍ അനിഷേധ്യനേതാവാണ് താനെന്ന് ആ മുഖ്യമന്ത്രിക്കസേരയിലൂടെ ഒരിക്കല്‍ കൂടി ഉറപ്പിക്കുകയായിരുന്നു കമല്‍നാഥ്. 2018-ല്‍ മത്സരിക്കാതിരുന്ന കമല്‍നാഥ് 2019 ഏപ്രില്‍ 19-ന് ഉപതെരഞ്ഞെടുപ്പ് നേരിടുകയായിരുന്നു.
ആയിടയ്ക്കാണ് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പെത്തുന്നത്. ഗുണയിലെ സിറ്റിങ് എം.പിയായിരുന്ന സിന്ധ്യ തോറ്റു. എന്നാല്‍ ചിന്ത്വാര മണ്ഡലത്തില്‍ നിന്ന കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് വിജയിച്ചു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് തോല്‍വിക്ക് പിന്നിലെന്ന് സിന്ധ്യ തുറന്നടിച്ചു. മകനെ ജയിപ്പിക്കാന്‍ കാണിച്ച ആര്‍ജവം മറ്റുനേതാക്കളെ ജയിപ്പിക്കുന്നതില്‍ കമല്‍നാഥ് കാണിച്ചില്ലെന്ന് സിന്ധ്യ കുറ്റപ്പെടുത്തി. സിന്ധ്യ ഉന്നയിച്ച ആരോപണത്തെ പ്രതിരോധിക്കാനുള്ള ശക്തി അന്ന് കോണ്‍ഗ്രസിനുമുണ്ടായിരുന്നില്ല. കാരണം, 29 സീറ്റുകളില്‍ 28ലും ജയിച്ചത് ബിജെപിയായിരുന്നു. കോണ്‍ഗ്രസ് ആകെ കിട്ടിയ സീറ്റായിരുന്നു ചിന്ത്വാരയിലേത്. സിന്ധ്യയും കൂട്ടരും വിമത നീക്കം ആരംഭിക്കുന്നതും ഈ കാലത്താണ്.
29 അംഗ സര്‍ക്കാരില്‍ സിന്ധ്യയെ പിന്തുണച്ച ആറ് മന്ത്രിമാരെ ഗവര്‍ണര്‍ നീക്കം ചെയ്തു. വിമത നീക്കം മറികടക്കാന്‍ 2020 മാര്‍ച്ച് ഒന്‍പതിന് കമല്‍നാഥ് മന്ത്രിസഭ പുനസംഘടിപ്പിച്ചു. കമല്‍നാഥ് പതിനെട്ടടവും പയറ്റി. പക്ഷേ, മന്ത്രിമാരടക്കം 18 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അപ്പോഴേക്കും സിന്ധ്യയ്ക്കൊപ്പം പ്രത്യേകവിമാനത്തില്‍ ബെംഗളൂരുവിലെ അജ്ഞാതകേന്ദ്രത്തിലേക്ക് പറന്നുകഴിഞ്ഞിരുന്നു. എം.എല്‍.എമാരെ തിരികെയെത്തിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന് റിസോട്ട് രാഷ്ട്രീയത്തിന് മുന്നില്‍ വീണ്ടും അടിപതറി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ സിന്ധ്യയെ പിസിസി അധ്യക്ഷനാക്കാമെന്ന വാഗ്ദാനവും കമല്‍നാഥ് മുന്നോട്ടുവച്ചു. പക്ഷേ അപ്പോഴേക്കും സിന്ധ്യ ബിജെപിയായിക്കഴിഞ്ഞിരുന്നു. ശേഷം കഥ പഴയതുതന്നെ. 22 വിമത എം.എല്‍.എമാര്‍ രാജിവെച്ച് ബിജെപിക്കൊപ്പം ചേരുന്നു. കമല്‍നാഥ് സര്‍ക്കാര്‍ വീഴുന്നു. ഇതോടെ കോണ്‍ഗ്രസിനെ കടത്തിവെട്ടി ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. മധ്യപ്രദേശില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്താനാഗ്രഹിച്ച ബിജെപിക്ക് സിന്ധ്യയുടെ വരവ് ഇരട്ടി മധുരമായി. സന്തോഷം മറച്ചുവെയ്ക്കാതെ രാജകീയ വരവേല്‍പ് തന്നെ അന്ന് ബിജെപി സിന്ധ്യയ്ക്കായി ഒരുക്കി. കേന്ദ്രമന്ത്രിപദമാണ് ബിജെപി സിന്ധ്യയ്ക്കായി കാത്തുവെച്ചത്.
2019-ല്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി കൃത്യമായ മേല്‍ക്കോയ്മ നേടി. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് അന്നാവശ്യമുണ്ടായിരുന്നത് ആകെ എട്ട് സീറ്റായിരുന്നു. പക്ഷേ, 28 മണ്ഡലങ്ങളില്‍ 19-ലും ബിജെപിക്കായിരുന്നു ജയം. ജ്യോതിരാദിത്യസിന്ധ്യയ്ക്ക് മേല്‍ക്കൈയുള്ള മണ്ഡലങ്ങളെല്ലാം ബിജെപി ജയിച്ചു കയറി. സിന്ധ്യയിലൂടെ ബിജെപി നടത്തിയ വിമതനാടകം വിജയം കണ്ടപ്പോഴും മുഖ്യമന്ത്രി ആരായിരിക്കുമെന്ന് അന്നും സസ്പന്‍സായിരുന്നു. അദ്വാനിക്ക് പ്രിയങ്കരനായിരുന്ന ശിവരാജ് സിങ് ചൗഹാനോട് മോദി -അമിത്ഷാ കൂട്ടുകെട്ടിന് പ്രീതി അത്ര പോര. പക്ഷേ, നാടകീയതകള്‍ക്കൊടുവില്‍ നറുക്ക് ചൗഹാന് തന്നെ വീണു. കാരണം എത്രയൊക്കെ മറച്ചുപിടിച്ചാലും ചൗഹാന്റെ ജനപ്രീതി ബിജെപിക്ക് കാണാതിരിക്കാനാകുമായിരുന്നില്ല.
ഭരണവിരുദ്ധവികാരം ചൗഹാനെ തളയ്ക്കുമോ
ബിജെപിയില്‍ ജനപ്രീതിയുള്ള നേതാക്കളില്‍ ചൗഹാന് തലയെടുപ്പൊട്ടും കുറയില്ല. ഭരണവിരുദ്ധവികാരത്തില്‍ സംസ്ഥാനത്ത് ബിജെപി തോല്‍വിയറിഞ്ഞപ്പോഴും 58000-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശിവരാജ് സിങ് ചൗഹാനെ ബുധിനിയിലെ ജനങ്ങള്‍ നിയമസഭയിലേക്കയച്ചത്. 1985-മുതല്‍ ഇന്നുവരെ ബിജെപിയെ അല്ലാതെ മറ്റൊരു പാര്‍ട്ടിയേയും ബുധിനി വിജയിപ്പിച്ചിട്ടില്ല. 1990-ല്‍ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ചൗഹാന്‍ മത്സരിച്ചതും ബുധിനിയിലാണ്. കഴിഞ്ഞ 18വര്‍ഷമായി ചൗഹാനാണ് ആ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ നേതാവ് ശിവരാജ് സിങ് ചൗഹാനാണ്, നാല് തവണ(18വര്‍ഷം). അതായത് 2003-ന് ശേഷം വെറും 15 മാസം (2018-19)മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രിക്കസേരയിലില്ലാതിരുന്നത്. ക്ഷേമപദ്ധതികളും, സ്ത്രീകളുടെ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കുന്ന ലാഡ്ലി ബഹന്‍ പദ്ധതിയുമെല്ലാം ചൗഹാന്റെ മാറ്റ് കൂട്ടുന്നുണ്ടെങ്കിലും ഭരണവിരുദ്ധവികാരം ഹിന്ദുത്വമണ്ണില്‍ അലയടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് രംഗത്ത് മറ്റ് നേതാക്കള്‍ക്കൊപ്പം 'കട്ടയ്ക്ക്' നില്‍ക്കുന്നുണ്ട് ചൗഹാന്‍. പക്ഷേ, ബി.ജെ.പിയത് ഗൗനിക്കുന്നതേയില്ല. തിരഞ്ഞെടുപ്പില്‍ മോദിയാണ് മുഖം. രാമക്ഷേത്രമാണ് തുറുപ്പ് ചീട്ട്.

പാര്‍ട്ടിക്ക് അഭിമതനല്ലെങ്കിലും ചൗഹാനെ മൂന്നാം പട്ടികയിലെങ്കിലും ഉള്‍പ്പെടുത്തിയതിന് പിന്നിലെ ലക്ഷ്യം ഒബിസി വോട്ട്ബാങ്കാണ്. ചൗഹാനെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത് ജനങ്ങള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയതും നേതൃത്വം കാണാതിരുന്നില്ല. ഇത്തവണ വിജയമാണ് ബിജെപിയെ കാത്തിരിക്കുന്നതെങ്കില്‍ ചൗഹാന്റെ മോഹം നടപ്പിലാകാതിരിക്കാനാണ് സാധ്യത. ചൗഹാനില്‍ നിന്നൊരു മാറ്റം ബി.ജെ.പിയും ആഗ്രഹിക്കുന്നുണ്ട്.
ഏഴ് സിറ്റിങ് എംപിമാര്‍ ഇതില്‍ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ്സിങ് പട്ടേല്‍, ഫഗന്‍സിങ് കുലസ്തേ എന്നിവര്‍ കേന്ദ്രമന്ത്രിമാര്‍, പിന്നെ ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയ എന്നീ പ്രബലര്‍ കളത്തിലുണ്ട്. ജയിച്ചാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് ആര്‍ക്കും നറുക്ക് വീഴാം. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്രയാദവിനും അശ്വിനി വൈഷ്ണവിനുമാണ് തിരഞ്ഞെടുപ്പ് ചുമതല. കയറിവരുമ്പോഴുണ്ടായിരുന്ന തലയെടുപ്പ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഇപ്പോഴില്ല. പ്രാദേശിക തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാതിരിക്കാന്‍ കഠിന പരിശ്രമത്തിലാണ് ഗ്വാളിയോറിലെ ഈ കിരീടം വെയ്ക്കാത്ത 'രാജാവ്'. പിതൃസഹോദരി യശോധര രാജസിന്ധ്യ ഇത്തവണ കളത്തിലിറങ്ങിയിട്ടുമില്ല.
നനഞ്ഞ പടക്കമായി 'ഇന്ത്യ'; കമല്‍നാഥിന് ഇനിയുമൊരങ്കം സാധ്യമോ?
മുന്‍പ് അധികാര വടംവലിയുണ്ടായിരുന്നെങ്കില്‍ കമല്‍നാഥെന്ന ഒറ്റപ്പേരാണ് കോണ്‍ഗ്രസിനുയര്‍ത്താനുള്ളത്. കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ അരയും തലയും മുറുക്കി കമല്‍നാഥിറങ്ങുമ്പോള്‍ സര്‍വപിന്തുണയുമായി ദിഗ്വിജയ്‌സിങ് ഒപ്പമുണ്ട്. ബിജെപി രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടുമ്പോള്‍ സ്വന്തം മണ്ഡലത്തില്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മ്മിച്ചാണ് കമല്‍നാഥ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാമായണം സീരിയലില്‍ ഹനുമാനായി വേഷമിട്ട വിക്രം മസ്തലിനെ ബുധിനിയില്‍ ചൗഹാനെതിരേ മത്സരിപ്പിക്കാനും കമല്‍നാഥ് മറന്നില്ല. ചിന്ത്വാഡ ഇത്തവണയും തന്നെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് കമല്‍നാഥ്. 60 സിറ്റിങ് എം.എല്‍.എമാര്‍ക്ക് ഇത്തവണ അവസരം നല്‍കിയിട്ടുണ്ട്. ഏഴ് പേരെ തഴഞ്ഞു. ദിഗ് വിജയ്സിങ്ങിന്റെ മകന്‍ ജയ് വര്‍ധന്‍ സിങ്, സഹോദരന്‍ ലക്ഷ്മണ്‍സിങ്, ഗോവിന്ദ് സിങ്, ബോധ്സിങ് ഭഗത്(മുന്‍ എം.പി), ജിത്തു പട്വാരി എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
എന്നാല്‍ സിന്ധ്യയുണ്ടാക്കിയ വിടവ് നേതൃത്വത്തിന് കാണാതിരിക്കാനാവില്ല. യുവാക്കളെ മുന്നില്‍ നിന്ന് നയിക്കാന്‍ ഊര്‍ജസ്വലനായ ഒരു യുവനേതാവിനെ കോണ്‍ഗ്രസിന് ചൂണ്ടിക്കാണിക്കാനിക്കാനില്ലെന്നത് കുറവ് തന്നെയാണ്. ഭരണപക്ഷവും കേന്ദ്രസര്‍ക്കാരും ദേശീയനേതാക്കളും നിരന്നുനില്‍ക്കുന്ന ഡബിള്‍ എന്‍ജിന്‍ തകര്‍ക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കമല്‍നാഥിനാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ രൂപമെടുത്ത പ്രതിപക്ഷസഖ്യം 'ഇന്ത്യ' നനഞ്ഞ പടക്കമായിക്കഴിഞ്ഞു. ജാതിസെന്‍സസ് നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ ഏറ്റവും പരിഹസിച്ചത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ്. കോണ്‍ഗ്രസുമായി ഇടഞ്ഞ ജെഡിയു മധ്യപ്രദേശില്‍ 12 സീറ്റുകളിലും, എഎപി 70 സീറ്റുകളിലും, എസ്.പി 74 സീറ്റുകളിലും മത്സരിച്ചു. 92 സീറ്റുകളിലാണ് ഇന്ത്യാമുന്നണി കക്ഷികള്‍ പരസ്പരം മത്സരിക്കുന്നത്. ചമ്പല്‍, ബുന്ദേല്‍ഖണ്ഡ്, വിന്ധ്യ മേഖലകളില്‍ സ്വാധീനമുള്ള ബി.എസ്.പി വെല്ലുവിളിയായില്ലെങ്കിലും നിര്‍ണായകമാകും.

ജാതിസമവാക്യങ്ങളും വാഗ്ദാനങ്ങളും വിധിയെഴുതുമോ
230 നിയമസഭാമണ്ഡലങ്ങളിലായി അഞ്ചരക്കോടിയിലധികം വോട്ടര്‍മാരാണ് മധ്യപ്രദേശിലുള്ളത്. അതില്‍ പകുതിയോളം ഒബിസി വോട്ടര്‍മാര്‍. 82 എണ്ണം സംവരണ (35എസ്.സി, 47 എസ്.ടി) മണ്ഡലങ്ങളാണ്. അതുകൊണ്ട് തന്നെ ജാതിസമവാക്യങ്ങള്‍ തന്നെ ഇത്തവണയും ഫലം നിര്‍ണയിക്കും. ജാതി സെന്‍സസും സംവരണകാര്‍ഡുമെല്ലാം ഇരുപാര്‍ട്ടികളുമിറക്കി കളിക്കുന്നതിന്റെ പിന്നിലെ ഗുട്ടന്‍സുമിതാണ്. ആദിവാസി വോട്ടുകളും നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്ഷേമപദ്ധതികളുടെ നീണ്ട നിരതന്നെ ചൗഹാന്‍ പുറത്തിറക്കി. കോണ്‍ഗ്രസിന്റെ ആവനാഴിയിലോ 59 വാഗ്ദാനങ്ങളും 101 ഉറപ്പുകളും.

70 ശതമാനം കര്‍ഷകരുള്ള മധ്യപ്രദേശില്‍ 48 ശതമാനവും സ്ത്രീകളാണ്. സര്‍ക്കാര്‍ സര്‍വീസില്‍ 35 ശതമാനവും അധ്യാപകനിയമനത്തില്‍ 50 ശതമാനവും സ്ത്രീകള്‍ക്കാണ്. മാസം 1000 രൂപ വനിതകളുടെ അക്കൗണ്ടിലെത്തുന്ന ലാഡ്ലി ബഹന്‍ പദ്ധതിക്ക് 1.2 കോടിയാണ് ഗുണഭോക്താക്കള്‍. ഇത് സ്ത്രീകള്‍ക്കിടയില്‍ ചൗഹാന് കൃത്യമായ മേല്‍ക്കൈ നല്‍കിയിട്ടുമുണ്ട്. അധികാരത്തിലേറിയാല്‍ 1500 രൂപ നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം. ഒറ്റയടിക്ക് 1250 രൂപയാക്കിയ ചൗഹാന്‍, ബിജെപി അധികാരത്തിലേറിയാല്‍ ഈ തുക 3000 ആയി വര്‍ധിപ്പിക്കുമെന്ന് കൂടി പ്രഖ്യാപിച്ചു.

സീറ്റ് നിഷേധിക്കപ്പെട്ടവരുടെ രാജിയും പ്രതിഷേധവും ബിജെപിയേയും കോണ്‍ഗ്രസിനേയും വലയ്ക്കുന്നുണ്ട്. ബി.ജെ.പിയില്‍നിന്ന് രാജിവെച്ച മുന്‍ ആരോഗ്യമന്ത്രി റുസ്തംസിങ്ങിന് ബി.എസ്.പിയിലാണ്. ആരോപണ പ്രത്യാരോപണങ്ങളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നിര്‍ലോഭം. എസ്.പിയും ബി.എസ്.പിയുമെല്ലാം ഏറെക്കുറേ അപ്രസക്തമായിക്കഴിഞ്ഞു. പക്ഷേ, നിര്‍ണായകമാണ് ആ സാന്നിധ്യം. ഭരണവിരുദ്ധവികാരം അല്‍പം പേടിപ്പിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ ആത്മവിശ്വാസക്കുറവാണ് ബിജെപിയുടെ ധൈര്യം. ഹിന്ദുത്വയുടെ പരീക്ഷണശാലയില്‍ ആര് വാഴും ആരു വീഴുമെന്ന് കാത്തിരുന്ന് കാണാം.
Content Highlights: Shivraj Singh Chouhan, Kamal nath, BJP, Congress, Madhya Pradesh Election, MP Election
Published: 17 Nov 2023, 03:46 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented